ജനസംഖ്യയിൽ പകുതിയോളം പേർക്കുമാത്രം സ്മാർട്ട് ഫോണുള്ള രാജ്യത്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ എങ്ങനെ കേസെടുക്കും മോദീ

50

Joli Joli

കോവിഡ് രോഗികളെ കണ്ടെത്താനും സമ്പർക്ക പട്ടിക തയ്യാറാക്കാനും രോഗ വ്യാപനം തടയാനും ലോകരാജ്യങ്ങൾ ഇന്ന് വിവിധ തരം ആപ്പുകൾ ഉപയോഗിക്കുന്നുണ്ട്.ഇത്തരം ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഒരു വ്യക്തിയുടെ അടുത്തുകൂടി ആപ്പ് ഇൻസ്റ്റാൾ ചെയ്ത മറ്റൊരു വ്യക്തി കടന്നുപോകുമ്പോൾ ബ്ലൂട്ടൂത്ത് വഴി രണ്ട് ആപ്പുകളും ലിങ്ക് ആകുന്നു. തുടർന്ന് ഇതിൽ ഏതെങ്കിലും ഒരാൾക്ക് കോവിഡ് ബാധിച്ചാൽ ആ വിവരം അയാൾ ആപ്പിൽ ആഡ് ചെയ്യുമ്പോൾ ആ വിവരം ഇദ്ദേഹത്തിന്റെ പരിസരത്തുകൂടി കടന്നുപോയിട്ടുള്ള എല്ലാവരുടെയും ആപ്പിലേക്ക് മെസേജായി എത്തുന്നു. തുടർന്ന് അവരെ ട്രെയ്‌സ് ചെയ്യുകയും വ്യാപനം തടയുകയും ചെയ്യുന്നു. ഇതാണ് ഈ ആപ്പുകളുടെ ഒരു ഏകദേശ പ്രവർത്തനം. സ്വകാര്യതയും പൗര സ്വാതന്ത്ര്യവും മാനിച്ച് കൊണ്ട് യൂറോപ്യൻ രാജ്യങ്ങൾ ഉപയോഗിക്കുന്ന ആപ്പുകൾ ഇസ്റ്റാൾ ചെയ്യുന്ന സമയത്ത് ആപ്പ് നമ്മോട് ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്.അവ ഇവയാണ്. ഇവിടെ വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ഒന്നുംതന്നെ ശേഖരിക്കപ്പെടുന്നില്ല.

1 മൊബൈൽ ഫോണുമായി ഒരു വ്യക്തി എവിടെയാണ് ഉള്ളതെന്ന് ആപ്പ് ശേഖരിക്കില്ല…
2 ഏത് സ്ഥലം എന്നതിന് ഇവിടെ പ്രസക്തിയില്ല..
3 മൊബൈൽ നമ്പറിന് പകരം ഒരു റാന്റം ഐ ഡി നമ്പറാണ് ഉപയോഗിക്കുന്നത്..
4 ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നതുവരെ അയാൾ ആരൊക്കെയായി ബന്ധപ്പെട്ടെന്ന കാര്യം അയാളുടെ ഫോണിൽ മാത്രമേ ഉണ്ടാകൂ…
5 രോഗിയുടെ അനുമതിയുണ്ടങ്കിലേ സർക്കാർ സംവിധാനങ്ങളിലേക്ക് ആ വിവരങ്ങൾ പോകൂ..
ഇനി കൊറോണ വ്യാപനത്തിനെതിരെ നമ്മൾ ഉപയോഗിക്കുന്ന നമ്മുടെ മോദിയുടെ ആരോഗ്യ സേതുവിനെക്കുറിച്ച് നോക്കാം….
ആരോഗ്യ സേതുവിന് എല്ലാം അറിയണമത്രേ…
1 പേര്
2 വയസ്.
3 ലിംഗം.
4 ജോലി.
5 മൊബൈൽ നമ്പർ
6 ആരോഗ്യ സ്ഥിതി.
7 നിലവിലുള്ള അസുഖങ്ങൾ
8 യാത്രചെയ്ത രാജ്യങ്ങൾ.
9 മൊബൈലിലെ ബ്ലൂട്ടൂത്തിന്റെ നിയന്ത്രണം മാത്രമല്ല ജി പി എസിന്റെ നിയന്ത്രണവും ആപ്പിന് വേണം.. !
10 നിങ്ങൾ എവിടെയാണെന്ന വിവരവും ആപ്പ് ശേഖരിക്കും..

സത്യത്തിൽ കോവിഡ് വ്യാപനം തടയാൻ മോദിക്കെന്തിനാണ് നമ്മുടെ വയസ് അറിയേണ്ടത്..?
നമ്മുടെ ലിംഗം..?
നമ്മുടെ ജോലി..?

