India
ഇന്ത്യയെ വിഴുങ്ങുന്ന ക്രോണി കാപിറ്റലിസം
രാഷ്ട്രീയവും വ്യാപാരവും തമ്മിലെ കൂട്ടുകച്ചവടം. അല്ലെങ്കില്‍ ഭരണത്തിന്റെ തണലും തലോടലും കൊണ്ട് മൂലധനവും ലാഭവും പെരുപ്പിക്കുന്ന പരിപാടി. മനുഷ്യരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന വിജ്ഞാനശാഖയാണ് സാമ്പത്തിക ശാസ്ത്രം എന്ന് നമുക്ക് അറിയാം. കാരണം മനുഷ്യന് മാത്രമാണ് ഭൂമുഖത്തെ ഒരേയൊരു പ്രത്യക്ഷ സാമ്പത്തിക ജീവി
214 total views

ക്രോണി ക്യാപിറ്റലിസം
രാഷ്ട്രീയവും വ്യാപാരവും തമ്മിലെ കൂട്ടുകച്ചവടം. അല്ലെങ്കില്‍ ഭരണത്തിന്റെ തണലും തലോടലും കൊണ്ട് മൂലധനവും ലാഭവും പെരുപ്പിക്കുന്ന പരിപാടി. മനുഷ്യരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന വിജ്ഞാനശാഖയാണ് സാമ്പത്തിക ശാസ്ത്രം എന്ന് നമുക്ക് അറിയാം. കാരണം മനുഷ്യന് മാത്രമാണ് ഭൂമുഖത്തെ ഒരേയൊരു പ്രത്യക്ഷ സാമ്പത്തിക ജീവി. ഭരണകൂടത്തിന്റെയും ഇതര മനുഷ്യരുടെയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോരുത്തരുടെയും ദൈനംദിന ഭൗതിക ജീവിതത്തെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്. എന്നാല്‍ ജാര്ഗണുകളുടെയും കടുകട്ടി സിദ്ധാന്തങ്ങളുടെയും ആവരണത്താല്‍ അവതരിപ്പിക്കപ്പെടുന്നു എന്നതിനാല്‍ സാമാന്യ മനുഷ്യര്‍ക്ക് തെല്ലും തിരിയാത്ത ഒന്നായി ആ വിജ്ഞാനം പുലരുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. വിലക്കയറ്റം, വിലയിടിയല്‍ തുടങ്ങിയ ആഘാതങ്ങള്‍ മാത്രമാണ് സാധാരണമനുഷ്യനെ ഈ വിജ്ഞാനവുമായി നേരിട്ട് ബന്ധിപ്പിക്കുന്നുള്ളൂ എന്നതാണ് സത്യം. കാര്യം അങ്ങനെ അല്ലെങ്കിലും.
മൂലധനം എന്ന് പറയുന്നത് മനസിലാക്കാന്‍ അത്ര പ്രയാസമുള്ള കാര്യമല്ല. നമ്മള് ആദ്യം സൂചിപ്പിച്ച വരാനിരിക്കുന്ന ദുരന്തത്തെ മനസിലാക്കാന്‍ ഇത്തിരി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. നമുക്കറിയാം, മൂലധനോന്മുഖമാണ് ലോകത്തിന്റെ സാമ്പത്തിക രംഗം. മുതലാളിത്തമാണ് ഇപ്പോഴത്തെ ലോകത്തിന്റെ ഭൂരിപക്ഷക്രമം. ഏറ്റവും വലിയ മൂലധന രാജ്യമായ അമേരിക്കയാണ് ലോകത്തെ മനുഷ്യരുടെ വിധാതാക്കള്‍. സമാധാനം മുതല്‍ സന്തോഷം വരെ, ആഹാരം മുതല്‍ പട്ടിണി വരെ അവര്‍ നിയന്ത്രിക്കുന്നു. അതൊന്നും പറയാന്‍ കോടതി വിലക്കില്ല താനും.
