ഉണ്ണി മുകുന്ദനും ‘മാളികപ്പുറം’ സിനിമയ്ക്കുമെതിരെ സംവിധായകന് ജോണ് ഡിറ്റോ പി ആർ രംഗത്ത് വന്നു. മാളികപ്പുറം എന്ന സിനിമ ഒരു മുതലെടുപ്പ് തന്ത്രമാകരുത് എന്നും അങ്ങനെയുള്ള മാസ്റ്റര് പ്ലാനുകളുമായി ശബരിമലയിലേക്ക് വരരുത് എന്നും ജോണ് ഡിറ്റോ പറയുന്നു. ട്രോളുകളിലൂടെ പ്രസിദ്ധി നേടിയ നടന് എന്ന് ഉണ്ണിമുകുന്ദൻ ബാലയെ പരാമര്ശിച്ചതും ജോണ് ഡിറ്റോ വിമർശിക്കുന്നുണ്ട്. നേരത്തെ ‘മേപ്പടിയാൻ ‘സിനിമയെയും ഉണ്ണി മുകുന്ദനെയും വാനോളം പ്രശംസിച്ചു കൊണ്ട് പോസ്റ്റിട്ട വ്യക്തി ആയിരുന്നു ജോണ് ഡിറ്റോ. ഇനി ഉണ്ണിമുകുന്ദന്റെ കാലം എന്നാണ് ജോണ് ഡിറ്റോ അന്ന് പറഞ്ഞത്. “ഉണ്ണി മുകുന്ദനും ഒരു കാലമുണ്ട്. മലയാളി പുരുഷന്റെ സ്വതസിദ്ധമായ ധൈര്യത്തിന്റേയും സത്യസന്ധതയുടേയും കാലം. ഉണ്ണീ, ചുമലുകൾ ചിലയവസരങ്ങളിൽ താഴ്ത്തിവയ്ക്കണം.നിർവ്വഹണഘട്ടങ്ങളിൽ ഉജ്ജ്വലമായി ഉയർന്നു തന്നെ നിൽക്കണം.വെറും കസേര സിംഹാസനമായി മാറുന്ന കാലം വരും. ഉണ്ണി മുകുന്ദന്റെ കാലം.” – എന്നാണു അദ്ദേഹം അന്നത്തെ കുറിപ്പിൽ പറയുന്നത്. ജോണ് ഡിറ്റോയുടെ പുതിയ കുറിപ്പ് ഇങ്ങനെ

“ഉണ്ണി മുകുന്ദാ ഒന്നുരണ്ടു സംശയങ്ങൾ ഉണ്ട്. താങ്കൾ ഒരു സിനിമ നിർമ്മിക്കുന്നു. അതിൽ താങ്കളുടെ സിനിമാസുഹൃത്തുക്കൾ സൗജന്യ നിരക്കിൽ അഭിനയിക്കുന്നു. പടം ഷൂട്ട് കഴിയുമ്പോൾ താങ്കൾ ആ പടം മറ്റൊരാൾക്ക് കോടികൾ വാങ്ങി മറിച്ചു വിൽക്കുന്നു. പുതിയ പ്രൊഡ്യൂസർ വന്ന് സിനിമയിലഭിനയിച്ചവരോടും ടെക്നീഷ്യൻമാരോടും യാതൊരു കമിറ്റ് മെന്റും കാട്ടാതെയിരിക്കുകയും ബാലയുൾപ്പെടെയുള്ളവർ കബളിപ്പിക്കപ്പെടുകയും ഇളിഭ്യരാവുകയും ചെയ്യുന്നു. ബാല പ്രതികരിച്ചു.”
