ബാല്യത്തിലോ കൗമാരത്തിലോ നമ്മുടെ കുഞ്ഞുങ്ങൾ അവരുടെ പ്രായം അനുഭവിക്കുന്നില്ല !

381

എഴുതിയത്  : Joli Joli

ഇന്നലെ വൈകുനേരം അഞ്ചുമണിക്ക് നാട്ടിലെ ഒരു സുഹൃത്തിനെ വിളിച്ചു.സൗഹൃദ സംഭാക്ഷണങ്ങൾക്കിടയിൽ മക്കൾ എവിടെ എന്ന് ഞാൻ അന്വേഷിച്ചു.മകൾ സ്കൂൾ വിട്ട് വന്നിട്ടില്ല പോലും.. ! അഞ്ചുമണിയായിട്ടും എത്തിയില്ലേ എന്ന് എന്റെ ആകാംക്ഷ. അഞ്ചര അഞ്ചേമുക്കാൽ ആകും സാധാരണ വരുമ്പോൾ എന്ന മറുപടി കേട്ട് ഞാൻ അന്തം വിട്ടു.പത്തിലാണ് പഠിക്കുന്നത്.നാല് മണിക്ക് ക്ലാസ്സ് കഴിഞ്ഞാൽ നാലേമുക്കാൽ വരെ മിക്ക ദിവസവും സ്‌പെഷ്യൽ ക്ലാസ്സ് ഉണ്ട് പോലും.അത് കഴിഞ്ഞാൽ ബസുകാരുടെ ഔദാര്യം നോക്കി ഇടിച്ച് തൂങ്ങി വീട്ടിൽ എത്തുമ്പോൾ അഞ്ചരയാകുമത്രേ…!വൈകുനേരം വന്നാൽ രാത്രി പന്ത്രണ്ട് മണി വരെ ചെയ്യാനുള്ള ഹോം വർക്കും കൊടുത്തുവിടുന്നുണ്ടത്രേ!ട്യൂഷൻ ക്ലാസ്സ്‌ ഉള്ളതുകൊണ്ട് രാവിലെ ആറരക്ക് പൊതിച്ചോറുമായി വീട്ടിൽനിന്നിറങ്ങുന്ന കുട്ടിയാണ് ഇതെന്നോർക്കണം.. !

Image result for SCHOOL GIRLS IN KERALA OVER BAG WEIGHTഇത് നമ്മൾ കുട്ടികളോട് ചെയ്യുന്ന ദ്രോഹമല്ലേ എന്ന എന്റെ ചോദ്യത്തിന് ഒഴുക്കിനനുസരിച്ച് നീന്തിയല്ലെ പറ്റു എന്ന ആത്മഗതമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ശരിയാണ്,സത്യത്തിൽ ബാല്യത്തിലോ കൗമാരത്തിലോ നമ്മുടെ കുഞ്ഞുങ്ങൾ ജീവിക്കുന്നില്ല എന്ന് തന്നെ പറയേണ്ടി വരും.അവർ അവരുടെ ഈ പ്രായം അനുഭവിക്കുന്നില്ല എന്നതാണ് സത്യം.ആവശ്യത്തിലധികം സമ്മർദ്ദങ്ങൾ അടിച്ചേൽപ്പിച്ച് നമ്മൾ അവരെ ഓടിക്കുകയാണ്.നിർത്താതെ മത്സരിപ്പിക്കുകയാണ്.ഒരു വ്യക്തി എന്ന നിലയിലുള്ള,, ഒരു മനുഷ്യ കുഞ്ഞ് എന്ന നിലയിലുള്ള അവരുടെ ജീവിതവും സന്തോഷങ്ങളും സമയവും നമ്മൾ കവർന്നെടുക്കയാണ്.
നിഷേധിക്കുകയാണ്.ബന്ധനത്തിലാക്കി വളർത്തുകയാണ്.

കൃത്യമായ മനുഷ്യാവകാശ ലംഘനമാണ് ഇത് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ ചിരിക്കും.ഇത് നാട്ടിൽ സർവ്വ സാധാരണമല്ലെ എന്ന് നിങ്ങൾ ചോദിക്കും.കുട്ടികളായാലും മുതിർന്നവരായാലും ഒരു മനുഷ്യന്റെ ഒരു ദിവസത്തെ സമയം ഒന്നിനും തികയാത്ത ഒരു നാടാണ് നമ്മുടെ കേരളം.സത്യത്തിൽ നമ്മൾ ജീവിക്കുന്നില്ല.ഓടുകയാണ്.പിറുപിറുത്തുകൊണ്ട് ആധിപിടിച്ച് സമയം തികയാതെയുള്ള ഓട്ടം.ഇതെല്ലാം നമ്മുടെ സമയ ക്രമീകരണത്തിന്റെ കുഴപ്പമാണ്.യാതൊരു പ്ലാനിങ്ങും ഇല്ലാത്ത സമയ ക്രമീകരണമാണ് നമ്മുടേത്.നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്തിയല്ല നമ്മൾ കേരളത്തിൽ സമയം ക്രമീകരിച്ചിരിക്കുന്നത്.ഒരു ഉദാഹരണം പറയാം.

