കെജ്‌രിവാളിനെ പുകഴ്ത്തുന്ന താങ്കൾക്ക് എന്തുകൊണ്ട് ആ ശൈലി കേരളത്തിൽ പരീക്ഷിച്ചു കൂടാ?

1338

Joli Joli

ബഹുമാനപ്പെട്ട സാര്‍, ഡല്‍ഹിയിലെ ആപ്പന്മാരുടെ സദ്ഭരണത്തെ താങ്കള്‍ പുകഴ്‌ത്തിയത് കണ്ടു, നല്ലതു. നന്മയെ അംഗീകരിച്ചേ മതിയാവൂ. താങ്കള്‍ സദ്ഭരണം എന്നതുകൊണ്ട് ഉദ്ദേശിച്ചത് അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തി എന്നതുകൊണ്ടായിരിക്കണമല്ലോ. അങ്ങനെ എങ്കില്‍ താങ്കള്‍ക്ക് എന്തുകൊണ്ട് ഡല്‍ഹി മോഡല്‍ ഇവിടെ പരീക്ഷിച്ചു കൂടാ?

വെള്ളവും കറണ്ടും സൗജന്യം ആക്കുക. സ്ത്രീകള്‍ക്കും സീനിയര്‍ സിറ്റിസനും ബസ് യാത്ര സൗജന്യം ആക്കുക, ഹെല്‍ത്ത് കെയര്‍ എല്ലാം ഫ്രീ ആക്കുക മുതലായവ താങ്കള്‍ക്കും ചെയ്യാവുന്നതേ ഉള്ളു!ഞങ്ങള്‍ കേരളീയര്‍ക്കും സൗജന്യം കിട്ടിയാല്‍പുളിക്കത്തില്ല കേട്ടോ. പ്രതിശീര്‍ഷ വരുമാനത്തിലും വിഭവങ്ങളുടെ കാര്യത്തിലും എന്തിനു ഗള്‍ഫു പണം വരുന്ന കാര്യത്തിലും കേരളം ആണ് മുന്നില്‍. ഒന്ന് ശ്രമിച്ചു നോക്കു.മാതൃകകള്‍ പകര്‍ത്തിക്കാണിക്കാനുള്ളതാണെന്നു കണക്കു പഠിപ്പിച്ച മത്തായിസാര്‍ പറഞ്ഞിട്ടുണ്ട്.

സാറിന്റെ പാര്‍ട്ടിക്കാര്‍ കള്ളന്‍ എന്ന് വിളിച്ചു അധിക്ഷേപിച്ചിട്ടും മാണിസാറിന് വേണ്ടി അഞ്ചുകോടി രൂപാ പൊതു ഖജനാവില്‍ നിന്ന് ചിലവഴിക്കാന്‍ സാര്‍ കാണിച്ച വലിയ മനസ്സിനെ സാറിന്റെ പാര്‍ട്ടിയിലെ പരിസ്ഥിതി വക്കീല്‍ പോലും സ്മരിക്കുന്നുണ്ട്. ജയിച്ചുപോയി കഴിഞ്ഞാല്‍ ജനപ്രതിനിധിക്ക് എന്ത് തോന്യാസവും ചെയ്യാം എന്നതിന്റെ മറ്റൊരു ഉത്തമഉദാഹരണം ആയിട്ടേ കേരളത്തിലെ പൊതുജനം ഇതിനെ കാണുന്നുള്ളൂ.ആ അഞ്ചുകോടികൊണ്ടു പാലായില്‍ തന്നെ അഞ്ചുലക്ഷം വരുന്ന നൂറു വീട് പണിതു പാവപ്പെട്ടവര്‍ക്ക് നല്‍കിയാല്‍ അതാവും മാണിസാറിനുള്ള ഏറ്റവും വലിയ സ്മരണയും ജോസ്മോനിട്ടു കൊടുക്കാവുന്ന ഏറ്റവും വലിയ പണിയും.കെ.എം മാണി ആവാസ് യോജന എന്നൊരു പേരും കൂടി ആയാല്‍ മാണി സാറിന്റെ ആരാധകര്‍ക്കും സന്തോഷമാകും. കടിച്ച പാമ്ബിനെ കൊണ്ട് തന്നെ വിഷം ഇറക്കിച്ചു എന്ന് പറഞ്ഞു അവര്‍ക്കു സമാധാനിക്കാം. അല്ലെങ്കില്‍ തന്നെ പൊതു ഖജനാവില്‍ നിന്നും എന്തിനാണ് അഞ്ചു കോടി?

