അരിപ്പ കേരളത്തിലാണെന്നു മറക്കരുത്

56

Joli Joli

അരിപ്പയിൽ അരിയും ഭക്ഷണവും കിട്ടാതെ നാനൂറിലേറെ മനുഷ്യർ

ലോക്ഡൗണിൽ പുറത്തേക്കിറങ്ങാനാവാതെ കൊല്ലം ജില്ലയിലെ അരിപ്പയിൽ നൂറ്റി അറുപതിലേറെ കുടുംബങ്ങൾ ഭക്ഷണത്തിനു വഴിയില്ലാതെ നരകിക്കുന്നു എന്ന വാർത്ത നിങ്ങൾ അറിഞ്ഞിട്ടുണ്ടാകും. ആദിവാസികളും ദളിതരും ഭൂമിയില്ലാത്ത പാവങ്ങളുമാണവർ. പത്തനംതിട്ട ജില്ലയിൽ നിന്നും വന്ന് അരിപ്പയിൽ ഭൂ സമരം നടത്തുന്ന കുടുംബങ്ങളിലെ നാനൂറോളം പേരാണ് ഈ ലോക്ക് ഡൗൺ കാലത്ത് പട്ടിണിയിൽ തുടരുന്നത്.ഭക്ഷണമില്ലെന്ന പരാതിയുമായി ഇതര സംസ്ഥാന തൊഴിലാളികൾ റോഡിലിറങ്ങിയപ്പോൾ ഇവരുടെ പട്ടിണി മാറ്റാൻ മത്സരിച്ച് ഭക്ഷ്യസാധനമെത്തിച്ച സർക്കാർ നടപടി നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ തന്നെയാണ് കേരളീയ കുടുംബങ്ങൾ ആരാലും തിരിഞ്ഞു നോക്കാനില്ലാതെ പട്ടിണിയിൽ തുടരുന്നത്..

അറുനൂറോളം കുടുംബങ്ങളാണ് തങ്ങൾ കുഞ്ഞു മുസലിയാരിൽ നിന്ന് സർക്കാർ തിരികെ ഏറ്റെടുത്ത അരിപ്പയിലെ റവന്യൂ ഭൂമിയിൽ സമരം ചെയ്യുന്നത്.എട്ട് വർഷമായി തുടരുന്ന സമരമാണ് അരിപ്പയിലെ ഭൂസമരം.അരിപ്പയിലെ സമര ഭൂമിയിൽ നെൽകൃഷി ചെയ്യുന്നത് വിധ്വംസക പ്രവർത്തനമായി പ്രഖ്യാപിച്ച് 2017 നവംബർ 16 ന് ‘ചരിത്ര പ്രസിദ്ധമായ’ ഒരു ഉത്തരവ് പിണറായി സർക്കാർ ഇറക്കിയിരുന്നു.ഈ ഉത്തരവ് നിലനിൽക്കുന്നതിനാൽ ഇവർ തങ്ങുന്ന ഭൂമിയിൽ നെൽകൃഷി ചെയ്യാനും ഇവർക്ക് സാധിക്കുന്നില്ല. 2017 വരെ ഈ ഭൂമിയിൽ ഇവർ നെൽകൃഷി ചെയ്തിരുന്നു… !

നെൽകൃഷി വഴി ഇവർക്ക് ഭക്ഷ്യധാന്യം ലഭ്യമാകാൻ തുടങ്ങിയപ്പോഴാണ് നെൽകൃഷി വിധ്വംസക പ്രവർത്തനമായി പ്രഖ്യാപിച്ച് അരിപ്പയിൽ സർക്കാർ ഉത്തരവ് ഇറക്കിയത്.ഇതോടെ ഇവരുടെ അന്നവും മുട്ടി.നെൽകൃഷി ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് ഭാക്ഷയിൽ വിധ്വംസക പ്രവർത്തനമാണത്രെ.. !ഭൂസമരം നടത്തിയവരെ മര്യാദ പഠിപ്പിക്കാൻ കണ്ട വഴിയാണോ ഇത്? ഭൂമിയില്ലാത്ത ആദിവാസികളും ദളിതരുമാണ് അവിടെ കുടിൽ കെട്ടി താമസിക്കുന്നത്.ലോക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം കേരളത്തിലുള്ള മുഴുവൻ മനുഷ്യർക്കും (അതിഥി തൊഴിലാളികൾ ഉൾപ്പെടെ) പക്ഷിമൃഗാദികൾക്കും ഭക്ഷണത്തിന് വഴി കണ്ടെത്തി കൊടുത്ത സർക്കാർ ഈ മനുഷ്യരെ പരിഗണിക്കാത്തത് വലിയ ക്രൂരതയായിപ്പോയി .കേരളത്തിൽ നിന്നു് പട്ടിണി മരണം റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കാൻ ഇന്ന് തന്നെ അവർക്ക് അരിയും അവശ്യവസ്തുക്കളും എത്തിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.ഇനിയും അവർക്ക് പിടിച്ച് നിൽക്കാൻ കഴിയില്ല.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വൈരാഗ്യം ബുദ്ധി കേരളത്തിലെ ജനങ്ങൾക്ക് നന്നായിട്ടറിയാം.പക്ഷെ അത് പുറത്തെടുക്കേണ്ട സമയമല്ലിത്.കൊല്ലം ജില്ലാ കലക്ടറും കെ രാജുമന്ത്രിയും തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റണം.
അരിപ്പ കേരളത്തിലാണെന്നു മറക്കരുത്. അവർ കേരളീയരാണെന്നതും.