കാലാകാലങ്ങളിൽ കേരളം ഭയക്കുന്ന യാഥാസ്ഥിതിക കിഴവന്മാർ ഒന്നരക്കോടി യുവജനതയ്ക്ക് എന്താണ് നൽകുന്നത് ?

308

Joli Joli എഴുതുന്നു

ജരാനര ബാധിച്ച തലച്ചോറിൽ നിന്ന് പുറത്തേക്ക് വരാൻ എന്താണുള്ളത് എന്നതായിരുന്നു രണ്ട് ദിവസമായി കേരളത്തിൽ മുഴങ്ങി കേട്ട ചോദ്യം. ജാതിമത ദുർഗന്ധമല്ലാതെ മറ്റൊന്നുമില്ല എന്നാണ് മറുപടി. ഒന്നര കോടിക്ക് മുകളിൽ വരുന്ന കേരളത്തിലെ യുവ ജനതയെ ഭരിക്കുന്നത് കിഴവന്മാർ തന്നെയാണ്. എന്താ സംശയമുണ്ടോ..? ബഹുഭൂരിപക്ഷം വരുന്ന യുവജനങ്ങൾക്ക് സംസ്ഥാനത്തിന്റെ ഭരണത്തിൽ കൃത്യമായ പ്രാധിനിധ്യമുണ്ടോ..? ഇല്ല.

കാലാവധി കഴിഞ്ഞ മനുഷ്യരല്ലേ ഈ ആധുനിക യുഗത്തിലും കേരളത്തെ നയിക്കുന്നത്..?എന്ത് ആധുനികതയാണ് ചിതലരിച്ച നിങ്ങളുടെ തലച്ചോറിൽ നിന്ന് നിങ്ങൾ കേരളത്തിൽ ചെയ്ത് വെച്ചത്…?എത്ര പതിറ്റാണ്ടുകളായി നിങ്ങൾ തന്നെ ആ കസേരകളിൽ അള്ളിപ്പിടിച്ചിരുന്ന് കേരളത്തിലെ ജനങ്ങളെ ഭരിക്കുന്നു. നിങ്ങളുടെ ഭരണത്തിൽ എത്ര തലമുറകൾ ഗതി കിട്ടാതെ ചത്തൊടുങ്ങിപ്പോയി.
വിഎസ് ആയാലും പിണറായി ആയാലും ആന്റണിയായാലും ഉമ്മൻചാണ്ടിയായാലും രേമശൻ ആയാലും കഴിഞ്ഞ തലമുറയെ തൊട്ട് ഭരിക്കാൻ തുടങ്ങിയതല്ലേ…? ഈ തലമുറ ചത്തൊടുങ്ങിയാലും നിങ്ങളുടെ ഭരണം അവസാനിക്കുമോ..? ഇല്ല, പിന്നെ എന്ത് പുതിയ ഭരണ പരിഷ്‌ക്കാരങ്ങളാണ് ഇന്നത്തെ തലമുറ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കേണ്ടത്.

ലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമോ നിങ്ങളെ പോലെ ഊന്നു വടിയും മൂത്ര സഞ്ചിയുമായി നാട് ഭരിക്കുന്നവർ…?ഒരു സർക്കാർ ഉദ്യോഗസ്ഥന് വിരമിക്കാൻ അറുപത് വയസ് എന്നാണ് കണക്ക്. എന്തുകൊണ്ടാണ് അറുപത് വയസായി നിജപ്പെടുത്തിയത്..? അറുപത് വയസ്സാകുമ്പോൾ ആ മനുഷ്യന്റെ കഴിവും ആരോഗ്യവും വേഗതയും കുറയുന്നു എന്നല്ലേ നിങ്ങൾ പറയുന്നത്…?അതായത് ഒരു ക്ലെർക്കിന് പോലും ഈ പ്രായപരിധി ബാധകമാണ് അല്ലേ. എന്നിട്ടാണോ അതീവ കഴിവും ബുദ്ധിയും വേഗതയും വേണ്ട മുഖ്യമന്ത്രി കസേരകളിൽ വരെ ഒന്നര പ്രാവശ്യം കാലം കഴിഞ്ഞവർ അള്ളിപിടിച്ചിരിക്കുന്നത്. ജാതി മത ചിന്തകളും ആചാരാനുഷ്ട്ടാനങ്ങളും കട്ട പിടിച്ച് കിടക്കുന്ന പഴ മനസുകളാണ് നിങ്ങൾ. അതുകൊണ്ടാണ് നിങ്ങൾ ഇപ്പോഴും സമൂഹത്തിൽ ജാതിയും മതവും ആചാരങ്ങളും വാരി വിതറുന്നത്. നിങ്ങളെപ്പോലുള്ള കുറച്ച് പഴമനസുകളുടെ താൽപ്പര്യങ്ങൾ ഇന്നത്തെ യുവ മനസുകളുടെ താല്പര്യങ്ങളായി തെറ്റ് ധരിക്കരുത്. കാരണം കേരളത്തിലെ രണ്ട് ചാനലുകൾ അഞ്ചു മണ്ഡലങ്ങളിലെ ജനങ്ങളോട് ചോദിച്ച ഒരു ചോദ്യമുണ്ട്. സ്ഥാനാർത്ഥിയുടെ ജാതിയും മതവും നിങ്ങൾക്ക് പ്രശ്നമാണോ എന്ന്.

എഴുപത്തഞ്ചു ശതമാനം പേരും അല്ല എന്നാണ് ഉത്തരം നൽകിയത്. രണ്ട് ദിവസമായി നടന്നുവരുന്ന നിങ്ങളിൽ ആരുടെ തലയാണ് കൂടുതൽ നരച്ചത് എന്ന വാദം എത്ര പരിഹാസ്യമാണ് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.ഉണ്ടെങ്കിൽ ഉപദേശകരുടെ റോളിലേക്ക് മാറിക്കൊടുക്കുക.കഴിവും വേഗതയും ആധുനികതയും ലോകപരിചയവും ഉള്ള യുവാക്കൾ കടന്ന് വരട്ടെ. ഈ ദുഷിച്ച ജാതി മത മാലിന്യ പരിതസ്ഥിതിയിൽ നിന്ന് ആധുനികതയിലേക്കും പുരോഗതിയിലേക്കും വിശാല കാഴ്ച്ചപ്പാടിലേക്കും ഒരു മാറ്റം ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ സങ്കടത്തോട് കൂടി പറയട്ടെ അതിന് നിങ്ങൾ തടസ്സമാണ്. കാരണം നിങ്ങളിൽ നിന്ന് ദുർഗന്ധമല്ലാതെ മറ്റൊന്നും ഇനി പ്രതീക്ഷിക്കാനില്ല.