സഹകരിക്കാൻ മാന്യമായ ഭാഷയിൽ ഇതര സംസ്ഥാന തൊഴിലാളികളോടു പറയുക, ഇല്ലെങ്കിൽ തൂക്കിയെടുത്ത് അകത്തിടുക

71

Joli Joli.

പത്ത് പതിനേഴ് വർഷമായി ഞാൻ പ്രവാസിയായിട്ട്. നാലഞ്ചു രാജ്യങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ സൗദിയിൽ ജോലി ചെയ്യുന്നു. ഗൾഫിൽ ഇപ്പോൾ ചില രാജ്യങ്ങൾ പൂർണമായോ ചില രാജ്യങ്ങൾ ഭാഗീകമായോ ലോക് ഡൗൺ ചെയ്തിരിക്കുകയാണ്. മിക്ക രാജ്യങ്ങളും ആഭ്യന്തര അന്താരാഷ്ട്ര ഗതാഗത സൗകര്യങ്ങൾ നിർത്തി വെച്ചിരിക്കുകയാണ്. പതിനഞ്ചു മണിക്കൂറാണ് സൗദിയിൽ കർഫ്യൂ, പുറത്തിറങ്ങാൻ പാടില്ല. പുറത്തിറങ്ങിയാൽ പതിനായിരം റിയാലാണ് ഫൈൻ. അതായത് ഏകദേശം രണ്ട് ലക്ഷം ഇന്ത്യൻ രൂപ. കൂടാതെ പിടിച്ച് നാട്ടിലേക്കും കേറ്റിവിടും. താമസ സ്ഥലത്ത് നിന്നും പുറത്തിറങ്ങരുത് എന്ന് പറഞ്ഞാൽ പുറത്തിറങ്ങരുത്. അതാണ് ഇവിടുത്തെ നിയമം. പറഞ്ഞുവന്നത്, ഗൾഫ് മേഖലയിലെ ലേബർ കാമ്പുകളിൽ ലക്ഷകണക്കിന് മലയാളികൾ ജോലി ചെയ്യുന്നുണ്ട്. ഭൂരിപക്ഷം പേരും ചെറിയ റൂമുകളിൽ മൂന്നും നാലും തട്ടുകളുള്ള കട്ടിലുകളിൽ ആണ് അന്തിയുറങ്ങുന്നത്. മര്യാദക്ക് ആളുകൾക്ക് റൂമിലൂടെ നടക്കുവാൻ പോലും ഇടയില്ലാത്ത റൂമുകളുണ്ട്. ജോലിയുള്ള സമയത്ത് അത് അവർക്കൊരു ബുദ്ധിമുട്ടല്ലായിരുന്നു. എന്നാൽ ഇപ്പോൾ കൂടുതൽ സമയവും റൂമിൽ തന്നെ ചിലവഴിക്കുന്നത് കൊണ്ട് അത് ബുദ്ധിമുട്ടാണ്.
