” മഞ്ജുളാലിപ്പോഴും തേങ്ങുന്നു. …….!”
[ കലാകാരാനായാലും എഴുത്തു കാരനായാലും ഉണ്ടാവേണ്ട ചില പരിഗണനകളെ കുറിച്ച് …]
വർഷങ്ങൾക്കു മുമ്പ് ഗുരുവായൂർ നടയിൽ മഞ്ജുളാലിനരികിൽ മരച്ചില്ലയിൽ കയറു കെട്ടി അഭ്യാസങ്ങൾ കാട്ടുന്നതായി അഭിനയിച്ചു കൊണ്ട് ജനക്കൂട്ടത്തെ സാക്ഷി നിർത്തി ഒരാൾ ആത്മഹത്യ ചെയ്തിരുന്നു. കൊടിയേറ്റം ഗോപി സംവിധാനം ചെയ്ത ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിന്റെ കഥ ജോൺപോളിന്റെതായിരുന്നു. കഥയിലെ കേന്ദ്രകഥാപാത്രത്തിന് മേൽ പറഞ്ഞ തരത്തിലുള്ള ഒരന്ത്യമാകണമെന്ന് ജോൺ പോൾ ഉറപ്പിച്ചിരുന്നു.
ചിത്രം റിലീസ് ചെയ്തതിനു ശേഷം ചില കാര്യങ്ങൾ സംഭവിച്ചു. ജോൺ പോൾ പറയുന്നു – ” ഒരു ദിവസം പത്രത്തിലൊരു വാർത്ത വന്നു. ഉത്സവപ്പിറ്റേന്നിലെ ക്ലൈമാക്സ് രംഗം കണ്ടിട്ടുള്ള പ്രചോദനം മൂലമാകാമെന്ന വിശേഷണത്തോടെ ,കഴുത്തിൽ കയർ കുരുക്കിട്ട് മുറുക്കി ആത്മഹത്യാരംഗം അഭിനയിച്ചു കളിച്ച കുട്ടികളിലൊരാൾ കുരുക്കു മുറുകി മരണമടഞ്ഞുവെന്ന വാർത്ത. മാധ്യമ പ്രവർത്തകർ തുരുതുരെ ഫോൺ വിളികളുമായി ഗോപിയെ അലോസരപ്പെടുത്തി. ഞാനെവിടെയുണ്ടെന്ന് അറിയാത്തതു കൊണ്ടാകാം ആരും ബന്ധപ്പെട്ടില്ല .വീണ്ടുമിതു രണ്ടു മൂന്നു തവണ ആവർത്തിച്ചു .
ടി.വി.യിൽ ചിത്രം കണ്ടപ്പോൾ ഇഷ്ടനായകന്റെ പ്രവൃത്തികൾ കണ്ട് കൗതുകം തോന്നി അനുകരിച്ചതിന്റെ ഫലമായാണത്രെ ദുരന്തങ്ങൾ .ശരിയാവാം. പക്ഷേ ഇഷ്ടതാരങ്ങൾ വേറെയും എന്തെല്ലാം സ്ക്രീനിൽ ചെയ്യുന്നു. അതൊന്നും അനുകരിക്കാതെ ഈ പ്രത്യേകരംഗം മാത്രം അവരെ പ്രേരിപ്പിച്ചതെന്തേ? ചിരി തമാശകളുടെ തുടർച്ച പോലെയാണ് അനിയൻ തമ്പുരാൻ ചിത്രത്തിൽ മരണം വരിക്കുന്നതെങ്കിലും അതു കണ്ടു നിന്ന കുട്ടികളുടെ കയ്യടി ,മരണമാണു സംഭവിച്ചിതെന്നറിയുന്നതോടെ മെല്ലെ നിൽക്കുന്നതും അമ്പരപ്പും ഞടുക്കവും അവരുടെ മുഖങ്ങളിൽ പ്രകടമാവുന്നതും ചിത്രത്തിലുണ്ട്. അനിയൻ തമ്പുരാന്റെ ജീവിത ദുരന്തം ഒരു വേദനയായി നീറി നിൽക്കുന്നതു തന്നെയാണ് ചിത്രാന്ത്യം. എന്നിട്ടും ആ രംഗത്തിലെ ഒരു ഭാഗം മാത്രം അതിനപ്പുറവും ഇപ്പുറവും ഒഴിവാക്കി ദുരന്തങ്ങൾക്കു ഹേതുവായ അനുകരണ വിഷയമാകുന്നതെങ്ങനെ?
ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിൽ തന്നെ, മറ്റെന്തെല്ലാം മുഹൂർത്തങ്ങളുണ്ട്; ഇഷ്ടതാരത്തിനെ അവിടെയെങ്ങും അനുകരിച്ചു കണ്ടതു മില്ല? ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി ഇവ. വിധി എന്നു പറഞ്ഞു കയ്യൊഴിയാം. പക്ഷെ നഷ്ടപ്പെട്ട കുരുന്നു ജീവനുകൾ എന്റെ മനസ്സിൽ ഒരു നൊമ്പരമായി നീറി നിൽക്കാതെയും അവർക്കു ജന്മം നൽകി അവരെ സ്നേഹിച്ചു ലാളിച്ചു അരുമയായി വളർത്തിയവരുടെ മനസ്സിലെ അഗ്നി എന്നിലേക്കായി പാടരാതേയും വയ്യ! മനപ്പൂർവ്വമായിരുന്നില്ല അങ്ങനെ ഒരു രംഗം. ഒരു ചീത്ത സ്വപനമായി പോലും ഇങ്ങനെയൊന്നും മനസ്സിൽ കണ്ടിരുന്നില്ല. പക്ഷെ നഷ്ടപ്പെട്ട ജീവൻ നഷ്ടപ്പെട്ടതാണ്. പരിഹരിക്കാനാവാത്ത നഷ്ടത്തിന്റെ കുറ്റബോധം എന്നെ വിട്ടൊഴിയുന്നില്ല.
മറ്റൊരു വിധത്തിൽ അനിയൻ തമ്പുരാന്റെ ജീവിത കഥയ്ക്കൊരന്ത്യം സങ്കല്പ്പ്പിക്കുവാൻ എനിക്കു തോന്നാതിരുന്നതെന്തേ? എനിക്കെന്നെ തന്നെ കുറ്റം ചാർത്താതെയും വയ്യ. പിഴയായി പ്പോയി. വലിയ പിഴയായി പ്പോയി. എന്റെ പിഴ ഏറ്റുപറഞ്ഞേ മതിയാകു. വാക്കുകളുടെ ,ദൃശ്യങ്ങളുടെ ,സൃഷ്ടിയുടെ ,അർത്ഥങ്ങളുടെ വ്യാപ്തി, ദൂര സ്വാധീനങ്ങൾ അതെന്നെ അമ്പരിപ്പിക്കുന്നു .അതൊരു കരുതലായി പുനർചിന്തയായി എന്നിൽ നിറയുന്നു. നമ്മുടെ സമൂഹവും ,നമ്മുടെ സാഹചര്യങ്ങളും നമ്മുടെ രീതികളും …. അവ ആവശ്യപ്പെടുന്ന ചില നിഷ്കർഷകളും ,നിഷ്ഠകളും .ഒപ്പം അവ നിർദ്ദേശിക്കുന്ന ചില പരിമിതി കളും … പരിധികളും …. അതു പാലിക്കുവാൻ, പരിഗണിക്കുവാൻ എഴുത്തു കാരന്, കലാകാരന് ബാധ്യതയുണ്ട്. എഴുതേണ്ടതും എഴുതാവുന്നവയുമുണ്ട്; ഒപ്പം എഴുതരുതാത്തവയുമുണ്ട് എന്ന പാഠം വിലപ്പെട്ടതാണനിയ്ക്ക് .ആ കുഞ്ഞുങ്ങളും അവരുടെ പ്രിയപ്പെട്ടവരും എന്നോടു പൊറുക്കട്ടെ.
[ “കാലത്തിനു മുൻപേ നടന്നവർ .” :- ജോൺ പോൾ ]