ഫേക് എൻകൗണ്ടറുകൾ നടത്തുമ്പോഴും അലനെയും താഹയെയും മാവോയിസ്റ്റാക്കുമ്പോഴും മാവോയിസ്റ്റ് വേട്ടക്കായി കേന്ദ്രം അനുവദിക്കുന്ന നക്കാപ്പിച്ച കാശ് ആണോ കേരള സർക്കാരിന്റെ ലക്‌ഷ്യം ?

77

Joli Joli

അലൻ താഹാ കേസിൽ സർക്കാരിന്റെയും സി പി എം നേതാക്കളുടെയും കളി കുറച്ച് നാളായി കേരള ജനത കാണുന്നു. നിങ്ങളെന്താണ് ധരിച്ച് വെച്ചിരിക്കുന്നത് .കമ്മ്യൂണിസ്റ്റുകൾ എന്ന് സ്വയം പ്രഖ്യാപിച്ച് രാഷ്ട്രീയ കച്ചവടവുമായി നടക്കുന്ന നിങ്ങൾ അതീവ ബുദ്ധിമാന്മാരും കൗശലക്കാരും തംബ്രാക്കന്മാരുമാണെന്നോ. ? അതോ ഒന്നും മിണ്ടാതിരിക്കുന്നത് കൊണ്ട് കേരളത്തിലെ ജനങ്ങൾ വിഡ്ഢികളും കഴുതകളുമാണെന്നോ. തരാതരം പോലെ നിങ്ങൾ ആളാം വീതം മൈക്കിന്ന് മുന്നിൽ വന്നിരുന്ന്‌ വിളിച്ച് പറയുന്ന പിതൃത്വമില്ലാ വാക്കുകൾ അക്ഷരം പ്രതി കേരളത്തിലെ ജനങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങുന്നുണ്ടെന്നോ ? കേരളം കണ്ട ഏറ്റവും നികൃഷ്ടമായ,മ്ലേച്ഛമായ,അശ്ലീല ചിരിയോടു കൂടി പിണറായി വിജയൻ തുടങ്ങി വെച്ചതാണ് അലൻ, താഹ എന്ന രണ്ട് കുട്ടികൾ മാവോയിസ്റ്റാണ് എന്ന വിധി പുറപ്പെടുവിക്കലുകൾ.

ഒരു കുറുക്കൻ ഓലിയിടുമ്പോൾ മറ്റ് കുറുക്കന്മാരും അത് ഏറ്റ് കൂവും എന്ന് പറഞ്ഞത് പോലെ ഓരോരുത്തരും തരം പോലെ പിന്നീട് വിധി പ്രസ്താവിക്കുന്നതാണ് കേരളം കണ്ടത്. അതിനിടയിൽ കുറച്ച് നേതാക്കൾ വന്ന് പറയുന്നു അവർ ഇപ്പോഴും സി പി എം പ്രവർത്തകരാണ് അവർ മാവോയിസ്റ്റുകളല്ല എന്ന്. വേറെ കുറെ സൈദ്ധാന്തിക വ്യാഘ്രങ്ങൾ വന്ന് ചാനലിൽ തള്ളുന്നു ഞങ്ങൾ യൂ എ പി യെക്ക് ഇപ്പോഴും എതിരാണെന്ന്. പിറ്റേന്ന് തന്നെ പ്രധാന തംബ്രാക്കന്മാരിൽ ചിലർ വന്ന് ഇവരെ തള്ളി പറയുന്നു. സത്യത്തിൽ എന്താണ് നിങ്ങളുടെ രോഗം. നിങ്ങളാരെയാണ് ദിവസവും മാറി മാറി ഈ മൈക്കിന് മുന്നിൽ വന്നിരുന്ന് പൊട്ടൻ കളിപ്പിക്കുന്നത്.അലനും താഹയും ഇന്നയിന്ന കുറ്റങ്ങൾ ചെയ്തത് കൊണ്ടാണ് യൂ എ പി എ ചുമത്തി അറസ്റ്റ് ചെയ്തത് എന്ന് തെളിവ് സഹിതം ഈ പൊതു സമൂഹത്തോട് പറയാൻ നട്ടെല്ലും നാക്കിന് ബലവുമുള്ള ഏതെങ്കിലുമൊരു കമ്മ്യൂണിസ്റ്റ് നാമധാരിയുണ്ടോ നിങ്ങളുടെ കൂട്ടത്തിൽ. നിങ്ങളുടെ അസുഖം വേറെയാണ്.കേരളം മാവോയിസ്റ്റ് ബാധിത പ്രദേശമാണെന്ന് വരുത്തി തീർക്കണം. മാവോയിസ്റ്റുകളെകൊണ്ട് കേരളത്തിലെ ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണെന്ന് തെളിയിക്കണം .അതിന് വേണ്ടി കുറച്ച് പേരെ വെടിവെച്ച് കൊല്ലണം. കുറച്ച് പേരെ മാവോയിസ്റ്റ് എന്ന പേരിൽ അറസ്റ്റ് ചെയ്ത് അമിത് ഷായ്ക്ക് കടിച്ച് കീറാൻ ഇട്ടുകൊടുക്കണം.

എന്തിന് വേണ്ടി…? മാവോയിസ്റ്റ് വേട്ടക്കായി കേന്ദ്രം അനുവദിക്കുന്ന കുറച്ച് നക്കാപ്പിച്ച കാശ് പോക്കറ്റിലാക്കണം.അത്രേയൊള്ളൂ.മാവോയിസ്റ്റ് വേട്ടയുടെ പണം വകമാറ്റി ചിലവഴിച്ചതിന്റെയും നിലവാരമില്ലാത്ത ഉപകരണങ്ങൾ ടെണ്ടറ് പോലും വിളിക്കാതെ കൊടും വിലക്ക് വാങ്ങിയതിന്റെയും പോക്കറ്റിലാക്കിയതിന്റെയും കേന്ദ്രം കണക്ക് ചോദിച്ചതിന്റെയുമൊക്കെ വാർത്തകൾ കേരള ജനത നിശബ്ദമായി കാണുന്നുണ്ട് കേൾക്കുന്നുണ്ട്.കഴിഞ്ഞ കാലങ്ങളിൽ ഈ നാട്ടിൽ നിങ്ങളൊക്കെ വിതച്ച ഭീതിയോളം വരില്ല ഒരു മാവോയിസ്റ്റ് സാനിധ്യവും.കേരള ജനതയെ വിറങ്ങലിപ്പിച്ച് നിർത്താൻ നിങ്ങളെപ്പോലെ കഴിവുള്ള ഒരു തീവ്രവാദി സംഘടന പോലും ഈ ലോകത്തില്ല. നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകാം.കുറച്ച് പണം പോക്കറ്റിലാക്കണമെന്ന ആഗ്രഹവും ഉണ്ടാകാം.അതിന് വേണ്ടി. കുറച്ച് പണം തരപ്പെടുമെന്നുണ്ടകിൽ.മനുഷ്യനെ പച്ചക്ക് വെടിവെച്ച് കൊല്ലുന്ന മനോനിലയിലേക്ക് അധഃപതിക്കരുത്. പ്രത്യേകിച്ച് ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ.

Advertisements