ഒരു കടുവയുടെ ടെറിട്ടറി 100 ചതുരശ്രകിലോമീറ്റർ എങ്കിൽ കെണിവച്ചു പിടിക്കുന്നവർ എവിടെയാകും തുറന്നുവിടുന്നത് ?

87

വന്യജീവികൾ നാട്ടിലേക്കു ‘അതിക്രമിച്ചെത്തി’ വളർത്തു മൃഗങ്ങളെയും മനുഷ്യരെയും വിളകളെയും കൊണ്ടുപോകുമ്പോൾ പലപ്പോഴും മുറവിളികൾ ഉയരാറുണ്ട്, നമ്മുടെ വന്യജീവി സംരക്ഷണ നിയമങ്ങൾക്കെതിരെ. കൂടുതൽ അപകടകാരികൾ ആയ കടുവകൾ നാട്ടിലിറങ്ങി ജനങ്ങൾക്ക് ഭീതി പടർത്തിയ മാനന്തവാടി തവിഞ്ഞാൽ പ്രദേശത്തു നിന്നും വനപാലകർ ഒരു കടുവയെ കെണി വച്ചുപിടിച്ചുകൊണ്ടു പോവുകയുണ്ടായി. എന്നാൽ ഇവയെ തുറന്നു വിടുന്നത് എവിടെ എന്നതാണ് ചോദ്യവിഷയം. എഴുത്തുകാരനായ ജിത്തു തമ്പുരാന്റെ കുറിപ്പ് വായിക്കാം.

ജിത്തു തമ്പുരാൻ :

കടുവയുടെ മാനിഫെസ്റ്റോ
🐅🐅🐅🐅🐅🐅🐅🐅🐅

2021 ഫെബ്രുവരി രണ്ടാം ആഴ്ച മാനന്തവാടി തവിഞ്ഞാൽ പ്രദേശത്തു നിന്നും പിടികൂടിയ കടുവയുടെ വീഡിയോ ആണിത് ….. പിടികൂടി ഭക്ഷിച്ച പശുവിന്റെ ബാക്കിയായ മാംസം തന്നെ രണ്ടാമത് ഒരു തവണ കൂടി വന്നു തിന്ന് തിരികെ പോയ തരത്തിലുള്ള സ്വഭാവമാണ് ഈ കടുവ കാണിച്ചത് …. അതിനുശേഷം സ്വാഭാവികം എന്നതുപോലെ വനപാലകർ വച്ച കെണിയിൽ ഈ കടുവ കുടുങ്ങുകയും ആഹ്ലാദ ആരവങ്ങളോടെ അവർ അതിനെ കൈകാര്യം ചെയ്യാൻ കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട് ….. ജനങ്ങളുടെ ഭീതി പെട്ടെന്ന് മാറ്റിയെടുത്ത വനപാലകർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു …..

പറഞ്ഞു കേട്ടിടത്തോളം കടുവ മൃഗ ജീവികളുടെ ആഹാരശൃംഖലയിലെ ഏറ്റവും ഉയർന്ന അംഗമായിട്ടു വരും ….. കാട്‌ അടക്കിവാഴുന്ന വിധത്തിൽ വാസസ്ഥലങ്ങളിൽ അധീനപ്രദേശപരിധി അഥവാ ടെറിട്ടറി നിലനിർത്തി റോന്തു ചുറ്റുന്ന സ്വഭാവമാണ് കടുവകളുടേത് …. ആൺകടുവകളുടെ ടെറിട്ടറി 70 മുതൽ 100 ചതുരശ്രകിലോമീറ്റർ വരെ വരും….. പെൺകടുവകൾ 25 ചതുരശ്രകിലോമീറ്ററാണ്‌ അടക്കി വാഴുക….. ഒരു ആൺകടുവയുടെ പരിധിയിൽ പല പെൺകടുവകൾ കാണുമെങ്കിലും, മറ്റൊരു ആൺകടുവയെ സ്വന്തം പരിധിയിൽ കാണുന്നത്‌ അവ തമ്മിലുള്ള പോരാട്ടത്തിലും മിക്കവാറും അപ്രകാരം തമ്മിലടിക്കുന്ന കടുവകളിൽ രണ്ടിലൊന്നിൻറെ മരണത്തിലുമായിരിക്കും അവസാനിക്കുക ….. ഒരു കടുവയ്ക്കു തന്നെ ഇത്ര വലിയ ഒരു പരിധി ആവശ്യമുണ്ട് എന്ന വസ്തുത നിലവിലിരിക്കെ വയനാടിൻറെ വിവിധ പ്രദേശങ്ങളിൽ ചുറ്റി അടിക്കുകയും കന്നുകാലികളെ പിടിച്ച് ഭക്ഷിക്കുകയും ചെയ്യുന്ന ജനസുഹൃത്തല്ലാത്ത കടുവകളെ എത്ര ചതുരശ്ര കിലോമീറ്റർ ദൂരേക്ക് മാറ്റിയാൽ ആണ് വയനാട്ടിലെ ഗ്രാമപ്രദേശങ്ങൾ ഇത്തരം ഭീഷണികളിൽ നിന്ന് സുരക്ഷിതമാവുക എന്ന് ബഹുമാനപ്പെട്ട വനപാലകർ ചിന്തിച്ചു പ്രവർത്തിക്കേണ്ട കാര്യമാണ് ….

