ഡൽഹികലാപത്തിൽ പോലീസ് കയ്യുംകെട്ടി നോക്കി നിന്നത് പോലെയാണ് ഈ ആഭാസത്തെയും ഡി ജി പി മുതൽ കോൺസ്റ്റബിൾ വരെയുള്ള പോലീസുകാർ കയ്യും കെട്ടി നോക്കി നിന്നത്

116

Joli Joli

യഥാർത്ഥത്തിൽ ഈ ഭരണകൂടത്തിന്റെ പ്രതിബദ്ധത ആരോടാണ്. ?

അഞ്ചുമണിക്കൂർ ഒരു നഗരത്തെ തീവ്രവാദികൾ ബന്ദികളാക്കിയപോലെ പിടിച്ചെടുത്ത് പൊതുജനങ്ങൾക്ക് ദുരിതം വിതച്ച് നിശ്ചലമാക്കിയിട്ടും ഒന്ന് അപലപിക്കാൻ പോലും ഈ നിമിഷം വരെ ഭരണപക്ഷമോ പ്രതിപക്ഷമോ തയ്യാറായില്ല. ഡൽഹിയിൽ കലാപം നടന്നപ്പോൾ പോലീസ് കയ്യും കെട്ടി നോക്കി നിന്നത് പോലെതന്നെയാണ് തിരുവനന്തപുരം നഗരത്തെ സമരാഭാസക്കാർ നിശ്ചലമാക്കിയപ്പോൾ ഡി ജി പി മുതൽ കോൺസ്റ്റബിൾ വരെയുള്ള പോലീസുകാർ കയ്യും കെട്ടി നോക്കി നിന്നത്. പോലീസും കെ എസ് ആർ ടി സി ജീവനക്കാരും ജനങ്ങളുടെ കയ്യിൽ നിന്ന് ശമ്പളം വാങ്ങി ജോലി ചെയ്യുന്നവരാണ്.നിങ്ങളുടെയൊക്കെ സാമൂഹ്യ പ്രതിപദ്ധത ആരോടാണ്..?

കെ എസ് ആർ ടി സി എന്ന സ്ഥാപനത്തെ പൂട്ടാറായ ഈ നിലയിൽ എത്തിച്ചത് ആരാണ്..? നാട്ടുകാരല്ല, ജനങ്ങളുമല്ല. ജനങ്ങൾ ടിക്കെറ്റെടുത്തിട്ടാണ് വണ്ടിയിൽ യാത്ര ചെയ്യുന്നത്.ഈ സ്ഥാപനത്തെ പൂട്ടിക്കാൻ വേണ്ടി അച്ചാരം വാങ്ങി പണിയെടുക്കുന്നത് ജീവനക്കാരും യൂണിയൻ നേതാക്കളുമാണ്.എന്നിട്ട് നിങ്ങൾ ആരോടാണ് ഈ സമര കാഹളവും യുദ്ധ പ്രഖ്യാപനവും നടത്തുന്നത് ..?
ഈ നാട്ടിലെ ജനങ്ങളോട് അല്ലേ..? വഴിയിൽ പെട്ടുപോയി നിലവിളിക്കുന്ന അനേകം പാവപ്പെട്ട ജനങ്ങളെ കണ്ടു.പരീക്ഷക്ക് പോയ കുഞ്ഞുങ്ങളും, കാൻസർ രോഗികളും, കണ്ണാശൂപത്രിയിലേക്ക് പോകുന്നവരും, വരുന്നവരും, വൃദ്ധരും, സ്ത്രീകളും, കുഞ്ഞുങ്ങളും,
മരുന്ന് കഴിക്കുന്നവരും എല്ലാം ഈ പൊരിവെയിലത്ത് തളർന്നു വീണു.സാധാരണക്കാരായ ഈ ജനങ്ങൾക്ക് ആകെയുള്ള സഞ്ചാര മാർഗമാണ് കെ എസ് ആർ ടി സി.ആ മാർഗ്ഗത്തെയാണ് ആറേഴ് മണിക്കൂറോളം നിങ്ങൾ ബന്ധനത്തിലാക്കിയത്.നിങ്ങളുടെ അവകാശങ്ങൾ മാത്രമല്ല.ജനങ്ങൾക്ക് ഭരണഘടന നൽകുന്ന സഞ്ചാര സ്വാതത്ര്യം എന്നൊന്നുകൂടിയുണ്ട് ഈ രാജ്യത്ത്.

