പ്രവാസികളുടെ തിരിച്ചുവരവ് സൃഷ്ടിക്കുന്നതു വലിയ പ്രതിസന്ധി

  138

  Joli Joli

  രണ്ടായിരത്തി പതിനെട്ടിലെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസ നിക്ഷേപം വരുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിലേറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിക്കുന്നത് മലയാളികളിലൂടെയും. പുതിയ കണക്കനുസരിച്ച് 1.64 കോടി ഇന്ത്യക്കാർ വിദേശത്തുണ്ട്.ആകെ ജനസംഖ്യയുടെ ഒന്നര ശതമാനം മാത്രം. എന്നാൽ ഇവർ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ്.
  ഇവരുടെ പ്രതിവർഷ സംഭാവന ജിഡിപിയുടെ (മൊത്തം ആഭ്യന്തര ഉൽപാദനം) നാലു ശതമാനമാണ്. രണ്ടായിരത്തി പതിനെട്ടിൽ എഴുപത് ബില്യൻ ഡോളറാണ് (അഞ്ചു ലക്ഷം കോടി ഇന്ത്യൻ രൂപ) രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തിൽ എത്തിയത്.സാമ്പത്തിക വർഷത്തെ റവന്യു വരുമാനത്തിന്റെ 25 ശതമാനമാണിത്.

  പുതിയ കണക്കനുസരിച്ച് 26.46 ലക്ഷം മലയാളികൾ പ്രവാസികളായി വിദേശ രാജ്യങ്ങളിൽ കഴിയുന്നുണ്ട്.യുഎഇയിൽ മാത്രം ഒൻപതു ലക്ഷം മലയാളികളുണ്ട്. രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യയിൽ 5.37 ലക്ഷം. കേരളത്തിന്റെ സമ്പദ്ഘടനയെ ചലനാത്മകമാക്കുന്നതു വിദേശമലയാളികൾ നാട്ടിലേക്ക് അയയ്ക്കുന്ന തുകയാണ്. 2019ൽ പ്രവാസികളുടെ 86,289 കോടി രൂപ സംസ്ഥാനത്തിനു ലഭിച്ചു. കേരളത്തിന്റെ മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ 15 ശതമാനമാണിതെന്നോർക്കണം. എല്ലാ വർഷവും എത്തുന്ന ഈ വൻതുകകൾ ക്രിയാത്മകമായി കേരളം ഉപയോഗിച്ചോ? ഉപയോഗിക്കാനുള്ള സംവിധാനം കേരളത്തിനുണ്ടായിരുന്നോ.. ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ നെടുവീർപ്പിടേണ്ട സമയമായി.പറഞ്ഞുവന്നത് ഇതാണ്. ഇന്നലെ വരെ അഞ്ചര ലക്ഷം മലയാളികൾ മടങ്ങിവരാൻ രെജിസ്റ്റർ ചെയ്തു എന്നാണ് കണക്കുകൾ പറയുന്നത്.

  രെജിസ്റ്റർ ചെയ്യാൻ സൗകര്യവും സാഹചര്യവും അറിവും ഉള്ള ഒരു വിഭാഗം മാത്രമാണ് രെജിസ്റ്റർ ചെയ്തത് എന്നോർക്കണം.അത്രതന്നെ ആളുകൾ വരുവാനുള്ള ആഗ്രഹവും സാഹചര്യവുമായി പിന്നിൽ നിൽക്കുന്നുണ്ട്. ഈ സംഖ്യ ഇനിയങ്ങോട്ട് വർധിക്കും എന്നല്ലാതെ ഒരിക്കലും കുറവ് ഉണ്ടാകുമെന്ന് പ്രധീക്ഷിക്കണ്ട. കാരണം ആവശ്യം വരുമ്പോൾ വിളിക്കാം ഇപ്പോൾ കയറിപോകൂ എന്ന് പല ഗൾഫ് രാജ്യങ്ങളും ഇപ്പോൾ പരസ്യമായി ആവശ്യപ്പെടാൻ തുടങ്ങി.ഇവരെല്ലാവരും ഇന്നോ നാളെയോ നാട്ടിലെത്തും എന്നല്ല പറഞ്ഞുവരുന്നത്. എന്നാൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഇവരിൽ പകുതി പേരും നാട്ടിലെത്തും എന്ന കാര്യം ഉറപ്പാണ്.1998 മുതല്‍ തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് നടത്തുന്ന കുടിയേറ്റ പഠനങ്ങളാണ് കേരള കുടിയേറ്റത്തിന്റെ ആധികാരിക പഠന രേഖയെന്ന് കണക്കാക്കിവരുന്നത്. അവരുടെ പുതിയ കണക്ക് പ്രകാരം ഗൾഫിലെ പകുതി അതായത് പതിനഞ്ചു ലക്ഷത്തോളം പ്രവാസികളും രണ്ടായിരത്തി ഇരുപത്തി രണ്ട് ആദ്യത്തോടെ നാട്ടിലെത്തും.ആയതിനാൽ പൂര്‍ണ്ണമായ പുനരധിവാസമാണ് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ആവശ്യം.

  തങ്ങളുടെ നല്ലകാലത്ത് സര്‍ക്കാറിന്റെ വിദേശ നാണ്യം വര്‍ധിപ്പിക്കുന്നതിന് കാരണമായിതീരുകയും നാട്ടിലെ എല്ലാ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായ സഹകരണങ്ങള്‍ ചെയ്യുകയും ചെയ്ത പ്രവസികള്‍ തങ്ങളുടേതല്ലാത്ത കാരണങ്ങള്‍കൊണ്ട് ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുമ്പോള്‍ അവരോട് നന്ദികേടു കാണിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല.
  അവര്‍ക്ക് ഉപജീവനമാര്‍ഗങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ സംസ്ഥാന – കേന്ദ്ര സര്‍ക്കാറുകള്‍ തയ്യാറാകണം. അവ വിജയകരമാവുന്നത് ആവുകയുംവേണം.വലിയൊരു പ്രതിസന്ധിയെയാണ് കേരളം നേരിടാൻ പോകുന്നത്.പക്ഷെ അഭിമുഖികരിക്കാതെ വേറെ വഴിയില്ല.