ആത്മനിര്‍ഭര്‍, ചൈന ബഹിഷ്‌കരണം എന്നൊക്കെ പറഞ്ഞു പാവപ്പെട്ടവനും ഇടത്തരക്കാരും അനുഭവിക്കുന്ന മുഴുവന്‍ ജീവിത സൗകര്യങ്ങളും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്

146

ജോജി ഉള്ളന്നൂർ

ആത്മനിർഭർ

സാംസങും ആപ്പിളുമൊക്കെ അവരുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ അമേരിക്കയില്‍ ഇറക്കുമ്പോള്‍ തന്നെ ഇന്ത്യക്കാര്‍ക്കും ലഭിക്കും. ഒന്നോ രണ്ടോ മാസം വൈകിയെന്നും വരാം. ഐപാഡ്, ആപ്പിള്‍ വാച്ച് ഒക്കെ അമേരിക്കയിലും ഇന്ത്യയിലും ഒരേ സമയത്തു തന്നെ ഇറങ്ങി. ഇങ്ങനെ തന്നെയായിരുന്നിരിക്കും എല്ലാ കാലത്തും എന്നായിരിക്കും പലരുടെയും വിചാരം- അല്ല.

1960-ല്‍ ഏതാണ്ട് മുഴുവന്‍ അമേരിക്കന്‍ വീടുകളിലും വാഷിങ് മെഷീന്‍ ഉണ്ട്. അമേരിക്ക മാത്രമല്ല, യൂറോപ്പ്, യൂ.കെ, തായ്വാന്‍ തുടങ്ങി മിക്ക രാജ്യങ്ങളിലും. ഇന്ത്യന്‍ വീടുകളില്‍ എപ്പോഴാണ് വാഷിംഗ് മെഷീന്‍ എത്തിയത് ? 1990 ന് ശേഷം. ദരിദ്രരുടെ വീടുകളിലെ കാര്യമല്ല, ഇടത്തരക്കാരുടെയും സാമാന്യം പണമുള്ളവരുടെയും വീട്ടിലെ കാര്യമാണ്.
നാല്‍പതുകളിലെയും അന്‍പതുകളിലെയും ഹോളിവുഡ് സിനിമകളില്‍ ഒരു സാധാരണ വീടിന്റെ അടുക്കള കാണിക്കുകയാണെങ്കില്‍ അതില്‍ വാഷിംഗ് മെഷീന്‍ ഉണ്ടാവും. മലയാള സിനിമയില്‍ ഏറ്റവും പണക്കാരനായി വരാറുള്ള ജോസ് പ്രകാശിന്റെ വീട്ടില്‍ പോലും വാഷിങ് മെഷീന്‍ കണ്ടിട്ടില്ല, അലക്കുന്നത് വേലക്കാരി ജാനുവിന്റെ പണിയാണ്.

വാഷിങ് മെഷീന്‍ മാത്രമല്ല, ഫ്രിഡ്ജും, ടെലിവിഷനും മിക്‌സിയും, ഗ്രൈന്‍ഡറുമൊക്കെ ഒരു ഇടത്തരം ഇന്ത്യന്‍ വീട്ടിലെത്താന്‍ അമ്പതു കൊല്ലത്തോളം എടുത്തു. മൈക്രോവേവ് ഓവന്‍ അടുത്ത കാലത്താണ് എത്തിയത്, ക്ലോത്ത് ഡ്രയര്‍, റൂമ്പ തുടങ്ങിയവയൊന്നും ഇത് വരെ എത്തിയിട്ടില്ല, വീട്ടുസാധനങ്ങളുടെ കാര്യം പെട്ടെന്ന് മനസ്സിലാവാന്‍ പറഞ്ഞെന്നേയുള്ളു.മെഡിക്കല്‍ ഉപകരണങ്ങള്‍, വ്യാവസായിക യന്ത്രങ്ങള്‍, നിര്‍മാണ സാമഗ്രികള്‍, ഇലക്ട്രിക്ക് തയ്യല്‍ മെഷീനുകള്‍, വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം ഇന്ത്യയിലെത്തിയത് പതിറ്റാണ്ടുകള്‍ വൈകിയാണ്. കാരണം – ആത്മനിര്‍ഭര്‍ എന്ന പുതിയ കുപ്പിയില്‍ വന്ന സ്വയം പര്യാപ്തത എന്ന പഴയ വീഞ്ഞ്.

