വിവാഹിതയായ ഒരു സ്ത്രീക്ക് വഴിയിൽ നിന്ന് ഒരു അന്യപുരുഷനോട് കുറച്ചധികം നേരം സംസാരിച്ച് നിൽക്കാൻ നമ്മുടെ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നില്ലേ?

0
156

Joli Joli

മതി ഇങ്ങനെ ജീവിച്ചത്. ഇനിയൊരു വിവാഹം കഴിച്ച് ഒതുങ്ങികൂടണം. കേട്ടിട്ടില്ലേ ഇങ്ങനെയൊരു വാക്ക്..? സ്വയം തോന്നിയതോ മറ്റുള്ളവർ നിങ്ങളോട് പറഞ്ഞതോ ആയിട്ട്, ഉണ്ട്. കേൾക്കാത്തവരായി ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. മറ്റെന്തെല്ലാം മേന്മകളോ, അത്യാവശ്യങ്ങളോ, ആവശ്യകതകളോ, നിർബന്ധങ്ങളോ ഉണ്ടങ്കിൽ പോലും വിവാഹ ജീവിതം എന്നത് ഒരു മനുഷ്യന്റെ അടിമ ജീവിതവും നാളിതുവരെ അവൻ അനുഭവിച്ചുവന്ന സർവ്വ സ്വാതന്ത്ര്യവും റദ്ദ് ചെയ്യപ്പെടലുമാണ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ പരസ്പ്പരം അടിമയാകുന്നതിനെയാണ് വിവാഹജീവിതം എന്ന് പറയുന്നത്. സ്ത്രീയായാലും പുരുഷനായാലും കുടുംബം എന്ന ചെറിയ ലോകത്തേക്ക് ഒതുക്കപ്പെടുന്നു. കുടുംബ ജീവിതത്തിൽ പരസ്പ്പരം സ്വാതന്ത്ര്യം അനുഭവിക്കുന്നില്ലേ എന്ന് നിങ്ങൾ ചോദിക്കും. ഇല്ല എന്നാണ് ഉത്തരം. എവിടെയാണ് നിങ്ങൾ സ്വാതന്ത്ര്യം അനുഭവിക്കുന്നത്..?

സ്ത്രീകളുടെ കാര്യം തന്നെ എടുത്തുനോക്കൂ. ഏറ്റവും കൂടുതൽ സ്വാതന്ത്ര്യ നിഷേധം അറിഞ്ഞോ അറിയാതെയോ സ്വന്തം ഇഷ്ട്ടപ്രകാരമോ അനുഭവിക്കുന്നത് വിവാഹിതകളായ സ്ത്രീകളാണ്. മുൻപുണ്ടായിരുന്ന പുരുഷ സുഹൃത്തുക്കളിൽ നിന്നോ അവരുടെ സൗഹൃദങ്ങളിൽ നിന്നോ അവർക്ക് അകലംപാലിക്കുകയോ ഒഴിവാകുകയോ ചെയ്യേണ്ടിവരും. ഒറ്റക്കുള്ള യാത്രകൾ,അനുവാദമില്ലാത്ത യാത്രകൾ, സ്വന്തം ഇഷ്ട്ടങ്ങൾ, പുതിയ ബന്ധങ്ങൾ, സ്വന്തം രുചികൾ, സ്വന്തം ആഹ്രഹങ്ങൾ എന്നിവയെല്ലാം ഒരു പരിധിയിൽ കൂടുതൽ സ്ത്രീകൾക്ക് ത്യജിക്കേണ്ടി വരും. കാരണം, അദൃശ്യമായി അവർ ഭർത്താവ് അല്ലങ്കിൽ കുടുംബം എന്ന് പറയുന്ന ചട്ടക്കൂടിന്റെ നിയന്ത്രണത്തിലാണ്.

വിവാഹിതയായ ഒരു സ്ത്രീക്ക് വഴിയിൽ നിന്ന് ഒരു അന്യപുരുഷനോട് കുറച്ചധികം നേരം സംസാരിച്ച് നിൽക്കാൻ നമ്മുടെ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നില്ലേ ? ഉണ്ട്. വിവാഹിതയായ ഒരു സ്ത്രീക്ക് ആരുടേയും അനുവാദമില്ലാതെ സുഹൃത്തുക്കളായ പുരുഷന്മാരുടെ ഒപ്പം അൽപ്പസമയം ചിലവഴിക്കാനും അവർ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാനും രാജ്യത്തെ നിയമം സ്വാതന്ത്യം നൽകുന്നില്ലേ ?ഉണ്ട്. എന്നാൽ രാജ്യത്തെ ഭരണഘടനക്കും നിയമങ്ങൾക്കും മുകളിലാണ് സമൂഹത്തിന്റെ സദാചാരമെന്ന വിലക്കുകൾ !

