എട്ടിൻറെ പണി കൊടുക്കാൻ 50മില്ലി പശ മതി, മനുഷ്യത്വം ഇല്ലാത്ത പണിയായിപ്പോയി

53

ജിത്തു തമ്പുരാൻ

ഒരു സീനിയർ സിറ്റിസൺ , അദ്ദേഹം എത്ര സമാദരണീയനാണെങ്കിലും എട്ടിൻറെ പണി കൊടുക്കാൻ 50 മില്ലി പശ മതി,അല്ലാതെ മർദ്ദിക്കുകയോ ഡയറക്ടറായി ദേഹോപദ്രവം ഏൽപ്പിക്കുകയോ ഒന്നും വേണ്ട .ഈയൊരറിവ് ലോകത്തിന് പകർന്നു കൊടുത്തത് വയനാട്ടുകാരാണ് എന്നറിയുമ്പോൾ വല്ലാത്തൊരു കുറ്റബോധം തോന്നുന്നു .

വാർത്തയിൽ കേട്ടത് പ്രകാരം നിസ്‌കരിക്കാന്‍ പള്ളിയിലെത്തിയപ്പോള്‍ ചെരുപ്പില്‍ സാമൂഹിക വിരുദ്ധര്‍ പശ ഒഴിച്ചതിനേത്തുടര്‍ന്ന് വയനാട് മാനന്തവാടി എരുമത്തെരുവ് വിദ്മത്തുല്‍ ഇസ്ലാം മഹല്ല് പ്രസിഡന്റ് കണ്ടങ്കല്‍ സൂപ്പി ഹാജി പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് ….. ചെരുപ്പ് പുറത്ത് അഴിച്ചുവെച്ച ശേഷം നിസ്‌കരിക്കാന്‍ അകത്ത് കയറിയപ്പോള്‍ ആരോ രണ്ട് ചെരുപ്പുകളിലും തീവ്രത കൂടിയ, സൂപ്പര്‍ ഗ്ലൂവിന് സമാനമായ പശ ഒഴിക്കുകയായിരുന്നുവത്രേ …. സംഭവം ശരിയാണെങ്കിൽ ഇതിൽ അപ്പുറം അപലപനീയമായ ഒരു കാര്യം 2020 – 21 ൽ സംഭവിച്ചിട്ടില്ല …. ചതിയുടെ കാണാപ്പുറങ്ങളിൽ മനുഷ്യത്വം മറന്നുപോയ ഒരു ജനതയായി ഇത് ചെയ്തവർ പിതാക്കളടക്കം സ്മരിക്കപ്പെടുക തന്നെ ചെയ്യും .

നിസ്‌കാരത്തിന് ശേഷം ചെരുപ്പ് ധരിച്ച സൂപ്പി ഹാജിയുടെ കാലുകളില്‍ ചെരുപ്പ് ഒട്ടിപ്പിടിച്ചു നിന്നു …. ചെരുപ്പ് അഴിക്കാന്‍ പറ്റാതായതിനേത്തുടര്‍ന്ന് സൂപ്പിഹാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു…. മൂന്ന് മണിക്കൂര്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ ത്വക്കില്‍ ഒട്ടിച്ചേര്‍ന്ന ചെരുപ്പും കാലും വേര്‍പെടുത്താൻ സാധിച്ചു ….. ചെരുപ്പ് അടര്‍ത്തിമാറ്റുന്നതിനിടെ സൂപ്പി ഹാജിയുടെ കാല്‍വെള്ളയിലെ തൊലി ഇളകിപ്പോയി….. കടുത്ത പ്രമേഹ രോഗി കൂടിയായ സൂപ്പി ഹാജിക്ക് ഇപ്പോൾ നിലത്ത് കാലുറപ്പിച്ച് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥ വന്നുചേർന്നിരിക്കുന്നു .

എരുമത്തെരുവ് വിദ്മത്തുല്‍ ഇസ്ലാം മഹല്ല് സെക്രട്ടറി മാനന്തവാടി പൊലീസ് പരാതി നല്‍കി എന്നാണ് വിഷയത്തിൽ ഏറ്റവും അവസാനം ഉള്ള അറിവ് ….. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടത്രേ ….. പള്ളിയില്‍ സി സി ടിവി ഇല്ലാത്തതിനാല്‍ പശ ഒഴിച്ച ആളുടെ ദൃശ്യം കണ്ടെത്താനാകില്ല എന്ന ന്യൂനതയും നിലവിലുണ്ട് ….പ്രതിയേക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല എന്നും കേൾക്കുന്നു…. ആ മനുഷ്യന് നീതി കിട്ടട്ടെ എന്നല്ലാതെ മറ്റെന്താണ് ഇവിടെ പറയാൻ സാധിക്കുക ? ….

എന്തുതന്നെയായാലും ഇത്തരം അപലപനീയമായ പ്രവർത്തികൾ ചെയ്യുന്ന രീതിയിലേക്കാണ് പുതിയ തലമുറ പോകുന്നതെങ്കിൽ നേരും നെറിയും കെട്ട ഇത്തരം പ്രവർത്തികളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാൻ പറ്റില്ല …. വൈരാഗ്യം നല്ലതുതന്നെയാണ് , പക്ഷേ അത് പ്രകടിപ്പിക്കേണ്ട രീതി ഇങ്ങനെയൊന്നുമല്ല ….ഇത് തേജോവധത്തിലപ്പുറം വരുന്ന ഒരു കൊടും ചതിതന്നെ ആയിപ്പോയി …. അദ്ദേഹത്തിന് നീതി ലഭിക്കാൻ ഇതിലപ്പുറം എന്തു വേണം എന്ന് മനുഷ്യാവകാശ കമ്മീഷൻ കൂടി തീരുമാനിക്കട്ടെ ….