2001 -2003 കാലഘട്ടം . തിരുവനന്തപുരം ടെക്നോപാർക്കിലാണ് ജോലി. ഞങ്ങൾ 8 പേർ ചേർന്ന് ശ്രീകാര്യത്തെ ബംഗ്ളാവ് പോലുള്ള ഇരു നില വീട്ടിലാണ് താമസം. തരക്കേടില്ലാത്ത കുരുത്തക്കേട് കൈവശമുള്ള നാല് മലയാളികളും പച്ച പാവങ്ങളായ നാല് തമിഴന്മാരും.ഞാനൊഴികെ എല്ലാവരും സോഫ്റ്റ്വെയർ എഞ്ചിനീയർമാർ.തമിഴ്നാട്ടിൽ നിന്നുള്ള നാല് പേരിൽ മൂന്നു പേരും കോയമ്പത്തൂർ സ്വദേശികൾ…ത്യാഗു , രമേഷ് ,പ്രതീഷ് പിന്നെ പോണ്ടിച്ചേരിക്കാരൻ ഒരു അഷ്റഫ്,. കൂട്ടത്തിൽ ഏറ്റവും സൗമ്യനും സുന്ദരനുമാണ് പ്രതീഷ്. പാതി മലയാളി…പുഞ്ചിരിക്കുന്ന മുഖത്തോടെയല്ലാതെ ഒരിക്കൽ പോലും കണ്ടിട്ടില്ല . ഭംഗിയുള്ള കൊച്ചു കഷണ്ടി, സോപ്പ് പരസ്യങ്ങളിലെ മോഡലുകളെപ്പോലെ തിളങ്ങുന്ന മുഖം …ചിരിക്കുമ്പോൾ കുട്ടികളെപ്പോലെ കണ്ണുകൾ ഇറുകി അടയും . തൂവല് പോലെ മിനുസമുള്ള ഒരു ചെമ്പൻ പൊടിമീശ. ആളെ കാണുന്നത് പോലും ഒരു പോസിറ്റീവ് എനർജിയാണ്.
റൂമിൽ മിക്കവാറും ദിവസങ്ങളിൽ ഏതെങ്കിലും കാരണങ്ങൾ കൊണ്ട് കള്ളുകുടി ഉറപ്പാണ്. ദിവസേനയെന്നോണം ചീട്ടുകളിയുണ്ട് . ഇതിലൊന്നും പങ്കെടുക്കാതെ ഒരു ചെറിയ ചിരി ഫിറ്റ് ചെയ്ത് പ്രതീഷ് കാഴ്ചക്കാരനായി കൂടും… എത്ര നിർബന്ധിച്ചാലും ഒരു ഗ്ലാസ് ബിയർ പോലും തൊടില്ല. ഒരേയൊരു കാര്യം മാത്രം … കൈയ്യിലെപ്പോഴും എരിയുന്ന ഒരു സിഗരറ്റ് കാണും.ഒരു ദിവസം കള്ളു മൂത്തിരിക്കുമ്പോൾ ഞാൻ പറഞ്ഞു
“മച്ചാ …നിൻറെയീ അഴകാന മുഖത്തിന് ഈ സിഗരറ്റ് തീരെ ചേരുന്നില്ല”.
അവൻ പൊട്ടിച്ചിരിച്ചു
“അതൊരു പെരിയ കഥ … ബ്രോ “. എന്ന് പറഞ്ഞു വായുവിലേക്ക് ഒരു പുക വളയം വിട്ട് അവൻ പറഞ്ഞു തുടങ്ങി …
– കോയമ്പത്തൂര് ഡിഗ്രിക്ക് പഠിക്കുന്ന കാലം.കൂട്ടുകാരികളിലൊരാളോട് കക്ഷിക്ക് കടുത്ത പ്രണയം. ഏറ്റവും അടുപ്പമുള്ള സുഹൃത്ത് , അതു കൊണ്ട് തന്നെ തുറന്നു പറയാൻ പേടി.
