(മാത്യു ജോസഫ്)
Jokin Antony Manjila

 

നാട്ടിലെ സീറോ മലബാര്‍ മെത്രാന്‍മാരും അച്ചന്‍മാരും ധ്യാന ബിസിനസുകാരും മറ്റ് സകലമായ ഉഡായിപ്പുകളും അറിയുന്നതിന്.ഞാന്‍ ഇതെഴുതുന്നത് ദുബായില്‍നിന്നാണ്.

എം.എയും ബി.എഡും കഴിഞ്ഞ് ഇടവക മുതല്‍ അരമന വരെ ഉള്ള സകലമാന തിണ്ണകളും നിരങ്ങിയിട്ടും ഗതി പിടിക്കാഞ്ഞിട്ടാണ് പന്ത്രണ്ടു കൊല്ലം മുമ്പ് ഇങ്ങോട്ടു പോന്നത്.
മെത്രാന്‍മാരുടെയും അച്ചന്‍മാരുടെയും ബന്ധുക്കള്‍ക്കും വല്യ കുടുംബക്കാര്‍ക്കും കാലു തിരുമ്മാന്‍ നടക്കുന്നവര്‍ക്കും മാത്രം പള്ളിവക എയ്ഡഡ് സ്‌കൂളുകളില്‍ നിയമനം കൊടുക്കുന്നതു കണ്ട് മനസു മടുത്ത് സര്‍ട്ടിഫിക്കറ്റുകളെല്ലാം കീറിക്കളഞ്ഞ് വല്ല വാര്‍ക്കപ്പണിക്കും പോകാമെന്നു വിചാരിച്ചിരുന്നപ്പോള്‍ നാട്ടുകാരനായ ഒരു ഇക്കായാണ്(നിങ്ങടെ ഭാഷയില്‍ പറഞ്ഞാല്‍ മേത്തന്‍) ഇങ്ങോട്ടു കൊണ്ടുവന്നത്.പഠിച്ചതുമായി ബന്ധമില്ലാത്ത പണിയാണ് ഇവിടെ കിട്ടിയത്. അതും കട്ടപ്പണി. എന്നാലും കഴിഞ്ഞ പന്ത്രണ്ടു കൊല്ലംകൊണ്ട് മൂന്നു പെങ്ങമ്മാരെ കെട്ടിച്ചയച്ചു. ഞാനും കെട്ടി. മൂന്നു മുറീല് ചെറിയൊരു വീടും പണിതു. കര്‍ത്താവിന് സ്തുതി. പിന്നെ കര്‍ത്താവ് പറഞ്ഞയച്ചതുപോലെ എന്നെ കരകയറ്റിയ മാന്യനായ അറബിക്കും. അന്നും ഇന്നും അങ്ങേരുടെ കമ്പനിയില്‍തന്നെയാണ് ജോലി. തലയിലെ തുണിയും കെട്ടും മാറ്റിവച്ചാല്‍ അദ്ദേഹം നാഗമ്പടം പള്ളിയിലെ അന്തോനീസ് പുണ്യാളനെപ്പോലിരിക്കും.

അത് ഒരുപക്ഷെ അന്തോനീസു പുണ്യാളന്‍ തന്നെ അല്ലെന്ന് എന്താണ് ഉറപ്പെന്നാണ് പണ്ട് അമ്മച്ചി ചോദിച്ചത്. ഇപ്പോഴും ഫോണ്‍ ചെയ്യുന്പോള്‍ അമ്മച്ചി പറയും നിന്‍റെ അന്തോണീസ് അറബിക്കുവേണ്ടി ഞാന്‍ എന്നും പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന്.ഇവിടെ ഒരു ഡോര്‍മിറ്ററിയിലായിരുന്നു പത്തു കൊല്ലമായി താമസം. ഡോര്‍മിറ്ററി എന്താണെന്ന് പിതാക്കന്‍മാര്‍ക്കും അച്ചമ്മാര്‍ക്കും അറിയാന്‍ സാധ്യതയില്ല. നിങ്ങളുടെ സെറ്റപ്പ് വേറെയാണല്ലോ! ഗൂഗിളില്‍ തപ്പി നോക്കുക. അല്ലെങ്കില്‍ പ്രവാസം കഴിഞ്ഞെത്തിയ സത്യവിശ്വാസികളോടു ചോദിക്കുക. ഡോര്‍മിറ്ററി ജീവിതത്തിന്‍റെ സുഖം അറിയാം.
എന്‍റെ ഡോര്‍മിറ്ററിയില്‍ ഒരുപാടു രാജ്യക്കാരും മതക്കാരുമുണ്ടായിരുന്നു. അവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു. പിന്നെ നാട്ടില്‍നിന്നുതന്നെയുള്ള ഹിന്ദുക്കളും എന്നെപ്പോലെയുള്ള ചില ക്രിസ്ത്യാനികളും.

