സി.എ.ജി യിൽ നിന്നും കിയാലിന് മറക്കാനുള്ളത് എന്തൊക്കെയാണ് ? ഓഡിറ്റ് ഭയപ്പെടുന്നത് എന്തിനാണ് ?

229

എഴുതിയത് : Joli Joli 

സി.എ.ജി എന്നത് ഓഡിറ്റിംഗ് നടത്താനുള്ള ഭരണഘടനാ സ്ഥാപനമാണ്.ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ വരവു ചെലവു കണക്കുകൾ പരിശോധിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ഇക്കാര്യത്തിൽ നൽകുന്നതിനുമായി ഭരണഘടന 148 മുതൽ 151 വരെയുള്ള വകുപ്പുകൾ പ്രകാരം അധികാരപ്പെടുത്തപ്പെട്ട സ്ഥാപനമാണ് കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ..

ഭരണകര്‍ത്താക്കളുടേയും മറ്റും നിയന്ത്രണങ്ങള്‍ക്ക് പുറത്താണ് അവരുടെ ജോലി.അതായത് സി എ ജി എന്നത് ഒരു സ്വതന്ത്ര സ്ഥാപനമാണ്.അതുകൊണ്ടു തന്നെ രാഷ്ട്രീയ സമ്മര്‍ദ്ദം ഇവര്‍ക്കു മേലുണ്ടാകുന്നില്ല.റിപ്പോർട്ട് സമർപ്പിക്കുന്നത് പാര്‍ലമെന്റിന്റെ ഭരണ-പ്രതിപക്ഷ അംഗങ്ങളുള്ള പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കാണ്.ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസ് (ഐ.എ.എ.എസ്) കേഡറില്‍പ്പെട്ട ഉദ്യോഗസ്ഥരാണ് അവിടെ ജോലി ചെയ്യുന്നത്.

സ്പെട്രം അഴിമതി, ടെലികോം അഴിമതി, ആദർശ് അഴിമതി തുടണ്ടി ഒട്ടനവധി അഴിമതി കേസുകൾ ഓഡിറ്റ് ചെയ്തത് സി എ ജി യാണ്.അട്ടപ്പാടി അടക്കം കേരളത്തിലെ വിവിധ മേഖലകളില്‍ പോഷകാഹാരക്കുറവു മൂലം കുട്ടികള്‍ മരിക്കുന്നതും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നിരുത്തരവാദപരമായ നടപടികള്‍ ചൂണ്ടിക്കാട്ടിയതും സി.എ.ജിയുടെ സംസ്ഥാന വിഭാഗമായ അക്കൗണ്ടന്റ് ജനറല്‍ റിപ്പോര്‍ട്ടാണ്.

ഇത്രയും ഇവിടെ പറയാൻ കാരണം കിഫ്ബിക്ക് പിന്നാലെ കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ സി.എ.ജി. ഓഡിറ്റും തടഞ്ഞു എന്ന വാർത്തകൾ കേട്ടതുകൊണ്ടാണ്.65 ശതമാനം സര്‍ക്കാര്‍, പൊതുമേഖലാ ഓഹരി ഉണ്ടായിട്ടും സര്‍ക്കാര്‍ കമ്പനിയല്ലെന്ന വിചിത്രവാദമാണ് കണ്ണൂര്‍ വിമാനത്താവള കമ്പനി (കിയാല്‍) പരിശോധനക്ക് ചെന്ന സി എ ജി യോട് ഉന്നയിക്കുന്നത്.രാജ്യത്തെ 51 ശതമാനത്തിലധികം പൊതുമേഖലാ ഓഹരിയുള്ള കമ്പനികളുടെ ഓഡിറ്റ് നിര്‍വഹിക്കേണ്ടത് സി.എ.ജി.യുടെ ഉത്തരവാദിത്തമാണ്.

