കേരളത്തിൽ ലൈംഗിക ദാരിദ്ര്യം ഏറ്റവും കൂടുതലുള്ളത് മൂവിങ് സ്ക്രീൻ മാധ്യമ പ്രവർത്തകർക്കാണോ?

1325

ജിത്തു തമ്പുരാൻ എഴുതുന്നു 

ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്ന ബിനോയ് കോടിയേരി മൂന്നരക്കോടിയോളം വരുന്ന മലയാളികളിൽ ഒരാൾ മാത്രമാണ് … അയാളുടെ ആഹാര – വിസർജ്യ വ്യവസ്ഥകൾ മറ്റുള്ളവരെപ്പോലെ തന്നെയാണ് … അയാൾ മൂത്രമൊഴിക്കുന്നത് പെട്രോളൊന്നുമല്ല ,അപ്പിയിടുന്നത് ക്രൂഡോയിലുമല്ല … ആയതിനാൽ അയാളുടെ വനിതാ തർക്കക്കേസിന് മാധ്യമങ്ങൾ അമിത പ്രാധാന്യം കൊടുക്കേണ്ടതില്ല … അതൊക്കെ യഥാവിധം നോക്കാനാണ് പോലീസ് ,കോടതി എന്നീ വ്യവസ്ഥിതികളെ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് വിഹിതമെടുത്ത് പരിപാലിക്കുന്നത് … കോടിയേരി ബാലകൃഷ്ണൻ ഈ വിഷയത്തിൽ രാജിവെക്കണോ വേണ്ടയോ എന്നതൊക്കെ, സി.പി.ഐ (എം) ന്റെ കേന്ദ്രക്കമ്മിറ്റി തീരുമാനിക്കട്ടെ …ആ തീരുമാനം സാങ്കേതികമായി തെറ്റാണെങ്കിൽ അടുത്ത ജനവിധിക്ക് എട്ടിന്റെ പണി കിട്ടി അനുഭവിക്കട്ടെ, അത്രയേ ഉള്ളൂ …

കേരളത്തിൽ ലൈംഗിക ദാരിദ്ര്യം ഏറ്റവും കൂടുതലുള്ളത് മൂവിങ് സ്ക്രീൻ സെഷനിലെ മാധ്യമ പ്രവർത്തകർക്കാണോ എന്ന് തോന്നിപ്പോകും … 2013-14 ൽ ചാനലുകൾ സരിതാ എസ് നായരുടെ ശരീരം ചിത്രീകരിച്ച സി.ഡി തേടിപ്പോയ കഥ പൊതുജനം മറന്നിട്ടില്ല … അന്ന് ചാനലുകളെല്ലാം കൂടി പൊടിച്ചു കളഞ്ഞ ലക്ഷങ്ങൾ കൊണ്ട് അരിക്കിറ്റുകൾ വാങ്ങി വല്ല പാവപ്പെട്ടവർക്കും വീതിച്ചു കൊടുത്തിരുന്നെങ്കിൽ ഒരുപാടു പേരുടെ വിശപ്പ് മാറുമായിരുന്നു … സരിതാ എസ്.നായർക്ക് ഒന്നും സംഭവിച്ചില്ല എന്നു മാത്രമല്ല, ആ മഹതി ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാട്ടും പാടി നോമിനേഷൻ കൊടുക്കുകയും ചെയ്തു …സദയം മനസിലാക്കുക, പൊതുജനത്തിന് വിശക്കുന്നത് ജനനേന്ദ്രിയത്തിലല്ല, വയറ്റിൽ മാത്രമാണ് …

ഇത്തരം പ്രഹസനത്തിലൂടെ തമസ്കരിച്ചു പോകുന്നത് വിലക്കയറ്റം എന്ന ഭീകര പ്രശ്നമാണ് … നിലവിലെ സർക്കാർ ഭരണത്തിലേറാനിറക്കിയ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം നിത്യോപയോഗ ഭക്ഷ്യസാധനങ്ങളുടെ വില ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ വിലവിവര ലിസ്റ്റിനേക്കാൾ ഒരിക്കലും കൂടാൻ അനുവദിക്കില്ല എന്നതായിരുന്നു … പക്ഷേ, പൂഴ്ത്തിവെപ്പുകാരടക്കമുള്ള ഭക്ഷ്യ വ്യാപാര ലോബികളുടെ നിയന്ത്രണത്തിൽ നിന്ന് മലയാളി ഭക്ഷ്യ മാർക്കറ്റിനെ സ്വതന്ത്രമാക്കാൻ കേരള സംസ്ഥാന ഭക്ഷ്യവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല … ഈ വിഷയത്തിൽ സംസ്ഥാന ഭക്ഷ്യമന്ത്രി ഒരു ഭൂലോക പരാജയം തന്നെയാണ് …ഈ കഴിഞ്ഞ റംസാൻ സമയത്തിന്റെ മറവു പിടിച്ച് പച്ച മത്സ്യം, ഇറച്ചി, തക്കാളി എന്നീ നിത്യോപയോഗ വസ്തുക്കളുടെ വിലയിൽ ഉണ്ടായ വർദ്ധനയുടെ ശതമാനം ഭീതിപ്പെടുത്തുന്നതാണ് … ഒരു ജനകീയ ഗവൺമെൻറാണെങ്കിൽ ഇതിലൊക്കെ ഇടപെടണം എന്ന് എത്ര മാധ്യമങ്ങൾ കവർ സ്റ്റോറി ചെയ്തു ? … അവരിതു വല്ലതും അറിഞ്ഞതായി നടിക്കുന്നുണ്ടോ ?… തക്കാളിയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞു എന്നതാണ് മുട്ടു ന്യായമായി പറയുന്നത് …അങ്ങിനെയെങ്കിൽ പൊതുമാർക്കറ്റിലേക്കുള്ള തക്കാളിയുടെ ഇറക്കുമതി കുറയുന്നതായി കാണണ്ടേ ?…

ധർമ്മം മറന്നുള്ള മാധ്യമ പ്രവർത്തനമാണ് മുന്നിൽ കാണുന്നത് … അടിസ്ഥാന സൗകര്യങ്ങൾക്കായി ബുദ്ധിമുട്ടുന്ന സാധാരണക്കാരനു വേണ്ടി ശബ്ദമുയർത്തിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, വക്കം മൗലവി തുടങ്ങിയവരുടെ ആ നന്മപ്പഴമയിലേക്ക് മലയാള ദൃശ്യ വാർത്താ മാധ്യമങ്ങൾ എത്രയും പെട്ടെന്ന് തിരികെ വരണം … ഇല്ലെങ്കിൽ നിങ്ങളുടെ ഓഫീസുകളുടെ സ്ഥാനത്ത് കമ്പ്യൂട്ടർ സെന്ററുകളോ ,കുടുംബശ്രീ പേക്കിങ് യൂനിറ്റുകളോ പ്രവർത്തിക്കുന്നത് അധികം വൈകാതെ കാണേണ്ടി വരും … ആളൊഴിഞ്ഞു പോയാലും കെട്ടിടങ്ങൾ ഉപയോഗപ്പെടുമല്ലോ ?!!

(ജിത്തു തമ്പുരാൻ)