മലയാളിയും ലൈംഗികവിദ്യാഭാസവും

191

Joel Davis P

മലയാളിയും ലൈംഗികവിദ്യാഭാസവും

ഹെഡിങ് ഉം താഴെ കൊടുത്ത പിക്ചർ ഉം മാത്രം കണ്ട് തുടർന്ന് വായിക്കാൻ ആകാംക്ഷാഭരിതരായി നിൽക്കുന്നവരോട് ഒരു വാക്ക്. വായിക്കുന്നതിന് ഇടയ്ക്ക് എവിടെ വച്ചെങ്കിലും ‘അയ്യേ, ശ്ശെ മ്ലേച്ഛൻ. നാണക്കേട്.’ എന്നൊക്കെ തോന്നുന്നവർക്ക് അവിടെ വച്ച് തന്നെ വേണമെങ്കിൽ വായിക്കുന്നത് നിർത്താം, അല്ലെങ്കിൽ തുടരാം. പക്ഷെ ഇത് എഴുതുന്നത് നിങ്ങൾക്ക് വേണ്ടി തന്നെയാണ്. ഇപ്പോഴത്തെ ഹോട്ട് ന്യൂസ് ആയി സോഷ്യൽ മീഡിയ യിലും ചാനലുകളിലും നിറഞ്ഞു നിൽക്കുന്നത് പീഡന വാർത്തകൾ ആണല്ലോ. അതും ഒട്ടും പ്രതീക്ഷിക്കാത്ത ആളുകളിൽ നിന്നുപോലും ഇത്തരത്തിലുള്ള ഞെട്ടിപ്പിക്കുന്ന വാർത്തകൾ കേൾക്കുമ്പോൾ ഒരു നിമിഷം മലയാളിയുടെ സെക്സ് വിജ്ഞാനത്തെ പറ്റി ചിന്തിച്ചുപോയി. ഇന്ന് വന്ന വാർത്ത അനുസരിച്ചു സമ്പൂർണ സാച്ചരതയിൽ ഒന്നാം സ്ഥാനമാണ് മലയാളികൾക്ക്.

എന്നാൽ സെക്സ് knowledge ഇൽ എത്ര മാത്രം നമ്മൾ പുരോഗമിച്ചിട്ടുണ്ട്?
ഇനി പറയുന്നത് എല്ലാവരും കേട്ടിട്ടുള്ള ഒരു കഥയായിരിക്കും. ‘സെക്സ് എന്നത് എന്താണെന്ന്’ ചോദിച്ച ഒരു 10 വയസ്സുകാരന്റെ കഥ. അവന്റെ ചോദ്യം കേട്ട അച്ഛൻ രൂക്ഷമായി കണ്ണുരുട്ടി കാണിച്ചു പേടിപ്പിച്ചു. അമ്മ, ‘ശോ ഇവന്റെ നാക്കിന് എല്ലില്ലല്ലോ’ എന്ന് അതിശയിച്ചു.

‘ശിവ ശിവാ, സുകൃതക്ഷയം എന്നല്ലാതെ എന്താ പറയാ’ എന്ന് മുത്തശ്ശി. ‘ചോദിച്ചത് ഇത്ര വലിയ അബദ്ധം ആണോ’ എന്ന പേടിയിൽ അവൻ സ്കൂളിൽ നിന്ന് ഫിൽ ചെയ്യാൻ കൊടുത്ത ഫോമിലെ സെക്സ് എന്ന കോളം കാണിച്ചു കൊടുത്തപ്പോഴാണ് അവിടെ ഉണ്ടായിരുന്നവരുടെ ശ്വാസം കീഴ്പ്പോട്ടു വീണത്.ഇത്ര കുഴപ്പം പിടിച്ച സംഗതി ആണല്ലേ ഈ സെക്സ് എന്ന് ചെറുപ്പത്തിലേ അവൻ ചിന്തിച്ചാൽ തെറ്റ് പറയാൻ പറ്റുമോ?

