ട്രാൻസ്‌ അഥവാ ഉടൻ സൗഖ്യം !

213

ട്രാൻസ്‌ അഥവാ ഉടൻ സൗഖ്യം !

70 കളിൽ മലയാളികളുടെ അമേരിക്കൻ കുടിയേറ്റത്തിന്റെ പ്രതിഫലനമായി പെന്തക്കോസ്റ്റ്,‌ ബ്രദറൺ, സെവന്ത്‌ ഡേ അഡ്വെന്റിസ്റ്റ്‌, യഹോവാ വിറ്റ്നസ്സ്‌ തുടങ്ങിയ സഭകൾ കേരളത്തിൽ വേരുറപ്പിച്ചു. ആദ്യകാലത്ത്‌ മാർത്തോമാ ഓർത്തഡോക്സ്‌ സഭകളിൽ നിന്നും പിന്നീട്‌ 80 കളുടെ തുടക്കത്തിൽ കത്തോലിക്കാ സഭയിൽനിന്നും അമേരിക്കൻ സ്പോൺസേർഡ്‌ പെന്ത്ക്കോസ്ത്‌ സഭകളിലേയ്ക്ക്‌ ഒഴുക്കുണ്ടായി.കത്തോലിക്കാ സഭയിൽ വിശ്വാസ തീവ്രത കുറവാണെന്ന് കരുതുന്നവരായിരുന്നു ഇപ്രകാരം പുതു സഭകളിലേയ്ക്ക്‌ മാറിയത്‌. പെന്ത്ക്കോസ്റ്റ്‌ സഭകളിൽ പ്രാചാര്യമേറിയ കരിസ്മാറ്റിക്‌ രീതിയിലുള്ള വചന പ്രഘോഷണവും ഉടൻ സൗഖ്യം കൊടുക്കലും സാക്ഷ്യം പറച്ചിലുമൊക്കെ യാഥാസ്തിതിക രീതിയിലുള്ള കത്തോലിക്കാ വിശ്വാസത്തിൽ നിന്നും മാറി ചിന്തിക്കുവാൻ കുറേപ്പേരെയെങ്കിലും പ്രേരിപ്പിച്ചു.

കത്തോലിക്കാ സഭ ഇതിനെ നേരിട്ടത്‌ സഭയിൽനിന്നും മാറുന്നവരെ സമൂഹിക ഭ്രഷ്ട്‌ കൽപ്പിച്ചായിരുന്നു. സമൂഹത്തിൽ ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വന്നെങ്കിലും കുറേയധികം പേർ ഇത്തരത്തിൽ കത്തോലിക്കാ സഭ വിട്ടു‌.ഈ കൂറുമാറ്റത്തിനൊരു തടയിടാനാണു വിൻസെൻഷ്യൻ സഭാ സമൂഹം അമേരിക്കയിലെ ഇവാഞ്ചലിസ്റ്റ്‌ കരിസ്മാറ്റിക്‌ രോഗശാന്തി പ്രഘോഷണത്തെക്കുറിച്ച്‌ പഠിക്കുന്നതും പോട്ടയിൽ ഒരു കരിസ്മാറ്റിക്‌ മോഡൽ ആരംഭിക്കുന്നതും.സഭയും മെത്രാന്മാരും തുടക്കത്തിൽ ഈ പെന്റക്കോസ്ത്‌ ‌ ഉടൻ സൗഖ്യം തീവ്ര കരിസ്മാറ്റിക് പരിപാടിയെ എതിർത്തു. പകരം ഇതിനു ബദലായി പോപ്പുലർ ധ്യാനമെന്ന പേരിൽ ഇതിന്റെയൊരു മൈൽഡ്‌ വേർഷൻ ഇടവകകളിൽ പ്രചരിപ്പിച്ചു തുടങ്ങി. പക്ഷേ പോട്ടയിലെയും മറ്റും അടിപൊളി ബാസ്‌ മ്യൂസിക്കിലുള്ള കൈകൊട്ടി പാട്ടും ഹാലേലുയ്യായും പ്രൈസ്‌ ദി ലോർഡും… ‌ പറയുന്നവനും കേൾക്കുന്നവനും മനസ്സിലാകാത്ത മറുഭാഷ എന്ന പേരിൽ അലറിവിളിച്ച് തൊണ്ടപൊട്ടിയുള്ള…. ളാ ളാ ലാ…ഊ ലാ ..ളാ ഭാഷയിലുള്ള കരിസ്മാറ്റിക്‌ വെളിച്ചപ്പാടിന്റെ അരുളിപ്പാടുകളും വിറവലും ഉടനുള്ള സൗഖ്യം പ്രാപിക്കലുമൊക്കെ ആദ്യമായി കണ്ട … 70 കളിലെ ഹിപ്പി മ്യൂസിക്കൊന്നും അനുഭവിച്ചിട്ടില്ലാത്ത….. മലയാളിയ്ക്ക്‌ പോട്ടയും മുരിങ്ങൂരും പുതിയൊരനുഭവമായി. പോപ്പുലർ ധ്യാനം മുങ്ങി പോട്ട പൊങ്ങി.

