നാട്ടിൽ കണ്ടു മറന്ന ഒരുപാട് കുഞ്ഞിരാമന്മാരുടെ പ്രതിനിധി കൂടെയാണയാൾ

0
311

 Jokson John

കുതിരവട്ടം പപ്പു എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും ഓർമ്മയിലെത്തുന്നത് വെള്ളാനകളുടെ നാട്ടിലെ സുലൈമാനും തേന്മാവിൻ കൊമ്പത്തിലെ അമ്മാവനുമൊക്കെയായിരിക്കും.എണ്ണിയാൽ തീരാത്ത കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും എന്തുകൊണ്ടോ വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കുഞ്ഞിരാമനാശാനാണ് ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.വെറും മിനിറ്റുകൾ മാത്രമുള്ള വേഷമായിട്ടുകൂടി വല്ലാതെ ആഴത്തിൽ പതിഞ്ഞ കഥാപാത്രം.അതു ചിലപ്പോ റോയിയോടുള്ള ഇഷ്ടം കൊണ്ടാവാം. റോയിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ നിമിത്തമാവുന്ന കഥാപാത്രങ്ങളിലൊന്നാണ് കുഞ്ഞിരാമനാശാൻ.എത്ര കണ്ടാലും മടുക്കാത്ത രംഗം ഒന്നു കൂടെ റീവൈൻഡ് ചെയ്‌താൽ
വക്കീൽ
-“ഈ ഭാഗത്തു മൂപ്പരുടെ ശിഷ്യന്മാരെയുള്ളൂ”
റോയിയെ ശകാരിക്കുമ്പോഴുള്ള ചിലത് …
ഓട്ടോമൊബൈൽ എൻജിനീയറിങ്ങും ഫസ്റ്റ് ക്ലാസ്സുമൊക്കെ കേൾക്കുമ്പോൾ,
“എന്നാ അതു ചുരുട്ടി കോണാനുടുത്തോ”
“തിന്നിട്ട് എല്ലിന്റുള്ളീ കേറീപ്പോ തള്ളേനേം തന്തേനേം മറന്ന് തെമ്മാടിത്തരം കാണിച്ചിട്ട് …. അവൻറെയൊരവസ്ഥ ..!”
“തൻറെ വലിപ്പോ …ഇവൻറെ വലിപ്പോ നൂറിൻറെ വലിപ്പോ കണ്ടിട്ടല്ല , ഒരു പെണ്ണിന് വയറ്റിലെണ്ടാക്കീട്ട് പൊടീം തട്ടി മുങ്ങീല്ലല്ലോ ഈ കഴുതമോറൻ…!”

അയാളേക്കാൾ മികച്ച ഒരു mentor വേറെയില്ല. അദ്ധ്വാനിക്കാൻ മനസ്സില്ലാത്തവന് അവിടെ സ്ഥാനവുമില്ല.പണത്തിനും മുകളിൽ ethics നെ മുറുകെ പിടിക്കുന്ന പോലെ ഗ്രീസ് പുരണ്ട സ്പാനറിലേക്ക് റോയിയെ ഉറച്ചു പിടിപ്പിക്കുമ്പോൾ അതയാളുടെ വഴുതിയ ജീവിതത്തിൻറെ തിരിച്ചു പിടിക്കൽ കൂടിയാവുന്നു.
അപ്പൊ റോയിയോടുള്ള ഇഷ്ടം കൊണ്ട് മാത്രമല്ല കുഞ്ഞിരാമനാശാൻ ഇത്ര പ്രിയപ്പെട്ടതാവുന്നത് .നാട്ടിൽ കണ്ടു മറന്ന ഒരുപാട് കുഞ്ഞിരാമന്മാരുടെ പ്രതിനിധി കൂടെയാണയാൾ.

ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത കൂടുമ്പോൾ പലപ്പോഴും ബിസിനസ്സ് മറന്ന് ഒരുവേള ജീവിതം തന്നെ കൈവിട്ടു പോകുന്ന ചിലരുണ്ട്. ചെയ്യുന്ന ജോലിയിൽ അഗ്രഗണ്യന്മാർ , വലിയ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചിട്ടും എങ്ങുമെത്താതെ പോകുന്നവർ.അങ്ങനെയൊരാൾ വീട്ടിലുമുണ്ടായിരുന്നു.
കുഞ്ഞിരാമനാശാനോടുള്ള ഈ സ്നേഹത്തിന് അതും ഒരു കാരണം.രണ്ടു മിനിട്ട് നേരത്തെ സംഭാഷണം കൊണ്ട് ഒരു മുഴുനീള സിനിമയ്ക്ക് സാധ്യതയുള്ള, വലിയ ആഴങ്ങളുള്ള കഥാപാത്രത്തെ വരച്ചുകാട്ടുന്നു ലോഹിതദാസെന്ന അസാധ്യ എഴുത്തുകാരൻ…!

പദ്മദളാക്ഷൻ എന്ന പപ്പുവിനെ, മലയാളത്തിന്റെ സ്വന്തം കുതിരവട്ടം പപ്പുവിനെ , അയാളിലെ സ്വഭാവനടനെ മലയാളത്തിലെ സംവിധായകരും എഴുത്തുകാരും കൃത്യമായി ഉപയോഗപ്പെടുത്തിയില്ലെന്നതാണ് സത്യം. ആയിരുന്നെങ്കിൽ ഇപ്പോൾ ഇന്ദ്രൻസ് എന്ന നടനു ലഭിക്കുന്ന അംഗീകാരങ്ങൾ അദ്ദേഹത്തിനും ലഭിച്ചേനെ…! കുതിരവട്ടം പപ്പു❤️ലോഹിതദാസ്❤️വീണ്ടും ചില വീട്ടുകാര്യങ്ങൾ ❤️