കുറച്ച് ചോദ്യങ്ങളും കൂടി ചോദിച്ചോട്ടെ…
1 ആപ്പ് ഇസ്റ്റാൾ ചെയ്‌താൽ ആ വ്യക്തിയുടെ വിവരങ്ങൾ ഫോണിലാണോ അതോ മറ്റേതെങ്കിലും സെർവ്വറിലാണോ സേവ് ചെയ്യപ്പെടുക…?
2 രോഗം സ്ഥിരീകരിക്കുമ്പോൾ മുതലുള്ള വിവരങ്ങളാണോ അതോ ഒരു വ്യക്തി ആപ്പ് ഇസ്റ്റാൾ ചെയ്യുമ്പോൾ മുതലുള്ള അയാളുടെ എല്ലാ വിവരങ്ങളുമാണോ സർക്കാരിന് കിട്ടുക..?
3 ആപ്പ് ഇസ്റ്റാൾ ചെയ്ത ഒരാൾക്ക് രോഗമില്ലെങ്കിലും അയാളുടെ വിവരങ്ങൾ നിരന്തരം സർക്കാർ ശേഖരിച്ചുകൊണ്ടിരിക്കുമോ…?
4 ശേഖരിക്കുന്ന വിവരങ്ങൾ ഏത് ഏജൻസിയാണ് കൈകാര്യം ചെയ്യുന്നത്…?
5 ശേഖരിക്കുന്ന വിവരങ്ങൾ മറ്റ് എജെൻസികൾക്കോ രാജ്യങ്ങൾക്കോ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടോ ..?
6 പൗരന്റെ പേരും ജാതകവുമെല്ലാം ചോദിക്കുന്ന മോഡി ഈ ആപ്പ് കോവിഡ് പ്രതിരോധത്തിന് വേണ്ടി മാത്രമാണോ ഉപയോഗിക്കുന്നത്…?
7 കൊറോണകാലം കഴിയുമ്പോൾ നിങ്ങളുടെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ആപ്പ് അൺ ഇസ്റ്റാൾ ചെയ്‌താൽ മതിയെന്ന് പറയുന്നത് എത്ര വിഡ്ഢിത്തരമാണ്…?
8 സർക്കാരിന്റെയോ എജെൻസിയുടെയോ സെർവറിൽ സേവ് ചെയ്തിരിക്കുന്ന വിവരങ്ങൾ മൊബൈലിലെ ആപ്പ് അൺ ഇസ്റ്റാൾ ചെയ്‌താൽ പോകുന്നത് എങ്ങനെയാണ്…?

മിസ്റ്റർ നരേന്ദ്രമോദി… അങ്ങയുടെ ഉദ്ദേശശുദ്ധിയെ ഞാൻ സംശയിക്കുന്നില്ല. ഈ ആപ്പ് കൊറോണ വ്യാപനം തടയാൻ ഉദ്ദേശിച്ച്മാത്രമുള്ളതാണെന്ന് ഞാനും വിശ്വസിക്കുന്നു.എന്നാലും എനിക്കൊരു സംശയം ബാക്കിയുണ്ട്. നൂറ്റി മുപ്പത് കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. അതിൽ തന്നെ പകുതിയോളം പേർക്കേ സ്മാർട്ട് ഫോൺ ഒള്ളൂ. അതിൽ തന്നെ പകുതിയോളം പേരുടെ സ്ഥലങ്ങളിൽ ടു ജി കണക്‌ഷൻ പോലുമില്ല.ഈ രാജ്യത്താണോ അങ്ങ് മൊബൈൽ ആപ്പുമായി കോവിഡിനെ പിടിക്കാൻ ഇറങ്ങിയിരിക്കുന്നത്…?

ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം.ഈ ആപ്പ് ട്രാക്ക് ചെയ്യാൻ പോകുന്ന ബ്ലൂട്ടൂത്ത് സംവിധാനവും ജി പി എസ് സംവിധാനവും ഒരുപാട് തെറ്റായ സന്ദേശങ്ങൾ നൽകും മിസ്റ്റർ മോഡി.ഉദാഹരണത്തിന് കോവിഡ് രോഗിയായ ഞാൻ അങ്ങയുടെ വസതിയുടെ പതിനഞ്ചു മീറ്റർ ദൂരത്ത് കൂടി വാഹനത്തിൽ പോയാലും ഞാൻ താങ്കളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടു എന്ന് ജി പി എസ് തെറ്റായി അങ്ങേക്ക് മെസേജ് അയക്കുകയും താങ്കൾ കൊറന്റൈൻ ചെയ്യപ്പെടുകയും ചെയ്യും.ഈ ആപ്പുകൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് കാലം തെളിയിക്കട്ടെ.