എന്തുകൊണ്ടാണ് നമ്മൾ നിരന്തരം അപമാനിക്കപ്പെടുന്നത് ?

626

Joli Joli എഴുതുന്നു

ഒരു പൗരന്റെ ജീവന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന വില പല രാജ്യങ്ങളിലും പലതാണ്…

അൻപതിനായിരം രൂപ മുതൽ അഞ്ചു കോടി രൂപവരെ ഒരു പൗരന്റെ ജീവന് നഷ്ടപരിഹാരം നിശ്ചയിക്കുന്ന രാജ്യങ്ങളുണ്ട്…

അതുപോലെതന്നെ ഒരു പൗരന്റെ അന്തസിനും അഭിമാനത്തിനും അത്രതന്നെ വില കൽപ്പിക്കുന്ന രാജ്യങ്ങളാണ് ലോകത്തേറെയും..

Joli Joli
Joli Joli

പൗരനെ സർ എന്ന് സംബോധന ചെയ്യുന്ന പോലീസിനെയും സർക്കാർ ജീവനക്കാരെയും അന്യ രാജ്യങ്ങളിലെ സിനിമകളിൽ നിങ്ങൾ കണ്ടിട്ടുണ്ടാകും..

യൂറോപ്യൻ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളിലും ജീവിക്കുന്ന മലയാളികൾക്ക് അറിവുള്ളതാണ് അവിടുത്തെ സർക്കാർ സവിധാനങ്ങൾ ഒരു പൗരന് കൊടുക്കുന്ന മാന്യത എന്താണെന്ന്..

നമ്മുക്ക് കേരളത്തിലെ കാര്യം മാത്രമെടുക്കാം..
എന്തുകൊണ്ടാണ് സാധാരണ ജനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും പോലീസിന്റെ ഭാഗത്തുനിന്നും സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നിരന്തരം പല രീതിയിലും അപമാനിക്കപ്പെടുന്നത്…?

നമ്മൾ മൂന്നേകാൽ കോടി വരുന്ന വലിയൊരു ശക്തിയല്ലേ..

നമ്മൾ ശക്തമായ ഒരു ഭരണകൂടത്തെ സർവ്വ ചിലവുകളും വഹിച്ച് നിർമിച്ച് വെച്ചിട്ടില്ലേ…

എന്തിനും പോന്ന ഒരു പോലീസ് ഫോഴ്സിനെ നമ്മൾ തീറ്റിപോറ്റുന്നില്ലേ…

ലക്ഷകണക്കിന് സർക്കാർ ഉദ്യോഗസ്ഥരെ ചെല്ലും ചെലവും കൊടുത്ത് നമ്മൾ ജോലിക്ക് നിയമിച്ചിട്ടില്ലേ..

എന്നിട്ടും നമ്മൾ അപമാനിതരെപോലെ ജീവിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്…

വ്യക്തമായി പരിശോധിച്ചാൽ നമ്മൾ അപമാനിക്കപ്പെടുന്നത് ഇവരിൽനിന്നെല്ലാമാണെന്ന് മനസിലാകും…

പത്തോ നൂറോ ആയിരമോ കോടി രൂപയുടെ ആസ്തിയുള്ള ഒരു കച്ചവടക്കാരന് നമ്മളെ തല്ലാം…

മാന്യമല്ലാത്ത രീതിയിൽ പെരുമാറാം…

അയാളുടെ സേവനങ്ങളെ കുറിച്ച് പരാതി പറഞ്ഞാൽ ജീവൻ പോലും അപകടത്തിലാകും…

ഏത് സർക്കാർ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങളെ എടൊ പോടോ നീ എന്ന് വിളിക്കാം…

ധാർഷ്ഠ്യത്തോടെ പെരുമാറാം…..

പലവട്ടം നടത്തിക്കാം…
ഓച്ഛാനിച്ച് നിർത്തിക്കാം..

പൊലീസിന് പ്രായഭേദമില്ലാതെ, സ്ത്രീയെന്നോ പുരുഷനെന്നോ വിത്യാസമില്ലാതെ പൊതുജനങ്ങളെ തെറി കൂട്ടി സംബോധന ചെയ്യാം…
മറുത്ത് പറയാൻ അധികാരമില്ലാതെ കേട്ട് നിൽക്കണം..

ജയിപ്പിച്ച് വിട്ട എം എൽ എ യും മന്ത്രിയും രാജാവാകുന്നു..
ജനങ്ങൾ പ്രജകളാകുന്നു…

ഇവരുടെയെല്ലാം മുന്നിൽ സാറേയെന്ന് വിളിച്ച് ഓച്ഛാനിച്ച് നിൽക്കേണ്ട നിസഹായാവസ്ഥയിൽ പൊതുജനമെത്തുന്നുന്നു…

ഭരണകൂടവും പോലീസും ഉദ്യോഗസ്ഥരും ഒന്നുചേരുമ്പോൾ ജനം അടിമകളാകുന്നു….

ലോകത്തൊരിടത്തും തൊഴിലാളി മുതലാളിയുടെ നേരെ കൈ പോക്കുകയോ മാന്യമല്ലാത്ത രീതിയിൽ പെരുമാറുകയോ തൊഴിൽ നൽകിയവനെ ബഹുമാനിക്കാതിരിക്കുകയോ ചെയ്യില്ല..

നമ്മൾ ചെല്ലും ചിലവും കൊടുത്ത് വളർത്തുന്ന സംവിധാനങ്ങളാണ് നമ്മെ അപമാനിക്കുന്നത്…
നമ്മെ ബഹുമാനിക്കാത്തത്..

ഒരു പൗരന് കിട്ടേണ്ട അന്തസും അഭിമാനവും വിലയും മറ്റു രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് കൃത്യമായി നൽകുന്നത് അവരുടെ സംസ്കാരത്തിന്റെയും ആധുനികതയുടെയും വിദ്യാഭ്യാസത്തിന്റെയും ഭാഗമായിട്ടാണ്…

പൗരനാണ് രാജാവ് എന്ന വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ പ്രവർത്തിക്കുന്നത്…

പൊതുജനങ്ങളെ സർ എന്ന് തന്നെ വിളിക്കാൻ കഴിയുന്നവർ മാത്രം ജോലിക്കിരുന്നാൽ മതി…

അല്ലാത്തവരെ പറഞ്ഞുവിടണം…

ലക്ഷകണക്കിന് അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർ പുറത്ത് നിൽക്കുന്നുണ്ട്…

ശക്തമായ നിയമ നടപടികളിലൂടെയേ നൂറ്റാണ്ടുകളായ ഈ ആചാരം മാറൂ…

നിർദ്ദേശങ്ങളും സർക്കുലറുകളും ഇതിനൊരു പരിഹാരമല്ല…

അടിമ ജീവിതത്തിൽനിന്നും മോചനം നേടേണ്ട കാലമായി…

ഏത് രീതിയിലായാലും അത് ഒരു പൗരന്റെ വിലയില്ലായ്മയാണ്…

ഓരോ രാജ്യത്തിന്റെയും പാസ്പ്പോർട്ടുകളെ കുറിച്ച് പഠിച്ചാൽ മനസിലാകും അതാത് രാജ്യങ്ങളിലെ പൗരന്മാർ മറ്റ് രാജ്യങ്ങളിൽ ചെന്നിറങ്ങുമ്പോൾ അവർക്കുള്ള വിലയെന്താണെന്ന്……

നമ്മൾ ഒരുപാട് താഴെയാണ്……