Related imageജോലിയുള്ള ഒരു വീട്ടമ്മ രാവിലെ അഞ്ചു മണിക്ക് എഴുനേറ്റ് മക്കൾക്കും ഭർത്താവിനുമുള്ള ഭക്ഷണം തയ്യാറാക്കി അവരുടെ കാര്യങ്ങളും നോക്കി അവരെ പറഞ്ഞു വിട്ടതിന് ശേക്ഷം എന്തെങ്കിലും കഴിച്ചെന്നു വരുത്തി ധൃതി പിടിച്ച് ജോലി സ്ഥലത്ത് എത്തുന്നു.വൈകുന്നേരം അഞ്ചരക്കോ ആറ് മണിക്കോ വീട്ടിലെത്തുന്ന വീട്ടമ്മ രാത്രി പത്തു മണി വരെയോ പതിനൊന്നു മണി വരെയോ അടക്കളയും വീടുമായി യുദ്ധം ചെയ്യുന്നു.അഞ്ചുമണിക്കോ അഞ്ചരക്കോ വീട്ടിൽ വരുന്ന മക്കൾക്കും പത്തു മണിക്ക് വീട്ടിൽ വരുന്ന കുടുംബ നാഥനും ഒരു ദിവസത്തിൽ പിന്നെന്തുണ്ട് അവർക്കായുള്ള സമയം…?

രാവിലെ ഒരു ആവശ്യത്തിനായി പത്ത് മണിക്ക് സർക്കാർ ഓഫീസിൽ എത്തുന്ന ഒരു സാധാരണക്കാരന് അന്നേ ദിവസം തന്നെ ആവശ്യം നടന്ന് കിട്ടിയാൽ ഭാഗ്യം എന്ന് പറയാം.ഫയൽ കണ്ട് പിടിച്ച് വരുമ്പോൾ തന്നെ ഉച്ചയാകും.ആർക്കും ഒരു ദിവസത്തിൽ കുറച്ച് നേരമെങ്കിലും ജീവിക്കാനോ സന്തോഷിക്കാനോ സമയം തികയുന്നില്ല.പരിഹാരമില്ലേ, ഉണ്ട്. സമയം ക്രമീകരിക്കണം. പൊളിച്ചെഴുതണം.സാമ്പ്രദായിക രീതി മാറ്റണം.പണ്ടും ഞാൻ എഴുതിയിരുന്നു.എങ്കിലും വീണ്ടും പറയാം.

Related imageഗൾഫിൽ പൂർണമായും ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളിലും രാവിലെ ഏഴ് മണിക്ക് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തനം തുടങ്ങും.അതായത് ആറേ മുക്കാലിന് തന്നെ കുട്ടികൾ സ്കൂളിൽ എത്തിയിരിക്കും.എട്ട് മണിക്ക് തന്നെ ഈ രാജ്യങ്ങളിലെ ഓഫീസുകൾ എല്ലാം പ്രവർത്തിക്കാൻ തുടങ്ങും.ഉച്ചക്ക് ഒരുമണിക്ക് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിടും.മൂന്ന് മണിക്ക് ഓഫീസുകളും അടക്കും..
പിന്നേ എമെർജെൻസി കൗണ്ടറുകൾ മാത്രമാണ് പ്രവർത്തിക്കുക.മൂന്ന് മണിയോട് കൂടി വീട്ടിലെത്തുന്ന കുട്ടികൾക്കും മാതാ പിതാക്കൾക്കും രാത്രി പന്ത്രണ്ട് മണിവരെ ഒരു ദിവസത്തിൽ ജീവിക്കുവാനുള്ള സമയമാണ്.രാത്രി പന്ത്രണ്ട് മണി വരെ ഷോപ്പിംഗ് മാളുകളും കുട്ടികളുടെ ഉല്ലാസ കേന്ദ്രങ്ങളും പാർക്കുകളും ഉണ്ട്.രണ്ടോ മൂന്നോ ചോളപ്പൊതിയുമായി രാത്രി പന്ത്രണ്ട് മണി വരെ പാർക്കുകളിൽ കുട്ടികളോടൊത്ത് ജീവിതം ആഘോഷിക്കുന്നവർ വരെ ഇവിടെയുണ്ട്.

മനുഷ്യന്റെ സന്തോഷത്തിനും സമാധാനത്തിനും സമയത്തിനും ഈ രാജ്യങ്ങൾ ഒരുപാട് വില കല്പ്പിക്കുന്നു.ആരും ജീവിക്കാതെ പോകരുതെന്ന് അവർ വാശിപിടിക്കുന്നു.കൃത്യമായി സമയം ക്രമീകരിച്ചിരിക്കുന്നു.അവർ ജീവിക്കുകയാണ്.നമ്മൾ ജീവിതം ഓടിക്കിതച്ച് നരകിച്ച് തീർക്കുകയാണ്.ഒന്നിനും തികയാതെ.

Joli Joli..

Advertisements