വ്യത്യസ്തനായ ഒരു കോൺട്രാക്ടർ

കഴിഞ്ഞുപോയ കാലത്തെ കൈപിടിച്ച് പുറകോട്ട് നടക്കുമ്പോൾ നമുക്ക് പല പഴയ കഥാപാത്രങ്ങളെയും ഓർമ്മിച്ചെടുക്കാൻ കഴിയും.പലതും കൃത്യമായ കാലക്രമം അനുസരിച്ചാകില്ല എന്നു മാത്രം.ഓർത്തു് ഓർത്തു് ചിരിക്കാൻ ചിന്തിപ്പിക്കുവാൻ അവർ നമ്മുടെ കൂടെയുണ്ടാവും.
അത്തരത്തിലുള്ള ഒരു സംഭവത്തിലേക്ക്..
ഒരു ബസ്സ് യാത്രയിൽ ആണ് ഞാൻ രാജനെ കണ്ടുമുട്ടുന്നത്. സുന്ദരനും സുമുഖനുമായ ഒരു ചെറുപ്പക്കാരൻ .തൊട്ടടുത്ത സീറ്റിൽ ഇരുന്നിരുന്ന അയാൾ ഒരു മലയാളം വാരിക വായിക്കുകയായിരുന്നു ഞാൻ ശ്രദ്ധിക്കുന്നത് കണ്ട് അയാൾ ചിരിച്ചു.
” മലയാളിയാണല്ലേ?”
” അതെ”.
ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു.”എന്ത് ചെയ്യുന്നു?”
ഞാൻ പറഞ്ഞു,” ഒരു ജോലി അന്വേഷിച്ച് എത്തിയതാണ് ബാംഗളൂരിൽ , ഇനിയും ശരിയായിട്ടില്ല. ഒരു സുഹൃത്തിൻറെ കൂടെ താമസിക്കുന്നു ”
.അയാൾ പറഞ്ഞു,” ശരിയാണ് ,നല്ല ജോലി കിട്ടുമെന്നുവിചാരിച്ചു് വെറുതെ ഇരിക്കരുത്.പലപ്പോഴും സമയമെടുക്കും .സാരമില്ല.കിട്ടുന്ന ജോലി ചെയ്യുക,വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുക.”
ഒരു ജോലിക്കുവേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു എനിക്ക് അയാളുടെ വാക്കുകൾ ഒരു പ്രചോദനം തന്നെ ആയിരുന്നു.
രാജൻ ഒരു കോൺട്രാക്ടറാണ് .വർക്ക് സൈറ്റിൽ നിന്നും വരികയാണ്.വളരെ തിരക്കുള്ള ഒരു ദിവസമായിരുന്നു.റ്വർക് സൈറ്റിൽ വച്ച് കാറിന് സ്റ്റാർട്ടിങ് ട്രബിൾ.അതുകൊണ്ട് വണ്ടി വർക്ക് ഷോപ്പിൽ കൊടുത്തിട്ട് ബസിന് വരികയാണ്.
സൂര്യന് കീഴിലുള്ള ഏതു വിഷയത്തെക്കുറിച്ചും സംസാരിക്കാൻ രാജൻ റെഡി.സിനിമയും രാഷ്ട്രിയവും തൊഴിലില്ലായ്മയും എല്ലാം ഞങ്ങളുടെ സംസാരവിഷയമായി. ഇടയ്ക്കുരാജൻ പറഞ്ഞു,”ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങും:”

