ദാസനും വിജയനും ചിന്തിക്കുന്നത് വിറ്റ്  തുലക്കുന്നതിനെ കുറിച്ചാണ്

149

Joli Joli എഴുതുന്നു

ദാസനും വിജയനും ചിന്തിക്കുന്നത് സുഖിക്കുന്നതിനെ കുറിച്ചാണ്, വിറ്റ്  തുലക്കുന്നതിനെ കുറിച്ചാണ്.ഇഷ്ടക്കാരായ കോർപ്പറേറ്റുകൾക്ക് രാജ്യത്തെ കൈമാറുന്നതിനെ കുറിച്ചാണ്.ദാസനും വിജയനും ഈ രാജ്യത്ത് എന്തെങ്കിലും നിർമിച്ചതായി നിങ്ങൾ കേട്ടിട്ടുണ്ടോ..?
ദാസനും വിജയനും പ്രതിനിധാനം ചെയ്യുന്ന ആർ എസ് എസ്, സംഘ പരിവാരങ്ങൾ ഈ രാജ്യത്തിന് എന്തെങ്കിലും സംഭാവന ചെയ്തതായി നിങ്ങൾക്കറിയുമോ..?

ഈ രാജ്യത്തെ തൊണ്ണൂറ്റി അഞ്ചു ശതമാനം വരുന്ന ദരിദ്ര കോടികളെ കുറിച്ച് ഒരു വാക്കെങ്കിലും അവർ പറയുന്നത് കേട്ടിട്ടുണ്ടോ..?  കാർന്നോന്മാർക്ക് ഒരു അധികാരക്ഷയം സംഭവിച്ചപ്പോൾ മുടിയനും കുടുംബ ദ്രോഹിയും കള്ളനുമായ പുത്രന്റെ കയ്യിൽ തറവാടിന്റെ അധികാരം കിട്ടി.എത്രയും വേഗം കുടുംബവും കുടുംബ സ്വത്തുക്കളും വിറ്റ് തുലക്കുകയാണ് രാജ്യ ദ്രോഹികളായ സംഘപരിവാരം.
ജവഹർലാൽ നെഹ്രുവിന്റെ കാലം മുതൽ കക്കലും മുക്കലും ഉണ്ടെങ്കിലും കഴിഞ്ഞ എഴുപത്തി മൂന്ന് വർഷം കൊണ്ട് രാജ്യം സ്വരൂകൂട്ടിയതാണ് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ.

ജവഹര്‍ലാല്‍ നെഹ്രുവും പൊതുമേഖലയും തമ്മിലുള്ള നാഭീനാള ബന്ധം ഇന്നത്തെ ഭരണാധികാരികള്‍ക്ക് ഓര്‍ക്കാന്‍ വിഷമമുള്ളതാണ്. അവര്‍ക്ക് ചരിത്രം വസ്തുതകളുടെ വെളിച്ചത്തില്‍ കാണാനല്ല താല്‍പര്യം. അതുകൊണ്ടുതന്നെ പുതിയ മിത്തുകളെ സൃഷ്ടിച്ചെടുത്ത് ചരിത്രത്തെ അത്തരം മിത്തുകളില്‍ തളക്കാനാണ് അവര്‍ മെനക്കെടുന്നത്.

ഭാരത് പെട്രോളിയവും വിമാന കമ്പനിയും മാത്രമല്ല.ഷിപ്പിങ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ, കണ്ടെയ്‌നർ കോർപറേഷൻ ഓഫ്‌ ഇന്ത്യ, നീപ്‌കോ, ടിഎച്ച്‌ഡിസി, ഐ.ടി.ഡി.സി,  ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ്, നാഷണല്‍ പ്രൊജക്ട് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍, എന്‍ജിനിയറിങ് പ്രൊജക്ട് ഇന്ത്യ, ബ്രിഡ്ജ് ആന്‍ഡ് റൂഫ് ഇന്ത്യ, സ്‌കൂട്ടേഴ്‌സ് ഇന്ത്യ, സെന്‍ട്രല്‍ ഇലക്ട്രോണിക്സ്, ഭാരത് എര്‍ത്ത് മൂവേഴ്‌സ്, ഫെറോ സ്‌ക്രാപ്പ് നിഗം,  പവന്‍ ഹന്‍സ് സിമന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, നഗര്‍നര്‍ സ്റ്റീല്‍ പ്ലാന്റ്, അലോയ് സ്റ്റീല്‍ പ്ലാന്റ്, സേലം സ്റ്റീല്‍ പ്ലാന്റ് ഡ്രെഡ്ജിങ് കോര്‍പറേഷന്‍, എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍, ഇന്ത്യന്‍ മെഡിസിന്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് കോര്‍പറേഷന്‍, കര്‍ണാടക ആന്റിബയോട്ടിക്‌സ്, കാംരജര്‍ തുറമുഖം, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷന്‍. തുടങ്ങി …26 പൊതുമേഖലാ സ്ഥാപനങ്ങളുടെയും പൂമുഖത്ത് വില്‍പനക്കെന്ന ബോര്‍ഡ് തൂക്കിയിരിക്കുകയാണ് ദാസനും വിജയനും അടങ്ങുന്ന സംഘപരിവാർ കറക്ക് കമ്പനി.. !

