ജോജു ജോർജും പോലീസ് കഥാപാത്രങ്ങളും
രാഗീത് ആർ ബാലൻ
ജോജു ചേട്ടന്റെ ഫിലിമോഗ്രാഫി പരിശോദിച്ചാൽ 2013ൽ ഹോട്ടൽ കാലിഫോണിയിലെ ഭരത് ചന്ദ്രൻ ഐ പി സ് 2015ൽ സെക്കന്റ് ക്ലാസ്സ് യാത്രയിലെ കോൺസ്റ്റബിൾ ജോളി കുര്യൻ 2016ൽ ആക്ഷൻ ഹീറോ ബിജുവിലെ ഹെഡ് കോൺസ്റ്റബിൾ മിനിമോൻ 2018ൽ കളിയിലെ സി ഐ തിലകൻ അതേവർഷം തന്നെ പൂമരത്തിലെ പോലീസ് ഇൻസ്‌പെക്ടർ ദയ സ്വരൂപ് ഞാൻ മേരികുട്ടിയിലെ എസ് ഐ കുഞ്ഞി പാലു ജോസഫിലെ റിട്ടയർ പോലീസുകാരനായ ജോസഫ് 2020ൽ നായാട്ടിലെ എ സ് ഐ മണിയൻ 2022ൽ സോളമന്റെ തേനീച്ചകളിലെ സി ഐ സോളമൻ 2023ൽ ഇരട്ടയിലെ പ്രമോദും വിനോദും അങ്ങനെ ഒട്ടനവധി പോലീസ് കഥാപാത്രങ്ങൾ പല വർഷങ്ങളിൽ ചെയ്തിട്ട് ഉള്ളതായി കാണാൻ സാധിക്കും.
നെടുനീളൻ ഡയലോഗ് പറയുന്ന നായകനായ പോലീസ് കഥാപാത്രങ്ങൾ അല്ല പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ചെയ്യുന്ന പോലീസ് കഥാപാത്രങ്ങൾ അല്ല നായികക്കൊപ്പം ആടി പാടി നടക്കുന്ന നായകനായ പോലീസ് കഥാപാത്രങ്ങൾ അല്ല . ഏതു ശക്തനായ വില്ലനെയും ക്ലൈമാക്സിൽ തീപാറുന്ന ഡയലോഗുകൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും കീഴ്പെടുത്തുന്ന നായകനായ പോലീസ് കഥാപാത്രങ്ങളും അല്ല ഇവയൊന്നും. നമുക്ക് പരിചയം ഉള്ള നമുക്ക് ചുറ്റുപാടുമുള്ള പോലീസ്കാരിൽ ഒരാൾ മാത്രം ആണ് അയാൾ..ഭരത് ചന്ദ്രനെ പോലെ അല്ല ജോളി കുര്യൻ അയാളെ പോലെ അല്ല മണിയനും സോളമനും കുഞ്ഞി പാലുവും ഒന്നും.ഇവർ ആരെയും പോലെയുമല്ല അവസാനം വന്ന ഇരട്ടയിലെ പ്രമോദും വിനോദും..
ഓരോ പോലീസ് കഥാപാത്രങ്ങൾക്കും പല വിധ ശരീര ഭാഷയാണ് അദ്ദേഹം നൽകിയിട്ടുള്ളത് .ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഒരു ഐഡന്റിറ്റി അല്ലെങ്കിൽ ഒരു സിഗനേച്ചർ ഉണ്ടാകും.ഒരിക്കൽ പോലും ഒരു ആവർത്തന വിരസത എനിക്ക് അനുഭവപ്പെട്ടിട്ടില്ല അദ്ദേഹത്തിന്റെ ഒരു കഥാപാത്രങ്ങളോടും. കഥാപാത്രങ്ങൾ എല്ലാം തന്നെ എന്നിലെ പ്രേക്ഷകനെ സ്വാധിനിച്ച ഘടങ്ങൾ ആണ്.എന്റെ മനസ്സിൽ കണ്ട നാൾ മുതൽ ആഴത്തിൽ പതിഞ്ഞു പോയ പോലീസ് കഥാപാത്രങ്ങൾ.നിസഹായതകൾക്കും തിരിച്ചറിവുകൾക്കു മുൻപിലും കരയുന്ന സാധാരണ പോലീസ് കഥാപാത്രങ്ങൾ. ചില കഥാപാത്രങ്ങൾ ചിരിപ്പിച്ചപ്പോൾ ചില കഥാപാത്രങ്ങൾ അങ്ങേയറ്റം എന്റെ മനസ്സിനെ മുറിവേല്പിച്ചു.. മേരി കുട്ടിയിലെ കുഞ്ഞിപ്പാലുവിനോട് വല്ലാത്ത ദേഷ്യവും വിരോധവും എല്ലാം ഉണ്ട്..
ഇനിയും കാത്തിരിക്കുന്നു ജോജു ചേട്ടനിൽ നിന്നും വ്യത്യസ്ത പോലീസ് കഥാപാത്രങ്ങൾക്ക് ആയി… ഇത് എഴുതി നിർത്തുമ്പോൾ നായാട്ടിലെ മണിയൻ പോലീസിന്റെ അവസാന വാക്കുകൾ ഓർമ വരുന്നു
“ഇതെന്റെ മരണ മൊഴിയാണ്..ആ വണ്ടി എന്റെയാണ്.. വണ്ടി ഓടിച്ചത് ഞാനല്ല പെങ്ങളുടെ മോൻ ആണ്..ആ പാവങ്ങൾ എന്റെ കൂടെ വെറുതെ കേറിയതാണ്..എന്റെ മോൾ ഒരു കൊലപാതകിയുടെ മകളായി ജീവിക്കണ്ട..ഇതെന്റെ മരണ മൊഴി ആയി കണക്കാക്കി സത്യസന്ധമായി കേസ് അന്വേഷിക്കണം..ആ പാവങ്ങളെ വെറുതെ വിടണം ഞാൻ അവസാനിപ്പിക്കുകയാണ്…”
നോട്ടം കൊണ്ടും സംഭാഷണ ശൈലി കൊണ്ടും പല വിധ മാനറിസങ്ങൾ കൊണ്ടും കണ്ണുകളുടെ ചലനങ്ങൾ കൊണ്ടും എല്ലാം എത്ര എത്ര പോലീസ് കഥാപാത്രങ്ങൾക്ക് ആണ് അദ്ദേഹം ജീവൻ നൽകിയിട്ടുള്ളത് വര്‍ഷങ്ങളോളം പല സിനിമകളിൽ നിശബ്ദനായി നില്‍ക്കേണ്ടി വന്ന ഒറ്റ സീനില്‍ ഒരു വാക്ക് പോലും മിണ്ടാനില്ലാത്ത കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്ന നടൻ..