ജോസ് മോന്‍ മനസ്സ് വച്ചാല്‍ പാലായില്‍ നിന്നും തന്നെ ഒരു ദിവസം കൊണ്ട് കേരളാ കോണ്‍ഗ്രസ്സിന് പിരിച്ചെടുക്കാവുന്ന ചെറിയ തുകയല്ലേ ഉള്ളൂ? തന്നെയുമല്ല ഇപ്പോള്‍ താങ്കള്‍ ഇത് അനുവദിച്ചു കൊടുത്താല്‍ പിന്നെ ഇതൊരു സാധാരണ സംഭവം ആകും. ജനസേവനം നടത്തി ക്ഷീണിച്ചു ഇരിക്കുന്ന ഏകദേശം 50 വന്ദ്യ വയോധികരായ രാഷ്ട്രീയക്കാര്‍ ഇപ്പോള്‍ തന്നെ ഉണ്ട്.ഭാവിയില്‍ അവര്‍ക്കും പഠനകേന്ദ്രങ്ങളും സ്മാരകങ്ങളും നിര്‍മ്മിക്കാനായി 5 കോടി വീതം കൊടുക്കാന്‍ ഇരുന്നാല്‍ 250 കോടിക്ക് മേല്‍ പൊതുജനത്തിന് ബാധ്യത ഉണ്ടാകും.സാമാന്യം നല്ല ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാന്‍ 10000 രൂപ മതിയാവും. കേരളത്തിലെ മുഴുവന്‍ എംഎല്‍എ മാര്‍ക്കും മന്ത്രിമാര്‍ക്കും കൂടി സര്‍ക്കാര്‍ ചെലവില്‍ പോളിസി എടുത്തുകൊടുത്താലും ഒരു വര്‍ഷം 14 ലക്ഷമേ വരൂ.

ഒരു എംല്‍എക്കു തന്നെ കോടികള്‍ മെഡിക്കല്‍ ബില്ലിനായി കൊടുത്തു എന്ന് കേട്ടു. ഈ മാതൃക ഒന്ന് പരീക്ഷിച്ചുകൂടെ? സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കു കൂടി ഇത് എടുത്തു കൊടുത്താല്‍ മെഡിക്കല്‍ റീ ഇമ്ബേഴ്സ്മെന്റ് ഇനത്തില്‍ എത്ര കോടി രൂപ നമുക്ക് ലാഭിക്കാം? വയറുവേദനയ്ക്ക് അമേരിക്കയില്‍ പോയി എന്ന പേരുദോഷവും മാറ്റാം!അതുപോലെ തന്നെ എംഎല്‍എമാര്‍ക്കും മന്ത്രിക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കും കൊടുക്കുന്ന ടെലിഫോണ്‍ അലവന്‍സ് നിര്‍ത്തി ഒരു അണ്‍ലിമിറ്റഡ് ജിയോ കൊടുത്താല്‍ ലാഭം എന്നായിരിക്കും?അംബാനി/ അദാനി എന്ന് ചില കുട്ടിസഖാക്കള്‍ നിലവിളിക്കുമാരിക്കും. കാര്യമാക്കേണ്ട.അദാനിയെ വിളിച്ചു വിഴിഞ്ഞം ഏല്‍പ്പിച്ചു കൊടുത്തില്ലേ നമ്മള്‍.അതിലും വലുതാണോ ഇരുനൂറുരൂപയുടെ ജിയോ?

35 ലക്ഷത്തിന്റെ കിയ കാര്‍ണിവല്‍ ഇറങ്ങിയതുകൊണ്ടാണ് വീണ്ടും കാര്‍ വാങ്ങുന്നത് എന്ന് സോഷ്യല്‍ മീഡിയായില്‍ ഒരു ആരോപണം കേള്‍ക്കുന്നുണ്ട്.(ഇനി മേടിച്ചേ പറ്റൂ എന്നുണ്ടെങ്കില്‍ ഇന്നോവാ ക്രിസ്റ്റ ആണ് കൂടുതല്‍ നല്ലതു. കൊറിയന്‍ വിശ്വസിക്കാന്‍ കൊള്ളില്ല)

ഈ കാര്‍മേടിക്കലും തോറ്റ എംപിക്കുള്ള ധനസഹായങ്ങളും സ്മാരകങ്ങളും ദുര്‍ചെലവുകളും, ഒരു ഉപയോഗവും ഇല്ലാത്ത കമ്മീഷനുകളും കൈവിരലില്‍ കൊള്ളുന്നത്ര ഉപദേശകരെയും ഒക്കെ ഒഴിവാക്കി കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ഇത്രയെങ്കിലും ഒന്ന് ചെയ്യാന്‍ ശ്രമിച്ചുകൂടേ? എങ്കില്‍ കമ്യുണിസം എന്ന വാക്കിനെ ജനം വല്ലപ്പോഴും എങ്കിലും ഓര്‍മ്മിക്കും വിശ്വസ്തതയോടെ
കൊച്ചു തോമാ( കെ ടി തോമസ് )

(ഇതൊക്കെ പറയാന്‍ താന്‍ ആരുവാ എന്ന് സാര്‍ ചോദിച്ചേക്കാം. നൂറു രൂപാ എവിടെങ്കിലും ലാഭം ഉണ്ടാക്കി വീട്ടിലെ ബഡ്ജറ്റ് ശരിയാക്കാന്‍ പെടാപ്പാടുപെടുന്ന ഒരു സാധാരണ മലയാളി …അത്രേയുള്ളൂ).