( മലബാറിൽ ബാങ്ക്‌ വിളികേട്ട്‌ വളർന്ന ഒരു ധ്യാനഗുരു ….ളാ… ളാ .. ലാ ..ല്ലാ…മറുഭാഷ പറഞ്ഞ്‌‌ പെട്ടെന്ന് മൂത്ത്… ളാ ഇലാഹീ ഇല്ലലാഹീ .. എന്ന് പറഞ്ഞ രസകരമായ സംഭവവും ഓർമ്മ വരുന്നു.)
ഉണ്ണിമേരി തൊട്ടുള്ള സിനിമാക്കാരും പല സെൻ കുമാർ മോഡൽ ഐപിസുകാരും രാഷ്ട്രീയക്കാരും ഏത്‌ മതത്തിലായാലും വിശ്വാസ തീവ്രത കൂടുതലുള്ള അനുസരണയുള്ള ഡോക്ടർമ്മാരും( എവിടെയെങ്കിലും ഒരു തട്ടിപ്പ്‌ നടന്നാൽ അതിൽ ആദ്യത്തെ ഇരകളിൽ ഒരു ഡോക്ടറുണ്ടായിരിക്കുമെന്ന സത്യം കൂട്ടി വായിക്കുക) ഈ പോട്ട മോഡലിനു സാധാരണക്കാരുടെ ഇടയിൽ ഒരു വിശ്വാസ്യത ഉണ്ടാക്കി കൊടുത്തു. നാക്കിനു നീളമുള്ള വാചാലരായ ഹീലിംഗ്‌ പ്രീസ്റ്റ്സ്‌ പലരും ഇതിൽ നിന്നും വൻ പ്രശസ്തി നേടി.