സംസ്ഥാന സര്‍ക്കാരിന് 35 ശതമാനം ഓഹരിയും മൂന്നില്‍ ഒന്ന് ഡയറക്ടര്‍മാരെ നിയമിക്കാനുള്ള അവകാശവും മാത്രമേ ഉള്ളൂവെന്നും അതിനാല്‍ സര്‍ക്കാര്‍ കമ്പനിയല്ലെന്നും പറഞ്ഞാണ് ഓഡിറ്റ് തടഞ്ഞത്. എന്നാല്‍ സര്‍ക്കാരിന്‍റെ നേരിട്ടുള്ള 33 ശതമാനവും പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴിയുള്ള 32 ശതമാനവും ചേര്‍ത്ത് 65 ശതമാനം സര്‍ക്കാര്‍ ഓഹരിയുണ്ടെന്നും അതിനാല്‍ സര്‍ക്കാര്‍ കമ്പനിയാണെന്നും സി.എ.ജി. മറുപടി നല്‍കി.തുടര്‍ന്നും വഴങ്ങാതിരുന്നപ്പോള്‍ സി.എ.ജി. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തോട് ഉപദേശം തേടി. നിയമപ്രകാരം കിയാല്‍ സര്‍ക്കാര്‍ കമ്പനി തന്നെയാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

എന്നാല്‍ പിന്നീടും സി.എ.ജി. ഉദ്യോഗസ്ഥരെ ഓഡിറ്റ് തടസ്സപ്പെടുത്തുകയാണ് മുഖ്യമന്ത്രി ചെയര്‍മാനായ വിമാനത്താവള കമ്പനി ചെയ്തത്.ഓഡിറ്റിന് അനമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് 2019 ഫെബ്രുവരിയില്‍ ചീഫ് സെക്രട്ടറിക്കും മാര്‍ച്ചില്‍ മുഖ്യമന്ത്രിക്കും സി.എ.ജി. കത്ത് നല്‍കി.മറുപടി കിട്ടാത്തതിനാല്‍ ജൂലൈയില്‍ ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തെഴുതി.കിയാലിന്‍റെ നിയമവിരുദ്ധ നടപടികള്‍ കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തെയും കമ്പനി രജിസ്ട്രാറെയും സി.എ.ജി. അറിയിച്ചിട്ടുണ്ട്..

കിഫ്ബി ഒരു സ്വകാര്യ സംരംഭമാണോ ?
എന്തുകൊണ്ടാണ് സി എ ജി യുടെ പരിശോധന സംസ്ഥാന സർക്കാർ തടഞ്ഞത് ?
സർക്കാരിനൊന്നും ഒളിക്കാനില്ലങ്കിൽ പരിശോധനക്ക് അനുമതി നൽകുന്നതിൽ എന്താണ് തടസം ?

അതുപോലെതന്നെ സി എ ജി നിരന്തരം ആവശ്യപ്പെട്ടിട്ടും കണ്ണൂർ വിമാനത്താവളത്തിന്റെ പരിശോധനക്ക് ചെയർമാനായ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഒഴിഞ്ഞുമാറുന്നതെന്താണ് ?

സി എ ജി യിൽ നിന്നും കിയാലിന് മറക്കാനുള്ളത് എന്തൊക്കെയാണ് ? സി എ ജി യുടെ ഓഡിറ്റ് കിയാൽ ഭയപ്പെടുന്നത് എന്തിനാണ് ? ഉത്തരങ്ങൾ പറയേണ്ടിയിരിക്കുന്നു. കിഫ്ബി ആയാലും കണ്ണൂർ വിമാനത്താവളമായാലും നിലവിൽ അത് പൊതുജനത്തിന്റെയാണ്.രേഖകൾ പിടിച്ചെടുക്കും എന്ന് സി എ ജി പറഞ്ഞത് തന്നെയാണ് ശരി.ഇവിടെ സംസാരത്തിന് നിന്നുകൊടുക്കേണ്ട കാര്യമില്ല.

Joli Joli.