ജോൺവിക്ക് (ചാപ്റ്റർ 4)
ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’ (ചാപ്റ്റർ 4) മാർച്ച് 24ന് തീയേറ്ററുകളിലെത്തും. കിയാനു റീവ്‌സ് ടൈറ്റിൽ വേഷത്തിലെത്തുന്ന ജോൺ വിക്ക് സീരീസിലെ മൂന്ന് സിനിമകളും വമ്പൻ ഹിറ്റുകളായിരുന്നു.ഒരു വാടക കൊലയാളിയുടെ വേഷത്തിലെത്തുന്ന ജോൺ വിക്ക് നാലാം ഭാഗത്തിൽ കൂടുതൽ ആയുധങ്ങളും ആക്ഷനുമായിട്ടാണ് വരുന്നത്. പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന സാഹസിക, ആക്ഷൻ രംഗങ്ങളുമായാണ് ജോൺ വിക്ക് (കിയാനു റീവ്‌സ്) ഇത്തവണ സ്‌ക്രീനിൽ എത്തുന്നത്.
ന്യൂയോർക്ക് മുതൽ പാരീസ് വരെയും, ഒസാകാ (ജപ്പാൻ) മുതൽ ബെർലിൻ വരെയുമുളള അധോലോക സംഘങ്ങളെ നേരിടുകയാണ് ചിത്രത്തിൽ ജോൺ വിക്ക്. ബെർലിൻ, പാരീസ്, ഒസാകാ, ന്യൂയോർക്ക് എന്നിവിടങ്ങളിലാണ് ഈ സാഹസിക ആക്ഷൻ ചിത്രം ഷൂട്ട് ചെയ്തത്.ഈ സീരീസിലെ ആദ്യ ചിത്രം ജോൺ വിക്ക്(2014) 86 മില്യൺ ഡോളറാണ് കളക്ഷൻ നേടിയത്. ജോൺ വിക്ക് ചാപ്റ്റർ 2 (2017) 171.5 മില്യൺ ഡോളറും, ചാപ്റ്റർ3 പാരബെല്ലം (2019) 327.3 മില്യൺ ഡോളറും കരസ്ഥമാക്കി.
കിയാനു റീവ്‌സിനു പുറമെ ഡോണി യെൻ, ലോറെൻസ് ഫിഷ്ബൺ, ബിൽ സ്‌കാർസ്ഗാർഡ്, ഇയാൻ മക് ഷെയിൻ, ലാൻസ് റെഡ്ഡിക്ക്, റീന സവായമാ, സ്‌കോട്ട് അഡ്കിൻസ്, ക്ലെൻസി ബ്രൗൺ തുടങ്ങിയവരും വേഷമിടുന്നു. ചാഡ് സ്റ്റാഎൽസ്‌കി യാണ് സംവിധാനം. സീരീസിലെ മറ്റു മൂന്ന് ചിത്രങ്ങളും സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു.