എത്ര പ്രളയങ്ങൾ ഉണ്ടായാലും ജനങ്ങൾ കൈകാലിട്ടടിച്ച് കര പറ്റിക്കോളുമെന്ന് നമ്മുടെ ഭരണകൂടങ്ങൾക്കറിയാം

34

Joli Joli

ഈ വർഷവും പ്രളയം ഉണ്ടാകുമോ..? ഉണ്ടാകും. ജൂൺ അവസാനത്തോടെയോ ജൂലൈ ആദ്യവാരത്തോടെയോ ഉണ്ടാകും.ആളെ പേടിപ്പിക്കുകയാണോ..? നിങ്ങൾക്കെവിടുന്നാണ് പേടി..? പേടിയുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ രണ്ട് പ്രളയത്തോടെ നിങ്ങൾ പഠിച്ചേനെ.പഠിച്ചോ..? ഇല്ല.നൂറ്റാണ്ട് കൂടുമ്പോഴാണ് പ്രളയം എന്നത് പഴമൊഴിയാണെന്നും ഇനി മിക്ക വർഷങ്ങളിലും കേരളത്തിൽ പ്രളയമുണ്ടാകുമെന്നും വിശകലനം ചെയ്തവർ മുന്നറിയിപ്പ് നൽകിയിരുന്നു.മുൻകരുതലുകളും പരിഹാരമാർഗങ്ങളും ബോധമുള്ളവർ നിർദേശിച്ചിരുന്നു.ഒന്നും നടന്നില്ല കേരളത്തിൽ.ഉത്തരവാദിത്വ ബോധത്തോടു കൂടി ഒരു പരിഹാര മാർഗങ്ങളും നടത്തിയില്ല കേരള സർക്കാർ.

1 കേരളത്തിലെ ഇരുപത്തി രണ്ട് സ്പോട്ടുകൾ അതീവ ലോല പ്രദേശമാണെന്നും മണ്ണിച്ചിലിനും ഉരുൾ പൊട്ടലിനും സാധ്യതയുള്ളവയാണെന്നും കഴിഞ്ഞ വർഷത്തെ ഉരുൾ പൊട്ടലിനും അനേകരുടെ മരണത്തിനും ശേക്ഷം നടന്ന പഠനങ്ങളിൽ വ്യക്തമായിരുന്നു.ജനങ്ങളെ മാറ്റിപാർപ്പിക്കണമെന്നും കൃത്യമായി പറഞ്ഞിരുന്നു.ചെയ്തോ..? ഇല്ല..

2 കേരളത്തിലെ ഡാമുകൾ എല്ലാം ഇപ്പോൾ തന്നെ നിറഞ്ഞിരിക്കുകയാണ്… അത് വെള്ളം കൊണ്ട് നിറഞ്ഞതല്ല… എക്കലും ചെളിയും അടിഞ്ഞ് സംഭരണ ശേഷി കുറഞ്ഞതാണ്… !ഡാമുകളിലെ റിസർവോയറുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന എക്കലും ചെളിയും നീക്കം ചെയ്ത് സംഭരണ ശേഷി വർധിപ്പിക്കണമെന്ന ഒരു അധിപ്രധാന നിർദ്ദേശം മുന്നോട്ട് വെച്ചിരുന്നു… ചെയ്തോ..?
ഇല്ല.. ഒറ്റയൊരു ഡാമിൽ പോലും ചെളി കോരിയില്ല… ചെളി കോരിയില്ല എന്ന് മാത്രമല്ല ഡാമുകളിൽ കൂടുതൽ ചെളിയടിയാനുള്ള ഒരു വകുപ്പ് കൂടി പിണറായി സർക്കാർ ചെയ്‌തുവെച്ചു… എന്താണെന്നല്ലേ.. പട്ടയഭൂമിയിലുള്ള മരങ്ങൾ മുറിക്കാൻ പാട്ടക്കാരന് അനുമതി നൽകി കൊണ്ട് ഈ വർഷം മാർച്ചിൽ പിണറായി സർക്കാർ ഒരു ഉത്തരവ് പുറത്തിറക്കിയിരുന്നു.. നൂറ് വർഷം വരെ പ്രായമുള്ള ലക്ഷകണക്കിന് ക്യുബിക് മരങ്ങളാണ് ഈ ഉത്തരവിന്റെ മറവിൽ ഏതാനും മാസങ്ങൾക്കുള്ളിൽ വെട്ടിയിറങ്ങി പോയത്.ഇതോടെ ഡാമുകളിലെ വൃഷ്ടിപ്രദേശങ്ങളിൽ മണ്ണൊലിപ്പിന് സാധ്യത കൂടി… തന്മൂലം കൂടുതൽ ചെളിയും, എക്കലും ഡാമുകളിലേക്കെത്തും… പിണറായി വിജയന്റെ സ്വന്തക്കാരനായ രാജേന്ദ്രൻ എം എൽ എ മൂന്നാറിൽ നടത്തുന്ന പ്രകൃതി നശീകരണത്തിന് കയ്യും കണക്കുമില്ല… കഴിഞ്ഞ കൊല്ലത്തെ പ്രളയത്തെ മുടിനാരിഴക്ക് അതിജീവിച്ച ഒരു പ്രദേശമാണ് മൂന്നാറെന്നോർക്കണം… പോത്തിനെന്ത് ഏത്തവാഴ അല്ലേ…