“ബാല വെറുമൊരു ട്രോളിലൂടെ പ്രസിദ്ധി നേടിയതിന് പണം കൊടുക്കാൻ പറ്റില്ല എന്ന ഏറ്റവും നീചമായ , അഹന്ത നിറഞ്ഞ പരാമർശവും കണ്ടു.. ബാല ട്രോൾ ഹിറ്റായത് കൊണ്ട് പ്രസിദ്ധനായ നടനല്ല. പാവം ടെക്നിഷ്യൻമാർ , അരിമുടങ്ങുമെന്ന ഭീതിയിൽ താങ്കളെ പിന്തുണയ്ക്കേണ്ടി വരുന്നു.നിർമ്മാണം നടത്തിയ ഒരു നടൻമാരും ഇതു പോലൊരു നെറികേട് കാട്ടിയിട്ടില്ല എന്ന് എനിക്ക് തോന്നുന്നു. അതിശക്തനും സംഘ പരിവാർ പിന്തുണയുമുള്ള താങ്കളോട് ആരും ഇത് ചോദിക്കാനിടയില്ലാത്തതിനാൽ ഞാൻ സംശയം ചോദിക്കുന്നു. എന്റെ സിനിമയ്ക്കും ഇതു തന്നെ സംഭവിച്ചതാണ്. പ്രൊഡ്യൂസർ മാറി പുതിയ പ്രൊഡ്യൂസർ വന്നപ്പോൾ പഴയ ടെക്നീഷ്യൻമാരും നടീനടൻമാരുമായുള്ള കമിറ്റ്മെന്റ്കൾ അവർ സ്വീകരിച്ചില്ല. അതുപോലെ തന്നെയല്ലേ ഇത്.?”
“മറ്റൊന്ന്, അയ്യപ്പനെയും ശബരിമലവിശ്വാസത്തേയും മൊത്തക്കച്ചവടം ചെയ്യാനുള്ള ശ്രമത്തെക്കുറിച്ചാണ് സംശയമുയരുന്നത്.ശബരിമല ശാന്തമായപ്പോൾ ,ഉണ്ണിമുകുന്ദൻ , ശബരിമല വിശ്വാസികളുടെ യജമാനത്തം ഏറ്റെടുക്കുകയാണ്.ഉണ്ണീ മുകുന്ദാ, ഇടതുപക്ഷക്കാരും ജിഹാദികളും ചേർന്ന് ശബരിമല അലങ്കോലപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഞങ്ങളെപ്പോലുള്ള സാധാരണക്കാർ ഭരണകൂടത്തെ എതിർത്ത് നിന്ന് വലിയ പരിക്കുകൾ പറ്റിയപ്പോൾ താങ്കൾ എവിടെയായിരുന്നു. സുരേഷ് ഗോപിയെപ്പോലെ ധീരമായി പ്രതികരിക്കാൻ അന്നൊന്നും താങ്കളെ കണ്ടില്ലല്ലോ?”
ഇന്ന് ഭക്തകോടികളുടെ സാന്നിദ്ധ്യത്താൽ പ്രസാദമധുരമായിരിക്കുന്ന അയ്യപ്പന്റെയടുത്ത്
മുതലെടുപ്പിനു വരരുത്..”
“സത്യസന്ധമായ ഒരു സിനിമയാണെങ്കിൽ നിറഞ്ഞ മനസ്സോടെ സ്വീകരിക്കും.സങ്കൽപ്പശത്രുവിനെ നിർമ്മിച്ച് ഹിന്ദുത്ത വികാരമുയർത്തി അയ്യപ്പനെ മൊത്തക്കച്ചവടം നടത്തി ശാന്തമായ തീർത്ഥാടന കാലം അലോസരമാക്കാനാണ് ശ്രമമെങ്കിൽ എതിർപ്പുണ്ടാകും.കമ്യൂണിസ്റ്റുകൾ വരെ തെറ്റുതിരുത്തി. ശാന്തമായ ശബരിമലയാണ് നാടിന്റെ ഐശ്വര്യം.. ഇല്ലാത്ത ശത്രുവിനെത്തിരെ യുദ്ധം നടത്തി മുതലെടുക്കാൻ ശ്രമിക്കരുത്..ശിവഭൂതങ്ങൾ താങ്കളെ വെറുതെ വിടുകില്ല.കാന്താരയിലെ ഗുളികനെ ഓർക്കുന്നുണ്ടോ?” – ജോണ് ഡിറ്റോ പി ആർ എഴുതി.