ഇക്കാര്യത്തിൽ ആദ്യ പ്രതികൾ മാതാപിതാക്കളും മുതിർന്നവരും തന്നെയാണ്. എത്ര മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് ഇക്കാര്യത്തിൽ ശരിയായ അറിവ് പകർന്നുകൊടുക്കും? ‘അതൊക്കെ സമയം ആവുമ്പോൾ താനെ പഠിച്ചോളും’ എന്നും, ‘നീ ഇപ്പൊ അതൊന്നും അറിയാറായിട്ടില്ല.’ എന്നും പറഞ്ഞു ഒഴിവാകുമ്പോൾ അവർ അറിയാതെ തന്നെ മക്കളിൽ ഒരു തെറ്റായ സന്ദേശം കൊടുക്കുകയാണ്. ഇതൊക്കെ എന്തോ ഭീകരമായ സംഭവം ആണെന്ന് പറയാതെ പറയുകയാണ്.

എന്തെങ്കിലും അരുത് എന്ന് കേട്ടാൽ ആദ്യം തന്നെ അത് കണ്ടുപിടിക്കാൻ ഉള്ള ആകാംക്ഷ ജന്മനാ കിട്ടിയവരാണ് നമ്മൾ. പരസ്യം പതിക്കരുത് എന്ന് എഴുതിവച്ച മതിലിന്റെ താഴെ തന്നെ 2 നോട്ടീസ് ഒട്ടിച്ചിട്ട് ‘ഞാനൊന്നും അറിഞ്ഞില്ലേ’ എന്ന മട്ടിൽ മുങ്ങുന്ന നമ്മളോട് ‘ഇതൊക്കെ നീ അറിയാറായിട്ടില്ല’ എന്ന് പറഞ്ഞുകേൾക്കുമ്പോൾ ഉള്ള മനോഭാവം കൂടുതൽ വിശദമാക്കണ്ടല്ലോ. അറിയേണ്ട കാര്യങ്ങൾ അറിയേണ്ട ആളുകളിൽ നിന്ന് തന്നെ മക്കൾ അറിയണം, അല്ലെങ്കിൽ അത് മറ്റ് പല രീതിയിൽ പല ആളുകളിൽ നിന്ന് ആയിരിക്കും അവർ അറിയുക. അതുകൊണ്ട് ഇനി വരുന്ന മാതാപിതാക്കൾ എങ്കിലും മക്കളെ ശരിയായ പ്രായത്തിൽ ഇക്കാര്യത്തിൽ ഉള്ള ശരിയായ അറിവ് പകർന്ന് കൊടുക്കാൻ ശ്രമിക്കുക. ദയവ് ചെയ്ത് ഇക്കാര്യത്തിൽ എങ്കിലും നിങ്ങളുടെ മാതാപിതാക്കളെ മാതൃക ആക്കാതിരിക്കുക..

ഇക്കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന മറ്റൊരു വിഭാഗം ആണ് സിനിമകളും സീരിയലുകളും കോമഡി പ്രോഗ്രാമുകളും. അച്ചൻ ആരെന്ന് അറിയാത്ത മകളും, വേലക്കാരിയുടെ അവിഹിതവും എല്ലാം വിളമ്പുന്ന സീരിയലുകളെ പറ്റി കൂടുതൽ ഒന്നും പറയുന്നില്ല. പിന്നെ കോമഡി പ്രോഗ്രാമുകളിൽ കാണിക്കുന്ന പത്തുപൈസക്ക് കൊള്ളാത്ത സ്കിറ്റുകളും സെക്സ് ജോക്ക് എന്ന സ്ഥിരം വെറുപ്പിക്കൽ ചളികളും. ഇത്തരം ദുരന്തങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ ചവറ്റുകുട്ടയിൽ തള്ളിക്കളയേണ്ട കാലം എന്നേ കഴിഞ്ഞിരിക്കുന്നു.

