സുക്കർബർഗിന്റെ ജീവിത പങ്കാളി ചൈനക്കാരിയാണ്, മിത്രങ്ങൾക്കു ഫേസ്‌ബുക്ക് ബഹിഷ്കരിക്കണ്ടേ ?

74

ജോജി ഉള്ളന്നൂർ

നോക്കൂ ഫേസ്‌ബുക്കിന്റെ ഉടമസ്ഥൻ സുക്കർബർഗിന്റെ ജീവിത പങ്കാളി ഒരു ചൈനക്കാരിയാണ്. അതായത് അയാളുടെ സ്വത്തുവകകളിൽ പകുതിയുടെ അവകാശി. നമ്മുടെ ഉപയോഗത്തിലൂടെ അയാൾക്ക് കിട്ടുന്ന പകുതി പരസ്യവരുമാനവും ചൈനയിലേക്ക് പോവുകയാണ്. മാത്രമല്ല ഇവർ സ്വത്ത് വിഭജിച്ചാൽ പകുതി ഫേസ്‌ബുക്ക് ചൈനയിലേക്ക് പോകും. അതിൽ ഉറപ്പായും ഇന്ത്യൻ അക്കൗണ്ടുകൾ മുഴുവനുണ്ടാവുമല്ലോ. ഒരു വലിയ ചതിയാണിത്.

നമുക്ക് മുന്നിൽ ഒരേയൊരു വഴിയേ ഒള്ളു. എത്രയും പെട്ടെന്ന് ഫേസ്‌ബുക്ക് ഉപേക്ഷിക്കുക. ഫേസ്‌ബുക്ക് മാത്രമല്ല അവരുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പും ഇൻസ്റ്റഗ്രാമും എല്ലാം ഉപേക്ഷിക്കണം. എന്നിട്ട് ഇന്ത്യൻ നിർമിത ജിയോ മെസേജിലേക്ക് നമുക്കെല്ലാം മാറാം. ഇതിന്റെ ആദ്യപടിയായി ഇക്കാര്യത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന എല്ലാ ദേശഭക്തരായ മിത്രങ്ങളും ഈ ഗ്രൂപ്പ് വിട്ടു പോകണം. അതിനു ശേഷം ഫേസ്‌ബുക്ക് അൺഇൻസ്റ്റാൾ ചെയ്യണം. അതിനു ശേഷം വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, അങ്ങനെയങ്ങനെ. അതിനു തൊട്ടുമുൻപായി ആത്മഹത്യാ കുറിപ്പ് പോലെ ഈ പോസ്റ്റ് ഷെയർ ചെയ്യണം. കാരണം ഈ ചൈനീസ് ആപ്പുകൾ ഉപയോഗിച്ച് അവന്മാർ നമ്മുടെ കയ്യിൽ നിന്നും കൊള്ളയടിച്ച ഓരോ പൈസയിലും സ്വദേശാഭിമാനിയുടെ തിളയ്ക്കുന്ന ചോരയുടെ ഗന്ധമുണ്ടെന്നു അവർ അറിയണം.

സക്കർബർഗ് ചൈനയുമായുള്ള ബന്ധം പൂർണ്ണമായും വിച്ഛേദിക്കും വരെ നമ്മളീ യുദ്ധം തുടരും. ദേശാഭിമാനമില്ലാത്ത രാജ്യദ്രോഹികൾ പറയുന്ന മണ്ടത്തരങ്ങൾ നമ്മൾ കേൾക്കേണ്ടതില്ല. നമുക്ക് കേൾക്കാനുള്ളത് നമ്മുടെ കേന്ദ്രസർക്കാരും ദേശാഭിമാനികളായ ഇന്ത്യക്കാരും പറഞ്ഞു തരുന്നുണ്ട്.

Advertisements