ആ സമയത്താണ് “റോജ ” റിലീസാവുന്നത് . വീട്ടുകാരോടൊപ്പം സിനിമ കണ്ടു വന്നതിൻറെ പിറ്റേന്ന് അവൾ നോൺ-സ്റ്റോപ്പായി സിനിമയുടെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയാണ് . സംവിധാനം, കാമറ , ലോക്കേഷന്റെ ഭംഗി , എ.ആർ . റഹ്മാൻറെ പാട്ടുകൾ.ഇങ്ങനെ പോകുന്നു ലിസ്റ്റ് .
പക്ഷെ ഹൈലൈറ്റ് ഇതൊന്നുമല്ല . അരവിന്ദ് സാമിയുടെ സൗന്ദര്യം …!!
അവൾ കൂടെക്കൂടെ പറയുന്ന കാര്യം ഇതാണ് …
” അരവിന്ദ് സാമിയുടെ ഇൻട്രോ… ആടുകൾ നിരന്നു വഴി തടയുമ്പോൾ , ആൾ കാറിൽ നിന്നിറങ്ങി സിഗരറ്റ് കത്തിക്കുന്ന ഒരു സീനുണ്ട് …. ഹോ ! …കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നും ..!!”
എന്നിട്ട് ഒരൊറ്റ ചോദ്യം ” പ്രതീഷ് …സിഗരറ്റ് വലിക്കില്ലേ ..? “.
ഉണ്ടെന്നോ …ഇല്ലെന്നോ ….എന്ത് പറയണം ? ഏതു മറുപടിയാവും അവൾക്ക് ഇഷ്ടപ്പെടുക എന്ന കൺഫ്യൂഷനിൽ … രണ്ടും പിടി കിട്ടാത്ത രീതിയിൽ അവൻ ഒരു തല കൊണ്ടൊരു കാട്ടായം കാട്ടി .
പക്ഷെ അതൊന്നും അവൾക്ക് വിഷയമായില്ല. അരവിന്ദ് സാമി ഊതിവിട്ട പുക പോലെ അവൾ വായുവിൽ ഉയർന്നു പറക്കുകയായിരുന്നു. എന്നിട്ട് അന്തരീക്ഷത്തിൽ നോട്ടമെറിഞ്ഞു പാതി മയക്കത്തിൽ പറഞ്ഞു …
” ഇനീം കാണണം ..”
അവൾ വീണ്ടും കണ്ടോയെന്നറിയില്ല … പക്ഷെ മച്ചാൻ അന്ന് തന്നെ ക്ലാസ് കട്ട് ചെയ്തു പോയി മാറ്റിനി കണ്ടു.
“സത്യം പറയാലോ മച്ചാ ….ആ സീൻ കണ്ടപ്പോ എനിക്ക് വരെ അങ്ങേരോട് പ്രേമം തോന്നിപ്പോയി. എന്തൊരു ഗ്ലാമറാണ്…! ”
ഈ ഡയലോഗ് പറഞ്ഞിട്ട് അവൻ വീണ്ടും തുടർന്നു ….
പിറ്റേന്ന് തന്നെ കടുത്ത തീരുമാനമെടുത്തു. സിഗരറ്റ് വലി തുടങ്ങണം. ആ പുക അകത്തു ചെല്ലുമ്പോഴുള്ള ധൈര്യത്തിൽ അവളോട് മനസ്സ് തുറക്കണം. പിന്നെ വീട്ടുകാരെ അറിയിക്കുന്നു …ആഘോഷമായി കല്യാണം നടക്കുന്നു.. ! കല്യാണരാത്രി നാട്ടിൽ ചാവാൻ കിടക്കുന്ന അപ്പൂപ്പന്മാരും അമ്മൂമ്മമാരും ചേർന്ന് “രുക്കുമണി…രുക്കുമണി പാട്ടും പൊരിഞ്ഞ ഡാൻസും…. പിറ്റേന്ന് രാവിലെ ജോലിക്ക് പോകുന്നതിനു മുൻപ് അടുക്കളയിൽ കയറി അമ്മ കാണാതെ ഗാസിൽ നിന്ന് സിഗരറ്റ് കത്തിച്ചു അവളുടെ വായിൽ വച്ച് വലിപ്പിക്കണം. അവളുടെ ചുമ കണ്ട് ചിരിച്ചു മരിക്കണം…. ഇങ്ങനെ വൻകിട പ്ലാനിംഗ് !