പക്ഷെ അതിനേക്കാൾ നമ്മളെ സ്വാധീനിച്ച ഒന്നാണ് സിനിമകൾ. നിർദോഷമായ തമാശകൾ മുതൽ അനാവശ്യമായി കുത്തിത്തിരുകിയ ഡബ്ബിൾ മീനിങ് ഡയലോഗ് ഉം ചില സീനുകളിൽ കൊടുക്കുന്ന bgm ഉം ഒക്കെ കാണുകയും കേൾക്കുകയും ചെയ്യുന്ന നമ്മൾ യഥാർത്ഥത്തിൽ ഉള്ള വസ്തുതകളെ എത്ര വികലമായാണ് ഉൾക്കൊള്ളുന്നത് എന്ന് ചിന്തിക്കാറുണ്ടോ? ഇത് പറയുമ്പോൾ മലയാളികളുടെ sex education ലെ ദാരിദ്ര്യത്തെ ഏറ്റവും നന്നായി ചൂഷണം ചെയ്ത് സിനിമകൾ സംവിധാനം ചെയ്ത ഒരു സിനിമാ ഡയറക്ടർ നെ ഓർത്തുപോവുന്നു. ഭാഗ്യത്തിന് അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കാണാനുള്ള അവസരം എനിക്ക് ലഭിച്ചില്ല. ചില സീനുകളിൽ നിന്ന് തന്നെ സിനിമയുടെ നിലവാരം മനസ്സിലാക്കാൻ സാധിച്ചു..

ഫാഷൻ ടീവി കാണുമ്പോൾ അമ്മ വരുന്നത് കണ്ടു ചാനൽ മാറ്റുന്നതും, തുണ്ട് പടം ടിവി യിൽ ഇട്ടപ്പോൾ വായും പൊളിച്ചു ഒരു പയ്യൻ ഇരിക്കുന്നതും, ഒരു സ്ത്രീ മുറ്റം അടിച്ചുവാരുന്നത്‌ കണ്ടു ‘ നല്ല കണി’ എന്ന് ആല്മഗതം ചെയ്യുന്ന നായകനേയും, കുളക്കടവിൽ സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കുന്ന നായകന്റെ സുഹൃത്തുക്കളെയും, classmate ന്റെ സാനിറ്ററി നാപ്കിൻ പാഡ് പാസ് ചെയ്യുമ്പോൾ ബ്രെഡ് ആണെന്ന് തോന്നുന്നു എന്ന് പറഞ്ഞു പൊതി അഴിഞ്ഞു വീഴുന്നത് കണ്ടു ചമ്മി നിൽക്കുന്ന നായകനെയും, ക്ലാസ്സിൽ അധ്യാപിക ക്ലാസ് എടുക്കുമ്പോൾ കാറ്റിൽ നീങ്ങുന്ന സാരിക്കിടയിലൂടെ ശരീര ഭംഗി ആസ്വദിക്കുന്ന മുതിർന്ന വിദ്യാർത്ഥികളെയും ഒക്കെ സ്‌ക്രീനിൽ കണ്ട് നമ്മൾ പൊട്ടിച്ചിരിച്ചു കാണും, ഇതൊക്കെ നിർദോഷമായ ചില തമാശകൾ മാത്രം.
ഇതല്ലാതെ ഒരു ആണും പെണ്ണും കൈപിടിച്ച് നടക്കുമ്പോൾ അവിടെ അവിഹിതം പറയുന്ന, ഡിങ്കോൾഫി മ്യൂസിക് ഇട്ട് കാണിക്കുന്ന, ഒരു ആണും പെണ്ണും കെട്ടിപ്പിടിച്ചാൽ അപ്പൊ അതിൽ മറ്റേ അർത്ഥം കണ്ടെത്തി അവതരിപ്പിക്കുന്ന എത്രയെത്ര സിനിമകൾ.

