തോമസ് ഐസക്കിനോട് ഒരു കുടിയന്റെ പ്രതിഷേധ ചോദ്യങ്ങൾ

163

Joli Joli

എന്റെ രാഷ്ട്രീയ സുഹൃത്തുക്കൾ കുറച്ച് നേരത്തേക്ക് ഒന്ന് ചെവി പോത്തുക.ഞാനൊരു രണ്ട് വാക്ക് സംസാരിക്കട്ടെ.തോമസ് ഐസക്കിനോടാണ്.പിണറായി വിജയനും കേൾക്കാം.നാലുപേരോട് ചോദിച്ചാൽ ആരും തെറ്റുപറയാത്തൊരു കുടിയനാണ് ഞാൻ.. മോശമല്ലാത്ത ഒരു തുക ഇതിനോടകം തന്നെ ഞാൻ സർക്കാരിന്റെ മദ്യ വകുപ്പിലേക്ക് ആത്മാർത്ഥമായി നൽകിയിട്ടുണ്ട്.അതായത് കുടി തുടങ്ങിയ കാലം മുതൽ ഈ നാളുവരെ ഒരു ലക്ഷം രൂപയുടെ മദ്യം ഞാൻ കഴിച്ചിട്ടുണ്ടെങ്കിൽ അതിന്റെ യഥാർത്ഥ വില വെറും എണ്ണായിരം രൂപയാണ്.ബാക്കി തൊണ്ണൂറ്റി രണ്ടായിരം രൂപ എന്റെ മദ്യാശക്തിയെ ചൂക്ഷണം ചെയ്ത് നിങ്ങൾ കവർന്നെടുത്ത അമിത ലാഭമാണ്…ശരിയല്ലേ.. നിഷേധിക്കാനാവില്ല നിങ്ങൾക്ക്.സർക്കാരിലേക്കുള്ള വരുമാന കണക്കിൽ പൗരന്മാരെ തരം തിരിച്ചാൽ സർക്കാരിന്റെ മോസ്റ്റ് റെസ്‌പെക്റ്റഡ് മുത്ത് പൗരനാണ് ഞാൻ.. അല്ലേ.. മദ്യത്തിന് എനിക്ക് തടിയിൽ തട്ടിയ പണം തന്നെ ചിലവാകുന്നുണ്ട്…

അതായത് മാറ്റിവെച്ച പണമോ നീക്കി വെച്ച പണമോ മനസ്സറിയാത്ത പണമോ അല്ല ഞാൻ ബീവറേജിൽ കൊണ്ടുവന്ന് തരുന്നത് എന്ന് സാരം.ഡിസ്ലറിയിൽ നിന്ന് എൺപത് രൂപക്ക് കിട്ടുന്ന മദ്യം നിങ്ങൾ എനിക്ക് തരുന്നത് ആയിരം രൂപയ്ക്കാണ് എന്നറിയാഞ്ഞിട്ടല്ല ഞാനത് മേടിച്ച് കുടിക്കുന്നത്.ലോകത്ത് ഒരിടത്തുമില്ലാത്ത കൊള്ളവിലക്കാണ് നിങ്ങൾ മദ്യം വിൽക്കുന്നത് എന്ന് വാങ്ങിക്കുടിക്കുന്ന ഓരോ സമയത്തും ഞാൻ ഓർക്കാഞ്ഞിട്ടുമല്ല.ഇത്രയും തീവെട്ടി കൊള്ള ലാഭമെടുത്ത് ലോകത്തൊരിടത്തും ഒരു ഉല്പന്നവും വിൽക്കുന്നില്ല എന്ന് അറിയാഞ്ഞിട്ടുമല്ല ബീവറേജിൽ വന്ന് തല വെച്ച് തരുന്നത്.എന്റെ മദ്യാശക്തി.മദ്യത്തോടുള്ള എന്റെ താൽപ്പര്യം.അതാണ് നിങ്ങൾ ചൂക്ഷണം ചെയ്യുന്നത്.കേരളത്തിലുള്ള ഓരോ മദ്യപാനിയുടെയും മദ്യത്തോടുള്ള താല്പര്യത്തെയാണ് നിങ്ങൾ കഴുകൻ കണ്ണുകളോടെ ചൂക്ഷണം ചെയ്യുന്നത്.നിങ്ങൾക്കറിയാം എത്ര വിലയാലും കേരളത്തിലെ മദ്യപാനികൾ മദ്യം വാങ്ങി കുടിക്കുമെന്ന്.ഏകപക്ഷീയമായി മദ്യവില്പനയുടെ കുത്തക സർക്കാരിൽ നിക്ഷിപ്‌തമായതുകൊണ്ട് എന്ത് കൊള്ളയും നിങ്ങൾക്ക് നടത്താം.ആരും നിങ്ങളോട് ചോദിക്കില്ല.. അല്ലേ.