ഓഹരി വിറ്റ് 3.25 ലക്ഷം കോടി രൂപ സ്വരൂപിക്കുകയാണ് പരിവാർ ലക്ഷ്യം. ഒന്നാം മോദി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷ ഭരണകാലയളവില്‍ പൊതുമേഖലാ ഓഹരി വിറ്റ് 2.80 ലക്ഷം കോടി രൂപയാണ് നേടിയത്. നഗരങ്ങളിലെ കണ്ണായ ഇടങ്ങളിലെ ഭൂസ്വത്ത് ആണ് സ്വകാര്യ കമ്പനികള്‍ ലക്ഷ്യമിടുന്നത്. ആയിരക്കണക്കിന് കോടികളുടെ ഭൂസ്വത്താണ് നഷ്ടക്കണക്കിന്റെ പേരില്‍ സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ കൈമാറാൻ പോകുന്നത്.. !എയര്‍ ഇന്ത്യ, ഐടിഡിസി എന്നിവയ്ക്ക് വന്‍ നഗരങ്ങളില്‍ ആയിരകണക്കിന് കോടി രൂപയുടെ ഭൂമിയുണ്ട്… !ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന് ഋഷികേശില്‍ 800 ഏക്കറിലേറെ സ്ഥലമുണ്ട്. സ്‌കൂട്ടേഴ്സ് ഇന്ത്യയ്ക്ക് ലഖ്നൗവില്‍ 150 ഏക്കര്‍.

ഓഹരികള്‍ വിറ്റഴിക്കുന്നതോടെ ഈ ആസ്തികള്‍ മുഴുവന്‍ സ്വകാര്യവ്യക്തികളുടേയും കമ്പനികളുടേയും കൈക്കലാകും.  രാജ്യത്തെ ആധുനികവല്‍ക്കരിക്കുന്നതില്‍ ഇന്നോളം മുഖ്യ പങ്ക് വഹിച്ച നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ തറവില പോലും ഈടാക്കാതെ സര്‍ക്കാര്‍ വിറ്റഴിക്കുമ്പോള്‍ പതിനായിരക്കണക്കിന് തൊഴിലാളികള്‍ തൊഴിലന്വേഷകരായി മാറുകയും ചെയ്യും.. ! വർഷം ശരാശരി 12,000 കോടിയിൽപ്പരം പ്രവർത്തന ലാഭമുള്ള ഭാരത്‌ പെട്രോളിയത്തിന്റെ ഓഹരി വിൽപ്പന വഴി 60,000 കോടി രൂപ കിട്ടുമെന്നാണ് പരിവാരത്തിന്റെ പ്രതീക്ഷ.

അമേരിക്കൻ എണ്ണ ഭീമനായ എക്‌സോൺ മൊബീൽ അടക്കമുള്ള ബഹുരാഷ്ട്ര കുത്തകകൾ ഭാരത്‌ പെട്രോളിയത്തിനായി രംഗത്തുണ്ട്‌.  ഭാരത്‌ പെട്രോളിയത്തിന്റെ 53.29 ശതമാനം ഓഹരിയാണ്‌ കേന്ദ്രത്തിന്റെ കൈവശമുള്ളത്‌. ദാസന്റെയും വിജയന്റെയും കറക്ക് കമ്പനി സൃഷ്ട്ടിച്ച വികല നയങ്ങള്‍ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ മാത്രമല്ല, സ്ഥാപനങ്ങള്‍ തന്നെ പൂര്‍ണമായി സ്വകാര്യ മേഖലക്ക് തീറെഴുതുകയാണ്.നിങ്ങൾക്ക് എന്തെങ്കിലും ഈ രാജ്യത്ത് പുതുതായി ഉണ്ടാക്കാൻ സാധിച്ചോ…? ഇല്ല.കയറുമ്പോൾ ഉണ്ടായിരുന്നത് നിലനിർത്താണെങ്കിലും സാധിച്ചോ..? ഇല്ല, രാജ്യം തന്നെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്തിട്ട് പോകുന്നു, അതെ.. പോകുമ്പോൾ ഈ രാജ്യത്തിന് തീയിടരുത് എന്നൊരപേക്ഷയുണ്ട്.

Advertisements