അല്ല, എന്ന് തൊട്ടാണ് ഒരു ആണും പെണ്ണും കെട്ടിപ്പിടിച്ചാൽ അതൊക്കെ മറ്റേ കാര്യം ആണെന്നു വ്യാഖ്യാനിക്കാൻ തുടങ്ങിയത്? ബാംഗ്ലൂരിൽ 3 മാസത്തെ ജോബ് ട്രെയിനിങ് കഴിഞ്ഞു നാട്ടിലേക്കു തിരിച്ചു പോകുന്ന ദിവസം എന്റെ കൂടെ ഒരുമിച്ചു പഠിച്ച സുഹൃത്തുക്കളെ (ആൺകുട്ടികളെയും പെൺകുട്ടികളെയും) കെട്ടിപ്പിടിച്ചു യാത്ര ചോദിച്ചിട്ടാണ് തിരിച്ചു ബസ് കയറിയത്. അത്രമാത്രം സ്നേഹവും അടുപ്പവും ഒന്നിച്ചു കഴിഞ്ഞ ആ 3 മാസം ഞങ്ങൾക്കിടയിൽ രൂപപ്പെട്ടിരുന്നു. എന്റെ ഓർമയിൽ ആദ്യമായിട്ടാണ് ഞാൻ അന്ന് പെൺകുട്ടികളെ ഹഗ് ചെയ്യുന്നത്. (കെട്ടിപ്പിടിച്ചാൽ കുട്ടികൾ ഉണ്ടാവും എന്ന് പറഞ്ഞുപേടിപ്പിച്ച ഒരു കുട്ടിക്കാലത്തു നിന്ന് വിവരം വക്കാൻ ഒരുപാട് നാളുകൾ എടുത്തിരുന്നു.) പിന്നീട് ഒരുമിച്ച് യാത്രകൾ പോവുമ്പോൾ രാത്രികളിൽ ഒന്നിച്ചു കൂടി സംസാരിക്കുന്നതും വിശേഷങ്ങൾ പങ്കുവക്കുന്നതും ഒന്നും മറ്റേ അർത്ഥത്തിൽ ആയിരുന്നില്ല.
“വെയിറ്റ് എ മിനിറ്റ്; 3 മാസം ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു ട്രെയിനിങ്, അതും ബാംഗ്ലൂർ വച്ച്, ഹഗ് ചെയ്യുന്നു, രാത്രികളിൽ ഒന്നിച്ചു ഒരു റൂമിൽ സംസാരിക്കുന്നു. അപ്പൊ ഉറപ്പായും എന്തെങ്കിലും ഒക്കെ നടന്ന് കാണും.” ഇതല്ലേ കമന്റ്??
Grow up man..

അടുത്ത റോൾ അധ്യാപകരുടെ ആണ്. “ടീച്ചറേ അവൻ എനിക്ക് ലവ് ലെറ്റർ തന്നു.” എന്നും പറഞ്ഞു അധ്യാപകരുടെ അടുത്ത് ഒരു പെൺകുട്ടി വരുമ്പോൾ കണ്ണ് ഉരുട്ടിക്കൊണ്ടു ആ പയ്യനെ തല്ലാനും, ‘parents നെ കൊണ്ട് ക്ലാസ്സിൽ വന്നാൽ മതി’ എന്നു പറഞ്ഞു ഭീഷണിപ്പെടുത്താനും അല്ലാതെ എത്ര അധ്യാപകർ അവന് കാര്യങ്ങൾ ക്ഷമാപൂർവം പറഞ്ഞു മനസ്സിലാക്കാൻ തയ്യാറാവും. ഈ ഒരു വിഷയം മനുഷ്യത്വപരമായി കൈകാര്യം ചെയ്യാതെ കുറേ പഞ്ച് ഡയലോഗ് ഉം അടിച്ചു വെറുപ്പിച്ച ഒരു ടീച്ചറേയും അതിന്റെ പേരിൽ നാളുകളോളം ആല്മവിശ്വാസം നഷ്ടപ്പെട്ട് വിഷമിക്കേണ്ടി വന്ന എന്റെ ഒരു നല്ല സുഹൃത്തിനെയും ഈ നിമിഷം ഓർത്തുപോവുന്നു.’പിന്നെ രണ്ടുപേരെയും പിടിച്ചു കെട്ടിക്കണമായിരിക്കും’ എന്നല്ലേ ചോദിയ്ക്കാൻ വന്നത്. അതേ, അത് അങ്ങനെയേ മനസ്സിൽ വരൂ..
🙏🙏 🙏🙏 🙏🙏
So called ബയോളജി ചാപ്റ്റർ പഠിപ്പിക്കുമ്പോൾ ‘അതൊക്കെ നിങ്ങൾ സമയം ആവുമ്പോ അറിഞ്ഞോളും’ എന്ന് പറഞ്ഞു സ്കിപ് ചെയ്യാൻ അല്ലാതെ എത്ര ആധ്യാപകർ ഇക്കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കൻ ശ്രമിക്കും? Human reproduction system ഒക്കെ ഭാവിയിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തന്നെയാണ്. അതല്ലാതെ കുറെ സൈൻ തീറ്റയും ഇന്റഗ്രേഷൻ ഉം മാത്രം കാണാതെ പഠിച്ചത് കൊണ്ട് പേപ്പറിൽ മാർക്ക് വാങ്ങി പാസ്സ് ആവാം എന്നല്ലാതെ മറ്റൊരു ഗുണവും എനിക്ക് ഇതേവരെ ഉണ്ടായിട്ടില്ല.

