വെളിച്ചം ദുഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം !

566

പദ്മനാഭൻ തിക്കോടി

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം.

ആശയങ്ങളുടെ വൈപുല്യം കൊണ്ടും രചനകളുടെ വൈവിദ്ധ്യം കൊണ്ടും ആവിഷ്കരണത്തിലുള്ള ലാളിത്യം കൊണ്ടും എഴുത്തുകാർക്കിടയിൽ ഉന്നതശീർഷനായ പ്രസിദ്ധ മഹാകവി അക്കിത്തത്തിന്
ഈ അംഗീകാരം ലഭിയ്ക്കുന്നത് തന്റെ തൊണ്ണൂറ്റി നാലാം വയസ്സിലാണ്. എഴുതപ്പെടേണ്ട നിരവധി ഈരടികൾ ആ മനസ്സിൽ ഇന്നും പിറക്കുന്നുണ്ട്. നിരവധി വിചാരധാരകൾ ആ മനസ്സിൽ പ്രവഹിക്കുന്നുണ്ട്. എഴുതണം എന്നു തോന്നുംവിധം ഒരു പാകപ്പെടലിന് ശരീരക്ലേശം തടസ്സമാവുമ്പോഴും ആ മനസ്സ് തയ്യാറാവുന്നുണ്ട് നല്ല പുസ്തകങ്ങൾ, അവ കവിതകളായാലും കഥകളായാലും മറ്റു സാഹിത്യ വിഭാഗങ്ങളായാലും, വായിക്കാൻ. കവിത, ചെറുകഥ, നാടകം, വിവർത്തനം, പ്രബന്ധങ്ങൾ എന്നിങ്ങനെ അമ്പതോളം രചനകൾ നമുക്കായി സമ്മാനിച്ച ശ്രീ അക്കിത്തം അച്യുതന്‍നമ്പൂതിരി 1926 മാര്‍ച്ച് 18നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് ജനിച്ചത്.

Image result for akkitham achuthan namboothiriഅമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനവുമാണ് മാതാപിതാക്കള്‍. ബാല്യത്തില്‍ സംസ്‌കൃതവും സംഗീതവും ജ്യോതിഷവും പഠിച്ച അക്കിത്തം 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി പ്രവര്‍ത്തിച്ചു.
പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ‘മംഗളോദയം’, ‘യോഗക്ഷേമം’ എന്നിവയുടെ സഹപത്രാധിപരായിരുന്നു. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി.
1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.

ഒരോണക്കാലത്ത് പ്രക്ഷേപണം ചെയ്യാനായി ആകാശവാണി ഡയറക്ടറുടെ ആവശ്യപ്രകാരം നാലുദിവസം കൊണ്ട് എഴുതിയ ഖണ്ഡകാവ്യമായ ബലിദർശനം ഏറെ സഹൃദയശ്രദ്ധ നേടി. ബലിയെ ചവിട്ടിത്താഴ്ത്തിയതല്ലെന്നും ബലി സ്വന്തം വീട്ടിലേയ്ക്ക് പോയതാണ് എന്നും സങ്കൽപ്പിക്കുന്ന, ചവിട്ടലിനെ അനുഗ്രഹമായി കാണുന്ന ഈ കൃതിയ്ക്ക് 1972 ലെ കേരള സാഹിത്യഅക്കാഡമി അവാർഡ് ലഭിച്ചു. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ (1952ലെ സഞ്ജയൻ പുരസ്‌കാരം നേടിയ ഈ കൃതിയിലാണ് പ്രസിദ്ധമായ വെളിച്ചം ദുഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം എന്ന വരികൾ),

‘വെണ്ണക്കല്ലിന്റെ കഥ’, ‘മധുവിധു’,
‘ഒരുകുലമുന്തിരിങ്ങ’ (കുട്ടിക്കവിതകള്‍ ),
‘നിമിഷ ക്ഷേത്രം’, ‘ഇടിഞ്ഞു പൊളിഞ്ഞ ലോകം’,
‘അമൃതഗാഥിക’, ‘അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍‘,
‘അക്കിത്തം കവിതകള്‍: സമ്പൂര്‍ണ്ണ സമാഹാരം’, ‘സമത്വത്തിന്റെ ആകാശം’, ‘സ്പര്‍ശമണികള്‍’ തുടങ്ങിയവയാണ് പ്രസിദ്ധീകരിക്കപ്പെട്ട പ്രധാന കൃതികള്‍. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് 2008ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കി കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു.

കേന്ദ്ര സാഹിത്യഅക്കാഡമി അവാർഡ്(1973), ഓടക്കുഴൽ അവാർഡ് (1974), പദ്മപ്രഭാ പുരസ്‌കാരം (2002), അമൃത കീർത്തി പുരസ്‌കാരം (2004), മാതൃഭൂമി സാഹിത്യപുരസ്‌കാരം (2008), വയലാർ അവാർഡ് (2012) തുടങ്ങിയവ ഇദ്ദേഹത്തെ തേടിയെത്തിയ അംഗീകാരങ്ങളിൽ ചിലവ മാത്രം.
2017 ൽ ഭാരത സർക്കാർ പദ്മശ്രീ നൽകി ഇദ്ദേഹത്തെ ആദരിച്ചു. ഇപ്പോഴിതാ, ഏറെ വൈകിയാണെങ്കിലും ജ്ഞാനപീഠവും. മാനവികതയിൽ ഊന്നി നിന്നുള്ള ആത്മീയതയും ആഴത്തിലുള്ള ദാർശനികതയും മുഖമുദ്രയായുള്ള ഒട്ടേറെ കവിതകൾ സൃഷ്ടിച്ച ഇദ്ദേഹം ഒരിക്കൽ പോലും കക്ഷിരാഷ്ട്രീയത്തിന്റെ പ്രചാരണത്തിനായി ഒരു ഈരടിപോലും രചിക്കാൻ തയ്യാറായില്ല. മറ്റുള്ള എഴുത്തുകാരോട് അദ്ദേഹത്തിന് പറയാനുള്ളതും ഇതുതന്നെയാണ് : പ്രചാരണത്തിനും കക്ഷിരാഷ്ട്രീയത്തിനും വേണ്ടി രചിക്കപ്പെടുമ്പോൾ അവയിൽ പലപ്പോഴും കവിത കഷ്ടിയായിരിക്കും. ഇവ കൊണ്ടുള്ള പ്രയോജനം സാഹിത്യത്തിനാവില്ല, പാർട്ടികൾക്കായിരിക്കും.