ഐ.വി. ശശി എന്ന സംവിധായകന്‍ മലയാള സിനിമയുടെ ചരിത്രത്തോട് ചെയ്ത കുറ്റം

93

ജോജി ഉള്ളന്നൂർ

എഴുപത് /എണ്‍പതുകളിലെ രാഷ്ട്രീയ സിനിമയുടെ കൾട്ട് ബ്രാന്റ് തന്നെയായി മാറിയിരുന്നു ഐ.വി.ശശി. കോഴിക്കോടന്‍ രാഷ്ട്രീയത്തിന്റെ ചൂളയില്‍നിന്നാണ് ആ സിനിമകള്‍ പിറവികൊണ്ടത്. വിശുദ്ധ നദിയായി സാഹിത്യത്തില്‍ കൊണ്ടാടപ്പെടുന്ന നിളയായിരുന്നില്ല അതിന്റെ പിന്‍ബലം. സകല മാലിന്യങ്ങളും അടിഞ്ഞുകിടന്നിട്ടും അതിന്റെ കരയില്‍ തന്നെ ജീവിതം വച്ചുപിടിപ്പിക്കാന്‍ നിര്‍ബന്ധിതരായ ചാലിയാറിന്റെയും അത് അറബിക്കടലിലേക്ക് ഒഴുകിയെത്തുന്ന കല്ലായിപ്പുഴയുടെയും കരയിലെ കോഴിക്കോട്ടങ്ങാടിയുടെ ജീവിതമായിരുന്നു അത്. അത് അച്ചടി ഭാഷയല്ല സംസാരിച്ചത്. കുതിരവട്ടം പപ്പുവിന്റെയും ബാലന്‍ കെ.നായരുടെയും കോഴിക്കോടന്‍ ഭാഷയായിരുന്നു.

I.V. Sasi, noted Malayalam filmmaker, passes away - The Hinduഏത് സിനിമയ്ക്കും രാഷ്ട്രീയമുണ്ട്. രാഷ്ട്രീയമേ പറയുന്നില്ലെന്ന് നടിക്കുമ്പോഴും മൗനങ്ങളിലൂടെ അത് താങ്ങിനിര്‍ത്തുന്ന രാഷ്ട്രീയം അറിയാതെ പുറത്തുവരും. നിലനില്‍ക്കുന്ന അധികാര വ്യവസ്ഥ ഇറക്കുന്ന പണത്തിന്റെയും മൂല്യത്തിന്റെയും സുരക്ഷയെ കരുതിയെടുക്കുന്ന മുന്‍കരുതലാണത്. ഭീരുത്വം എന്നും പറയാം. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍നിന്നും ചരിത്രത്തില്‍ നിന്നുമൊക്കെ സൂരക്ഷിതമായൊരു അകലം പാലിക്കാന്‍ അതെന്നും മലയാള സിനിമയെ നിര്‍ബന്ധിച്ചിട്ടുണ്ട്. ചരിത്രഭീതിയോളമെത്തും അകല്‍ച്ചയുടെ ഈ രാഷ്ട്രീയം വിസ്മൃതിയുടെ ദൃശ്യ പ്രളയം അത് നമ്മുടെ വെള്ളിത്തിരയില്‍ സൃഷ്ടിച്ചു. ഓര്‍മകളുടെ ശേഷിക്കുറവിനെ അതിവിടെ അരക്കിട്ടുറപ്പിച്ചു.

