150 വയസിൽ എങ്ങനെയിരുമെന്നു ഫോട്ടോ ഇട്ടിട്ടു അകാലത്തിൽ പോയ കൂട്ടുകാരനു വേണ്ടി

53

ജിത്തു തമ്പുരാൻ

എംപി പൈലി എന്ന പൈല ദൈവത്തിൻറെ ഒറിജിനൽ ഫോട്ടോ ആണ് ആദ്യത്തേത് …. രണ്ടാമത്തേത് പൈല ദൈവത്തിന് 150 വയസ്സുള്ളപ്പോൾ എന്ന അടിക്കുറിപ്പോടെ അദ്ദേഹം തന്നെ സ്വന്തം സോഷ്യൽ മീഡിയ വോളിൽ പോസ്റ്റ് ചെയ്തതാണ് …. അത്രമേൽ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുകയും പുഴു മുതൽ ഗജവീരൻ വരെയും പുൽക്കൊടി മുതൽ ആൽമരം വരെയുമുള്ള സസ്യജന്തുജാലങ്ങളെ സ്വന്തം സഹോദരങ്ങളെ പോലെ കണക്കാക്കി ആത്മാർത്ഥമായി സ്നേഹിച്ച എൻറെ പ്രിയ പൈലേട്ടൻ 2021 ജനുവരിയിലെ അവസാനത്തെ ശനിയാഴ്ച മരണമെന്ന കാലത്തിൻറെ അനിവാര്യമായ വിളിക്ക് മറുപടി നൽകി ഈ ലോകം വിട്ടു പോയി …. അത് കമ്മന പ്രദേശത്തെ ഏറ്റവും നല്ല വായനക്കാരന്റെ അവസാനത്തെ ശനിയാഴ്ചയായിരുന്നു ….

ഏറ്റവും അവസാനം നേരിട്ട് കണ്ടപ്പോൾ ഞാൻ ആവശ്യപ്പെട്ടത് ഇപ്പോൾ കുറിച്ചു കിട്ടിയിട്ടുള്ള മരുന്നുകൾ കൃത്യമായ ഭക്ഷണത്തിനൊപ്പം കഴിച്ചു തീർക്കാനാണ് …. സമ്പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയാൽ 5 ലിറ്റർ ഇളം കള്ളും കൊണ്ട് ഞാൻ നേരിട്ട് പോയി കണ്ടു കൊള്ളാം എന്ന് വാഗ്ദാനവും കൊടുത്തിരുന്നു ….

ഇന്ന് 2.2.2021 ന് ഞാൻ പൈലേട്ടനില്ലാത്ത അദ്ദേഹത്തിൻറെ വീട്ടിലേക്ക് കയറിച്ചെന്നു …. സുജടത്തിയമ്മയുടെയും മക്കളുടെയും മുമ്പിൽ പ്രസന്നതയും ശാന്തതയും അഭിനയിച്ച് സംസാരിച്ചു …. കമ്മനയുടെ വയൽക്കാറ്റേറ്റ് തിരികെ വണ്ടിയോടിക്കുമ്പോൾ കറുത്ത കണ്ണട മുഖത്തിട്ട് മാസ്കിനുള്ളിലൂടെ ആരുമറിയാതെ കരഞ്ഞു …. പൈലേട്ടൻ ലോകത്തെ വിലയിരുത്തിയത് ഏറ്റവും മനോഹരങ്ങളിലൊന്ന് എന്നു തന്നെയായിരുന്നു …. അയാൾ നല്ലൊരു വിശ്രമ ജീവിതത്തെ അകമഴിഞ്ഞ് ആഗ്രഹിച്ചിരുന്നു …. റിട്ടയർ ചെയ്ത് കഴിഞ്ഞ് വായിക്കേണ്ട പുസ്തകങ്ങളുടെ വലിയൊരു ലിസ്റ്റ് മനസ്സിൽ സൂക്ഷിച്ചിരുന്നു …. മനോഹരമായ കുറച്ചു നോവലുകൾ എഴുതണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു …. ഒന്നും സാധിച്ചില്ല …. അയാൾക്ക് നിർബന്ധപൂർവ്വം മരിക്കേണ്ടി വന്നു …. പൈലേട്ടനെ ഓർക്കുമ്പോഴൊക്കെ അറിയാതെ നെഞ്ചിൽ എന്തോ ഒരു നൊമ്പരം പിടഞ്ഞു കൊണ്ടേയിരിക്കുന്നു ….

