ഈ ലോക് ഡൗൺ കാലം ഭൂമിക്ക് എങ്ങനെ പ്രയോജനം ചെയ്തു…?

0
121

Joli Joli.

ഈ ലോക് ഡൗൺ കാലം ഭൂമിക്ക് എങ്ങനെ പ്രയോജനം ചെയ്തു…? അൽപ്പ നാളത്തെക്കായാലും മനുഷ്യർ ഭൂമിയിൽ നിന്ന് മാറി നിൽക്കുന്നത് ഭൂമിക്ക് വലിയ പ്രയോജനം ചെയ്യും. മനുഷ്യനല്ലാതെ ഈ ഭൂമിക്ക് ഇത്രയധികം ദോഷം ചെയ്യുന്ന മറ്റൊരു ജീവിയില്ല.വെറും പത്ത് ദിവസത്തേക്ക് മനുഷ്യരുടെ ആർത്തി പിടിച്ച ഓട്ടം നിർത്തി അവൻ ഭക്ഷണവും പാർപ്പിടവുമായി ഒതുങ്ങിക്കൂടിയപ്പോൾ ഈ ഭൂമിക്ക് കിട്ടിയ ആശ്വാസം ചില്ലറയല്ല.നൂറ്റാണ്ടുകളായി പീഡനങ്ങൾ ഏറ്റുവാങ്ങി നരകിച്ച ഭൂമി ഒന്ന് ശ്വാസം വിട്ടത് ഈ കഴിഞ്ഞ ഏതാനും ദിവസങ്ങളിലാണ്.അഴിഞ്ഞാടുകയല്ലായിരുന്നോ മനുഷ്യർ ഭൂമിയിൽ…?

ഭൂമിയെ മൃഗീയ പീഡനങ്ങൾക്ക് വിധേയമാക്കുകയല്ലായിരുന്നോ മനുഷ്യർ ചെയ്ത് വന്നത്.ഇപ്പോൾ.വാഹനങ്ങളും വ്യവസായ ശാലകളും വിഷം തുപ്പി കറുത്തിരുണ്ട ജീവവായു ഒന്ന് തെളിഞ്ഞു അല്ലേ…? ദില്ലി നഗരത്തിലെ അന്തരീക്ഷത്തിലെ മലിന നിരക്ക് പകുതിയായി കുറഞ്ഞു.പാർശ്വവൽക്കരിക്കപ്പെട്ട, , പ്രാണഭയത്താൽ ഓടിയൊളിച്ച മൃഗങ്ങൾ ചിലയിടങ്ങളിൽ റോഡിലിറങ്ങി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു അല്ലേ…? ഈ കഴിഞ്ഞ ദിവസങ്ങളിൽ അന്ന്യം നിന്ന് പോകുമായിരുന്ന ഒരുപാട് സസ്യങ്ങൾക്കും മൃഗങ്ങൾക്കും ഇത്രയും ദിവസം ആയുസ് നീട്ടി കിട്ടി അല്ലേ…? ഈ ദിവസങ്ങളിൽ പതിനായിരക്കണക്കിന് വൃക്ഷങ്ങളുടെ കടക്കൽ കോടാലി എത്താതെ അവ ഇതുവരെ രക്ഷപെട്ടു നിൽക്കുന്നു അല്ലേ…? അനേകം മലകൾക്കും കുന്നുകൾക്കും മൺ കൂനകൾക്കും ചതുപ്പുകൾക്കും കണ്ടൽകാടുകൾക്കും താൽക്കാലികമായിട്ടെങ്കിലും ആയുസ് നീട്ടിക്കിട്ടിയല്ലേ..?

മനുഷ്യർ മാറി നിന്നപ്പോൾ നദികൾ തെളിഞ്ഞു അല്ലേ…? പതിവില്ലാതെ അനേകം പക്ഷികളെ നിങ്ങൾ ആകാശത്ത് കാണുന്നില്ലേ..? നിങ്ങളുടെ ചവിട്ട് വഴികളിൽ പുൽനാമ്പുകൾ കിളിർത്ത് നിൽക്കുന്നത് നിങ്ങൾ കണ്ടുവോ…? അയ്യായിരം കോടി രൂപ മുടക്കിയിട്ടും വിഷം വിട്ടുപോകാതിരുന്ന ഗംഗ നദി കുറച്ച് ദിവസം മനുഷ്യ പീഡനം ഏൽക്കാതെ വന്നപ്പോൾ തന്നത്താൻ തെളിഞ്ഞത് കണ്ടോ…? നിങ്ങളിനി പുറത്തേക്ക് ഇറങ്ങുമ്പോൾ ഒരു പരിധി വരെ പുതിയ ആകാശവും പുതിയ ഭൂമിയുമായിരിക്കും.മനുഷ്യർ ഒന്നും ചെയ്തിട്ടല്ല അത്.മനുഷ്യർ കുറച്ച് നാള് മാറി നിന്നപ്പോൾ ഭൂമിയൊന്ന് കുളിചൊരുങ്ങിയതാണ്.ഒന്നുകൂടി പറഞ്ഞിട്ട് അവസാനിപ്പിക്കാം.

കേരളത്തിന്റെ റോഡുകളിൽ ഒരു ദിവസം മരണപ്പെടുന്നത് ശരാശരി പതിനൊന്ന് പേരാണ്.പതിനാലാം തിയതി ലോക് ഡൗൺ തീരുമ്പോൾ മരണപ്പെട്ടു പോകേണ്ടിയിരുന്ന ആ ഇരുനൂറ് പേർ നമ്മുടെ കൂടെയുണ്ടാകും.ഈ ഭൂമിയിൽ മനുഷ്യന് ജീവിച്ച് പോകാൻ ഇത്രയധികമൊന്നും ഓടേണ്ട കാര്യമില്ല എന്ന് നിങ്ങളുടെ മനസ് പറഞ്ഞില്ലേ…? അത്രേയൊള്ളൂ..