കയ്യിലുണ്ടായിരുന്ന ബ്രീഫ് കേസ് തുറന്ന് ഒരു വിസിറ്റിംഗ് കാർഡ് എൻറെ നേരെ നീട്ടി.ഞാൻ അത് വാങ്ങി.
“എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ കോണ്ടാക്ട് ചെയ്യാൻ മടിക്കേണ്ട.ഒരു ജോലി കിട്ടാൻ എന്നെകൊണ്ട് പറ്റുന്ന സഹായം ഞാൻ ചെയ്യാം.”.എന്ത് നല്ല മനുഷ്യൻ.
സരസമായി സംസാരിക്കുന്ന രാജനെ എനിക്ക് വളരെ ഇഷ്ടമായി.ഇറങ്ങുവാനായി രാജൻ ബ്രീഫ് കേസ് എടുത്തു.കണ്ടാൽത്തന്നെ അറിയാം നല്ല ഘനമുണ്ട് ആ ബ്രീഫ് കേസിന് എന്ന്.
ഞാൻ ശ്രദ്ധിക്കുന്നതുകണ്ടു രാജൻ പറഞ്ഞു.
“ഒന്ന് രണ്ടു കൊട്ടെഷൻ കൊടുക്കാനുണ്ട്.ഇവിടെ ഡിഫെൻസ് റിസർച്ച് സെന്ററിൽ പോകണം. അവർക്കായതുകൊണ്ട് കുറച്ചധികം ഡോക്യൂമെൻസ് ഉണ്ട്.വണ്ടി കേടായതുകൊണ്ട് എല്ലാം കൂടി കൊണ്ടുപോകുക പ്രയാസം തന്നെ.”
രാജൻ പറഞ്ഞത് വളരെ ശരിയാണെന്ന് കാണുമ്പൊൾ അറിയാം. എല്ലാം കൂടി നല്ല ഭാരമുണ്ട്. എനിക്ക് ഷേക്ക് ഹാൻഡ് തന്ന് വീണ്ടും കാണാം എന്ന് പറഞ്ഞു അയാൾ നടന്നു.
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്,വിസിറ്റിംഗ് കാർഡ് എടുക്കുവാനായി ബ്രീഫ് കേസ് തുറന്ന രാജൻ അത് ശരിക്കും അടക്കാൻ വിട്ടുപോയി എന്നത്.
ഞാൻ പുറകിൽ നിന്നും രണ്ടു മൂന്നു തവണ വിളിച്ചു, പക്ഷെ അയാൾ ഞാൻ വിളിച്ചത് കേട്ടില്ല..
രാജൻ ബസ്സിൻറെ സ്റ്റെപ് ഇറങ്ങുമ്പോൾ വാതിലിൽ മുട്ടി ബ്രീഫ് കേസ് തുറന്നു അതിലുള്ള സാധനങ്ങൾ എല്ലാം റോഡിലേക്ക് വീണുചിതറി.
ഒരു ചുറ്റിക,ഒരു സ്കെയിൽ രണ്ടു മൂന്ന് ഉളികൾ,ഒരു ചിന്തേര് അങ്ങിനെ ഒരു സാധാരണ ആശാരിക്ക് വേണ്ട ഉപകരണങ്ങൾ നടുറോഡിൽ കിടക്കുന്നു.
രാജൻ എന്നെ ഏറുകണ്ണിട്ടു നോക്കി.ഞാൻ കണ്ടോ എന്നാണ് പുള്ളി ശ്രദ്ധിക്കുന്നത് എന്ന് മനസിലായത്കൊണ്ട് ഞാൻ കാണാത്ത ഭാവത്തിൽ എതിർ ദിശയിലേക്കു നോക്കിയിരുന്നു.
ഇതുവരെ അയാൾ പറഞ്ഞതെല്ലാം വെറും പുകയാണെന്ന് എനിക്ക് മനസിലായി.ഒരു നല്ല ഹാസ്യ സിനിമ കണ്ടതുപോലെ കരുതി ഞാനതു മറന്നു.
ഇതിനിടയിൽ എനിക്ക് ഒരു പുതിയ ജോലി കിട്ടി.ഞാൻ താമസം ജോലി സ്ഥലത്തിനടുത്തേക്ക് മാറുകയും ചെയ്തു.
പുതിയ താമസ സ്ഥലത്തു കള്ളന്മാരുടെ ശല്യം ഉണ്ട് എന്നു കേട്ടതുകൊണ്ട് വാതിൽ അല്പം ബലപ്പെടുത്തുവാനും ഒരു പുതിയ വാതിൽ പൂട്ട് പിടിപ്പിക്കാനും ഒരു ആശാരിയുടെ സഹായം ആവശ്യമായി വന്നു.
എനിക്കാണെങ്കിൽ ആരെയും പരിചയവുമില്ല.അപ്പോഴാണ് അടുത്ത വീട്ടിൽ താമസിക്കുന്ന ആൾ പറഞ്ഞത് അയാൾക്ക്‌ പരിചയമുള്ള ഒരാൾ ഉണ്ട് എന്ന്.
അടുത്ത ദിവസം അയൽക്കാരൻ ആളെ കൂട്ടിക്കൊണ്ടു വന്നു.
നന്നായി ഡ്രസ്സ് ചെയ്തു കയ്യിൽ ഒരു ബ്രീഫ്‌ കേസുമായി ആൾ റെഡി,രാജൻ കോൺട്രാക്ടർ.
അയാൾ എന്നെ തിരിച്ചറിഞ്ഞു.
ചിരി അടക്കുവാൻ ഞാൻ പാടുപെടുന്നത് കണ്ട് രാജൻ പറഞ്ഞു.
“ചിരി ആരോഗ്യത്തിന് അത്യുത്തമം “.

സത്യം പറയട്ടെ ,പിന്നീട് ഞങ്ങൾ സുഹൃത്തുക്കളായി