പക്ഷെ സിഗരറ്റ് വലി വിചാരിച്ച പോലെ എളുപ്പമായില്ല.
മധുബാല ചുമച്ചതു പോലെയല്ല … ക്ഷയരോഗികളെക്കാളും കഷ്ടമായി ചുമച്ചു….പക്ഷെ വിട്ടില്ല …! ആഴ്ചകൾ നീണ്ട കഠിനശ്രമം ഒടുവിൽ ഫലം കണ്ടു .അരവിന്ദ് സാമിയെ പോലെ കൂളായി വലിക്കാൻ തുടങ്ങി. ഓരോ കവിൾ പുകയോടൊപ്പം അവളോട് പ്രണയം പറയാനുള്ള ധൈര്യം മനസ്സിൽ നിറച്ചു കൊണ്ടിരുന്നു.
ഒടുവിൽ ഒരു ദിവസം എല്ലാ ധൈര്യവും സംഭരിച്ചു അവളുടെ മുന്നിൽ ചെന്നു.
പറയാൻ തുടങ്ങുന്നതിനു മുൻപേ അവനെ മൊത്തത്തിൽ ഞെട്ടിച്ചു കൊണ്ട് അവളിങ്ങോട്ടൊരു ചോദ്യം..
” പ്രതിഷേ ….നീ സിഗരറ്റ് വലി തുടങ്ങിയോ ? എന്തൊരു നാറ്റമാണ് ? കുറെ തല്ലിപ്പൊളി കൂട്ട് കിട്ടിയിട്ടുണ്ട് …. നീയെന്തു പാവമായിരുന്നു …! ”
പാവം…ഒരു കാലടി പിന്നോട്ട് നീങ്ങിപ്പോയി !.നാവിൻ തുമ്പത്ത് വെമ്പി നിന്ന പ്രണയം ഒരു കവിൾ ഉമിനീരിനൊപ്പം അകത്തേക്കിറങ്ങി.
പ്രതീഷ് ഒരു നിമിഷം നിർത്തി .
ഞങ്ങളെല്ലാവരും പ്രതീക്ഷയോടെ അവൻറെ മുഖത്തേക്ക് നോക്കി …..
“എന്നിട്ട് ..?”
“എന്നിട്ടൊന്നുമില്ല… അന്ന് വിഴുങ്ങിപ്പോയ കാതൽ പിന്നീടൊരിക്കലും വെളിയിൽ വന്നില്ല. ഡിഗ്രിയും കഴിഞ്ഞു അവൾ അവളുടെ പാട്ടിനു പോയി …”
കനൽ പൊടികൾ പ്രണയത്തോടെ വിഴുങ്ങാൻ തുടങ്ങുന്ന ഫിൽട്ടറിൻറെ തുണ്ട് ഉയർത്തിക്കാട്ടി അവൻ ഇങ്ങിനെ ചേർത്തു …
” പക്ഷെ …ഇവൻ മാത്രം പോയില്ല !!”
ഞങ്ങളെല്ലാവരും ഒരു നിമിഷം …. നാടോടിക്കാറ്റിലെ മീന . ജെപെഗ് 😐 !
പിന്നെ കൂട്ടച്ചിരി …. ഒപ്പം അവനും.
കുട്ടികളെപ്പോലെ നിഷ്കളങ്കമായ അതേ ചിരി !
കഴിഞ്ഞ ഞായറാഴ്ച്ച വാലന്റൈൻസ് ഡേയിൽ ഫാമിലി ഗ്രൂപ്പിൽ വന്ന ഒരു മെസ്സേജ് ആണ്
“ഉള്ളോർക്ക് ഹാപ്പി വാലന്റൈൻസ് ഡേ….ഇല്ലാത്തോർക്ക് കുംഭം 2 ഞായറാഴ്ച😂😂 ”
കണ്ടപ്പോ പ്രതീഷിനെ ഓർത്തു … ഈ കഥയും .
ആളിപ്പോ UK യിൽ കുടുംബത്തോടൊപ്പം സുഖം …. സ്വസ്ഥം !
പ്രണയത്തിനു വേണ്ടി പുതിയ ശീലങ്ങൾ തുടങ്ങിയവരും നിർത്തിയവരും… എണ്ണിയാൽ തീരുമോ !