മദ്യത്തിന് അടിമയായ ഒരുകൂട്ടം മനുഷ്യരുണ്ടല്ലോ നിങ്ങളുടെ മുന്നിൽ.തോന്നിയപോലെ കൊള്ള നടത്താൻ.ഇപ്പോൾ 35% കൂടി മദ്യത്തിന് വില കൂട്ടാൻ പോകുന്നു എന്ന് കേട്ടു.നൂറ് രൂപയുടെ മദ്യം ആയിരത്തി ഇരുനൂറ് രൂപക്ക് വിറ്റിട്ടും ആർത്തി മാറാത്ത നിങ്ങളോട് ഇനി പ്രതികരിച്ചിട്ട് എന്ത് കാര്യം എന്ന് അറിയാം.മിസ്റ്റർ തോമസ് ഐസക്ക്.നൂറ് രൂപയുടെ മദ്യം നിങ്ങൾ പതിനായിരം രൂപക്ക് വിൽക്കണം.ഇപ്പോൾ നിങ്ങൾ കൊടുക്കുന്ന അഞ്ഞൂറ് രൂപയുടെ ഒരു ലിറ്റർ കുറഞ്ഞ മദ്യത്തിന് പതിനായിരം രൂപ വില ഈടാക്കണം.ചുമ്മാ വില കൂട്ടണം സർ.കേരളത്തിലെ മദ്യപാനികൾ മേടിച്ചുകൊള്ളും.കടം മേടിച്ചിട്ടായാലും.കുടുംബത്തിലേക്ക് അരി മേടിക്കുന്നത് മാറ്റിവെച്ചിട്ടായാലും.കുടുംബം പണയം വെച്ചിട്ടായാലും.കുടുംബം വിറ്റിട്ടായാലും.ഭാര്യയുടെ കെട്ടുതാലി പണയം വെച്ചിട്ടായാലും.കുഞ്ഞുമക്കളുടെ മൊട്ടുകമ്മല് വിറ്റിട്ടായാലും.കട്ടിട്ടായാലും അവർ പണവുമായി ബീവറേജിൽ വരും സർ.തോമസ് ഐസക്കിനും കേരളം ഭരിച്ച എല്ലാ സർക്കാരുകൾക്കും അതറിയാം.എത്ര വില കൂട്ടിയാലും ആരെ കുത്തികൊന്നിട്ടായാലും പണവുമായി മദ്യപാനി ബീവറേജിൽ വരുമെന്ന് നിങ്ങൾക്ക് നന്നായിട്ട് അറിയാം.

