പ്രവാസികളുടെ കാര്യത്തിലെ അനങ്ങാപ്പാറ നയം, വലിയ വില കൊടുക്കേണ്ടിവരും

64

Joli Joli

നിങ്ങളുടെ രാജ്യം ലോക് ഡൗൺ ആണോ അല്ലയോ എന്നത് ഞങ്ങൾക്കറിയണ്ട. പൗരന്മാരെ കൊണ്ടുപോയില്ലങ്കിൽ ആ രാജ്യങ്ങൾക്ക് നേരെ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്ന് യൂ എ ഇ ക്ക് പറയേണ്ട ഒരു ഘട്ടം വരെ എത്തിച്ചതെന്തിനാണ് ? പൗരന്മാരെ കൊണ്ടുപോകാൻ അവർ എല്ലാ ലോകരാജ്യങ്ങൾക്കും നിർദേശം നൽകിയപ്പോൾ ഇന്ത്യ അടക്കം ഏതാനും രാജ്യങ്ങൾ മാത്രം അതിനോട് ഒരു മറുപടികൊണ്ടുപോലും പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണ് ? ലക്ഷകണക്കിന് വിദേശികൾ ഈ രാജ്യത്ത് ഉണ്ട് എന്നും, വിദേശികളിലേക്ക് കൊറോണ ബാധിക്കുമെന്നും അത്തരമൊരു സാഹചര്യമുണ്ടായാൽ അത് കൈകാര്യം ചെയ്യാനുള്ള സജ്ജീകരണങ്ങൾ ഈ രാജ്യത്തില്ല എന്നും അവർ അതാത് രാജ്യങ്ങളുടെ എംബസികളെ അറിയിച്ചതല്ലേ ?

പോകാൻ ആഗ്രഹമുള്ള പൗരന്മാരെ മുഴുവൻ ഇന്ത്യയിൽ എത്തിക്കാൻ ഇത്തിഹാദ് എയർന്റെയും ഫ്ലൈ ദുബായിയുടെയും വിമാനങ്ങൾ വിട്ടുതരാം എന്നും അവർ ഇന്ത്യയെ അറിയിച്ചതല്ലേ ? അടിസ്ഥാന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ലേബർ ക്യാമ്പ്കളിൽ കഴിയുന്ന ലക്ഷകണക്കിന് ഇന്ത്യക്കാർ രോഗ ഭീതിയിലാണ് എന്ന് പൗരന്മാർ തന്നെ പലപ്രാവശ്യം ഇന്ത്യയെ അറിയിച്ചതല്ലേ..? ആ രാജ്യത്തിന്റെ നല്ല മനസുകൊണ്ടാണ് ഞങ്ങൾ വിമാനങ്ങൾ വിട്ടുതരാം നിങ്ങൾ കൊണ്ടുപോകൂ എന്ന് പറഞ്ഞത്.എന്നിട്ടും ഇന്ത്യ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണുണ്ടായത്.

ഇന്ത്യയിലുള്ള വിദേശികളെ അതാത് രാജ്യങ്ങൾ വന്ന് കൊണ്ടുപോയില്ലേ ? എന്നിട്ടും നമ്മുടെ പൗരന്മാരെ വേണ്ടാ എന്ന് പറഞ്ഞത് ഇന്ത്യ മാത്രമല്ലേ…? തിരികെ വരുന്ന ഇന്ത്യക്കാരെ പാർപ്പിക്കാൻ സ്വകാര്യ മേഖലയിലുള്ള എല്ലാ കെട്ടിടങ്ങളും വിട്ടുനൽകാമെന്ന് സ്വകാര്യ മേഖലയിലെ ബന്ധപ്പെട്ടവർ സർക്കാരിനെ അറിയിച്ചതല്ലേ ? ഒരായുസ് മുഴുവനും കുടുംബത്തിനും നാടിനും വേണ്ടി കഷ്ട്ടപ്പെട്ടവരാണ് ബഹുപൂരിപക്ഷം വരുന്ന പ്രവാസികൾ. ഇന്നവർ മരണത്തെ മുന്നിൽ കണ്ട് ജീവിക്കുകയാണ്.പോരാൻ ആഗ്രഹിക്കുന്നവരെ കൊണ്ടുവരണം, കൈവിടരുത്, അപേക്ഷയാണ്.