ഗുരുവായൂര്‍ ദേവസ്വം 5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തത് മഹാപാതകം ആയിപ്പോയത്രേ

57

Jithu Usha Venugopal

ഗുരുവായൂര്‍ ദേവസ്വം 5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തത് മഹാപാതകം ആയിപ്പോയത്രേ…!!!

ബിജെപി നേതാക്കളും അണികളും വിശ്വാസികളുടെ മൊത്തം അട്ടിപ്പേറും ഏറ്റെടുത്ത് കൊണ്ട് ഈ മഹാമാരിയുടെ നാളിലും വിഷപ്രചാരണം തുടങ്ങിയിട്ടുണ്ട്. യുക്തിയോ മാനവികതയോ കാരുണ്യമോ ഒന്നും വേണ്ട, ഗുരുവായൂരപ്പനില്‍ ഇത്തിരി വിശ്വാസമെങ്കിലും ഇക്കൂട്ടര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ ഈ കൊറോണക്കാലത്ത് ഇവരീ വിഷം തളിപ്പ് നടത്തില്ലായിരുന്നു.
സ്വര്‍ണമായും സ്ഥിരനിക്ഷേപമായും 1650 കോടി രൂപയോളമാണ് ഗുരുവായൂര്‍ ദേവസ്വം വകയായി ബാങ്കുകളില്‍ ഉള്ളത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ നിക്ഷേപത്തില്‍ നിന്നല്ല നല്‍കിയത്. നല്‍കിയാലും തെറ്റില്ല എന്നാണ് എന്റെ പക്ഷം. ഇത്രയും ഭീമമായ തുകയ്ക്ക് ബാങ്കുകള്‍ നല്‍കുന്ന പലിശയില്‍ നിന്നാണ് 5 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. അതും വെറും 15 ദിവസത്തെ പലിശയാണ് എന്ന് നാം മനസിലാക്കണം. 15 ദിവസത്തെ പലിശയുടെ കുറവ് കൊണ്ട് ഗുരുവായൂരമ്പലം ക്ഷയിച്ചു പോകുകയില്ല. പരമ ദരിദ്രനായ കുചേലന്‍ തന്റെ സന്നിധിയില്‍ അണഞ്ഞപ്പോള്‍ കുചേലന്‍ പോലും അറിയാതെ ഭവനത്തില്‍ സഹായമെത്തിച്ച ശ്രീകൃഷ്ണഭഗവാന്‍ ആണ് ഗുരുവായൂരില്‍ വസിക്കുന്നത് എന്ന് ഇക്കൂട്ടര്‍ മറക്കരുത്.

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം വകയായി തിരുമല തിരുപ്പതി ദേവസ്ഥാനം ആന്ധ്രപ്രദേശ് സര്‍ക്കാരിന് 19 കോടിയാണ് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം വക സംഭാവനയായി സോമനാഥ് ട്രസ്റ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് ഒരു കോടി രൂപയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി എന്നിവര്‍ സോംനാഥ് ട്രസ്റ്റിലെ അംഗങ്ങളാണ്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ ആണ് ട്രസ്റ്റ് ചെയര്‍മാന്‍. ഷിര്‍ദ്ദിയിലെ ശ്രീ സായ്ബാബ സന്‍സ്താന്‍ ട്രസ്റ്റ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51 കോടിയാണ് സംഭാവന ചെയ്തത്.

ക്ഷേത്രങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത് ആണ് ഇവരുടെ പ്രശ്നമെങ്കില്‍ സോമനാഥ ട്രസ്റ്റ് ചെയ്തത് തെറ്റ് ആണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത് ഷായും തെറ്റ് തിരുത്തണം എന്നും പറയാന്‍ ഉള്ള ആര്‍ജ്ജവം ഇക്കൂട്ടര്‍ കാണിക്കുമോ? പോട്ടെ, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഇതേ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കിയത് എങ്കില്‍ ഇക്കൂട്ടരുടെ പ്രതികരണം എന്താകുമായിരുന്നു എന്ന് ഇവിടുത്തെ വിശ്വാസസമൂഹത്തിനു അറിയാം. അതായത് പണം നല്‍കി എന്നതല്ല, നല്‍കിയത് കേരളത്തിന് കൈത്താങ്ങ് ആകുവാന്‍ ആയതാണ് ഇവരുടെ പ്രശ്നം.

