പരിമിതികളെ ഭേദിച്ചുകൊണ്ടുള്ള മികച്ച സൃഷ്ടി

0
309


ജോജി ഉള്ളന്നൂർ

പരിമിതികളെ ചെറുത്ത്‌ തോല്‍പ്പിക്കാനാണ് നാം പഠിച്ചിട്ടുള്ളത്. ഈ കോവിഡ് കാലം തന്നെയാണ് അതിന് ഉദാഹരണം. കോവിഡ് കാലത്തെ പരിമിതികളിൽ നിന്ന് ചിത്രീകരിച്ച സി യു സൂണെന്ന സിനിമ, പരിമിതികളെ ഭേദിച്ചുകൊണ്ടുള്ള മികച്ച സൃഷ്ടിയായി മാറുന്നത് അവിടെയാണ്.

മഹേഷ്‌ നാരായണൻ- ഫഹദ് ഫാസിൽ ടീമിന്‍റെ ബിഗ് ബജറ്റ് ചിത്രമായ മാലിക്കിനായി കാത്തിരിക്കുന്ന പ്രേക്ഷകരുടെ ഇടയിലേക്കാണ് പൂർണമായും ലോക്ക്ഡൌൺ സമയത്ത് ചിത്രീകരിച്ച പരീക്ഷണ ചിത്രമായ സി യു സൂൺ, ആമസോൺ പ്രൈമിലൂടെ എത്തിയത്. ഓണം റിലീസ് ആയി മലയാളികളിലേക്ക് എത്തിയ സി യു സൂൺ പ്രേക്ഷകരെ ഏതെല്ലാം രീതിയിൽ സംതൃപ്തിപ്പെടുത്തി?
2018ൽ പുറത്തിറങ്ങിയ സെർച്ചിങ് എന്ന ഇന്തോനേഷ്യൻ സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ കൊണ്ടാണ് സി യു സൂൺ ഒരുക്കിയിരിക്കുന്നത്. സൺ‌ഡേൻസ് ഫിലിം ഫെസ്റ്റിവലിൽ (Sundance Film Festival) പുരസ്‌കാരങ്ങൾ നേടിയ സെർച്ചിങ് അടുത്തിടെ ലോക സിനിമയിൽ സംഭവിച്ച ഏറ്റവും ധീരമായ മുന്നേറ്റങ്ങളിൽ ഒന്നാണ്. അതേ പാറ്റേൺ പിൻപറ്റി ഒരുക്കിയ സി യു സൂണും മലയാള സിനിമക്ക് സാധ്യതകളുടെ പുതിയൊരു വഴി തുറന്നു കൊടുക്കുകയാണ്.

C U Soon Movie Release Review Rating Live Updatesഎല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്‌ ചിത്രീകരണം പൂർത്തിയാക്കിയ സി യു സൂൺ 100 ശതമാനവും ഒരു പരീക്ഷണ ചിത്രമാണ്. സി യു സൂൺ തുറന്നു കാട്ടുന്ന ഏറ്റവും വലിയ സാധ്യതയാണ് virtual cinematography. കമ്പ്യൂട്ടർ ഗ്രാഫിക് സാധ്യതകളെയും പശ്ചാത്തലത്തെയും ഉപയോഗിച്ച് സിനിമാ അനുഭവം നൽകുന്ന രീതിയാണ് ഈ സാങ്കേതികവിദ്യ തുറന്നു തരുന്നത്. പ്രധാനമായും അനിമേഷൻ സിനിമകളിൽ ഉപയോഗിക്കുന്ന ഈ ടെക്നോളജി ഒരു കമ്പ്യൂട്ടർ എൻവിറോണ്മെന്‍റ് സൃഷ്ടിക്കാൻ സിനിമയിൽ സഹായകമാകുന്നു. സംവിധായകനായ മഹേഷ്‌ നാരായണൻ തന്നെയാണ് virtual cinematography കൈകാര്യം ചെയ്തിരിക്കുന്നത്. ഈ സാങ്കേതിക വിദ്യകൾ പ്രധാന ഘടകങ്ങളാണെങ്കിലും ഇതിനോടൊപ്പം തന്നെ കഥയും മുന്നിട്ടു നില്‍ക്കുന്നു.

