Jokson John
ആദ്യമായി ഒരു ഇംഗ്ലീഷ് സിനിമ തീയേറ്ററിൽ കാണുന്നത് ജാക്കി ചാൻറെ പോലീസ് സ്റ്റോറിയാണ്. കോളേജിൽ പഠിച്ചിരുന്ന ചേട്ടനാണ് ആറാം ക്ലാസുകാരനായ എന്നെ വരാപ്പുഴ ഡേവിസൺ തീയേറ്ററിൽ കൊണ്ട് പോയി സിനിമ കാണിച്ചത്. പൊട്ടിത്തെറി പോലുള്ള തിരിച്ചറിവും അത്ഭുതവുമായിരുന്നു ആ സിനിമ. സിനിമ കഴിഞ്ഞു വീട്ടിൽ വന്നിട്ടും ജാക്കിചാൻ ദേഹം വിട്ട് പോയില്ല.വീട്ടിലും പറമ്പിലും ഓടി നടന്ന് ഞാൻ അദൃശ്യനായ ശത്രുവിനോട് ഇടിച്ചും തൊഴിച്ചും പറന്നു ചവിട്ടിയും യുദ്ധം ചെയ്തു. അസ്ഥാനത്തു നടത്തിയ ഒരു ചാട്ടത്തിൽ വരാന്തയിലേക്കുള്ള വാതിലിൻറെ കട്ടളയിൽ എൻറെ തലയിടിച്ചു.
ഒരു ഫ്ലാഷ് മിന്നി.അൽപ നേരം ബോധം പോയി, ഞാൻ താഴെ വീണു കിടന്നു.വീട്ടുകാരൊക്ക ഭയന്നു പോയി. ഭാഗ്യത്തിന് കൈപ്പത്തിയുടെ വലിപ്പത്തിലുള്ള ഒരു മുഴയിൽ ആ അപകടം ഒതുങ്ങി.
പറഞ്ഞു വന്നത് , സിനിമ മനസ്സിൽ കയറി ശരീരത്തിലേക്ക് പടർത്തുന്ന വിചിത്രമായ ആവേശത്തെക്കുറിച്ചാണ് ……ആ അഡ്രിനാലിൻ റഷിനെക്കുറിച്ച് !നിങ്ങൾ സിനിമയുടെ സമസ്ത മേഖലകളെക്കുറിച്ചും അറിവുള്ളയാളോ, എത്ര വലിയ ക്രിട്ടിക്കോ ആയിക്കൊള്ളട്ടെ , എത്ര മുൻധാരണയോടെ സിനിമയെ സമീപിച്ചാലും ചില പ്രത്യേക രംഗങ്ങളിൽ,കഥാപാത്രം നിങ്ങളായി മാറും. രോമം എണീറ്റ് സല്യൂട്ടടിക്കും. ഓർത്താൽ ആയിരക്കണക്കിന് കാണും !പെട്ടെന്നുള്ള ഓർമ്മയിൽ വരുന്ന നാല് രംഗങ്ങൾ
-നരൻ-
അച്ഛൻറെ സ്ഥാനം നൽകിയിരുന്ന വല്യമ്പ്യാരുടെ മൃതശരീരം കണ്ട് മടങ്ങുന്ന വേലായുധൻ. ശരീരത്തിൻറെ പാതിയും മനസ്സും തകർന്ന വേലായുധൻറെ വഴി തടഞ്ഞ് ഗോപിനാഥൻ നമ്പ്യാരുടെ ഗുണ്ട.
ഒഴിവാക്കി നീങ്ങാൻ ശ്രമിക്കുമ്പോൾ കൈത്താങ്ങി തട്ടിത്തെറിപ്പിച്ച് , വീണ്ടും തടസ്സം നിന്നിട്ട്
“നേരെ നിക്കാറാവുമ്പോ പറയണം…നമുക്കൊന്നൂടെ ഒന്ന് മുട്ടണ്ടേ ?”
വേലായുധൻ അവന്റെ മുഖത്തിനടുത്തേക്ക് വന്ന് തീക്ഷ്ണമായി നോക്കിയിട്ട്
” വേലായുധനെ നേരെ നിന്നടിക്കാനുള്ള ചങ്കൊറപ്പ് നിനക്കായിട്ടുണ്ടേൽ …. ഇപ്പ അടിക്കടാ !! ”
പിന്നെ തൻറെ കൈത്താങ്ങി ഉയർത്തി മണ്ണിലേക്കാഞ്ഞു കുത്തിയിട്ട്
“വാ….ഒറ്റത്തന്തയ്‌ക്കൊണ്ടായതാണേ വാടാ …! ”
തീയറ്റർ പൊട്ടിത്തെറിച്ച നിമിഷം !