3 എറണാകുളത്തെ വെള്ളപ്പൊക്കത്തിനും വെള്ളക്കെട്ടിനും ശ്വാസത പരിഹാരമായ ട്രെയിനേജ് വിപുലീകരിക്കലും തട്ട് പൊന്തിക്കലും എവിടെയെങ്കിലും എത്തിയോ…? പറഞ്ഞ് പറഞ്ഞ് കോടതികളുടെ വരെ നാവ് കുഴഞ്ഞ കേസാണത്.. ഈ കൊല്ലവും ജനങ്ങൾ നീന്തട്ടെ അല്ലേ…? തോടുകളിലെയും ഓടകളിലെയും പോള നീക്കലും വൃത്തിയാക്കലും കോർപ്പറേഷനിലെ കുറച്ച് മേലാളന്മാരുടെയും കരാറുകാരുടെയും പോക്കറ്റ് വീർപ്പിക്കുന്ന ചടങ്ങ് മാത്രമായി ഒതുങ്ങി…

4 തോടുകളിലെയും ഓടകളിലെയും പുഴകളിലെയും കായലുകളിലെയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം എന്ന നിർദേശം കടലാസിൽ മാത്രമൊതുങ്ങി… ഉന്നത പഠന സമതി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെ ആദ്യ പ്രധാന നാല് നിർദേശങ്ങൾ മാത്രമാണിത്.ജൂണിന് മുൻപ് ജില്ലകൾ തോറും ഭക്ഷ്യ ധാന്യങ്ങൾ സംഭരിച്ച് വെക്കണമെന്നുള്ളതും മാറ്റി പാർപ്പിക്കാനുള്ള ഷെൽട്ടറുകൾ കണ്ടുവെക്കണമെന്നുള്ളതുമൊക്കെ തുടർന്ന് വരുന്ന നിർദേശങ്ങളാണ്… ഒന്നും ചെയ്തതായി കണ്ടില്ല.. തെരുവിലൂടെ അലയുന്ന പട്ടിയുടെയോ പൂച്ചയുടെയോ കയ്യോ കാലോ ഒടിഞ്ഞാൽ നമ്മളാരെങ്കിലും അതിനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി വെച്ച് കെട്ടാറുണ്ടോ… ഇല്ല.. അത് കുറേകാലം കഴിയുമ്പോൾ തന്നെ ശരിയാകും അല്ലേ…? അതുപോലെ ഒരു നായയെ എടുത്ത് വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞാൽ അത് എങ്ങനെയെങ്കിലും കൈകാലിട്ടടിച്ച് നീന്തി കര പറ്റും അല്ലേ..? എത്ര പ്രളയങ്ങൾ ഉണ്ടായാലും ജനങ്ങൾ കൈകാലിട്ടടിച്ച് കര പറ്റിക്കോളുമെന്ന് നമ്മുടെ ഭരകൂടങ്ങൾക്കറിയാം..