അമേരിക്കയിൽ ഒന്നെങ്കിൽ ഇന്ത്യയിൽ അതുപോലുള്ള ഒൻപത് മരണം നടക്കുമ്പോഴാണ് രാജ്യം അറിയുന്നത്

24

Joli Joli

വംശീയവും ജാതീയവുമായ മാറ്റി നിർത്തലുകളും ഇല്ലായ്മ ചെയ്യലുകളും ലോകം മുഴുവനുമുള്ള പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ കാലങ്ങളായി അനുഭവിക്കുന്നുണ്ട്.അമേരിക്കയിൽ ആയിരത്തിൽ ഒരുവൻ വർണ വെടിയുണ്ടയുടെ ഇരയാകുന്നുണ്ടെങ്കിൽ ഇന്ത്യയിൽ ആയിരത്തിൽ മുപ്പത്തേഴ് പേർ ജീവനോടെ കത്തിക്കപ്പെടുകയോ കുഴിച്ച് മൂടപ്പെടുകയോ തല്ലി കൊല്ലപ്പെടുകയോ ചെയ്യുന്നുണ്ട്… കൊല്ലപ്പെടാനുള്ളവരുടെ പേര് അമേരിക്കയിൽ കറുത്തവൻ എന്നാണെങ്കിൽ ഇന്ത്യയിൽ ദലിതനെന്നോ ആദിവാസിയെന്നോ ന്യൂനപക്ഷമെന്നോ കീഴാളനെന്നോ അധഃകൃതൻ എന്നോ വിളിക്കപ്പെടുമെന്ന് മാത്രം.

അമേരിക്കക്കാർ ഉയർന്ന ജനാധിപത്യബോധവും പൗര സ്വാതന്ത്ര്യവും അവകാശബലവും പ്രതിക്ഷേധ സ്വാതന്ത്ര്യവുമുള്ള ജനതയായതിനാൽ അവിടെ ഇത്തരത്തിലുള്ള ഒരു മരണം നടക്കുമ്പോഴേ ലോകം അറിയും.എന്നാൽ ഇന്ത്യയിൽ അതുപോലുള്ള ഒൻപത് മരണം നടക്കുമ്പോഴാണ് ഒരു മരണമെങ്കിലും രാജ്യം അറിയുന്നത് എന്നതാണ് സത്യം.അമേരിക്കയിലായത് കൊണ്ട് ആദ്യ ദിവസം തന്നെ നാല് പോലീസുകാരുടെ ജോലി തെറിച്ചു.കാരണം കാണിക്കൽ നോട്ടീസോ, വിശദീകരണമോ അന്വേക്ഷണ വിധേയമായുള്ള സസ്പെൻഷനോ അല്ല.

പ്രഥമ ദൃഷ്ട്ടിയാൽ തന്നെ കുറ്റക്കാരെന്ന് കണ്ട നാല് പോലീസുകാരെയും ആദ്യ ദിവസം തന്നെ ജോലിയിൽ നിന്ന് പുറത്താക്കി.കേന്ദ്രവും സംസ്ഥാനവും ഉന്നതതല അന്വേക്ഷണം പ്രഖ്യാപിച്ചു. ആയിരകണക്കിന് മനുഷ്യർ ആ പോലീസ് സ്റ്റേഷൻ പരിസരത്തും റോഡിലും അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും പ്രതിക്ഷേധത്തിന്റെ തിരമാലകൾ തീർത്തത് ഒറ്റ ദിവസം കൊണ്ട് ലോകം മുഴുവൻ കണ്ടു.ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ച അന്ന് തന്നെ അമേരിക്ക പ്രതിക്ഷേധ കടലായി മാറി.ആ പോലീസ് സ്റ്റേഷൻ തന്നെ അവർ അഗ്നിക്കിരയാക്കി.

നമ്മുടെ നാട്ടിലായിരുന്നെങ്കിൽ ആ പോലീസുകാർ ശമ്പളത്തോട് കൂടി സസ്‌പെൻഷനിൽ ആകുകയും പ്രമോഷനോടുകൂടി തിരികെ കയറുകയും ചെയ്തേനെ അല്ലേ.നീതികേട്‌ കണ്ടാൽ തിരുത്താനും നടപടി സ്വീകരിക്കാനുമുള്ള അമേരിക്കൻ ഭരണകൂടത്തിന്റെയും പ്രതിക്ഷേധിക്കാനുള്ള അമേരിക്കൻ ജനതയുടെ വേഗത വെച്ച് നോക്കുമ്പോൾ നമ്മളൊക്കെ അവരെക്കാൾ എത്രയോ പുറകിലാണ്…
പുറകിലാണെന്നല്ല.നമ്മൾ ചലിക്കാൻ പോലും തുടങ്ങിയിട്ടില്ല.ഈ കഴിഞ്ഞ അറുപത് ദിവസംകൊണ്ട് നാടോടികൾ എന്ന് മുദ്ര കുത്തപ്പെട്ട നിരാലംബരായ നാനൂറ്റി മുപ്പത്തേഴ് മനുഷ്യർ റോഡിലും റെയിൽവേ ട്രാക്കിലുമായി ചതഞ്ഞരഞ്ഞ് മരിച്ചത് നമ്മുടെ നാട്ടിലാണ്. അവർക്കും ശ്വാസം കിട്ടിയിരുന്നില്ല.

Advertisements