ഫോക്കസിൽ മണ്ണിൽ കുത്തി നിൽക്കുന്ന കൈത്താങ്ങി . അകലേക്ക് നടന്നകലുന്ന വേലായുധൻ.
മുള്ളൻകൊല്ലിക്കാരോടൊപ്പം പ്രേക്ഷകരും കാത്തിരുന്ന വേലായുധൻറെ ഉയിർത്തെഴുന്നേൽപ്പ് ! തീയേറ്ററിലെ ആരവങ്ങൾ അടങ്ങാൻ പിന്നെയും മിനിറ്റുകളെടുത്തു.
– കൈദി-
കാടിനുള്ളിൽ തങ്ങളെ വളഞ്ഞിരിക്കുന്ന ഗുണ്ടകളിൽ നിന്ന് രക്ഷപ്പെടാൻ ലോറി എത്രയും പെട്ടെന്ന് മുന്നോട്ടെടുക്കാൻ ദില്ലിയോട് അപേക്ഷിക്കുന്ന ഇസ്പെക്ടർ ബിജോയ്. അവൻ പറയുന്ന വ്യവസ്ഥകളെല്ലാം അംഗീകരിച്ചിട്ടും വണ്ടി ഓഫാക്കി ഗുണ്ടകൾക്കിടയിലേക്ക് ഒറ്റയ്‌ക്ക് ഇറങ്ങാൻ തയ്യാറെടുക്കുന്ന ദില്ലിയെക്കണ്ട് അമ്പരന്ന ബിജോയ് …
“ഡാ… എങ്കട പോറേൻ ? സുറ്റി ഇരുപത് പേരിരിക്കാങ്കടാ …”
ലോറിക്കാരൻ പയ്യനും വെപ്രാളപ്പെടുന്നുണ്ട്
ദില്ലി – ( അതേ ശാന്തതയോടെ )
” പത്തു വർഷം ഉള്ളെയിരുന്തത് മട്ടും സാർ ഉനക്ക് തെരിയും , ഉള്ളെ പോറത്ക്ക് മുന്നാടി എന്ന പണ്ണിട്ടിരുന്തേനെന്ന് തെരിയാതില്ലാ ..?? ”
വരാൻ പോകുന്ന വെടിക്കെട്ടിൻറെ സൂചന മുഴുവൻ നൽകി മണ്ണും കരിയിലയും പറത്തി താഴേക്ക് താഴേക്ക് ചാടിയിറങ്ങുന്ന ദില്ലി !
പാതിയഴിച്ച വിലങ്ങുള്ള കയ്യാലെ മുണ്ട് മാടിക്കുത്തി ഗുണ്ടകൾക്ക് നേരെ പതിയെ നടന്നടക്കുന്നു .
ഉഫ്ഫ് ..! എജ്‌ജാതി രോമാഞ്ചം !!
പിന്നെക്കണ്ടത് ദീപാവലി ! തീയറ്ററിൽ നിന്നിറങ്ങിയിട്ടും മണിക്കൂറുകളോളം ചെവിയിലെ മൂളലും തലയിലെ തരിപ്പും വിട്ടുപോകാതിരുന്ന സിനിമ !
– മൂന്ന് –
വരത്തനിലെ വളരെ സറ്റിലായ , എന്നാൽ പവർഫുള്ളായ രംഗമാണിത്.
അത് വരെ സൗമ്യനും നിസ്സഹായനുമായി കാണപ്പെട്ട നായകൻറെ ട്രാൻസ്ഫോർമേഷൻറെ തുടക്കം.
തൊട്ട് മുൻപുള്ള രംഗങ്ങളിൽ ഭാര്യ വരെ തള്ളിപ്പറയുകയും ഇരുട്ടിൽ തനിച്ചു നിന്ന് കരയുകയും ചെയ്യുന്ന നായകൻ , ഉറച്ച തീരുമാനങ്ങളും പതറാത്ത കാൽവയ്പുകളുമായി രൂപാന്തരപ്പെടുന്ന രംഗം.