ചോക്കലേറ്റു പോലും അപൂര്‍വമായിരുന്നു ഇന്ത്യയില്‍. നാരങ്ങാ മുട്ടായിയെ പറ്റിയും കോലുമുട്ടായിയെ പറ്റിയുമെല്ലാം നൊസ്റ്റാള്‍ജിയക്കാര്‍ എഴുതി വെറുപ്പിക്കുന്നത് അന്നത്തെ കാലത്തു ചോക്കലേറ്റു ഇറക്കുമതി നിയന്ത്രണം ഉണ്ടായിരുന്നത് കൊണ്ടാണ്.
1991-ല്‍, മന്‍മോഹന്‍സിംഗിന്റെ സാമ്പത്തിക പരിഷ്‌കരണം വരുന്നതിനു മുമ്പ്, ഇന്ത്യയുടെ പ്രഖ്യാപിതമായതോ അല്ലാത്തതോ ആയ നയമായിരുന്നു സ്വയം പര്യാപ്തത കൈവരിക്കല്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ഇറക്കുമതി നിയന്ത്രണം. ഒരു സാധനവും ഇറക്കുമതി ചെയ്യാന്‍ അനുവാദമില്ല, അഥവാ നിര്‍ബന്ധമായി വല്ലതും ഇറക്കുമതി ചെയ്യണമെങ്കില്‍ ആയിരം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങണം, നൂറു കണക്കിനാളുകള്‍ക്ക് കൈക്കൂലി കൊടുക്കണം.

നൂറു എണ്ണം ഇറക്കുമതി ചെയ്യാന്‍ അപേക്ഷ കൊടുത്താല്‍ ഒന്നിന് അനുവാദം കിട്ടിയാല്‍ ആയി, അതിന് നൂറിരട്ടി ടാക്‌സും കൊടുക്കണം. എന്തിനാണ് ഇറക്കുമതി ചെയ്യുന്നത്, ആ സാധനം ഇന്ത്യയില്‍ ഉണ്ടാക്കിയാല്‍ പോരെ എന്നതായിരുന്നു സര്‍ക്കാരിന്റെ ചോദ്യം.മന്‍മോഹന്‍ സിംഗിന്റെ പരിഷ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ഈ ഇറക്കുമതി നിയന്ത്രണങ്ങള്‍ എടുത്തു തോട്ടിലെറിയല്‍.

അതിനെ തുടര്‍ന്ന് നടന്ന സമരങ്ങളും ബഹളങ്ങളും വിവരിക്കാന്‍ ഈ സ്ഥലം മതിയാവില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക നായകരും, സംഘടനകളും ഇന്ത്യയുടെ സ്വയംപര്യാപ്തത പോയെ എന്ന് പറഞ്ഞു നിലവിളിയായിരുന്നു. സി.പി.ഐ.എമ്മും മറ്റിടതുപക്ഷ സംഘടനകളും ബി.ജെ.പി യും രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു.സ്വദേശി ജാഗരണ്‍ മഞ്ച് ഇന്ത്യ മുഴുവന്‍ സെമിനാറുകളും സമരങ്ങളും നടത്തി. ശാസ്ത്ര സാഹിത്യ പരിഷത് തെരുവ് നാടകങ്ങളിലൂടെ ഇന്ത്യ മുങ്ങി താഴാന്‍ പോകുന്ന വിവരം നാട്ടുകാരെ മുഴുവന്‍ അറിയിച്ചു. സുകുമാര്‍ അഴിക്കോട് മന്‍മോഹന്‍ സിംഗിനെ ധനമോഹന്‍ സിംഗ് എന്ന് വിളിച്ചു പ്രഭാഷണ പരമ്പരകള്‍ നടത്തി അധിക്ഷേപിച്ചു.

ഇവരുടെയൊക്കെ സങ്കടം ഇറക്കുമതി തുടങ്ങിയാല്‍ തൊഴിലില്ലാതാവുന്ന ഇന്ത്യക്കാരെക്കുറിച്ചായിരുന്നു, പൂട്ടാന്‍ പോകുന്ന ഇന്ത്യന്‍ വ്യവസായ ശാലകളെ കുറിച്ചായിരുന്നു, സ്വയം പര്യാപ്തത നഷ്ടപ്പെടാന്‍ പോകുന്ന ഇന്ത്യയെ കുറിച്ചായിരുന്നു. ഇറക്കുമതി കൂടി കൂടി ഇന്ത്യക്ക് വിദേശ നാണ്യം ഇല്ലാതെയായി നമ്മള്‍ ഒരു ജങ്ക് -കണ്‍ട്രി ആയിത്തീരുമെന്നതായിരുന്നു ബുദ്ധിജീവികളുടെ പ്രവചനം.
ഒന്നും സംഭവിച്ചില്ല. വിദേശനാണ്യം തികയാതെ 1990 ല്‍ റിസേര്‍വ് ബാങ്കിലെ സ്വര്‍ണം പണയം വെക്കാന്‍ പോയ ഇന്ത്യ 1991 മുതല്‍ വിദേശനാണ്യശേഖരം പടിപടിയായി ഉയര്‍ത്താന്‍ തുടങ്ങി. ഇപ്പോള്‍ ഏകദേശം 500 ബില്യണ്‍ ഡോളറിനടുത്തു വിദേശ നാണ്യ കരുതല്‍ ശേഖരം ഉണ്ട് ഇന്ത്യക്ക്.