ഇനിയുള്ളത് സുഹൃത്തുക്കൾ ആണ്. നല്ല രീതിയിലും മോശം രീതിയിലും ഈ വിജ്ഞാനം നമ്മളിൽ എത്തിക്കുന്ന സുഹൃത്തുക്കൾ ഉണ്ട്. എവിടന്നൊക്കെയോ കേട്ട കഥകളും കാര്യങ്ങളും പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു കൊണ്ട് നമ്മളെ പുളകം കൊള്ളിക്കുന്ന സുഹൃത്തുക്കൾ. അതൊക്കെ അപ്പാടെ വിശ്വസിക്കുന്ന നമ്മളും. ഇക്കാര്യത്തിൽ എനിക്ക് കൃത്യമായ അറിവുകൾ പറഞ്ഞുതന്നത് എന്റെ ചില നല്ല സുഹൃത്തുക്കൾ ആയിരുന്നു. ആദ്യമായി ഞാൻ ഒരു porn video കണ്ടതും എന്റെ ഒരു സുഹൃത്തിന്റെ സ്വാധീനത്താൽ ആയിരുന്നു. പിന്നീട് അതിൽ നിന്നും പ്രത്യേകിച്ചൊന്നും പുതുതായി മനസിലാക്കാൻ ഇല്ല എന്ന് അറിഞ്ഞപ്പോൾ തീർന്നു അത്. ഇക്കാര്യങ്ങളിൽ ശരിയായ അറിവുകൾ പകർന്ന് നൽകുന്ന നല്ല സുഹൃത്തുക്കൾ നമുക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച സമ്മാനങ്ങളിൽ ഒന്നാണ്. പക്ഷെ പലപ്പോഴും നമ്മുടെ ധാരണകളെ വളച്ചൊടിക്കുന്നവർ ആയിരിക്കും നമ്മുടെ സുഹൃത്തുക്കൾ എന്ന് മാത്രം.
ഇത്രയും പറയേണ്ടി വന്നത് സങ്കടം കൊണ്ടാണ്. ഇപ്പോൾ സ്ഥിരം കണ്ടുകൊണ്ടിരിക്കുന്ന വാർത്തകളിൽ മനസ്സ് മടുത്തിട്ടാണ്. നിന്റെ അമ്മയ്ക്കും സഹോദരിക്കും ഉള്ളതുപോലെ തന്നെ ഉള്ള ശരീരം ആണ് ഏതൊരു സ്ത്രീക്കും ഉള്ളത് എന്ന് മനസ്സിലാക്കി കൊടുത്ത ജോസഫ് അന്നംകുട്ടി ജോസ് ന്റെ അമ്മയെ അഭിനന്ദിക്കുന്നു. ഇനിയെങ്കിലും ശരിയായ sex education നമുക്ക് സ്വയം പഠിക്കാം, അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കാം.ഒരു പീഡനവാർത്ത എങ്കിലും കേൾക്കേണ്ടി വരാത്ത നല്ല ഒരു നാളെ സ്വപ്നം കണ്ടുകൊണ്ട് നിർത്തുന്നു..