പക്ഷെ, ഞങ്ങള്‍ക്കിടയില്‍ ജാതിയും മതവും ഒന്നുമില്ല. വെള്ളിയാഴ്ച്ചകളില്‍ മുസ്ലിം സഹോദരങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഞങ്ങളും മനസുകൊണ്ട് അവര്‍ക്കൊപ്പമുണ്ടായിരുന്നു. ക്രിസ്മസവും വിഷവും ഓണവും റമദാനുമൊക്കെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് ആഘോഷിക്കും.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ നേരത്തെ പറഞ്ഞ അന്തോനീസ് പുണ്യാളന്‍ അറബിതന്നെ ഒരു ഫ്‌ളാറ്റെടുത്തു തന്നു. നാലു മുറികളിലായി ഞങ്ങള്‍ എട്ടു പേര്‍ അവിടെ താമസിക്കുന്നു. അതിലും പല മതക്കാരുണ്ട്. സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയഭ്രാന്തന്‍മാര്‍ അഴിഞ്ഞാടിയ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് പത്തോളം വാട്‌സപ്പ് ഗ്രൂപ്പുകളില്‍നിന്ന് സ്വയം ഒഴിവായ കഥയാണ് എന്‍റെ കൂടെ താമസിക്കുന്ന തിരുവനന്തപുരം ജില്ലക്കാരനായ ഹിന്ദു സഹോദരന്‍ പറഞ്ഞത്. മോദിവന്നാലും രാഹുല്‍ വന്നാലും നമ്മക്ക് ജീവിക്കണേല്‍ നമ്മളിവിടെ പണിയെടുക്കണം എന്നതായിരുന്നു അവന്‍ പറഞ്ഞ ലോജിക്ക്. വികാരത്തെക്കാള്‍ വിവേകവും ജീവിത യാഥാര്‍ത്ഥ്യങ്ങളുമാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നതെന്ന് സാരം.

ജാതിയും മതവും രാജ്യവും പരിഗണിക്കാതെ ഓരോരുത്തരുടെയും അടിയന്തര ആവശ്യങ്ങളില്‍ ഞങ്ങളെല്ലാം കട്ടയ്ക്ക് കൂടെ നില്‍ക്കും. ജാതിയുടെയും രാഷ്ട്രീയത്തിന്‍റെയും പേരിലുള്ള പുകിലുകളൊന്നും ഞങ്ങളെ ബാധിക്കാറേയില്ല. പറഞ്ഞുവന്നത് നാട്ടില്‍ ഇപ്പോള്‍ കെ.സി.ബി.സി മെത്രാന്‍മാരും ചില ധ്യാന ഗുരുക്കന്‍മാരും മുസ്ലിങ്ങള്‍ക്കെതിരെ നടത്തുന്ന പ്രസ്താവനകളെക്കുറിച്ചാണ്.ഞാന്‍ ചെറിയൊരു ഉദാഹരണം മാത്രമാണ്. എന്നെപ്പോലെ ലക്ഷക്കണക്കിന് കത്തോലിക്കാ യുവതീയുവാക്കളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇവിടുത്തെ ഭരണാധികാരികളുടെയും നാട്ടുകാരുടെ മഹാമനസ്‌കതകൊണ്ടും മുസ്ലിങ്ങളായ സഹപ്രവര്‍ത്തകരുടെ സഹകരണംകൊണ്ടും ജീവിതം കെട്ടിപ്പൊക്കുന്നത്.

കഴിഞ്ഞ പത്തു മുപ്പതു കൊല്ലം നാട്ടില്‍ സഭയുടെ സ്ഥാപനങ്ങളില്‍ നഴ്‌സിംഗ് പഠിച്ചവരില്‍ പതിനായിരക്കണക്കിന് പെണ്‍കുട്ടികള്‍ ഗള്‍ഫ് രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നതെന്ന് മനസിലാക്കുക. യു.എ.എയിലെയും സൗദിയിലെയും സര്‍ക്കാരുകളും തൊഴിലുടമകളും നിങ്ങളെപ്പോലെ ചിന്തിച്ചിരുന്നെങ്കില്‍ ലക്ഷക്കണക്കിന് നസ്രാണി കുടുംബങ്ങള്‍ വഴിയാധാരമാകുമായിരുന്നു.
നാട്ടില്‍ തുടര്‍ച്ചയായി നിങ്ങള്‍ നടത്തുന്ന പ്രസ്താവനകള്‍ മുസ്ലിം സമൂഹത്തെ ഒന്നാകെ തീവ്രവാദികളാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കരുത്തേകുകയാണ് എന്നോര്‍ക്കുക. പീഡനം നടത്തിയ മെത്രാനെയും അച്ചനെയും സംരക്ഷിക്കാന്‍ സഭതന്നെ മുന്നിട്ടിറങ്ങുകയും വിവാദമയപ്പോള്‍ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഭയെ ക്രൂശിക്കരുതെന്ന് പറയുകയും ചെയ്തവരാണ് നിങ്ങള്‍. അതേ ആളുകള്‍ ലൗ ജിഹാദിന്‍റെയും തീവ്രവാദത്തിന്‍റെയും പേരില്‍ മുസ്‌ലിം സമൂദായത്തെ ഒന്നടങ്കം അവഹേളിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കുക.

