കെ ആർ ഇന്ദിര എന്ന വിഷയം ഇനി ചർച്ച ചെയ്യരുത് എന്ന് പറയേണ്ടി വരുന്നത് എന്ത് കൊണ്ട്?

401

എഴുതിയത് : Johny ML

കെ ആർ ഇന്ദിര എന്ന വിഷയം ഇനി ചർച്ച ചെയ്യരുത് എന്ന് പറയേണ്ടി വരുന്നത് എന്ത് കൊണ്ട്?

യാതൊരു മറയും കൂടാതെ സാമൂഹ്യമാധ്യമങ്ങളിൽ ഇസ്ലാമോഫോബിയ പ്രചരിപ്പിച്ച കെ ആർ ഇന്ദിര എന്ന സ്‌ത്രീയ്‌ക്കെതിരെ നടപടി വേണം എന്ന ആവശ്യം ഉന്നയിച്ച സാംസ്‌കാരിക പ്രവർത്തകരിൽ ഞാനും ഉൾപ്പെടുന്നു. എന്നാൽ ഒരു പുനർവിചിന്തനം ഇക്കാര്യത്തിൽ വേണം. പലപ്പോഴും അവഗണിക്കാൻ കഴിയുന്ന കാര്യങ്ങളാണ് വലിയ പ്രശ്നങ്ങളായി സമൂഹത്തിൽ ഉരുത്തിരിയുന്നത്. ഉദാഹരണത്തിന്

Johny ML

ക്ഷേത്രത്തിൽ ആർ എസ് എസ്സുകാരൻ മലം എറിഞ്ഞ വിഷയം. അയാളെ പിടിച്ചു കഴിഞ്ഞു. എന്നിട്ടും പലരും ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ ആർ എസ് എസ്സിനെ വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്– ഇപ്പോൾ എന്തേ നിങ്ങൾ മിണ്ടാത്തത്ത് എന്ന് ചോദിക്കുന്നു.

സത്യത്തിൽ ഒരു പ്രശ്നത്തെ ഒരു പരിധിയിൽ അധികം ചർച്ച ചെയ്യുന്നത് കൗണ്ടർ പ്രൊഡക്ടീവ് ആകും. ആവശ്യമില്ലാതെ ചർച്ച ചെയ്തു വലുതാക്കിയ ഏതാനും പേരുടെ പേരുകൾ ഞാൻ ഇവിടെ സൂചിപ്പിക്കാം: ശശികല ടീച്ചർ (?), കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, ‘ഒട്ടകം’ ഗോപാലകൃഷ്ണൻ, പന്തളം ശ്രീജിത്ത് തുടങ്ങിയവർ. ഇവർ എല്ലാം വലതു പക്ഷക്കാർ ആണെന്നത് സാന്ദര്ഭികം മാത്രമല്ല ചരിത്രപരവും കൂടിയാണ് എന്ന് പറയേണ്ടി വരും.

എന്നാൽ ആവശ്യമില്ലാതെ ചർച്ച ചെയ്തു വലുതാക്കിയവരിൽ സാംസ്‌കാരിക പക്ഷത്തും ആളുകൾ ഉണ്ട്: ഒന്നാമതായി, ദീപാ നിഷാന്ത്. രണ്ടാമതായി, ലക്ഷ്മി രാജീവ്. ദീപാ നിഷാന്ത് എന്ന വനിത പല തലങ്ങളിൽ ആണ് വിവാദങ്ങളിൽ പെട്ടത്. ആ വിവാദങ്ങളെ ഒരു പരിധിയ്ക്ക് ശേഷം മുന്നോട്ടു കൊണ്ടുപോയത് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പറയുന്ന സാംസ്‌കാരിക പ്രവർത്തകർ നടത്തിയ ഇടപെടലുകൾ തന്നെയാണ്. ലക്ഷ്മി രാജീവ് ആകട്ടെ തികഞ്ഞ വലതുപക്ഷ ചിന്താഗതി വെച്ച് പുലർത്തുന്നവരും അന്ധവിശ്വാസിയും അശാസ്ത്രീയത വളർത്തുന്നതിൽ പങ്കുവഹിച്ചേയ്ക്കാവുന്ന പുസ്തകങ്ങൾ രചിച്ച വ്യക്തിയുമാണ്. ഇവർ ശബരിമല വിഷയത്തിൽ ഇടതുപക്ഷത്തിന് താത്കാലികമായി അനുകൂലമാകാവുന്ന ഒരു നിലപാട് എടുത്തതോടെ നവോത്ഥാന നായികയായി.

മേൽപ്പറഞ്ഞ കാര്യങ്ങളുടെ ഉത്തരവാദിത്തം ഏൽക്കേണ്ടത് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നവർ തന്നെയാണ്. സ്വയം നിയന്ത്രണം ആണ് ഇവിടെ ആവശ്യം. ഡോ.രേഖാ രാജ്, ഡോ. ജെ.ദേവിക, മായാ പ്രമോദ്, പി ഗീത, സി എസ് ചന്ദ്രിക, ചന്ദ്രമതി, ഷാഹിന തുടങ്ങി എത്രയോ ശാസ്ത്രീയ ചിന്തയും വിശകല വൈദഗ്ധ്യവും വെച്ച് പുലർത്തുന്നവരുടെ മേലാണ് പൈങ്കിളികളെ പ്രതിഷ്ഠിച്ചത്. അതിന്റെ ഉത്തരവാദിത്തം സാമൂഹ്യമാധ്യമങ്ങളിലെ വിമർശന കേസരികൾക്കുള്ളതാണ്. കെ ആർ ഇന്ദിരയ്ക്കെതിരെ ഇനി നിയമം നീങ്ങിക്കോട്ടെ.

അവഗണിക്കേണ്ടതിനെ അവഗണിക്കണം. അത് ഈ കുറിപ്പാണെങ്കിൽ അതിനെയും. അല്ലാതെ ചർച്ച ചെയ്തു വലുതാക്കിയാൽ സമൂഹത്തിൽ ഒട്ടകം ഗോപാലകൃഷ്ണന്മാരും സന്തോഷ് പണ്ഡിറ്റുമാരും ഫിറോസ് കുന്നത്തുപറമ്പിൽമാരും അവരുടെ പരിപാടികൾ തുടർന്നുകൊണ്ടേയിരിക്കും.

ജോണി എം എൽ