ഭക്തിഗാന വ്യവസായവും ഇതിനു പാരലലായി ഇവിടെ വളർന്നു. യേശുവിനു മലയാളം ഭക്തിഗാനങ്ങൾ വളരെ ഇഷ്ടമാണെന്നു മനസ്സിലാക്കിയ പോട്ട ഭക്തർ ഭക്തിഗാന കാസറ്റുകൾ വാങ്ങിക്കൂട്ടി… IPS കാർ വരെ ഇടി നിർത്തി ഭക്തി മാർഗ്ഗ കാസറ്റ്‌ ഇറക്കാൻ തുടങ്ങി. Faith based music industry സിനിമാ ശാഖയ്ക്ക്‌‌ പാരലലായി വളർന്നു. കുമാർ സാനു വരെ ….”യേസു എറ്റ്‌റ നല്ലബൻ അബൻ ബല്ലബൻ … ” എന്നിങ്ങനെ അടിപൊളി ഹാലേലുയ്യ സ്തോത്ര പാട്ട്‌ പാടാൻ വന്നു. സിനിമയിൽ അവസരം കിട്ടാതിരുന്ന പലരും ഇതിൽനിന്നും നല്ല വരുമാനവുമുണ്ടാക്കി. പോട്ടയും മുരിങ്ങൂരും ഇതേസമയം സാധാരണക്കാരായ ഇടവക പുരോഹതരിൽ മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചു. ധ്യാനക്കാരല്ലാത്ത വാക്സാമർത്ഥ്യമില്ലാത്ത പുരോഹിതർക്ക്‌ ഇടവകജനത്തിനിടയിൽ ഒരു വിലയുമില്ലാതായി. അതുകൊണ്ടുതന്നെ ഇതിലൊന്നും താൽപര്യമില്ലാത്ത പുരോഹിതർക്കും പിടിച്ചു നിൽക്കാനായി ധ്യാന പ്രസംഗവും പാട്ടും രോഗശാന്തിയും പ്രാക്ടീസ്‌ ചെയ്ത്‌ ഒരു healing priest ന്റെ കുപ്പായമിടേണ്ടിവന്നു!
ചുരുക്കത്തിൽ 80 കളിൽ വരെ ഞായറാഴ്ച മാത്രം പള്ളിയിൽ പോയി കുറച്ച്‌ പോത്തും വാങ്ങിവന്ന് സ്വൽപ്പം കേകോ രാഷ്ട്രീയവുമായി സാധാരണ ജീവിതം നയിച്ചിരുന്ന മലയോര ക്രിസ്ത്യാനി 90 നു ശേഷം പോട്ട ക്രിസ്ത്യാനിയും അട്ടപ്പാടി ക്രിസ്ത്യാനിയും ഷാലോം ക്രിസ്ത്യാനിയുമായി രൂപാന്തരം പ്രാപിച്ചു! പൊതുവേ പിശുക്കരായ അച്ചായന്മാർ ഹാലേലുയ്യ സ്ത്രോത്രം പറഞ്ഞ്‌ പറഞ്ഞ്‌ സൂത്രകാഴ്ചയിലേയ്ക്ക്‌ കൈയ്യയച്ച്‌ സംഭാവന ഇടാനും തുടങ്ങി!

എന്തു വേണ്ടി …പരീക്ഷയിൽ മാർക്ക്‌ കിട്ടാനും ജോലികിട്ടാനും ഫോറിനുപോകാനും ഫോറിൻ പെണ്ണിനെയും ചെറുക്കനെയും കിട്ടാനും സ്ഥലം വാങ്ങാനും വീടു പണിയാനും കൂടുതൽ പണമുണ്ടാകാനും രോഗം മാറാനും അവനു ധ്യാനമന്ദിരത്തിൽ പോയി ധ്യാനഗുരുവിന്റെ കാലേൽ വീഴേണ്ട ഗതിയായി! ഗൾഫ്‌ പ്രവാസികൾ നാട്ടിൽ വന്നാൽ ആദ്യ സ്റ്റോപ്‌ പോട്ടയായി മാറി!
ഹിന്ദുക്കൾ എന്തിനും കുടുംബ ജ്യോത്സ്യന്റെ അഭിപ്രായം തേടുന്നപോലെ പല ക്രിസ്ത്യൻ കുടുംബങൾക്കും കുടുംബ ധ്യാനഗുരുവും ധ്യാനഗുരുക്കൾ പ്രധാന കുടുംബ തീരുമാനങ്ങളെടുക്കുന്ന സ്ഥിതിയുമായി. കൗൺസിലർമ്മാർ എന്നു സ്വയം വിളിയ്ക്കുന്ന ഒരു വിഭാഗം സ്തോത്രക്കാർ ഭക്തരുടെ …പ്രെത്യേകിച്ച്‌ സ്ത്രീകളുടെ ഭൂതം ഭാവി വർത്തമാനം പറയാൻ തുടങ്ങി! അതോടെ അവർ പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ!

പുറത്തുകാണാൻ പറ്റാത്ത എല്ലാത്തരം അസുഖങ്ങളും ധ്യാനം കൂടുന്നതോടെ മാറാനും തുടങ്ങി. പ്രത്യേകിച്ച്‌ സ്ത്രീകളുടെ നടുവേദന മുട്ടുവേദന തുടങ്ങിയവ. കഴിഞ്ഞമാസം ധ്യാനഗുരു A യുടെ ധ്യാനം കൂടി മാറിയ അസുഖം ഈ മാസം ധ്യാനഗുരു B യുടെ ധ്യാനം കൂടി വീണ്ടും മാറാനും പിന്നെയും പിന്നെയും മാറാനും ഇതുമൂലം അവസരമുണ്ടായി.പല കുടുംബങളിലും പുരുഷന്മാരുടെ കള്ളുകുടി നിർത്താനായി ധ്യാനത്തിനുപോയി പുരുഷൻ കുടി നിർത്തുകയും പക്ഷെ പകരം സ്ത്രീകൾ ഈ കരിസ്മാറ്റിക്‌ കൈകൊട്ടിക്കളിയ്ക്ക്‌‌ അഡിക്ട്‌ ആകുകയും …. അവസാനം ഇതിലും ഭേദം അവന്റെ കുടിതന്നെയായിരുന്നുവെന്ന് വീട്ടുകാർ പറയുന്ന സ്ഥിതിയും എത്തി! അതുപോലെതന്നെ ലോലമനസ്കരായ പല പുരുഷുക്കളും ഹാലേലുയ്യായും പ്രൈസ്‌ ദി ലോർഡും പറഞ്ഞ്‌ അഭിവാദ്യം ചെയ്യാനും തുടങ്ങി.കത്തോലിക്കാ സഭയിൽത്തന്നെ കേരളത്തിൽ മാത്രമേയീ കരിസ്മാറ്റിക്‌ ധ്യാനങ്ങളും കൺ വെൻഷനുകളും ഉള്ളൂ എന്നതാണു സത്യം. യൂറോപ്പിലോ അമേരിക്കയിലോ കത്തോലിക്കാ പള്ളികളിൽ ഇങ്ങിനെയൊരു പരിപാടിയേയില്ല. അവിടങ്ങളിലെല്ലാം ‌ ഇവാഞ്ചലിക്കുകളുടെ കുത്തകയാണിത്‌. മെഗാചർച്ചും പ്രൈവറ്റ്‌ ജെറ്റുമൊക്കെയായി മെഗാ മില്യൺസിന്റെ ബിസിനസ്സാണു‌ പാസ്റ്റർമ്മാർക്കവിടെയിത്‌. അത്‌ ലാലേട്ടൻ പറയുന്നമാതിരി കളി ലെവൽ വേറേ…!
ഇപ്പോൾ വിവാദ വിഷയമായ ഫഹദിന്റെ ട്രാൻസ്‌ എന്ന സിനിമ ഇത്തരം അമേരിക്കൻ കോർപ്പറേറ്റ്‌ മോഡൽ ഇവാഞ്ചലിക്കൽ മെഗാ രോഗശാന്തി പ്രസ്ഥാനങ്ങളേക്കുറിച്ചാണു പ്രതിപാദിക്കുന്നത്‌, ചെറുകിട കത്തോലിക്കാ ധ്യാനകേന്ദ്രങ്ങാളേക്കുറിച്ചല്ല.

പി എസ്സ്‌: കുറച്ചു നാൾ മുൻപ്‌ 75 പേരുടെ ഒരു ധ്യാനം നടത്തി അവസാനം ധ്യാന ഗുരു എണ്ണം പറഞ്ഞ്‌ രോഗശാന്തി പ്രഖ്യാപിച്ചു കഴിഞ്ഞു കൂട്ടിനോക്കിയപ്പോൾ 150 നുമേളിൽ ആളുകൾക്ക്‌ രോഗശാന്തി കിട്ടിയതായി കണ്ടു. ഇതിനേക്കുറിച്ച്‌ അച്ചനോട്‌ പിന്നീട്‌ ചോദിച്ചപ്പോൾ എടാ ഉവ്വേ നമ്മളൊരു സദ്യയൊരുക്കുമ്പോൾ കൃത്യം വിളിച്ചവർക്കാണോ ഭക്ഷണം കരുതുന്നത്‌… കുറേക്കൂടുതൽ കരുതില്ലേ…? അതുപോലെയൊക്കെയുള്ളടാ ഉവ്വേ ഇതും എന്ന് സരസനായ അദ്ദേഹം പറഞ്ഞതും ഓർക്കുന്നു!

Advertisements