സമകാലിക ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ വലിയ പ്രവണതകളില്‍ ഒന്നാണ് ശതകോടീശ്വരന്മാര്. 2004-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ വെറും പതിമൂന്ന് ശതകോടീശ്വരന്മാരാണ് ഉണ്ടായിരുന്നത്. 2009-ല്‍ അത് 49 ആയി. ചങ്ങാത്ത മുതലാളിത്തം എന്താണെന്നും അത് വിതക്കുന്ന ദുരന്തം എന്താണെന്നും മനസിലാക്കാനാണ് നമ്മള് ഈ കണക്കുകള്‍ ഇപ്പോള്‍ പറയുന്നത്. 2010-ല്‍ ശതകോടീശ്വരന്മാരുടെ എണ്ണം 69 ആയി. 2017 ആകുമ്പോള്‍ കണ്ണും പൂട്ടിയുള്ള വളര്‍ച്ചയാണ് ഈ വിഭാഗത്തിന്. ഫോബ്സിന്റെ ഒരു പട്ടികയില്‍ എണ്ണം 82 ആണ്. റിയല്‍ എസ്റ്റേറ്റുകാരുടെ തള്ളിക്കയറ്റമാണ് പട്ടികയില്‍. 1998-ലെ കണക്കുപ്രകാരം ദേശീയ വരുമാനത്തിന്റെ ഒരു ശതമാനം മാത്രമായിരുന്നു ശതകോടീശ്വരന്മാരുടെ സ്വത്ത് എങ്കില്‍ 2008-ല്‍ അത് 27 ശതമാനമായി വര്‍ധിച്ചു.
ഇത് കൂടി നോക്കാം. ഓക്സ്ഫാം ഈ വര്‍ഷം പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യന്‍ ജനസംഖ്യയില്‍ എഴുപത് ശതമാനത്തിന്റെ ആകെ സമ്പത്തിനെക്കാള്‍ മുകളിലാണ് വെറും 57 ശതകോടീശ്വരന്മാര് കൈവശം വെച്ചിരിക്കുന്ന സ്വത്ത്. അതേ കണക്ക് പ്രകാരം 2016-ല്‍ രാജ്യത്തിന്റെ 58.4 ശതമാനം സ്വത്തും മുകേഷ് അംബാനിയും ദിലീപ് സാംഘ്വിയും അസിം പ്രേംജിയും നേതൃത്വം കൊടുക്കുന്ന ശതകോടീശ്വരന്മാരുടെ കൈയിലാണ്. ബ്രിട്ടീഷ് രാജില്‍ നിന്ന് ബില്ല്യണര്‍ രാജിലേക്ക് എന്ന പ്രയോഗം യാഥാര്‍ത്ഥ്യമാവുകയാണ് ഇന്ത്യയില്‍. ലോകോത്തര സമ്പദ് ശാസ്ത്രജ്ഞന് തോമസ് പിക്കറ്റിയും ലൂക്കാസ് ചാന്‍സലും ചേര്‍ന്നെഴുതിയ ഇന്ത്യന്‍ ഇന്‍കം ഇനീക്വാലിറ്റി 1922-2014 എന്ന വിഖ്യാത പ്രബന്ധത്തിലാണ് ഈ പ്രയോഗമുള്ളത്.
ശതകോടീശ്വരന്മാര് പെരുകുന്നതും രാജ്യത്തിന്റെ സമ്പത്ത് അവരുടെ കൈകളില്‍ കേന്ദ്രീകരിക്കുന്നതും കണക്കുകളിലൂടെ കണ്ടല്ലോ? ശരി. ഇത് മുതലാളിത്തത്തിന്റെ മറ്റൊരു മുഖമാണ്. മുതലാളിത്തം ഒരു സാമൂഹ്യസംവിധാനം എന്ന നിലയില്‍ മൂലധനം ആര്‍ജിക്കുന്നതില്‍ അദ്ഭുതമില്ല. അതിവേഗമുള്ള മൂലധന സംഭരണമാണ് മുതലാളിത്തത്തിന്റെ പ്രത്യേകതയെന്ന് കാള്‍ മാര്‍ക്സ് തെളിയിച്ചിട്ടുണ്ട്. ഈ മൂലധന സംഭരണമാണ് മുതലാളിത്തത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. പണ്ടേ അങ്ങനെയാണെന്ന് മാര്‍ക്സ് വിശദീകരിച്ചിട്ടുമുണ്ട്. പ്രാകൃത മൂലധന സംഭരണം എന്ന വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. കൊള്ളയും മോഷണവുമായിരുന്നു ആ പരിപാടി.
