“വിമാനങ്ങൾ പറക്കാൻ തുടങ്ങിയാൽ പോലും പ്രവാസികളുടെ ഒരു കൂട്ട പാലായനം കേരളത്തിലേക്ക് ഉണ്ടാകില്ല”

236

Joli Joli.

ജോലിയും നഷ്ട്ടപ്പെട്ട് ഭക്ഷണത്തിനും ഗതിയില്ലാതെ തെരുവിലാക്കപ്പെട്ട നാലോ അഞ്ചോ ലക്ഷം പ്രവാസികളാണ് ഗൾഫിൽ നിന്നും നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നത്. കൊറോണയെ പേടിച്ചും മരണത്തെ പേടിച്ചും കേരളത്തിന്റെ സുരക്ഷയിലേക്ക് വരുന്നില്ല എന്ന് തീരുമാനിച്ചുറച്ച പത്തിരുപത് ലക്ഷം പ്രവാസികൾ ഇപ്പോഴും ഇവിടെ ഉള്ള ജോലിയെടുത്ത് ജീവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് ഒരു സുഹൃത്ത് വിളിച്ച കൂട്ടത്തിൽ സങ്കടത്തോടെ ഒരു കാര്യം പറഞ്ഞു. അയാളുടെ ദുബായിയിലുള്ള ചേട്ടന് കൊറോണയാണത്രെ. റൂമിൽ തന്നെ കിടക്കുന്നു പോലും.കമ്പനിയുടെ ക്യാമ്പിലാണ് താമസം.ക്യാമ്പിൽ ഉള്ള ഒട്ടുമിക്കവർക്കും കൊറോണയുണ്ടത്രേ.കൊറോണയുണ്ടങ്കിൽ ജോലിക്ക് വരണ്ട എന്ന് കമ്പനി പറയും.അതുകൊണ്ട് ആരും ടെസ്റ്റ് ചെയ്യാൻ പോലും പോകുന്നില്ല പോലും. രോഗം കൂടുതലുള്ളവനെ കുറവുള്ള സുഹൃത്തുക്കൾ പരിചരിക്കും.പിന്നെ കുറച്ച് പനി മരുന്നുകളും കഴിക്കും.അത്രക്കും ഭീകരവും നിരുത്തരവാദപരവുമാണ് ഗൾഫിലെ ചിലയിടങ്ങളിലെ സ്ഥിതി.

രണ്ടാഴ്ച്ച മുൻപ് വിളിക്കുമ്പോൾ അദ്ദേഹത്തിന് തീരെ ശബ്ദം പോലുമില്ലാതെ അവശനായി റൂമിൽ കിടക്കുകയായിരുന്നു.ഇപ്പോൾ ആള് ഉഷാറായി എന്നാണ് സുഹൃത്ത് പറഞ്ഞത്.കൊറോണ വന്ന് കേറിയിറങ്ങി പോകുന്നത് പോലും ചിലർ അറിയുന്നില്ല. ചിലർ ഗൗനിക്കുന്നില്ല.നാട്ടിൽ വന്ന് കൊറോണ പരത്തണമെന്നോ നാട്ടിൽ വന്ന് സുരക്ഷിതനാവണമെന്നോ ഇവിടെയുള്ള ഒരു പ്രവാസിക്കും ആഗ്രഹിക്കുന്നില്ല. നാട്ടിലെ കോടീശ്വരന്മാരല്ല ഇവിടെ ജോലി ചെയ്യുന്ന മഹാ ഭൂരിപക്ഷവും എന്നത് തന്നെ കാരണം.ലക്ഷകണക്കിന് രൂപ നാട്ടിൽ കടമുള്ളവരും നാട്ടിലേക്ക് കേറി വന്നാൽ കുടുംബം മൊത്തം പട്ടിണിയാകുന്നവരുമാണ് എഴുപത്തഞ്ചു ശതമാനം പ്രവാസികളും.ഗൾഫിൽ ജോലി ചെയ്യുന്ന എത്ര ലക്ഷം പേർക്ക് നാട്ടിൽ പുര ലോൺ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ.അതുപോലെതന്നെ മറ്റു കടങ്ങളും.

ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തിന്റെ പകുതിയിൽ കൂടുതൽ വരുമത്. മാസം പത്തും പതിനയ്യായിരവും രൂപ അടവ് വരുന്ന ലോണുകളുണ്ട്.ഇവരെല്ലാവരും നാട്ടിലേക്ക് വന്നാൽ കേരളത്തിലെ ലക്ഷകണക്കിന് വീടും പറമ്പുകളും ബാങ്കുകാരുടെ കയ്യിലിരിക്കും.ലക്ഷകണക്കിന് പ്രവാസികൾ തെരുവിലേക്ക് ഇറക്കപ്പെടും. ബാങ്കുകൾ ഇപ്പോൾ തരുന്ന സാവകാശങ്ങളൊക്കെ നാളെ അവസാനിക്കും.പണിയില്ലാതെ നാട്ടിൽ വന്നാൽ ലോൺ അടക്കാതെ വരുമ്പോൾ ബാങ്കുകാർ വീട്ടിൽ അന്വേക്ഷിച്ച് വരും. പിന്നെ ജപ്തിയിലേക്ക് കടക്കും. അല്ലങ്കിൽ തന്നെ നാട്ടിൽ ഒരു പണി കിട്ടിയാൽ തന്നെ ഈ പത്ത് പതിനയ്യായിരം രൂപ ബാങ്ക് ലോൺ മാസാമാസം എങ്ങനെയടക്കാനാണ്. കുടുംബ ചിലവുകളും നടക്കണ്ടേ. ഇങ്ങനെയൊരു ദുരന്തകാലം വരുമെന്ന് കണക്ക് കൂട്ടിയിട്ടല്ലല്ലോ ആളുകൾ ഈ കാലം വരെ ജീവിച്ചത്.

വിമാനങ്ങൾ പറക്കാൻ തുടങ്ങിയാൽ പോലും നിങ്ങൾ വിചാരിക്കുന്നത് പോലെ ഒരു കൂട്ട പാലായനം കേരളത്തിലേക്ക് ഇവിടെനിന്നും ഉണ്ടാകില്ല. പുറത്താക്കുന്നത് വരെ പിടിച്ച് നിൽക്കാൻ നോക്കും ഓരോ പ്രവാസിയും. കാരണം കൊറോണയെക്കാളും മരണ ഭയത്തേക്കാളും അവരെ പേടിപ്പിക്കുന്നത് കേരളത്തിൽ വന്നാലുള്ള ഇരുണ്ട ദിനങ്ങളാണ്.ആരെയും കുറ്റം പറഞ്ഞതല്ല. ഒരു സത്യം വെറുതെയെഴുതിയതാണ്.