എങ്കിലും സഹിക്കുന്നു. കാരണം ഇതൊരു പ്രത്യേക സാഹചര്യമാണ്. ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചും സുഖസൗകര്യങ്ങൾ അന്വേഷിച്ചും സർക്കാരിന്റെ ആളുകളൊന്നും ഇവിടെ വരില്ല. കാരണം അതെല്ലാം തൊഴിൽ ദാതാവിന്റെയോ കമ്പനിയുടെയോ ബാധ്യതയാണ്, അതാണ് നിയമം.എനിക്ക് നാട്ടിൽ പോകണം, എനിക്ക് അമ്മയെ കാണണം, എനിക്കൊരു വിമാനം ഏർപ്പാടാക്കി തരണം എന്നൊന്നും പറഞ്ഞ് ഇവിടെ ആർക്കും തെരുവിലേക്ക് ഇറങ്ങാൻ കഴിയില്ല. പോലിസ് പിടിക്കും, ഫൈൻ അടിക്കും. ജയിലിൽ ഇടും, കേറ്റിവിടും. അല്ലാതെ അവർ നമ്മുടെ കാല് പിടിക്കില്ല. പോകരുതെന്ന് യാചിക്കുകയോ അനുനയിപ്പിക്കുകയോ സമാധാനിപ്പിക്കുകയോ ഒന്നും ചെയ്യില്ല. കാരണം ലോകം മുഴുവൻ നേരിടുന്ന ഈ പ്രത്യേക സാഹചര്യം മനസിലാക്കാൻ കഴിയാത്തവനെ പിന്നെയവർ എന്ത് ചെയ്യണം..? പായിപ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിച്ച് തെരുവിലിറങ്ങി എന്ന വാർത്ത കണ്ടു. രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചത് കേന്ദ്ര സർക്കാരാണ്. ഇരുപത്തൊന്ന് ദിവസത്തേക്ക് ആയിരിക്കുന്ന സ്ഥാനങ്ങളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് ഉത്തരവ്. അത് പാലിക്കാൻ ഇന്ത്യയിലെ ഓരോ പൗരനും ഇന്ത്യയിൽ നിലവിലുള്ള വിദേശികൾക്കും ബാധ്യതയുണ്ട്.അല്ലങ്കിൽ രാജ്യത്താകെ പടർന്നുകിടക്കുന്ന തൊഴിലാളികൾക്കും മറ്റ് ജനങ്ങൾക്കും അവരവരുടെ വീടുകളിലോ നാടുകളിലോ എത്തിച്ചേരാൻ രണ്ടോ മൂന്നോ ദിവസത്തെ സാവകാശം കേന്ദ്രം നൽകണമായിരുന്നു. അതുണ്ടായില്ല.എന്നിട്ടിപ്പോൾ ആർക്ക് നേരെയാണ് ഈ പായിപ്പാട്ടെ തൊഴിലാളികൾ പ്രതിക്ഷേധവുമായി രംഗത്തിറങ്ങിയത്…? ഇതിൽ സംസ്ഥാന സർക്കാരിന് എന്ത് ചെയ്യാൻ കഴിയും. ഒന്നും ചെയ്യാൻ കഴിയില്ല , രാജ്യത്തെ ഓരോ പൗരനെപോലെ തന്നെ കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളും രാജ്യത്തെ നിയമം പാലിക്കാൻ ബാധ്യസ്ഥരാണ്. എന്താ അവർ ഇന്ത്യൻ പൗരന്മാരല്ലേ…?  പാലിക്കാൻ കഴിയില്ലെങ്കിൽ പിടിച്ച് അകത്തിടണം. കേരളത്തിലെ തെരുവ് പട്ടികൾക്കും കുരങ്ങന്മാർക്കും വരെ ഭക്ഷണം ഉറപ്പ് വരുത്തിയ ഒരു സർക്കാരാണ് കേരളത്തിൽ നിലവിലുള്ളത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം കിട്ടിയില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ അൽപ്പം പ്രയാസമുണ്ട്. ആവശ്യത്തിന് ഭക്ഷണം കമ്മ്യൂണിറ്റി കിച്ചൺ വഴി മൂന്ന് നേരം എത്തിച്ചു. അത് വേണ്ട ഞങ്ങളുടെ ഭക്ഷണം തന്നെ വേണം എന്ന് പറഞ്ഞപ്പോൾ അവരുടെ ഭക്ഷണ സാധനങ്ങൾ എത്തിച്ച് കൊടുത്തു. കലക്റ്റർ അടക്കമുള്ള അനേകം ഉദ്യോഗസ്ഥർ അവരുടെ സുഖവിവരം അന്വേക്ഷിച്ച് ദിവസവും അവരെ സന്ദർശിക്കുന്നു. എന്നിട്ടും അവർക്ക് മുറുമുറുപ്പാണ് എന്ന് പറഞ്ഞാൽ അതിനെ അതിഥിയുടെ മാന്യതയില്ലായ്മ എന്നെ പറയാൻ പറ്റൂ. അൽപ്പം കൂടുതൽ കഷ്ടപ്പാടിലൂടെയായാൽ പോലും ഈ സാഹചര്യത്തെ നേരിടേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. അറിവില്ലായ്മയല്ല അവർക്ക്. അറിവില്ലായ്മയാണെങ്കിൽ അവരുടെ നാട്ടിൽ അവരുടെ ബന്ധുക്കൾ നാട്ടിലൂടെ ഇറങ്ങി നടക്കുന്നുണ്ടോ…? ഇല്ല, അപ്പോൾ അഹങ്കാരമാണ്.