ബഫർസോൺ നിശ്ചയിക്കുമ്പോൾ കടുവയുടെ ടെറിട്ടറി പരിഗണിക്കുന്നുണ്ട് എന്ന കാര്യത്തിൽ ഉറപ്പുണ്ട് , പക്ഷേ, ഒരുതവണ പിടികൂടിയ കടുവയെ മറ്റൊരിടത്ത് കൂടു തുറന്നു വിടുമ്പോൾ ബഹുമാന്യ വനപാലകർ ഈ ടെറിട്ടറി കണക്ക് നോക്കുന്നുണ്ടോ എന്ന കാര്യം കൂടി ഒന്ന് ഉറപ്പുവരുത്തിയാൽ നല്ലതായിരുന്നു ….. എന്തായാലും , ഇതൊന്നും വയനാട്ടിലെ വനാതിർത്തികളിൽ ഉള്ള ഗ്രാമപ്രദേശങ്ങളിൽ പതുക്കെപ്പതുക്കെ ഭീതിപരത്തി അവിടെയുള്ള ജനങ്ങളെ ഒഴിപ്പിച്ച് അത്തരം ഇടങ്ങളിലും ഓട്ടോമാറ്റിക് ബഫർസോൺ കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ മൂവ്മെന്റിന്റെ ഭാഗം ഒന്നുമല്ല എന്ന് ഇവിടുത്തെ സാധാരണ ജനങ്ങൾ വിശ്വസിച്ചു കൊള്ളട്ടെ ….

കേരള വനം വകുപ്പ് പ്രവർത്തന കാര്യങ്ങളിൽ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ് …. സോഷ്യൽ ഫോറസ്ട്രി എന്ന പേരു പറഞ്ഞ് സ്വാഭാവിക വനപ്രദേശത്തിനുള്ളിൽ തേക്കിൻതൈകൾ നട്ടുവളർത്തുകയും അത്തരം തേക്കിൻ കാടുകൾക്കുള്ളിൽ കടുവയുടെ പ്രകൃതിദത്ത ചാക്രിക ഭക്ഷണ സന്തുലിതാവസ്ഥാ സമ്പ്രദായം നടപ്പാക്കാതെ വരികയും അങ്ങനെ ഉണ്ടാകുന്ന ഒരു പട്ടിണിയിൽ നിന്ന് രക്ഷ നേടുന്നതിനു വേണ്ടി ഒരു സർവൈവൽ പ്രോസസ് എന്ന രീതിയിൽ ഭക്ഷ്യയോഗ്യമായ മൃഗങ്ങൾ ലഭ്യമായ നാട്ടിൻ പുറങ്ങളിലേക്ക് ഇറങ്ങുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും അവസാനം ഈ വിഷയത്തിൽ എത്തിച്ചേർന്നിട്ടുള്ള നിഗമനം എന്നാണ് അറിയുവാൻ സാധിക്കുന്നത് ….. ഈ അറിവ് സത്യമാണെങ്കിൽ പെട്ടെന്നുള്ള ഒരു പ്രതിവിധി കാണുന്ന കടുവക്കിട്ട് വെടിവെക്കുക എന്ന നിയമം അനുശാസിക്കാത്ത റെമഡി മാത്രമാണ് ജനങ്ങൾക്ക് ആശ്വാസം ആയി വരിക …. പക്ഷേ നിലവിലെ വന നിയമ പ്രകാരം അതൊരിക്കലും നടപ്പിലാകാൻ പോകുന്നുമില്ല .ജനങ്ങൾ ഗവൺമെൻറിൽ വിശ്വസിച്ച് നികുതിയടയ്ക്കുന്നവരാണ് …. ജനങ്ങൾക്ക് താമസിക്കുന്നത് സ്വൈര്യജീവിതമാണ് .

ഗ്രാമീണരുടെ വളർത്തുമൃഗങ്ങളെ സംരക്ഷിക്കേണ്ട ചുമതല ഗുളികൻ ദൈവത്തിനല്ല ഗവൺമെന്റിനാണ് …. വയനാട്ടിലെ ഗ്രാമാതിർത്തി പ്രദേശങ്ങൾ നിലവിൽ വളരെ പരിഭ്രാന്തമായ അവസ്ഥയിലാണ് …. ഈ ഭയപ്പാട് മാറ്റിയെടുത്തില്ലെങ്കിൽ വളർന്നുവരുന്ന കുട്ടികൾക്കാണ് ഏറ്റവും പ്രശ്നം ആയി മാറുക . ഭയചകിതമായ കണ്ണുകളുള്ള , ഒന്നിനോടും അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത , ഒരു ഇല വീണാൽ പോലും പേടിച്ചു പൊട്ടിക്കരയുന്ന അത്ര മനക്കട്ടി ഇല്ലാത്ത കുറച്ചു കുട്ടികൾ നമ്മുടേതായി വളരുന്നു എന്ന അവസ്ഥ വരാതിരിക്കാൻ ഈ ജീവന പ്രശ്നത്തിന് എത്രയും പെട്ടെന്ന് ഒരു ശാശ്വത പരിഹാരം കണ്ടുപിടിക്കണമെന്ന് ജനാധിപത്യപരമായി ആവശ്യപ്പെടുന്നു .