ചില അലിഖിത നിയമങ്ങളുടെ ബന്ധനത്തിലാണ് വിവാഹ ജീവിതത്തിലേക്ക് കടന്ന് കഴിഞ്ഞാൽ പിന്നീട് മരണം വരെയുള്ള നമ്മുടെ ജീവിതം, സമൂഹം, ബന്ധുമിത്രാദികൾ അങ്ങനെ പലരും കൽപ്പിച്ച് വെച്ചിട്ടുണ്ട് വിവാഹശേക്ഷം നമ്മൾ എങ്ങനെ ജീവിക്കണം എന്ന്. വിവാഹിതനായ പുരുഷന്റെ ജീവിതവും ഈ പറഞ്ഞതിൽ നിന്ന് ഏറെ വ്യത്യസ്തമല്ല.അന്നുവരെയുണ്ടായിരുന്ന ഒട്ടുമിക്ക സുഹൃത്തുക്കളെയും പൊട്ടിച്ചിരികളെയും ആഘോഷങ്ങളെയും ഭാഗീകമായോ പൂർണമായോ ഉപേക്ഷിക്കേണ്ടി വന്നവരുണ്ട്.

ഒറ്റക്കുള്ള യാത്രകൾ, ശീലങ്ങൾ, ദുശീലങ്ങൾ, സ്വാതന്ത്ര്യത്തോടെയുള്ള നടപ്പ്, സ്ത്രീ സുഹൃത്തുക്കളോടുള്ള അടുപ്പം, മറ്റൊരു സ്ത്രീയോടൊത്തുള്ള യാത്രകൾ, അവരോടൊപ്പമുള്ള സമയം ചിലവഴിക്കലുകൾ, എന്തിനേറെ നേരം ഇരുട്ടുന്നതിന് മുൻപ് വീട്ടിലെത്തണം എന്ന കൽപ്പനകൾ വരെ ഭാര്യയുടെ സ്നേഹത്തോടെയുള്ള വിലക്കുകളിൽ ത്യേജിക്കുകയും അനുസരിക്കേണ്ടിയും വരും.

വിവാഹം കഴിഞ്ഞ് കുറച്ച് കാലം കഴിയുമ്പോൾ ബഹുപൂരിപക്ഷം പേരിലും മടുപ്പ് എങ്ങനെയുണ്ടാകുന്നു എന്ന് ചോദിച്ചാൽ ഇങ്ങനെയൊക്കെത്തന്നെയാണ് കാരണം എന്നാണ് ഉത്തരം. ചിലർ മടുപ്പ് പ്രകടിപ്പിക്കും. ചിലർ ഉള്ളിൽ കൊണ്ടുനടക്കും.ചിലർ ആ രീതിയും സാഹചര്യവുമായി പൊരുത്തപെട്ട് പിന്നീടങ്ങോട്ട് ജീവിക്കും. ചിലർ മക്കളെ ഓർത്തും കുടുംബത്തെ ഓർത്തും സമൂഹത്തെ പേടിച്ചും സഹിച്ചും കടിച്ചമർത്തിയും ജീവിക്കും. കുടുംബം എന്ന എസ്റ്റാബ്ലിഷ്‌മെന്റ് നിലനിർത്തികൊണ്ട് പോകാൻ ചില നിയന്ത്രണങ്ങളും സഹനങ്ങളും വിട്ടുവീഴ്ച്ചകളും ആവശ്യമാണ്. അങ്ങനെയൊരു കെട്ടുറപ്പിലും വിശ്വാസത്തിലുമാണ് കുടുംബങ്ങൾ നിലനിന്ന് പോകുന്നത്. എന്നാൽ ആ നിയന്ത്രണങ്ങൾ മടുപ്പിന്റെ വക്കോളമെത്തി പരസ്പ്പരം പറയായാതെ ഉള്ളിൽ പുകഞ്ഞ് ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തരുത്. ഭാര്യയായാലും ഭർത്താവായാലും അവർ രണ്ട് വ്യക്തികളും കൂടിയാണ്..

പരസ്പ്പരം സ്വാതന്ത്ര്യങ്ങൾ അനുവദിച്ച് കൊടുക്കുക. വ്യക്തി സ്വാതന്ത്ര്യങ്ങൾ വകവെച്ച് കൊടുക്കണം. എത്ര മറച്ച് വെച്ചാലും ദിവസവും ഒരു യന്ത്രം പോലുള്ള ഈ ജീവിതം മടുത്തു എന്ന് ഒരിക്കലെങ്കിലും നിങ്ങൾ മനസ്സിൽ പറഞ്ഞിട്ടുണ്ടാകും.നിങ്ങളുടെ മാത്രമല്ല, നമ്മുടെ കേരളത്തിലെ എൺപത് ശതമാനം ഭാര്യാ ഭർത്താക്കന്മാരുടെയും മനസ് പറഞ്ഞിട്ടുണ്ട്.