സർക്കാരിന് കൊടുക്കാൻ വിശ്വാസമില്ലെന്ന് പറയുന്നവർ ആ പണം പാവങ്ങൾക്ക് കൊടുക്കുമോ ?

26

Joli Joli

കഴിഞ്ഞ പ്രളയം കാലത്ത് ഒരു മാസത്തെ ശമ്പളം നൽകണമെന്ന് സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപെട്ടപ്പോൾ ഒരു ലക്ഷത്തി അറുപതിനായിരം രൂപ ശമ്പളമുള്ള ഒരു മഹാൻ തന്നത് അഞ്ഞൂറ് രൂപയായിരുന്നു എന്ന് കടകംപള്ളി സുരേന്ദ്രൻ ഇന്ന് രാവിലെ ഒരു വാർത്താ സമ്മേളനത്തിൽ പറയുന്നത് കേട്ടു. എത്രകിട്ടിയാലും ആർത്തിമാറാത്ത ആർത്തി പണ്ടാരങ്ങളാണ് സർക്കാർ ഉദ്യോഗസ്ഥർ എന്ന് രണ്ട് ദിവസം മുൻപ് ഒരു ഉത്തരവാദിത്വപ്പെട്ട ഒരാൾ പറയുന്നത് കേട്ടു.അതിൽ എത്ര മാത്രം ശരിയുണ്ട് എന്നത് നമുക്കിവിടെ ചർച്ച വേണ്ട.പക്ഷെ ഒരു കാര്യം പറയാതിരിക്കാൻ ആവില്ല.

സംസ്ഥാനത്തിന്റെ എൺപത് ശതമാനം വരുമാനവും കേരളത്തിലെ അഞ്ചര ലക്ഷം വരുന്ന സർക്കാർ ജീവനക്കാരെയും പെൻഷൻ കാരേയും മാസാമാസം തീറ്റിപോറ്റാനാണ് ചിലവഴിക്കുന്നത്.ബാക്കി ഇരുപത് ശതമാനം തുക മാത്രമാണ് മൂന്നേകാൽ കോടി ജനങ്ങളുടെ സർവ്വ കാര്യങ്ങളും നിർവഹിക്കാൻ ഉപയോഗിക്കുന്നുള്ളൂ.കേരളത്തിന്റെ പൊതുകടം ഭയാനകമായ രീതിയിൽ റോക്കറ്റ് പോലെ ഉയർന്നുകൊണ്ടിരിക്കുന്നതും ഈ തീറ്റിപോറ്റൽ പ്രക്രിയക്ക് വേണ്ടി മാസാമാസം കടമെടുക്കുന്നത് കൊണ്ടാണ്.സൂക്ഷമായി പരിശോധിച്ചാൽ വർഷങ്ങളായി കേരളത്തിൽ വികസനപ്രവർത്തനങ്ങളൊന്നും തന്നെ നടക്കുന്നില്ല എന്ന് കാണാൻ കഴിയും..അതിന് പണമില്ല എന്നത് തന്നെ കാരണം.സർക്കാർ ഉദ്യോഗസ്ഥർ വേണ്ടന്നോ അവരുടെ സേവനങ്ങളെ കുറച്ച് കാണുകയോ അല്ല ഈ പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നത്.ആയിരം രൂപക്ക് പോലും ഗതിയില്ലാതെ ലക്ഷകണക്കിന് കുടുംബങ്ങൾ ഇപ്പോൾ കേരളത്തിൽ അടച്ച് പൂട്ടിയിരിക്കുന്നുണ്ട്.ഒരുനേരത്തെ ആഹാരത്തിന് കൈ നീട്ടാൻ അഭിമാനം സമ്മതിക്കാത്തവർ,കൂലിപ്പണിക്കാർ, താഴെ തട്ടിലുള്ളവർ… അങ്ങനെ ഒരുപാട് മനുഷ്യർ, ഒരുപാട് കുടുംബങ്ങൾ.അവരുടെ നികുതിപ്പണമാണ് ഒരു രൂപ കുറയാതെ ഞങ്ങൾക്ക് കിട്ടണമെന്ന് നിങ്ങൾ പറയുന്നത്.ലക്ഷങ്ങൾ ശമ്പളം മേടിക്കുന്ന സർക്കാർ ജീവനക്കാരനും പറയുന്നു അതിൽ നിന്നും ഒരു രൂപ പോലും കുറയാൻ ഞങ്ങൾ സമ്മതിക്കില്ല എന്ന്… !

നിങ്ങൾ പറയുന്നത് എന്തൊരു ക്രൂരതയാണെന്ന് നിങ്ങൾ നിങ്ങളുടെ ചുറ്റുവട്ടത്തൊന്ന് കണ്ണോടിച്ചിട്ട് ചിന്തിച്ച് നോക്കൂ. നിങ്ങൾക്ക് നിങ്ങളുടെ ശമ്പളവിഹിതം സർക്കാരിന് കൊടുക്കാൻ വിശ്വാസമില്ലെങ്കിൽ നിങ്ങൾ ഒരു കാര്യം ചെയ്യൂ. മുപ്പതിനായിരം രൂപയിൽ കൂടുതൽ നിങ്ങൾക്ക് ശമ്പളം ഉണ്ടെങ്കിൽ ബാക്കി തുക നിങ്ങളുടെ ചുറ്റുവട്ടത്തുള്ള പത്ത് പാവപ്പെട്ട കുടുംബങ്ങൾക്ക് വീതിച്ച് കൊടുക്കൂ.
അതിനെങ്കിലും കഴിയുമോ നിങ്ങൾക്ക് ? കഴിയില്ല എങ്കിൽ ഒറ്റ സർക്കാർ ഉദ്യോഗസ്ഥനും ഇനി ആറ് മാസത്തേക്ക് മുപ്പതിനായിരം രൂപയിൽ കൂടുതൽ ശമ്പളം കൊടുക്കരുത്. പിടിച്ചെടുക്കുന്ന പണം ഇവിടുത്തെ നിർധനരായ കുടുംബങ്ങളുടെ അകൗണ്ടിൽ ഇട്ട് കൊടുക്കട്ടെ.നിങ്ങളൊന്ന് ആലോചിച്ച് നോക്കൂ.ഒരു ദുരിതം വന്നാൽ ഇവിടുത്തെ നികുതിപ്പണത്തിന് സാധാരണ ജനങ്ങളും അവകാശികളല്ലേ.ഒരു രൂപക്ക് പോലും നിവൃത്തിയില്ലാതെ ലക്ഷകണക്കിന് മനുഷ്യർ പകച്ച് നിൽക്കുമ്പോൾ നിങ്ങളിങ്ങനെ ലക്ഷങ്ങൾ നികുതിപ്പണം കൈനീട്ടി വാങ്ങുന്നത് സമൂഹത്തിൽ അതൃപ്തിയുണ്ടാക്കും.സ്വഭാവികമാണത്. ( ഒരുനേരത്തെ ആഹാരത്തിന് മനുഷ്യർ കൈനീട്ടി നിൽക്കുന്നതാണ് ചിത്രത്തിൽ. )