മറ്റൊന്നുമല്ല. അവർ തുച്ഛമായ വേധനത്തിൽ ജോലി ചെയ്യുന്നവരാണ് എന്ന് കണ്ണീർ വാർക്കുന്നവർ ഒന്ന് മനസിലാക്കുക. ശരാശരി അഞ്ഞൂറ് രൂപക്ക് പണിയെടുക്കുന്നുണ്ട് ഓരോ അന്യസംസ്ഥാന തൊഴിലാളിയും കേരളത്തിൽ.അതായത് മാസം ശരാശരി പതിനയ്യായിരം രൂപ. ഓവർ ടൈം വേറെയും. ആ സ്ഥാനത്ത് പതിനായിരം രൂപക്കും പന്തീരായിരം രൂപക്കും രാപകലില്ലാതെ പണിയെടുക്കുന്ന പതിനായിരക്കണക്കിന് നേഴ്‌സ് മാരുണ്ട് കേരളത്തിൽ. മാസം എണ്ണായിരം രൂപക്കും ഒൻപതിനായിരം രൂപക്കും പണിയെടുക്കുന്ന പതിനായിരക്കണക്കിന് സ്ത്രീകളുണ്ട് തുണിക്കടകളിലും മറ്റു കടകളിലും കേരളത്തിൽ. മാസം വെറും പതിനായിരം രൂപക്ക് സ്വർണ കടകളിലും മറ്റ് കടകളിലും പണിയെടുക്കുന്ന പതിനായിരക്കണക്കിന് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുണ്ട് കേരളത്തിൽ. ഇവരിൽ ഒട്ടുമിക്കവരുടെയും തുച്ഛമായ ആ വരുമാനം കൊണ്ടാണ് ആ കുടുംബങ്ങൾ കഴിഞ്ഞു പോകുന്നത്.
അത് നിലച്ചിട്ട് ഇന്നേക്ക് എത്ര ദിവസമായെന്ന് നിങ്ങൾക്കറിയുമോ…? അവർ ഇപ്പോൾ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് നിങ്ങൾ ആവലാതിപ്പെട്ടോ…? ഇതര സംസ്ഥാന തൊഴിലാളികളെ പരിഗണിക്കരുതെന്നല്ല പറയുന്നത്. പരിഗണിക്കണം, എന്നാൽ ഒരു സിസ്റ്റത്തിന്റെ മുഴുവൻ ശ്രദ്ധയും അവരിലേക്ക് മാത്രം കേന്ദ്രീകരിച്ച് താന്നു തൊഴുത് നിൽക്കരുത്. മണിക്കൂറിനുള്ളിൽ അവർക്ക് ഇത്രയധികം ആളുകളെ സംഘടിപ്പിച്ച് ഒത്തുകൂടാൻ സാധിച്ചെങ്കിൽ അത് ഗൗരവത്തിൽ എടുക്കേണ്ട വിഷയം തന്നെയാണ്. ഇത് കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള രാപകലില്ലാത്ത തീവ്ര ശ്രമമാണ്. അതിന് വേണ്ടി കേരളത്തിലെ ഒരു ഭരണകൂടവും പതിനാല് ജില്ലകളിലെ കലക്റ്റർ മാരും ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും രാപകലില്ലാതെ കഠിനമായ അദ്ധ്വാനത്തിലാണ്. സഹകരിക്കാൻ മാന്യമായ ഭാക്ഷയിൽ ഇതര സംസ്ഥാന തൊഴിലാളികളോടും പറയുക. ഇല്ലങ്കിൽ തൂക്കിയെടുത്ത് അകത്തിടുക.അത്രതന്നെ.

Advertisements