കൃഷിക്കാരുടെ ഭൂസ്വത്ത് മുഴുവന്‍ ഇംഗ്ലണ്ടിലെ പ്രഭുക്കളും മുതലാളിമാരും വളച്ചുകെട്ടിയെടുത്ത് കര്‍ഷകരെ കാര്‍ഷിക മേഖലയില്‍ നിന്ന് പിഴുതെറിഞ്ഞത് ഉദാഹരണമാണ്. കൊളോണിയല്‍ കാലഘട്ടത്തിന്റെ ആരംഭകാലത്ത് ആഫ്രിക്കയിലും, ഏഷ്യയിലും ലാറ്റിനമേരിക്കയിലും യൂറോപ്യന്‍ മുതലാളിമാര്‍ നടത്തിയ നരനായാട്ടും കൊളളയുമാണ് യൂറോപ്യന്‍ മുതലാളിത്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രാകൃത മൂലധന സംഭരണ സ്രോതസ്സ്. ഈ കവര്‍ച്ച മുതല്‍ മുതല്‍മുടക്കിയാണ് വ്യവസായ വിപ്ലവത്തിന് അരങ്ങൊരുക്കിയത്. എന്നാല്‍ ഈ സംഗതിയല്ല ഇന്ത്യയില്‍ നടന്നത്. സവിശേഷമായ ഒരു പരിപാടിയായിരുന്നു അത്. യൂറോപ്പില്‍ വ്യവസായ വിപ്ലവമെല്ലാം കഴിഞ്ഞാണ് കുത്തക കുടുംബങ്ങള്‍ രൂപം കൊള്ളുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍. എന്നാല്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിന് മുന്‍പ് തന്നെ ഇന്ത്യന്‍ കുത്തക കുടുംബങ്ങള്‍ രൂപം കൊണ്ടിരുന്നു. ബിര്‍ളയെ ഓര്‍ക്കുന്നുണ്ടല്ലോ? സ്വാതന്ത്ര്യത്തിന് ശേഷമുള്ള കാലത്ത് അവ പിന്നെയും വളര്‍ന്നു. ഈ കാലഘട്ടത്തിലും അവരുണ്ട്. ഒപ്പം പുതിയ കുത്തകകളും പുതിയ ശതകോടീശ്വരന്മാരും. അവരുടെ സാമ്പത്തിക അല്ലെങ്കില്‍ മൂലധന ഉറവിടം എന്താണ്?
ആ ഉറവിടത്തിന്റെ വേരുകളാണ് ചങ്ങാത്ത മുതലാളിത്തം അഥവാ ക്രോണി ക്യാപിറ്റലിസത്തിലുള്ളത്. അത് നീതിപൂര്‍വമായ മൂലധന സമാഹരണമല്ല. സ്വതന്ത്രമായ കമ്പോള മത്സരത്തിലൂടെ ഏറ്റവും കാര്യക്ഷമമായി ഉല്പാദനം നടത്തുന്ന മുതലാളിമാര്‍ മിച്ചമൂല്യം കരസ്ഥമാക്കുന്നതും അത് അവര്‍ വീണ്ടും മുതല്‍ മുടക്കുന്നതും ആ പരിപാടി ആവര്ത്തിക്കുന്നതുമാണല്ലോ മാര്‍ക്സ് വിശേഷിപ്പിച്ച മൂലധന സംഭരണം. അതില്‍ സാമൂഹ്യമായ ഒരു കൊടുക്കല്‍ വാങ്ങലുണ്ട്. സമൂഹത്തിന്റെ താരതമ്യേനയെങ്കിലും നീതിപൂര്‍ണമായ പാരസ്പര്യമുണ്ട്. അവിടെ കാര്യക്ഷമതയാണ് വളര്‍ച്ചയുടെ മാനദണ്ഡം. ക്രോണി ക്യാപിറ്റലിസത്തില്‍ അതില്ല. കാര്യക്ഷമതയല്ല, ഭരണകൂടവുമായുള്ള ബാന്ധവമാണ് മൂലധന സമാഹരണത്തിന്റെ ഉറവിടം. സ്വതന്ത്ര കമ്പോളത്തിലെ നീതിപൂര്‍വമായ മത്സരമല്ല നടക്കുന്നത്. ഭരണകൂടത്തിന്റെ ഒത്താശയില്‍ കുത്തക സഥാപിക്കലാണ്. അതു വഴി മത്സരം ഇല്ലാതാക്കലും വളരലുമാണ്. അംബാനി, അദാനി എന്നീ പേരുകള്‍ ഓര്‍ക്കാം. അദാനിയെ ഓര്‍ത്തതിനാല്‍ ‘പണി കിട്ടിയ’ ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി എഡിറ്ററെ ഓര്‍ക്കാം.
