ബലാത്സംഗത്തിന്റെ പതിനായിരക്കണക്കിന് ഇരകൾ ദൈന്യത അനുഭവിക്കുന്ന നാട്ടിൽ അന്നയുടെ തമാശ കേട്ട് ചിരിക്കാനാകുന്നില്ല

262

Joli Joli

“വിധി എന്നത് ബലാല്‍സംഗം പോലെയാണ്, തടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ആസ്വദിക്കണം” എന്ന അന്ന ഈഡന്‍ ( ഹൈബി ഈഡന്റെ ഭാര്യ ) നടത്തിയ പരാമര്‍ശം എത്രത്തോളം സ്ത്രീവിരുദ്ധമാണ്, ജനാധിപത്യ വിരുദ്ധമാണ് എന്ന് അവര്‍ക്കും അവരെ പിന്തുണച്ചും എത്തുന്നവര്‍ക്ക് തിരിച്ചറിയാന്‍ പോലും കഴിയാതെ പോകുന്നുവെന്നത് നമ്മുടെ സമൂഹത്തിലേക്കുള്ള ചൂണ്ടുവിരല്‍ കൂടിയാണ്.

“അത് ഒരു തമാശയല്ലേ”, “കുറച്ച്‌ സെന്‍സ് ഓഫ് ഹ്യൂമര്‍ വേണം”, “വിട്ട് കള” എന്നിങ്ങനെ പ്രതികരിക്കുന്നവര്‍ക്ക് അടിസ്ഥാനപരമായി തമാശ എന്നത് എന്താണ് എന്ന് തിരിച്ചറിയണം. ഡാര്‍ക് ഹ്യൂമര്‍ എന്നാല്‍ ഇന്‍സെന്‍സിറ്റീവ് ഹ്യൂമറല്ല. ദൈനംദിന കഷ്ടപ്പാടുകളെയോ അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്തങ്ങളെയോ ബലാല്‍സംഗത്തോടാണോ ഉപമിക്കേണ്ടത്.?

താന്‍ നേരിട്ട അതിക്രമം തന്റെ വിധിയാണ് എന്ന് സ്വയം ശപിച്ച്‌ കഴിയുന്നവര്‍ സമൂഹത്തിലുണ്ടാകാന്‍ കാരണമെന്താണ് എന്നതാണ് ഇത് കാണിച്ചുതരുത്. കാരണം ബലാല്‍സംഗമോ കൊച്ചിയില്‍ ഇന്നലെയുണ്ടായ പോലെ ഒരു വെള്ളപ്പൊക്കമോ, മറ്റ് പ്രകൃതി ദുരന്തങ്ങളോ ആരുടെയെങ്കിലും വിധിയല്ല.

അതിന് കൃത്യവും വ്യക്തവുമായ ഉത്തരവാദികളുണ്ട് എന്നതാണ്. അത് മനസ്സിലാക്കുന്നതില്‍ നിന്നും ഈ സമൂഹം എത്രത്തോളം മാറി നില്‍ക്കുന്നു എന്നതാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. കേരളത്തില്‍ 11,057 കേസുകളാണ് 2017ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

2015ല്‍ 9767 കേസുകളും 2016 ല്‍ 10034 കേസുകളുമാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
അതായത് ഇതില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കേരളത്തിലെ സൂര്യനെല്ലി കേസും കശ്മീരിലെ കത്വാ കേസും പോലെ ഇനിയും അവസാനിക്കാത്ത ഇത്തരം കുറ്റകൃത്യങ്ങളിലെ കുറ്റാരോപിതര്‍ക്കായി നടത്തിക്കൊണ്ടിരിക്കുന്ന നീചഭാഷണങ്ങളുടെ ഇംഗ്ലീഷ് മൊഴിമാറ്റം മാത്രമാണിത്തരം “തമാശ”കള്‍.