എന്തും ഇറക്കുമതി ചെയ്യാന്‍ നാട്ടുകാരെ സമ്മതിച്ചിട്ടും ഇന്ത്യയുടെ വിദേശ നാണ്യശേഖരം എങ്ങനെ ഇത്ര ഉയര്‍ന്നു എന്ന് കണ്ടുപിടിക്കാന്‍ ശ്രമിക്കുമ്പോഴാണ് മന്‍മോഹന്‍ സിംഗ് ഇപ്പോള്‍ ആത്മനിര്‍ഭര്‍ ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയക്കാരെയും ധനമോഹന്‍ സിംഗ് എന്ന് വിളിച്ചാക്ഷേപിച്ച സുകുമാര്‍ അഴിക്കോടിനെ പോലുള്ളവരെയും അപേക്ഷിച്ചു എത്ര വലിയ ദീര്‍ഘ വീക്ഷണക്കാരനായിരുന്നു എന്ന് മനസ്സിലാവുക.

1991 ന് ശേഷം ഇന്ത്യ തൊഴില്‍ അവസരങ്ങളുടെ കാര്യത്തില്‍ റെക്കോര്‍ഡ് വളര്‍ച്ചയാണ് കൈവരിച്ചത്. വ്യവസായശാലകള്‍ മാത്രമല്ല ആ വ്യവസായശാലകള്‍ക്ക് വേണ്ടി നഗരങ്ങള്‍ തന്നെ ഉയര്‍ന്നു വന്നു. ഗുഡ്ഗാവ്, നോയിഡ തുടങ്ങിയ പുതിയ നഗരങ്ങള്‍ ഉണ്ടായി, പൂനെ, ഹൈദരാബാദ്, ബാംഗ്ലൂര്‍, കൊച്ചി തുടങ്ങിയ കൊച്ചു നഗരങ്ങള്‍ വന്‍നഗരങ്ങളായി.
ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും ടെക്‌നോളജി പാര്‍ക്കുകളും കയറ്റുമതി സോണുകളും നാടൊട്ടുക്കും ഉയര്‍ന്നു. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായ പത്തു വര്‍ഷത്തില്‍ ഇന്ത്യ 27 കോടി ആളുകളെ ദാരിദ്ര്യരേഖക്ക് മുകളിലെത്തിച്ചു എന്നാണ് കണക്ക്, മനുഷ്യ ചരിത്രത്തില്‍ തുല്യതയില്ലാത്ത നേട്ടം.

എല്ലാം സംഭവിച്ചത് ലളിതമായ ഒരു കണക്ക് കൂട്ടലിന്റെ പുറത്താണ് – ഒരു തുറന്ന സാമ്പത്തിക വ്യവസ്ഥയില്‍ ഇറക്കുമതി മാത്രമല്ല കൂടുക, കയറ്റുമതിയും കൂടും. ഇറക്കുമതിയും കയറ്റുമതിയും ഒരു പോലെ കൂടുന്നത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും, വില കുറയും, വ്യവസായങ്ങളുടെ കാര്യക്ഷമത കൂട്ടും, കൂടെ ജനങ്ങളുടെ ജീവിത നിലവാരവും കൂടും.അസംസ്‌കൃത വസ്തുക്കളും യന്ത്രങ്ങളും ആവശ്യം പോലെ ഇറക്കുമതി ചെയ്യാന്‍ അനുവദിച്ചത് മൂലം വസ്ത്ര, ആഭരണ മേഖലകളില്‍ ഇന്ത്യന്‍ കയറ്റുമതിയും അത് മൂലം തൊഴിലവസരങ്ങളും കുതിച്ചുയര്‍ന്നു. നോട്ടു നിരോധനവും ജി.എസ്.ടി യും വന്നു ചെറുകിട യൂണിറ്റുകള്‍ വന്‍തോതില്‍ അടച്ചു പൂട്ടാന്‍ തുടങ്ങുന്നത് വരെ ഇത് രണ്ടിലും ഇന്ത്യക്കായിരുന്നു ഒന്നാം സ്ഥാനം.