ഭൂമി കച്ചവടവും പീഡനവും ഉള്‍പ്പെടെ നിങ്ങള്‍ ചെയ്തു കൂട്ടുന്ന വൃത്തികേടുകള്‍ക്ക് മറയിടാനാണ് ലൗ ജിഹാദ് വിവാദവും ടിപ്പു സുല്‍ത്താന്‍റെ ചരിത്രവുമൊക്കെ വലിച്ചിഴയ്ക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ മുസ്ലിങ്ങളും മനുഷ്യരാണ്. കെ.സി.ബി.സിയും ധ്യാനഗുരുക്കന്‍മാരുമൊക്കെ തുടര്‍ച്ചയായി അവരുടെ സമൂദായത്തെ അധിക്ഷേപിക്കുമ്പോള്‍ അവര്‍ക്ക് വിഷമമുണ്ടായാല്‍ അത് ബാധിക്കുന്നത് എന്നെപ്പോലെ ഗള്‍ഫ് രാജ്യങ്ങളില്‍ മുസ്ലിം സഹോദരന്‍മാര്‍ക്കൊപ്പം കുടുംബാംഗങ്ങളെപ്പോലെ കഴിയുന്ന ലക്ഷങ്ങളെയാണ്.
ഇന്ത്യയില്‍ അവരുടെ നിലനില്‍പ്പിനുതന്നെ ഭീഷണി ഉയര്‍ത്തുന്ന ഹിന്ദു വര്‍ഗീയ വാദികള്‍ക്ക് കത്തോലിക്കാ മെത്രാന്‍മാരും ധ്യാനഗുരുക്കന്‍മാരും പിന്തുണ നല്‍കുമ്പോള്‍ ഗള്‍ഫിലെ ഡോര്‍മിറ്ററികളിലെയും തൊഴില്‍ സ്ഥലങ്ങളിലെയും മതേതര സൗഹാര്‍ദ്ദത്തിനും ഞങ്ങളുടെ ഉപജീവനത്തിനുമാണ് നിങ്ങള്‍ തുരങ്കം വയ്ക്കുന്നത്.

പ്രിയ മെത്രാന്‍മാരേ…ഇവിടെനിന്നു ഞങ്ങള്‍ തിരിച്ചുവന്നാല്‍ ഒരുനേരത്തെ അഹാരം തരാന്‍ നിങ്ങള്‍ തയ്യാറാവില്ലെന്നറിയാം. മാമ്മോദിസയ്ക്കും ആദ്യ കുര്‍ബാനയ്ക്കും കല്യാണത്തിനും ശവമടക്കിനും നിങ്ങള്‍ പറയുന്നത് എണ്ണി നല്‍കാന്‍ വിധിക്കപ്പെട്ടവരാണ് ഞങ്ങള്‍. എന്നെ സംബന്ധിച്ചിടത്തോളം കര്‍ദ്ദിനാളിനേക്കാള്‍, മെത്രാന്‍മാരേക്കാള്‍, അച്ചന്‍മാരേക്കാള്‍ വലുത് ജീവിക്കാന്‍ വഴി കാട്ടിത്തന്ന അന്തോണീസ് അറബിയും കൂടെപ്പിറപ്പുകളെപ്പോലെ കൂടെ നില്‍ക്കുന്ന മുസ്ലിം സഹോദരങ്ങളുമാണ്.
ഇവിടെ മേത്തന്‍മാരുടെ കാരുണ്യവും സ്‌നേഹവും കൊണ്ട് ഞങ്ങള്‍ എങ്ങനെയെങ്കിലും ജീവിച്ചുപോട്ടെ. ഉപകാരം ചെയ്തില്ലെങ്കിലും ഞങ്ങളുടെ കഞ്ഞിയില്‍ മണ്ണു വാരി ഇടാതിരുന്നുകൂടെ..?
അള്‍ത്താരയില്‍ സ്‌നേഹം പ്രസംഗിച്ചശേഷം പുറത്തിറങ്ങി വിദ്വേഷം വിളമ്പാതെ എല്ലാവരെയും ബഹുമാനിക്കാന്‍ പഠിക്കുക.

(മാത്യു ജോസഫ്)
Jokin Antony Manjila

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.