“ഒന്നുകിൽ കെഎസ്ആർടിസിയെ നന്നാക്കും, ഇല്ലെങ്കിൽ ഇറങ്ങി പോകും”, രണ്ടാമത് പറഞ്ഞതേ സാധിക്കൂ സാർ

139

Joli Joli

കെഎസ്‌ആര്‍ടിസിയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതായി എംഡി ബിജു പ്രഭാകര്‍ വാർത്താ സമ്മേളനത്തിൽ പറയുന്നത് കേട്ടു. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെഎസ്‌ആര്‍ടിസില്‍നിന്നും 100 കൊടിയോളം രുപ കാണാതായി എന്ന ഗുരുതര കണ്ടെത്തലാണ് എംഡി പ്രധാനമായും വെളിപ്പെടുത്തിയിരിയ്ക്കുന്നത്. അക്കാലയളവില്‍ അക്കൗണ്ടിങ് മാനേജറായിരുന്ന നിലവിലെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ശ്രീകുമാറിനെതിരെ നടപടിയുണ്ടാകുമെന്നും ബിജു പ്രഭാകര്‍ പറയുന്നു. 2014 മുതൽ 2018 വരെ തലപ്പത്തിരിക്കുന്ന ജീവനക്കാർ ഡീസൽ ഊറ്റി മറിച്ച് വിറ്റതിലൂടെ 60 കോടി രൂപയുടെ നഷ്ട്ടമുണ്ടാക്കി.2015 മുതൽ 2019 വരെ 80 കോടിയിൽ പരം രൂപ സ്പെയർ പാർട്ട്സ് വാങ്ങിയ കമ്മീഷൻ ഇനത്തിൽ തലപ്പത്തിരിക്കുന്നവർ നേടി.

ലോക്കല്‍ പര്‍ച്ചേസിന് പണം നല്‍കിയില്ലെങ്കില്‍ വണ്ടി ഓടില്ല. അതുകൊണ്ട് ലോക്കൽ പർച്ചെയ്‌സിന് അനുമതി കൊടുക്കാതിരിക്കാൻ കഴിയില്ല. പക്ഷേ കമ്മീഷന്‍ മാത്രമല്ല, പ്രശ്നം ലോക്കല്‍ പര്‍ച്ചേസില്‍ മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള മോശം സ്‌പെയേഴ്‌സാണ് വരുന്നത്. 300 കോടിയോളം രൂപ വില വരുന്ന 55 അത്യാധുനിക ഡബിൾ ആക്ക്സിൽ വണ്ടികൾ ഒരു വർഷം പോലും തികയുന്നതിന് മുൻപ് കട്ടപ്പുറത്താക്കി. അഡ്മിനിസ്ട്രെഷൻ വിഭാഗത്തിലെ പലരും ഇഞ്ചി കൃഷിയും മഞ്ഞൾ കൃഷിയും റിയൽ എസ്റ്റേറ്റ് ബിസിനസുമായി ഒപ്പിട്ടിട്ട് ജോലിക്ക് വരാതെ കറങ്ങി നടക്കുന്നു.

7018 ജീവനക്കാർ കെ എസ് ആർ ടി സി യിൽ അധിക ജീവനക്കാരാണ്.സ്ഥിരം ജീവനക്കാര്‍ പലരും കൃത്യമായി പണിയെടുക്കുന്നില്ല. ടിക്കറ്റിൽ കോടിക്കണക്കിന് രൂപയുടെ തിരിമറി നടന്നു. ടിക്കറ്റ് മെഷിനിലും, വര്‍ക്ക് ഷോപ്പുകളില്‍ സാമഗ്രികള്‍ വാങ്ങുന്നതിലും തട്ടിപ്പ് നടക്കുന്നു. ദിവസ കലക്‌ഷൻ ട്രഷറിയിൽ അടക്കാതെ ഒരാഴ്ച്ച വരെ തിരിമറി നടത്തുന്നു. പ്രൈവറ്റ് വണ്ടികളെ സഹായിക്കാൻ മനപ്പൂർവ്വം വണ്ടികൾ വൈകിക്കുകയോ ഓടിക്കാതിരിക്കുകയോ ചെയ്യുന്നു. അഡ്മിനിസ്ട്രെഷൻ വിഭാഗത്തിലെ പലർക്കും ബിനാമി പേരിൽ പ്രൈവറ്റ് ബസ് സർവീസ് ഉണ്ട്…

സംഘടിതമായ സംഘടനാ തൊഴിലാളി ഗുണ്ടാ വിളയാട്ടമാണ് കെ എസ് ആർ ടി സി യിൽ നടക്കുന്നത്. ഒന്നുകിൽ ഞാൻ കെ എസ് ആർ ടി സി യെ നന്നാക്കും.ഇല്ലങ്കിൽ ഞാൻ ഇറങ്ങി പോകും.ഇതാണ് ബിജു പ്രഭാകറിന്റെ തീരുമാനം.മിസ്റ്റർ ബിജു പ്രഭാകർ.അങ്ങയുടെ തീരുമാനത്തിൽ രണ്ടാമത് പറഞ്ഞതാണ് നടക്കാൻ ഏറെ സാധ്യതയുള്ളത്.കാരണം ദൈവം തമ്പുരാൻ നേരിട്ട് ഇറങ്ങി വന്ന് അതിന്റെ തലപ്പത്ത് ഇരുന്നാലും കെ എസ് ആർ ടി സി യെ നന്നാക്കാൻ കഴിയില്ല.സമ്മതിക്കില്ല.പലരും ശ്രമിച്ച് നോക്കിയതാണ്.എല്ലാവർക്കും അവിടുന്ന് ജീവനും കൊണ്ട് ഓടേണ്ടി വന്നു.കൈ വെക്കാനും മടിക്കില്ല അവർ.തച്ചങ്കരി മുടിനാരിഴക്കാണ് മർദ്ദനത്തിൽ നിന്ന് രക്ഷപെട്ടത്…

അത്രക്കും ശക്തമാണ് കെ എസ് ആർ ടി സി യെ മുടിപ്പിക്കാൻ കച്ചക്കട്ടി നടക്കുന്ന കെ എസ് ആർ ടി സി യിലെ തൊഴിലാളി ഗുണ്ടാ സംഘടനകൾ.ഒന്നുകിൽ കെ എസ് ആർ ടി സി യെ സ്വകാര്യവൽക്കരിക്കുക. അല്ലങ്കിൽ കെ എസ് ആർ ടി സി പിരിച്ചു വിടുക.അല്ലങ്കിൽ നല്ലൊരു വഴിയുണ്ട്.ആകെ ജീവനക്കാരുടെ എണ്ണം എടുക്കുക. ആകെ ഓടുന്ന വണ്ടികളുടെ എണ്ണമെടുക്കുക.അപ്പോൾ ഏകദേശം ഒരു വണ്ടിക്ക് പതിനൊന്ന് ജീവനക്കാർ വരും… ഓരോ വണ്ടിയും ഈ പതിനൊന്ന് പേർക്കായി വീതം വെച്ച് തലയിലേക്ക് വെച്ച് കൊടുക്കുക. എന്നിട്ട് പിരിച്ച് വിടുക… എവിടെയെങ്കിലും പോയി പിഴക്കട്ടെ