ഇതുകൊണ്ടൊന്നും തികയില്ല ഐസക്കേ താങ്കളുടെ പ്രതിസന്ധി.കൊടും വിലക്ക് മദ്യപാനികൾക്ക് മദ്യം വിറ്റത് കൊണ്ട് തീരില്ല ഐസക്കേ താങ്കളുടെ സർക്കാരിന്റെ പ്രശ്നങ്ങൾ.മദ്യത്തിന് വീണ്ടും വീണ്ടും വിലകൂട്ടി സാമ്പത്തികം മെച്ചപ്പെടുത്താനാണ് തീരുമാനമെങ്കിൽ വേറെയും കുറച്ച് വഴികളുണ്ട് ഐസക്കേ പെട്ടന്ന് പണമുണ്ടാക്കാൻ.എഴുതാൻ പോലും കൊള്ളൂലാത്ത രീതിയിൽ അത്രക്കും മ്ലേച്ഛമായത് കൊണ്ട് ഞാനത് ഇവിടെ എഴുതുന്നില്ല.മിസ്റ്റർ തോമസ് ഐസക്ക്.കേരളത്തിൽ മദ്യഷാപ്പുകൾ തുറന്ന് വെച്ചിട്ടുണ്ടെങ്കിൽ കേരളത്തിലെ മദ്യപാനികൾ മദ്യം വാങ്ങി കഴിക്കും.അതിനി എത്ര വിലയായാലും വാങ്ങി കഴിക്കും.അവരുടെ മനസിനെ അവർക്ക് അടക്കി നിർത്താനാവില്ല.അത് സർക്കാരിന് അറിയാം.അതുകൊണ്ട് ചുരുക്കാം.മദ്യപാനികളുടെ ആരോഗ്യത്തെ മാത്രമല്ല നിങ്ങൾ തകർത്ത് കളയുന്നത്.അവരുടെ സാമ്പത്തിക സ്ഥിതിയെകൂടിയാണ്.മദ്യപാനികളുടെ കുഞ്ഞുങ്ങൾ കഴിക്കേണ്ട പണമാണ് നിങ്ങൾ ഈ അമിത ലാഭത്തിലൂടെ കൊള്ളയടിക്കുന്നത്.അതുകൊണ്ടുതന്നെ ഗതിപിടിക്കില്ല നിങ്ങൾ.നിങ്ങൾ ഇത്രയധികം മദ്യപാനികളെ കൊള്ളയടിച്ചിട്ടും സാമ്പത്തികമായി സർക്കാർ മെച്ചപ്പെട്ടോ…? കാ പണത്തിന് ഗതിയില്ലാതെ തകർന്ന് തരിപ്പണമായല്ലേ ഇപ്പോഴും നിങ്ങളുടെ നിൽപ്പ്…അദ്ദാണ്…

പത്തോ ഏഴുനൂറോ രൂപക്ക് കൂലിപ്പണി ചെയ്യുന്ന ഒരു മദ്യപാനിക്ക് നൂറോ നൂറ്റമ്പതോ രൂപക്ക് മദ്യം കഴിച്ചിട്ട് ബാക്കി പണം വീട്ടിൽ കൊണ്ടുപോകാനുള്ള സാഹചര്യം ഉണ്ടാകണം.മാന്യമായ ലാഭം എടുത്തുകൊണ്ട് മദ്യവില പുനഃക്രമീകരിക്കണം.കേരളത്തിലെ എഴുപത് ശതമാനം മനുഷ്യരും മദ്യപിക്കുന്നവരാണ്.മദ്യശാല കണ്ടാൽ മദ്യം മേടിച്ച് കഴിക്കാൻ ടെന്റൻസിയുള്ളവരാണ്.അതുകൊണ്ട് സർക്കാരിന്റെ മദ്യ വിൽപ്പന എന്നത് മദ്യാപാനിയുടെ ആരോഗ്യത്തെ മാത്രമല്ല അവന്റെ സാമ്പത്തിക സ്ഥിതിയെക്കൂടി തകർക്കുന്ന രീതിയിൽ കൊള്ളയായി മാറരുത്.ചരിത്രം പരിശോധിച്ചാൽ കൊള്ളവിലക്ക് മദ്യക്കച്ചവടം നടത്തി സമ്പാദിച്ച ഒരുത്തനും നശിച്ച് നാരാണകല്ല് പിടിക്കാതെ പോയിട്ടില്ല.

Advertisements