ഒരു മര്യാദ ഒക്കെ വേണ്ടേടെയ്, എന്നിട്ടും സാക്ഷര കേരളം എന്ന വിളി ബാക്കി

  0
  171
  ജോജി ഉള്ളന്നൂർ
  സന്തോഷ് പണ്ഡിറ്റിനെ സകലമാന ടീവി ഷോകളിലും വിളിച്ചു വരുത്തുക. വട്ടം കൂടിയിരുന്നു കളിയാക്കുക. ഒടുക്കം അയാളെ നെന്മ മരമായി പ്രഖാപിച്ച് തലയിൽ കൊണ്ട് നടക്കുക.
  പഠന ചിലവിനായി മീൻ വിറ്റിരുന്ന ഹനാൻ എന്ന പെണ്കുട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ഇരുന്നു കരയുക, ഒടുക്കം അവൾ ബ്യൂട്ടിപാർലറിൽ പണ്ട് പോയ ഫോട്ടോസ് കുത്തിപ്പൊക്കി അവളെ അവഹേളിക്കുക, അപമാനിക്കുക.
  പ്രിയ വാര്യരുടെ കണ്ണിറുക്കുന്ന വീഡിയോ സകലമാന ഓണലൈൻ പ്ലാറ്റ്‌ഫോമിലും കൊണ്ട് പോയി ഒട്ടിച്ച് വൈറലാക്കുക, ഒടുക്കം അവൾ ഇടുന്ന ഏത് പോസ്റ്റിന്റെ അടിയിലും പോയി തെറി വിളിക്കുക.
  ക്രിക്കറ്റർ സ്മൃതി മന്ദാന, ന്യൂസ്‌ റീഡർ സ്‌മൃതി പരുത്തിക്കാട് തുടങ്ങി അതത് മേഖലകളിൽ കഴിവ് തെളിയിച്ച സ്ത്രീകളുടെ വിഡിയോ കട്ട് ചെയ്തെടുത്ത് സ്ലോമോഷൻ ആക്കി ‘ പിന്നിൽ വന്നു കണ്ണു പോത്താം’ സോങ്ങും ഇട്ട് വെറുപ്പിക്കുക, ഒടുക്കം അവരൊക്കെ ഓവർ റേറ്റഡ് ആണെന്നും പറഞ്ഞോണ്ട് അവരെ തന്നെ പരിഹസിച്ച് അടുത്ത വീഡിയോ ഇറക്കുക.ഫുക്രു മെസ്സ് ആണേ എന്നു ഫുക്രുവിന്റെ വീഡിയോക്ക് പോയി കമന്റ് ഇട്ടും ഷെയർ ചെയ്തും അവനെ സെലിബ്രിറ്റി ആക്കുക ഒടുക്കം അവൻ വൈറൽ ആയി ബിഗ്‌ബോസിൽ എത്തിയപ്പോ അവനെതിരെ കാമ്പയിൻ നടത്തുക, തെറിവിളിക്കുക.
  ചാനലിൽ വന്ന് സ്ഥിരമായി മണ്ടത്തരം പറഞൊണ്ടിരുന്ന രജിത്ത്നെ വിമർശിക്കുക, ഒടുക്കം നെന്മമരം ആണെന്ന് കാമ്പയിൻ നടത്തി പെണ്ണിന്റെ കണ്ണിൽ മുളക് തേച്ച് പുറത്തായ അയാളുടെ പേരിൽ രജിത് സെർ ആർമി രൂപീകരിക്കുക. രജിത് നെ വിമർശിക്കുന്നവരെ മുതൽ മലയാളത്തിലെ ഏറ്റവും ആരാധകരുള്ള നടന്റെ പ്രൊഫൈലിൽ വരെ പോയി വെട്ടുക്കിളി ആക്രമണം നടത്തുക, കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് അയാളെ സ്വീകരിക്കാൻ എയര്പോര്ട്ടിലേക്ക് ഇടിച്ച് കേറുക.
  ആനീസ് കിച്ചനിൽ ആനിയുടെ സ്ത്രീവിരുദ്ധതകളെ വിമർശിക്കുക, ഒടുക്കം വിമർശിച്ച് കളിയാക്കി പരിധിവിട്ട്, മനസ്സിലുള്ള സ്ത്രീവിരുദ്ധത മുഴുവൻ ആ സ്ത്രീയുടെ കമന്റ് ബോക്സിൽ കൊണ്ട് പോയി ശർദിച്ചിച്ചിടുക.
  ടിക് ടോക്ക്ലെ സ്ത്രീവിരുദ്ധതയും ഇരട്ടത്താപ്പും തുറന്നു കാണിച്ച Arjyou നെ വൈറലാക്കുക, ഒടുക്കം അയാൾ പറയുന്ന ‘വിരുദ്ധത’കളെല്ലാം കയ്യടിച്ച് സ്വീകരിക്കുക അയാളെ വിമർശിച്ച പെണ്കുട്ടിയുടെ വിഡിയോസിന്റെ അടിയിൽ എല്ലാം പോയി തെറിവിളിക്കുക.കാന്താരിയെ ഷാൾ ഇടാൻ പഠിപ്പിക്കുന്ന കലിപ്പന് കയ്യടിക്കുക എന്നിട്ട് നേരെ പോയി പോൺസ്റ്റാർസിനെ അക്ക, കുട്ടൂസ് എന്ന സെക്സിസ്റ്റ് ഓമനപ്പേരും വിളിച്ച് ബി. ജി. എം ഉം കളകളം ഇഫക്റ്റും ഇതാണ്ടാ പെണ്ണ് എന്ന കാപ്‌ഷനും കൊടുത്ത് സ്റ്റാറ്റസ് ഇട്ട് നിറക്കുക.അധ്യാപികമാർ കുഞ്ഞുകുട്ടികൾക്ക് ക്ലാസ് എടുക്കുന്നത് വീഡിയോ എടുത്ത് പട്ടിഷോ കളിക്കുക, അവരുടെ പേരിൽ ആർമി പേജുകൾ ഉണ്ടാക്കി വീഡിയോക്ക് അടിയിൽ പോയി ‘കളി’ ചോദിക്കുക, ഒടുക്കം പോലീസ് ഇടപെടുമ്പോ സ്ത്രീത്വത്തെ ബഹുമാനിക്കുന്ന നെന്മമരമാവുക.
  നാട്ടിൽ നിന്ന് കാട് കയറി കൃഷി ചെയ്തു കാട്ടു മൃഗങ്ങൾ വരുമ്പോൾ പന്നി പടക്കം വെക്കുക വിഷം കൊടുത്തു കൊല്ലുക. ഒരു മര്യാദ ഒക്കെ വേണ്ടേടെയ്…? എന്നിട്ടും സാക്ഷര കേരളം എന്ന വിളി ബാക്കി..