നിയമനിര്‍മ്മാണ സഭയിലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ പടത്തിനൊപ്പം അത്തരം ഒരു ‘തമാശ” നിയമവിദ്യാര്‍ത്ഥിനി എഴുതുന്നു. ഇത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന ആഘാതമെന്തായിരിക്കും എന്ന് ചിന്തിക്കാന്‍ പോലും സാധിക്കാത്ത തലത്തില്‍ ആണധീശവ്യവഹാരങ്ങളുടെ ആവര്‍ത്തനങ്ങളായി മാറുന്ന സമൂഹത്തിലെ വിഭാഗത്തെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. റേപ്പ് എന്നത് തമാശ പറയാനുള്ള വാചകമല്ല, അതൊരു ആക്രമണമാണ്. ഒരു വ്യക്തിക്ക് മേലുള്ള. വ്യക്തിസ്വാതന്ത്രത്തിന് മേലുള്ള ആക്രമണമാണ്.

ഇന്ത്യക്കാര്‍ക്ക്, പൊതുവെ മലയാളികള്‍ക്ക് ആസ്വദിച്ച്‌ വായിക്കാനുള്ള വാര്‍ത്തകളിലേക്കും, അക്രമങ്ങളെ അതിജീവിക്കുന്നതവരെ അപമാനിക്കാനുള്ള ആയുധമായും, സിനിമകളില്‍ അരോചകമായ “തമാശ” രംഗങ്ങളില്‍ ഉള്‍പെടുത്താനുമായിട്ടുള്ള ഒരു വാക്കിലേക്ക് ഒതുങ്ങുകയാണ് റേപ്പ് എന്ന വാക്ക്.കണ്‍സെന്റ്,
ജന്‍ഡര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നേരെയുള്ള അതിക്രമം, ഇരകളുടെ പുനരധിവാസം,
പൗരുഷത്തിന്റെ തെറ്റായ വ്യാഖ്യാനം എന്നീ വിഷയങ്ങളെ പറ്റിയുള്ള സംവാദങ്ങള്‍ വ്യാപകമാക്കുന്നില്ല.
പകരം, പുരുഷാധിപത്യം നിശ്ചയിക്കുന്ന സ്ത്രീ സങ്കല്പങ്ങളിലേക്ക് ഒതുങ്ങി കൂടാനുള്ള വ്യഗ്രതയാണ് സമൂഹത്തില്‍ കാണാനാവുന്നത്.

സ്ത്രീകളെ തന്നെ അതിനു ചില ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നു. ലൈംഗിക അതിക്രമണം നേരിട്ട, ആ അനുഭവത്തെ അതിജീവിച്ച ഒരു വ്യക്തിയോടൊപ്പം ഒരു കുടുംബവും ഉണ്ട്. തളര്‍ന്നു പോകുമ്ബോള്‍ ഒപ്പം നില്‍ക്കുന്നവരുണ്ട്.. തനിച്ച്‌ അതിജീവിക്കുന്നവരുണ്ട്., ഇവരുടെയൊക്കെ പരിശ്രമങ്ങള്‍ക്കെല്ലാം ഒരു വിലങ്ങുതടിയായി ഈ പരിഹാസങ്ങള്‍ വന്നു വീഴും.

മുന്‍പ് ഉണ്ടായ ചില “തമാശകള്‍” ഓര്‍മ്മിപ്പിക്കട്ടെ? സല്‍മാന്‍ ഖാന്‍ സുല്‍ത്താന്‍ എന്ന തന്റെ സിനിമ ഷൂട്ട് ചെയ്ത കഠിനാനുഭവം റെയ്പ്പിനോടാണ് ഉപമിച്ചത്. 12 ലൈംഗികത്തൊഴിലാളികള്‍ തന്നെ റേപ് ചെയ്താലും താന്‍ മദ്യം കൈകൊണ്ട് തൊടില്ല എന്ന് ബോളിവുഡ് നടന്‍ ജിം സര്‍ഭ് ഈയിടക്ക് പറഞ്ഞിരുന്നു. തമിഴ് സംവിധായകന്‍ മിസ്കിന്‍ “താന്‍ ഒരു പെണ്ണായിരുന്നെങ്കില്‍ മമ്മൂട്ടിയെ റേപ് ചെയ്തേനെ” എന്ന പരാമര്‍ശം നടത്തിയിട്ടുണ്ട്. ബോളിവുഡ് സിനിമകള്‍ മാത്രമല്ല നിരവധി മലയാള സിനിമകളിലും പീഡനം “തമാശ”യ്ക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്.

പുരുഷന്മാരുടെ കാഴ്ചകളിലെ “തമാശ”കള്‍ എന്ന് പറഞ്ഞ് തള്ളാതെ അതിനെതിരെ ശക്തമായ എതിര്‍പ്പും ഉയര്‍ന്നിരുന്നു. എന്നിട്ടും അതേ “തമാശ”യുടെ ആവര്‍ത്തനമാണ് ഇവിടെയും സംഭവിക്കുന്നത്.സ്വന്തം കൂടപ്പിറപ്പിനോ സുഹൃത്തിനോ ലൈംഗിക അതിക്രമം നേരിടുമ്ബോള്‍ മാത്രം പ്രതികരിച്ചാല്‍ മതിയോ? ഒരു സ്ത്രീയെ ബഹുമാനിക്കാന്‍ അവള്‍ അമ്മയോ പെങ്ങളോ ആകേണ്ടതില്ല. സ്ത്രീകള്‍ക്ക് നേരെ മാത്രമല്ല, ലൈംഗികാതിക്രമങ്ങള്‍ അരങ്ങേറുന്നത് എന്ന് കൂടെ ഓര്‍മ്മിക്കണം. “റേപ് തമാശകള്‍ ആത്യന്തികമായി സെക്സിസ്റ്റ് ആണ്, ഇത് തെറ്റായ ലൈംഗിക സങ്കല്പങ്ങളെയും മിഥ്യാധാരണകളെയും ഊട്ടിയുറപ്പിക്കും…

എല്ലാ പുരുഷന്മാരും ഇങ്ങനെയാണ് സ്ത്രീകളെ പറ്റി ചിന്തിക്കുന്നത് എന്ന ധാരണയും അത് സ്ത്രീകളില്‍ വളര്‍ത്തും ” ജന്‍ഡര്‍ ഇന്നൊവേഷന്‍ ലാബ് സിഇ ഒ എമി ലോഗന്‍ പറയുന്നു. ഇത്തരം “തമാശ”കളിലൂടെ ബലാല്‍സംഗം എന്ന കുറ്റകൃത്യത്തെ നോര്‍മലൈസ് ചെയ്യുന്നതിലേക്കാണ് നയിക്കുന്നതെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ദ് കോണ്‍വെര്‍സേഷന്‍ എന്ന മാഗസിന്‍ നടത്തിയ കേസ് സ്റ്റഡികള്‍ കണ്ടെത്തിയത് “റേപ് തമാശ”കളില്‍ നിറഞ്ഞ് നില്കുന്നത് ഒബ്ജെക്റ്റിഫിക്കേഷനും, അപഹാസവും, അക്രമവുമാണെന്നാണ്. സിനിമകളില്‍ നായക പരിവേഷത്തിനു ചാര്‍ത്തികൊടുക്കുന്ന ചില സ്വഭാവങ്ങള്‍ ഉണ്ട്, സമൂഹം ‘കാമുകന്’ കൊടുക്കുന്ന ചില സ്വാതന്ത്ര്യങ്ങള്‍, സ്ത്രീയെ തല്ലുവാനും, പുറകെ നടന്ന് ശല്യം ചെയ്യുവാനും, കാര്യം നടത്തിയെടുക്കാന്‍ ഭീഷണി പെടുത്തുന്നതും ഒക്കെ. അതിനെ പ്രശംസിക്കുവാനും, ജീവിതത്തില്‍ പകര്‍ത്തുവാനും ശ്രമിക്കുന്നവരും ഉണ്ട്.

അതിന് ഒരു മേഖലയെ കുറ്റപ്പെടുത്തിയതുകൊണ്ട് ആയില്ല, അതിന്റെ ഉത്തരവാദി ഒരു വ്യക്തിയല്ല, അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സമൂഹമാണ്. അതിക്രമങ്ങള്‍ക്കും അവകാശങ്ങള്‍ക്കും നേരെ മുഖം തിരിക്കുന്ന ഒരു പുരുഷാധിപത്യ സംസ്കാരമാണ്.