കംപ്യൂട്ടര്‍ പ്രൊസസ്സറുകള്‍, ചിപ്പുകള്‍, മറ്റു ടെലി കമ്യൂണിക്കേഷന്‍ സാമഗ്രികള്‍ ഒക്കെ ആവശ്യം പോലെ ഇറക്കുമതി ചെയ്യാന്‍ അനുവദിച്ചതോടെ ഇന്ത്യയുടെ സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ കയറ്റുമതിയും കുതിക്കാന്‍ തുടങ്ങി. ഐ.ടി മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നായി മാറി ഇന്ത്യ.കൂടെ, ഇന്ത്യക്കാരുടെ ജീവിത നിലവാരവും ഉയര്‍ന്നു, കൂടുതല്‍ ജീവിത സൗകര്യങ്ങള്‍ ലഭ്യമായി.നമ്മള്‍ തുടങ്ങിയ വാഷിംഗ് മെഷീനിലേക്ക് തിരിച്ചു വരാം. എണ്‍പതുകളില്‍ ഒരു സര്‍ക്കാര്‍ ക്ലര്‍ക് അല്ലെങ്കില്‍ ഒരു അധ്യാപകന് ശമ്പളം ഏകദേശം അയ്യായിരം ആയിരുന്നപ്പോള്‍ ഒരു വാഷിംഗ് മെഷീന് ഇരുപത്തയ്യായിരം രൂപയുടെ അടുത്ത് വിലയുണ്ടായിരുന്നു. ഇന്ന് ശമ്പളം ഏകദേശം ഇരുപത്തയ്യായിരം രൂപയായപ്പോള്‍ വാഷിംഗ് മെഷീന്‍ അയ്യായിരം രൂപക്ക് കിട്ടും. എന്നുപറഞ്ഞാല്‍, എണ്‍പതുകളില്‍ ഒരു വാഷിങ്മെഷീന്‍ വാങ്ങാന്‍ ഒരധ്യാപകന്‍ അയാളുടെ അഞ്ചു മാസത്തെ ശമ്പളം ചെലവാക്കേണ്ടി വരുമ്പോള്‍ ഇന്ന് ഒരു മാസത്തെ ശമ്പളത്തിന് അഞ്ചു വാഷിങ് മെഷീന്‍ വാങ്ങാം.

കേരളം പോലെ കൂലി കൂടുതലുള്ള സംസ്ഥാനങ്ങളില്‍ അഞ്ചോ പത്തോ ദിവസത്തെ കൂലി കൊണ്ട് ഒരു കൂലിപ്പണിക്കാരന് ഒരു വാഷിങ് മെഷീന്‍ വാങ്ങാന്‍ കഴിയും – സ്ഥിരമായി ബിവറേജില്‍ പോകുന്ന ആളല്ലെങ്കില്‍.ഇത് തന്നെയാണ് മറ്റു സാധനങ്ങളുടെയും കാര്യം. ടെലിവിഷന്‍, മോട്ടോര്‍ സൈക്കിള്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, ടാബ്, സ്മാര്‍ട്‌ഫോണ്‍ തുടങ്ങി മുഴുവന്‍ ഉപകരണങ്ങളും ഇറക്കുമതി നിയന്ത്രണം ഉണ്ടായിരുന്നെങ്കില്‍ സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും കയ്യില്‍ ഒരിക്കലും എത്തുമായിരുന്നില്ല.
കാരണം ഇന്ത്യ ഇന്ന് വരെ പിക്ചര്‍ട്യൂബ്, സ്മാര്‍ട്‌ഫോണിനും ടെലിവിഷനും വേണ്ട എല്‍.ഇ.ഡി / എല്‍.സീ.ഡി ഡിസ്‌പ്ലേ, കമ്പ്യൂട്ടറിനും മൊബൈലിനും വേണ്ട പ്രൊസസ്സര്‍സ്, മെമ്മറി തുടങ്ങി ഒന്നും സ്വന്തമായി ഉണ്ടാക്കിയിട്ടില്ല. അത് മുഴുവന്‍ ഇറക്കുമതി ചെയ്താണ് ഇന്ത്യ കമ്പ്യൂട്ടറും മൊബൈലും ഉണ്ടാക്കുന്നത്.

അതുകൊണ്ട്, ആത്മനിര്‍ഭര്‍, സ്വയം പര്യാപ്തത, ചൈന ബഹിഷ്‌കരണം എന്നൊക്കെ പറഞ്ഞു വരുന്നവര്‍ നാട്ടിലെ പാവപ്പെട്ടവനും ഇടത്തരക്കാരും അനുഭവിക്കുന്ന മുഴുവന്‍ ജീവിത സൗകര്യങ്ങളും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. പ്രത്യേകിച്ച് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു വേണ്ടി ടെലിവിഷനും സ്മാര്‍ട്‌ഫോണുമൊക്കെ ആവശ്യവസ്തുക്കളാവുമ്പോള്‍.ടെലിവിഷനും സ്മാര്‍ട്‌ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരില്‍ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത ദേവികയെപ്പോലെ ഒരു പാട് ദേവികമാരുണ്ടാകും ആത്മനിര്‍ഭര്‍ പ്രവര്‍ത്തികമായി കഴിയുമ്പോള്‍.

Advertisements