മുന്നിൽ കണ്ടതിൽ അനീതി ഉണ്ടെന്നു തോന്നിയാൽ മുഖം നോക്കാതെ വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനായ ആ നിഷ്കളങ്ക മനുഷ്യനെ ദ്രോഹിക്കാൻ ചില കഠിന വിശ്വാസങ്ങളും കേരള ബ്യൂറോക്രസിയും ഒരുപോലെ കൈകോർത്തു …. നെഞ്ചിൽ കൈവെച്ചു കൊണ്ട് പറയട്ടെ , നിങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു …. ഇനിയെപ്പോഴെങ്കിലും ആലോചിക്കാൻ ഇരിക്കുമ്പോൾ സ്വയം ഒന്ന് ചോദിച്ചു നോക്കുക : ഈ പാപം ഒക്കെ നിങ്ങൾ ഏതു ഗംഗയിൽ കൊണ്ടു കഴുകി കളയും ?! …. അയാൾക്ക് ഇനിയും പതിറ്റാണ്ടുകളോളം തന്നെ ജീവിതം ഉണ്ടായിരുന്നു …. നിങ്ങൾ ഓരോരുത്തരും ആണ് ആ ജീവൻറെ അഗ്നി നാമ്പുകളെ കെടുത്തിക്കളഞ്ഞത് ….

മരണദിവസം ഫേസ്ബുക്കിൽ തപ്പി ഒരു ഫോട്ടോ സംഘടിപ്പിച്ച് പ്രണാമം എന്നും അന്ത്യാഞ്ജലികൾ എന്നും പോസ്റ്റിട്ടാൽ ഒരു മലയാളി പൗരൻ എന്ന നിലയിൽ ഉത്തരവാദിത്വം കഴിഞ്ഞു എന്ന് വിശ്വസിക്കുന്ന ഒരു സമൂഹമായി മാത്രം നമ്മൾ അധ:പതിച്ചിരിക്കുന്നു …. അതേ സ്ഥാനത്ത് ഏതു തരത്തിൽ നോക്കിയാലും അനാവശ്യമായിരുന്ന നിങ്ങളുടെ ദുഷിച്ച വ്യവസ്ഥിതി തലയിൽ വച്ചുകെട്ടി കൊടുത്ത ആ സസ്പെൻഷൻ നൽകിയ സാമ്പത്തികഭാരത്തിനൊപ്പം കോവിഡ് കാലത്തെ പ്രതിസന്ധി കൂടി ഒരുമിച്ച് വന്നപ്പോൾ ആ ഹൃദയത്തുടിപ്പുകൾ നിലച്ചു പോവുക തന്നെയായിരുന്നു ….താണു കേണ് അപേക്ഷിക്കട്ടെ,ഇനി ആരും ആരോടും ഇങ്ങനെയൊന്നും ചെയ്യരുത് …. സമൂഹമധ്യത്തിൽ സത്യസന്ധമായി സംസാരിക്കുക എന്ന അവകാശം വിനിയോഗിക്കുക മാത്രമേ അയാൾ ചെയ്തിട്ടുള്ളൂ …. ഒരു പക്ഷേ, ഇനി എനിക്ക് നിങ്ങളെയൊന്നും പഴയതുപോലെ ആത്മാർഥമായി സ്നേഹിക്കാൻ പറ്റിയെന്ന് വരില്ല …. കാരണം ആ പാവം മനുഷ്യന് ഒരിറ്റു നീതി കൊടുക്കാനുള്ള അവസരമാണ് നിങ്ങൾ നഷ്ടപ്പെടുത്തിക്കളഞ്ഞത് ….

ഇവിടെ ഞാൻ നെഞ്ചിൽ കൈ വെച്ച് പറയുന്നു …. തലതെറിച്ചു പോയാലും ഞാൻ അന്നത്തെ പോലെ ഇന്നും എന്നും പൈലേട്ടനൊപ്പമാണ് …. ആ കുടുംബത്തിൻറെ ദുഃഖത്തിനൊപ്പമാണ് …. ലവ് യൂ പൈല ദൈവമേ