നാം ഭയപ്പെടണം. 1998 മുതല്‍ 2002 വരെ അര്‍ജന്റീന എന്ന രാജ്യം കടന്നുപോയ ദുര്‍ദിനങ്ങള്‍ നമ്മള് ഓര്‍ക്കണം. ഇന്ന് ഇന്ത്യയില്‍ കാണുന്ന അതേതരം വലതുപക്ഷ സര്‍ക്കാര്‍, അതേതരം ബന്ധുക്കളായ ചെറുപ്പക്കാര്‍. അവരുടെ അനിയന്ത്രിതവും അസാധാരണവുമായ സാമ്പത്തിക വളര്‍ച്ച ആ രാജ്യത്തെ തകര്‍ത്തു. കമ്പോളം എന്ന ചലനാത്മകത ഇല്ലാതായി. കറന്‍സി കൂപ്പുകുത്തി. ശതകോടികളുമായി കുത്തകകള്‍ മൗറീഷ്യസിലേക്കും മറ്റ് ഭൂമികളിലേക്കും കടന്നു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നു. കലാപങ്ങള്‍ പുറപ്പെട്ടു. ഇന്നും കരകയറുന്നതേയുള്ളൂ ആ രാജ്യം.
ഫാഷിസം കോര്പറേറ്റിസമാണെന്ന് പറഞ്ഞത് മുസോളിനിയാണ്. കോര്‍പറേറ്റുകള്‍ക്കായാണ് ഭരണം. ശരി. കോര്‍പറേറ്റിസം ജനാധിപത്യത്തോടുള്ള ചതിയാണ്. ആ കോര്‍പറേറ്റിസം ക്രോണി കോര്പറേറ്റിസമാകുമ്പോള് ഇരട്ടിച്ചതിയാവും. പെേട്രാളിയം, വാര്‍ത്താ വിനിമയം തുടങ്ങി സമസ്ത മേഖലകളും ഭരണകൂടത്തിന്റെ ബന്ധുക്കള്‍ കയ്യടക്കുന്നു. കൊട്ടാരഭരണമെന്ന ദുര്‍മേദസ് പ്രത്യക്ഷമാകുന്നു. ചങ്ങാത്ത മുതലാളിത്തം ബന്ധുവീടുകളുടെ മറപറ്റി നമ്മുടെ രാജ്യെത്ത വിഴുങ്ങുകയാണ്. ബീഫുമുതല് താജ്മഹല്‍ വരെ ഉയര്‍ത്തി ഭരണകൂടം നടത്തുന്ന കണ്കെട്ടുകളികള്ക്കിടയിലൂടെ അവര്‍ കുതിച്ചുകയറുകയാണ്. അത് കാര്‍ഷിക സമ്പദ് വ്യവസ്ഥയാലും സ്വാഭാവിക വിപണിയാലും നയിക്കപ്പെടുന്ന നമ്മുടെ രാജ്യത്തിന്റെ സമ്പദ്രംഗത്തെ പൂര്‍ണമായും തകര്‍ക്കും. ദേശീയഗാനം നൂറ്റൊന്നാവര്‍ത്തിച്ചാലും സമ്പദ് വ്യവസ്ഥ എഴുന്നേല്‍ക്കില്ല.
215 total views, 1 views today