കെ എസ് ആർ ടി സി യെ പച്ചപിടിപ്പിക്കും എന്ന് പറഞ്ഞത് ഇതാണ്

29

Joli Joli

ചെയ്തതിനും, ചെയ്തുകൊണ്ടിരിക്കുന്നതിനും, ചെയ്യാൻ പോകുന്നതിനും എല്ലാം ഫുൾ പേജിൽ കുറയാതെ എല്ലാ മാധ്യമങ്ങളിലും ദിവസേന പരസ്യം നൽകികൊണ്ടിരിക്കുന്ന പിണറായി വിജയൻ ഒരു കാര്യം മറന്നു.തന്റെ പ്രകടന പത്രികയിൽ പറഞ്ഞ ഒരു കാര്യം നൂറ് ശതമാനവും പൂർത്തിയാക്കിയിട്ടും അതിനെ കുറിച്ച് ഒരു പരസ്യമോ ഒരു വാക്കോ മിണ്ടുന്നില്ല.എന്താണെന്നല്ലേ…കെ എസ് ആർ ടി സി യെ പച്ചപിടിപ്പിക്കും എന്ന് പറഞ്ഞത്.പച്ച പിടിക്കുക മാത്രമല്ല,പൂത്ത് തളിർത്ത് കായ്ച്ച് നിൽക്കുന്നുണ്ട്.പിണറായി വിജയനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.പിണറായി വിജയൻ എന്നല്ല സാക്ഷാൽ ദൈവം തമ്പുരാൻ വിചാരിച്ചാലും കെ എസ് ആർ ടി സി യെ നന്നാക്കാൻ കഴിയില്ല.കുറെ കള്ള കൂട്ടങ്ങൾ അതിന് സമ്മതിക്കില്ല.ഒന്നുകിൽ ഈ കള്ള കൂട്ടങ്ങളെ പിരിച്ച് വിടണം.അല്ലങ്കിൽ നാട്ടുകാര് കേറി തല്ലി ഓടിക്കണം.ആ തച്ചങ്കരി കേറി ഒന്ന് നന്നാക്കാൻ ശ്രമിച്ചിരുന്നു.നന്നാവും എന്ന് ജനങ്ങൾക്ക് പ്രതീക്ഷയും തോന്നി തുടങ്ങിയതാണ്.പക്ഷെ അയാളെയും ഈ കള്ള കൂട്ടങ്ങൾ കണ്ടം വഴി ഓടിച്ചു.ഓടിക്കാൻ മുന്നിൽ നിന്നത് കെ എസ് ആർ ടി സി യുടെ പുക കണ്ടേ ഈ ഭൂമിയിൽ നിന്ന് പോകൂ എന്ന് വാശിപിടിച്ച് ജീവിച്ചിരിക്കുന്ന ആനത്തലവട്ടം ആനന്ദൻ എന്ന ട്രെഡ് യൂണിയൻ നേതാവായ സർവ്വ സമ്മതനാണ്.പിന്നെ ബോർഡിൽ ഇരിക്കുന്ന സർവ്വ പാർട്ടിയിലും പെട്ട കുറെ ലോക്കൽ നേതാക്കളും ഗുണ്ടകളും.