വളരെയെളുപ്പത്തില്‍ വെള്ളിത്തിര സൃഷ്ടിക്കുന്ന മതിഭ്രമങ്ങളിലും ദൃശ്യ പ്രളയത്തിലും മുങ്ങിരസിക്കാന്‍ പാകത്തില്‍ തയാറായി നില്‍ക്കുന്ന ഒരു കാണിക്കൂട്ടത്തെ സിനിമ ഈ നാട്ടില്‍ നിര്‍മിച്ചത് പതുക്കെപ്പതുക്കെ മറവിയുടെ ആഹ്ലാദങ്ങള്‍ നുകരാന്‍ നമ്മെ പഠിപ്പിച്ചുകൊണ്ടുതന്നെയാണ്. എല്ലാ അടിയന്തരാവസ്ഥകളെയും അതെളുപ്പം സ്വീകാര്യമാക്കി. ഒരു നാടിന്റേതുമല്ലാത്ത ഒരു വെള്ളിത്തിര അത് നമുക്കുമേല്‍ കെട്ടിവച്ചു. അധിനിവേശകാലത്ത് പിറവിയെടുത്ത നമ്മുടെ സിനിമയുടെ സാമൂഹ്യപാഠങ്ങള്‍ കാണിയുടെ അബോധത്തില്‍ നിക്ഷേപിച്ചുകൊ ണ്ടേയിരുന്നതും പ്രാഥമികമായും അത് മതിമറക്കാനുള്ള ഒരു കലാ സംവിധാനമായാണ്. നേരംപോക്ക് എന്നത് സിനിമയുടെ പര്യായം പോലെയായിരുന്നു. ഇവിടെ നേരത്തില്‍ കൊത്തിവച്ച നേരിന്റെ ശില്‍പങ്ങളാകാന്‍ അതെന്നും ഭയപ്പെട്ടിരുന്നു. അടിമുടി രാഷ്ട്രീയവത്കരിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന ഒരു ജനത തീര്‍ത്തും അരാഷ്ട്രീയവത്കരിക്കപ്പെട്ട മട്ടില്‍ സിനിമയില്‍ പെരുമാറിപ്പോന്നു. മലയാളി സമൂഹം ഇന്നെത്തിച്ചേര്‍ന്ന കേരളാ മാതൃകയുടെ വിള്ളലുകളാണ് ഇതില്‍ കാണാനാവുക.

നമ്മുടെ എണ്‍പതുവര്‍ഷത്തെ സിനിമയുടെ ചരിത്രമെടുത്താല്‍ അത് ഏര്‍പ്പെട്ടിരിക്കുന്ന നിഗൂഢമായ മൗനങ്ങള്‍ ഏത് ചരിത്രവിദ്യാര്‍ത്ഥിയെയും നാണിപ്പിക്കും. ഈ രാഷ്ട്രീയമൗനങ്ങളെ ഹ്രസ്വകാലത്തെങ്കിലും എന്നെന്നേക്കുമായി ലംഘിച്ചുകൊണ്ട് അധികാര പ്രമത്തതകള്‍ക്കെതിരെയുള്ള ഒരു ജനകീയ അജണ്ട സിനിമയില്‍ നിര്‍മിച്ചു എന്നതാണ് ഐ.വി. ശശി എന്ന സംവിധായകന്‍ മലയാള സിനിമയുടെ ചരിത്രത്തോട് ചെയ്ത കുറ്റം. എഴുപതുകള്‍’ എന്നെഴുതുമ്പോള്‍ അതിനെ ഭരതന്‍, പദ്മരാജന്‍ ജോര്‍ജുമാരിലേക്കും ചുരുക്കിക്കെട്ടുന്ന നമ്മുടെ ചലച്ചിത്ര ചരിത്രകാരന്മാര്‍ എന്നും ഓര്‍ക്കാന്‍ വിസമ്മതിക്കുന്ന പേരായി ഐ.വി. ശശി മാറിയതും ആ സിനിമ രാഷ്ട്രീയം സംസാരിച്ചു എന്ന കുറ്റംകൊണ്ടായിരുന്നു. എന്നാല്‍, ഐ.വി. ശശിയെ ചരിത്രത്തില്‍ പ്രസക്തനാക്കുന്നതും ഈ രാഷ്ട്രീയം തന്നെയാണ്. വ്യവസ്ഥിയോട് കലഹിച്ച ആ ചലച്ചിത്രകാരന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമങ്ങൾ