വീടിനകത്തെ കോറിഡോറിൽ നായകൻറെ കാലുകൾ, ചുവന്ന ലൈറ്റ് തെളിയുന്നു , പിന്നെ സുഷിൻ ശ്യാമിൻറെ മ്യാരക ബിജിഎം !! ഒരു ഗംഭീര ക്ലൈമാക്സിലേക്കുള്ള സ്റ്റാർട്ടിങ് പോയിൻറ് !
സിനിമയെ മാറ്റി മറിച്ച അര മണിക്കൂറായിരുന്നു പിന്നെ കണ്ടത്.
ഇനി ഏറ്റവും ലേറ്റസ്റ്റായി തീയേറ്ററുകളിൽ ആവേശമുണ്ടാക്കിയ ജന ഗണ മനയിലെ കോടതി രംഗം.
മലയാളത്തിൽ അന്യം നിന്ന് പോയെന്ന് കരുതിയ , രഞ്ജി പണിക്കർ – ഷാജി കൈലാസ് – രഞ്ജിത്ത് സിനിമകളിൽ കണ്ടിരുന്ന നായകൻറെ നെടുനീളൻ ഡയലോഗുകൾ , വേണ്ട രീതിയിൽ ഉപയോഗിച്ചാൽ റിയലിസം അരങ്ങു വാഴുന്ന ഇക്കാലത്തും മാർക്കറ്റുണ്ടെന്ന് തെളിയിക്കുന്നു . ഇതിലെ കോടതി രംഗങ്ങളോടും പ്രിത്വിരാജിന്റെ അതിഭാവുകത്വം നിറഞ്ഞ അഭിനയത്തോടും വിയോജിച്ചാൽ പോലും ….
“ചോദ്യം ചോദിക്കുന്നവരെ നിശ്ശബ്ദരാക്കുന്ന രാഷ്ട്രീയം , വിരൽ ചൂണ്ടുന്നവരെ വിലങ്ങണിയിക്കുന്ന രാഷ്ട്രീയം..!പക്ഷെ എത്ര നിശ്ശബ്ദരാക്കിയാലും , ഏത് തുറുങ്കിലടച്ചാലും ചോദ്യം ചോദിക്കുക തന്നെ ചെയ്യും…ഉത്തരം തന്നേ പറ്റൂ ..! കാരണം ഈ രാജ്യം ഒരുത്തൻറേം തന്തേടെ വകയല്ല !
ഇത് നമ്മുടെ രാജ്യമാണ് …. നമ്മുടെ !! ”
ഈ ഡയലോഗിൽ തീയറ്റർ ഇളകി മറിഞ്ഞുവെന്നത് യാഥാർഥ്യം !
മേൽപറഞ്ഞ രംഗങ്ങളെല്ലാം തന്നെ തതകർന്നു നിൽക്കുന്ന , അല്ലെങ്കിൽ പതുങ്ങിയിരിക്കുന്ന , അതുമല്ലെങ്കിൽ ഇതുവരെ വെളിപ്പെടാതെ നിൽക്കുന്ന നായകന്റെ മറ്റൊരു മുഖമോ, ഉയിർപ്പോ അതിൻറെ തുടക്കമോ ആണ് ആവേശത്തിൻറെ കൊടുമുടിയിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നത് . അതുവരെ വിശ്രമത്തിലായിരുന്ന ഗ്രാഫിൻറെ കുതിച്ചു കയറ്റമാണ് പിന്നീട് .വില്ലന്മാർ മരണമുറപ്പിച്ച ,രക്തത്തിൽ മുങ്ങി ചങ്ങലയിൽ തൂങ്ങി നിൽക്കുന്ന റോക്കി ഭായുടെ മുഖത്തു നിന്നും ” ഹാപ്പി ബിർത്ത് ഡേ ടു യൂ ” എന്ന പാട്ട് ഉണ്ടാക്കിയ ഓളമൊന്നും KGF ൻറെ രണ്ടാം ഭാഗത്തിനുണ്ടാക്കാൻ കഴിയാത്തതും ഈ ഗ്രാഫിൻറെ മിസ്സിംഗ് ആണ് . മാസ്സ് രംഗങ്ങൾ തിങ്ങി നിറഞ്ഞാലും ആവേശം കുറയും.
വ്യക്തിപരമായ അഭിപ്രായം.
“The screen is the same size for every story. A shot of a teacup is the same size as an army coming over the hill. It’s all storytelling.”
Christopher Nolan