പ്രധാനമായും മൂന്ന് കഥാപാത്രങ്ങളിൽ ചുറ്റിപ്പറ്റി മാത്രമാണ് കഥ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ പറയുന്ന കഥ അവരിലേക്ക് മാത്രമായി ഒതുങ്ങാൻ വീഡിയോ കോളിംഗ് ഫോർമാറ്റ്‌ വളരെ അധികം സഹായിച്ചിട്ടുണ്ട്. വളരെ ഗ്രിപ്പിങ് ആയ തിരക്കഥയുടെ ഏറ്റവും വലിയ ഗുണമാണ് സംവിധായകൻ ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ കഥാപാത്രങ്ങളെ പ്ലേസ് ചെയ്യുക എന്നത്. ആദ്യ പകുതിയിൽ നിഗൂഢതകൾ നിറച്ചും രണ്ടാം ഭാഗത്ത്‌ പ്രേക്ഷകനെ വികാരങ്ങൾ കൊണ്ട് സിനിമയിലേക്ക് അടുപ്പിച്ചും ഒരുക്കിയ തിരക്കഥ പരിമിതികളെ കവച്ചു വെട്ടുന്നു.

പൂർണമായും ഐ phoneൽ ചിത്രീകരിച്ച സിനിമയിൽ സെൽഫി ഫ്രെയിംസ് ആണ് കൂടുതലും. അതുകൊണ്ട് തന്നെ വളരെയധികം പ്രൊഫൈലിക്ക് ആയി പ്രേക്ഷകനെ അഭിസംബോധന ചെയ്യേണ്ട ആവശ്യകത അഭിനേതാക്കൾക്ക് കൂടുതൽ ആയിരിക്കും. ആ ദൗത്യം റോഷനും ദര്‍ശനയും ഫഹദ് ഫാസിലും എല്ലാം വ്യക്തമായി മനസിലാക്കികൊണ്ട് മനോഹരമായി നിർവഹിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ സിനിമയുടെ പല ഭാഗങ്ങളിലും നാം കഥാപാത്രങ്ങളോട് വീഡിയോ കോളിംഗ് ചെയ്യുകയാണോ എന്നുവരെ തോന്നി പോകും. എഡിറ്റിംഗ്, സൗണ്ട് എന്നിവയും അതിനോട് ചേർന്ന് നില്കുന്നു.

ഒരു ചാറ്റ് വിൻഡോയിൽ തുടങ്ങി മറ്റൊരു ചാറ്റ് വിൻഡോയിൽ അവസാനിക്കുന്ന സി യു സൂൺ ഇനിയും പറയാൻ ബാക്കിയായി ഒരുപാട് ഉണ്ട് എന്ന തോന്നലിലും പ്രതീക്ഷയിലുമാണ് പ്രേക്ഷകരിലൂടെ സഞ്ചരിക്കുന്നത്. സിനിമ എന്ന രീതിയിൽ ചില പരിമിതികൾ ചൂണ്ടി കാണിക്കാൻ ഉണ്ടെങ്കിലും പൂർണമായും ലോക്ക്ഡൌൺ കാലത്ത് ചിത്രീകരിച്ച ഈ സിനിമ പ്രതീക്ഷ എന്ന ഘടകം ബാക്കി വെക്കുന്നുണ്ടെങ്കിൽ അതിൽ കൂടുതൽ മറ്റെന്താണ് വേണ്ടത്.? സി യു സൂൺ പുതുമയുള്ള ഒരു അനുഭവം ആയിരിക്കും എന്ന് ഉറപ്പ്.