ആരെങ്കിലും നന്നാക്കാൻ ശ്രമിച്ചാൽ അവരെ ഓടിക്കും.കാരണം കയ്യിട്ട് വാരൽ പിന്നീട് നടക്കില്ല എന്നത് തന്നെ.കെ എസ് ആർ ടി സി ഓടാതിരിക്കുന്നതാണ് സർക്കാരിന് ലാഭം.കഴിഞ്ഞ അഞ്ചാറു മാസം ഓടാതിരുന്നപ്പോൾ അത് സർക്കാരിന് ലാഭമായിരുന്നു.അതായത് ശമ്പളവും പെൻഷനും മാത്രം കണ്ടാൽ മതിയായിരുന്നു എന്ന്.ഇത്രേം കെടുകാര്യസ്ഥതപിടിച്ച ഒരു പൊതുമേഖല സ്ഥാപനം ലോകത്ത് വേറെയുണ്ടോ എന്ന് ചോദിച്ചാൽ നിസംശയം പറയാം ഇല്ലാ എന്ന്.മനസാ:ക്ഷിയുള്ള ഒരു മനുഷ്യന് കണ്ട് നിൽക്കാവുന്ന ഒരു കാഴ്ച്ചയാണോ താഴെ ഫോട്ടോയിൽ കാണുന്നത്.ഒരു കോടി രൂപക്ക് വാടകക്ക് എടുത്ത ഇലക്ട്രിക്ക് ബസുകളാണ് ഈ കാടുപിടിച്ച് കിടക്കുന്നത്.ഇങ്ങനെ ലക്ഷങ്ങൾ വിലമതിക്കുന്ന എത്രയോ ബസുകൾ, അതായത് നൂറുകനിക്കിന് ബസുകൾ കേരളത്തിലെ വിവിധ ഗ്യാരേജുകളിൽ നശിച്ച് നാറാണകല്ല് പിടിച്ച് കിടക്കുന്നു.കോടികൾ മുടക്കി വാങ്ങിയ പുതിയ വോൾവോയുടെ ഡബിൾ ആക്സിൽ വണ്ടികൾ മാസങ്ങൾക്കുള്ളിൽ കട്ടപ്പുറത്തായത് നമ്മൾ കണ്ടതല്ലേ.ലോകത്ത് എവിടെയും കാണാൻ കഴിയില്ല നിങ്ങൾക്ക് ഇത്രേം ഉത്തരവാദിത്വമില്ലാത്ത ഒരു കാഴ്ച്ച.ഓരോ രാജ്യങ്ങളിൽ ഒരു ജോലിക്കാരനെ ഏൽപ്പിക്കുന്ന ഓരോ പൊതു സ്വത്തും അത് പിൻ അടിക്കുന്ന സ്‌ലാപ്പേയർ തൊട്ട് വിമാനം വരെ ആയാൽ പോലും ഉത്തരവാദിത്വത്തോടെ സൂക്ഷിക്കണം എന്നാണ് നിയമം…
ഒരു ഓഫീസിൽ ജോലിക്ക് രാവിലെ വന്നിരിക്കുമ്പോൾ മുന്നിലിരിക്കുന്ന കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും തുടച്ച് വൃത്തിയാക്കിയിട്ട് ഇരിക്കുന്ന അറബികളെ ഞാൻ കണ്ടിട്ടുണ്ട്.ഒരു കമ്പ്യൂട്ടർ കേടായാൽ അത് എടുത്ത് കളഞ്ഞിട്ട് നിമിഷ നേരം കൊണ്ട് ഒരു കമ്പ്യൂട്ടർ വാങ്ങി വെക്കാൻ നിവൃത്തിയില്ലാത്തവരല്ല അവരൊന്നും.പിന്നെയോ ഒരു മുട്ടു സൂചിയായാൽ പോലും തന്നെ ഏൽപ്പിച്ച പൊതുമുതൽ നശിപ്പിക്കരുത് എന്നൊരു കടമയും ബോധവും അവരിൽ ഉണ്ട് എന്നതുകൊണ്ടാണത്.

നാടിനോടോ സമൂഹത്തോടൊ യാതൊരു പ്രതിബദ്ധതയും ഇല്ലാതെ ഇരിക്കുന്ന സ്ഥാനങ്ങളിൽ നിന്നെല്ലാം ആവോളം കക്കുക എന്നത് ലോകത്ത് നമ്മളിൽ മാത്രം കാണുന്ന മഹാമാരിയാണ്.ആവശ്യത്തിന് കക്കുക എന്നൊരു മന:സാക്ഷി പോലും കാണിക്കാതെ കടയോടെ നശിപ്പിച്ച് കളയുക എന്നൊരു പ്രവണത കൂടി നമ്മുക്കുണ്ട്.മുല കുടിക്കാൻ തന്നാൽ കുടിച്ച് കുടിച്ച് രക്തം വരെ ഊറ്റി കുടിച്ച് തള്ളയെ കൊന്നുകളയുന്ന പ്രകൃതം…
നാണം തോന്നുന്നില്ലേ നിങ്ങൾക്ക്.