തലസ്ഥാനത്ത് നിയമസഭയുടെ മൂക്കിന് താഴെ ആറേഴ് മണിക്കൂർ നീണ്ടുനിന്ന ഒരു ഗതാഗത സ്തംഭനവും മിന്നൽ പണിമുടക്കും ജനങ്ങൾക്കുണ്ടായ ദുരിതവും നടക്കുമ്പോൾ നിയമസഭയിൽ മുഖ്യമന്ത്രിയടക്കം നൂറ്റി നാല്പത്ത് ജനപ്രതിനിധികളും ഉണ്ടായിരുന്നു…
തിരുവനന്തപുരം നഗരത്തെ പ്രധിനിധികരിക്കുന്ന നാലോളം സാമാജികൾ നിയമസഭയിൽ ഉണ്ടായിരുന്നു..
ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു, ഡി ജി പി ഉണ്ടായിരുന്നു. ഒരാളും അറിഞ്ഞില്ല പോലും. ഒരാളും അനങ്ങിയില്ല പോലും.ഒരാളും തിരിഞ്ഞു നോക്കിയില്ല പോലും.പ്രതിപക്ഷ കക്ഷികളുടെ ഒരു സമരമുണ്ടായാലോ പ്രവർത്തകർക്ക് പോലീസ് മർദ്ദനമുണ്ടായാലോ നിയമസഭയിൽ നിന്ന് ചാടിയിറങ്ങി വന്ന് പ്രതിക്ഷേധം നടത്തുന്നവരാണ് പൊതുജനങ്ങൾ ആറേഴ് മണിക്കൂറോളം പട്ടികളെപ്പോലെ തെരുവിൽ തളർന്ന് വീണിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നിയമസഭയുടെ സുഖ ശീതളിമയിൽ കണ്ണടച്ചിരുന്നത്.നിങ്ങളെയൊക്കെ ഓർക്കുമ്പോൾ പൊതുജനങ്ങൾക്ക് ആത്മനിന്ദയാണ് തോന്നുന്നത്.നിങ്ങൾക്കൊക്കെ ആരോടാണ് പ്രതിബദ്ധത.ഈ സമയത്ത് മുഖ്യമന്ത്രിയടക്കം ഇരുപതോളം മന്ത്രിമാർ നിയസഭയിൽ ഇരിക്കുന്നു.നൂറുകണക്കിന് ഉയർന്ന ഉദ്യോഗസ്ഥരും.നിങ്ങളൊന്നും ഈ ജനങ്ങളുടെ കയ്യിൽ നിന്നാണ് ശമ്പളം പറ്റുന്നത് എന്ന മിനിമം മര്യാദ പോലും കാണിച്ചില്ല… !

ആധുനിക വാർത്താ വിനിമയം സൗകര്യമുള്ള ഈ കാലത്ത് മൂക്കിന് താഴെ ആറേഴ് മണിക്കൂർ ഒരു നഗരം നിശ്ചലമായിട്ടും ഒരു ചെറുവിരൽ അനക്കാൻ പോലും തയ്യാറാകാതിരുന്ന നിങ്ങളെയോർത്ത് നാണം തോന്നുന്നു.ഇനിയെന്തിനാണ് നിങ്ങൾ റിപ്പോർട്ട് ആവശ്യപ്പെടുന്നത്…? ഇനിയെന്ത് അന്വേക്ഷണമാണ് നിങ്ങൾ നടത്താൻ പോകുന്നത്…? സമയോചിതമായ ഇടപെടൽ നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് മൂലം ലക്ഷകണക്കിന് മനുഷ്യർക്ക് സംഭവിച്ച ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും നഷ്ട്ടങ്ങൾക്കും ആര് സമാധാനം പറയും..? കുറെ രാഷ്ട്രീയ പരാന ഭോജികൾക്കും അസംഘ്യം ഉദ്യോഗസ്ഥർക്കും മരണം വരെ ആർഭാട ജീവിതം നയിക്കാനും അവരെ സംരക്ഷിച്ച് നിർത്താനും വേണ്ടി നികുതി കൊടുക്കുന്ന വെറും കഴുതകളായി ചവിട്ടി താഴ്ത്തപ്പെട്ടിരിക്കുകയാണ് പൊതു ജനങ്ങൾ.ഭരിക്കുന്നവർക്ക് ഉത്തരവാദിത്വമില്ല.പ്രതിപക്ഷത്തിന് ഉത്തരവാദിത്വമില്ല.ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വമില്ല..
ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസിന് ഉത്തരവാദത്വമില്ല.പൊതുജനങ്ങൾക്ക് നേരെ ആറേഴ് മണിക്കൂർ നീണ്ടുനിന്ന ഈ കയ്യേറ്റം അവസാനിക്കുന്നത് വരെ ഇവർ ആരെങ്കിലും ഒരു ചെറുവിരൽ അനക്കിയതായി നിങ്ങൾ കണ്ടോ.ഇല്ല.എന്തൊരു ഗതികെട്ടവരാണ് പൊതുജനങ്ങൾ അല്ലേ…
Joli Joli.