കഴിഞ്ഞ ദിവസം മറ്റൊരു വാര്‍ത്ത‍ ഉണ്ടായിരുന്നു. കോവിഡ്‌ പ്രതിസന്ധിക്കിടയിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു 10 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാര്‍ത്ത നാം എല്ലാവരും വായിച്ചതാണ്. 100 കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു മാത്രം സര്‍ക്കാര്‍ അനുവദിച്ചത്. 30 കോടി അതില്‍ നല്‍കിക്കഴിഞ്ഞു. രണ്ടാം ഘട്ടമായാണ് കഴിഞ്ഞ ദിവസം 10 കോടി നല്‍കിയത്. ബാക്കിയും ഈ വര്‍ഷം തന്നെ നല്‍കും എന്നും കേട്ടു. മലബാര്‍ ദേവസ്വം ബോര്‍ഡിനു കോടിക്കണക്കിന് രൂപയാണ് ഗ്രാന്റ് ആയി സ്ഥിരമായി നല്‍കുന്നത്.

കോവിഡ്‌ കാലത്ത് 5 കോടി രൂപ വിനിയോഗിക്കാന്‍ അവര്‍ക്ക് അനുമതി കൊടുത്തിട്ടുണ്ട് സര്‍ക്കാര്‍. ആ പണം സര്‍ക്കാര്‍ നല്‍കുന്നതാണ്. ക്ഷേത്രങ്ങളിലെ ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും അതത് ദേവസ്വങ്ങളുടെ പേരില്‍ തന്നെയാണ് അവിടുത്തെ വരുമാനം ഉള്ളത് എന്നും നാം ഓര്‍ക്കണം. അങ്ങനെയിരിക്കെയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് നല്‍കുന്നത്. അത് ഇവിടുത്തെ വിവിധ മതവിശ്വാസികളും അവിശ്വാസികള്‍ പോലും നല്‍കുന്ന നികുതിപ്പണമാണ്.

എന്നിട്ടും ആരെങ്കിലും അതിനെതിരെ എന്തെങ്കിലും പറയാറുണ്ടോ? ഇല്ല. കാരണം ഇപ്പോള്‍ വലിയ വായില്‍ നിലവിളിക്കുന്ന ബി ജെ പി ക്കാരെപ്പോലെ വര്‍ഗീയമായി ചിന്തിക്കുന്നവരല്ല ഇവിടുത്തെ ബഹുഭൂരിപക്ഷം ജനത. ഇത്രയും സര്‍ക്കാര്‍ തരുന്നുണ്ടല്ലോ, അപ്പോള്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ തിരിച്ചു സര്‍ക്കാരിനെ സഹായിക്കണം എന്ന് പറയുകയായിരുന്നു യഥാര്‍ത്ഥ വിശ്വാസികള്‍ ആയിരുന്നു എങ്കില്‍ ഇക്കൂട്ടര്‍ ചെയ്യേണ്ടിയിരുന്നത്.

നിലവിട്ട ജീവിതം നയിച്ചിരുന്ന ചേലേപ്പറമ്പ് നമ്പൂതിരിയോട് ഗുരുവായൂരില്‍ വെച്ച് ഒരു ബ്രാഹ്മണന്‍ പറഞ്ഞെന്നു വിശ്വസിക്കപ്പെടുന്ന ഒരു ഉപദേശമുണ്ട്. അത് മാത്രമേ ഇക്കൂട്ടരോട് പറയുവാനുള്ളൂ. “ഹേ ചേലേപ്പറമ്പേ, എന്തേ അങ്ങയുടെ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.”