സെപ്റ്റംബർ അവസാനത്തോടുകൂടി ഈ വ്യാപനത്തെയും കേരളം പിടിച്ചുകെട്ടും, നമ്മുക്ക് വേണ്ടി പൊരുതുന്നവർ തളരാതിരുന്നാൽ മതി

0
155

Joli Joli

സമൂഹവ്യാപനം നടന്നിട്ട് ഇരുപത് ദിവസം കഴിഞ്ഞു.ഇപ്പോളാണ് പറയുന്നത് എന്ന് മാത്രം.കേരളത്തെ കൃത്യമായി ഫോളോ ചെയ്ത് പോന്നവർക്ക് ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ അത്ഭുതപ്പെടാനോ അതിശയിക്കാനോ ഒന്നുമില്ല.ആശങ്ക മാത്രം..കഴിഞ്ഞ മാർച്ച് അവസാന വാരവും ഏപ്രിൽ ആദ്യവാരവും ലോകം മുഴുവൻ ലോക് ഡൗണിൽ നിന്ന് പുറത്ത് കടന്നപ്പോൾ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.ലോകം മുഴുവൻ രണ്ടാം ഘട്ട രോഗ വ്യാപനം ഉണ്ടാകുമെന്ന്.ചിലയിടങ്ങളിൽ അത് രൂക്ഷമാകുമെന്നും.

ഏപ്രിൽ അവസാന പാദത്തിൽ ഞാനടക്കം നൂറ് കണക്കിന് മനുഷ്യർ എഴുതി ജൂൺ അവസാനമോ ജൂലൈ ആദ്യ പാദത്തിലോ കേരളത്തിൽ രോഗികളുടെ എണ്ണം വർധിക്കുമെന്ന്.എഫ് ബി യുടെ താളുകൾ മറിച്ച് നോക്കിയാൽ കാണാൻ കഴിയും.അന്ന് പറഞ്ഞതും എഴുതിയതും മനസിലാകാതെ പോയത് കേരളത്തിലെ കുറേ ഉപദേശികൾക്കും ഫേസ് ബുക്കിലെ കുറേ അന്തമില്ലാത്ത ആരാധകർക്കും മാത്രമായിരുന്നു.സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്നും ടെസ്റ്റുകളുടെ എണ്ണംവർധിപ്പിക്കണമെന്നും മൂന് മാസം മുൻപ് മുതൽ ബോധമുള്ളവർ പറയുന്നു ചെവിക്കൊണ്ടില്ല.ചെവിക്കൊണ്ടിരുന്നെങ്കിൽ കോവിഡ് വരുന്ന മറ്റു ചില വഴികളും കൂടി മനസിലാക്കാൻ കഴിയുമായിരുന്നു.ചിലതെല്ലാം ഒളിച്ച് വെക്കാനും മറച്ചുപിടിക്കാനും ശ്രമിച്ചു.

ചില സത്യങ്ങൾ വിളിച്ച് പറഞ്ഞവർക്ക് നേരെയും ചില നിർദേശങ്ങൾ മുന്നോട്ട് വെച്ചവർക്ക് നേരെയും ആരാധകരുടെ ആക്രമണങ്ങൾ ഉണ്ടായി എന്നതും നേരാണ്.പ്രവാസികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ കേരളത്തിന്റെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് രോഗം വ്യാപിച്ചത് അറിയാതെ പോയി.തൂത്തുക്കുടിയിൽ നിന്നും കന്ന്യാകുമാരിയിൽ നിന്നും നിത്യേനയെന്നോണം മീനിന്റെയും പച്ചക്കറിയുടെയും രൂപത്തിൽ കോവിഡ് വന്ന് ചാടിയത് ശ്രദ്ധിക്കാതെ പോയി.കുറ്റപ്പെടുത്തിയതല്ല കുറ്റപ്പെടുത്തുകയുമില്ല.കാരണം ഇപ്പോഴത്തെ ഈ അവസ്ഥക്ക് പ്രധാന കുറ്റക്കാർ കേരളത്തിലെ ജനങ്ങൾ തന്നെയാണ്.രണ്ടാം ഘട്ടത്തിൽ ഈ രോഗം ഇത്രമാത്രം വ്യാപിപ്പിച്ചതിന് കാരണക്കാർ കേരളത്തിലെ ജനങ്ങൾ മാത്രമാണ്.

ലോക് ഡൗൺ കഴിഞ്ഞതോടുകൂടി കൊറോണ കാലം കഴിഞ്ഞു എന്നതുപോലെയായിരുന്നു ജനങ്ങളുടെ നടപ്പ്.ജീവിക്കാനല്ലേ എന്ന് ന്യായീകരിക്കാം.പക്ഷെ കോവിഡിന്റെ മുന്നിൽ അങ്ങനെയൊരു ഓപ്ഷനില്ല.ലോകം കണ്ട ഏറ്റവും മികച്ച പ്രവർത്തനം തന്നെയാണ് കോവിഡിന്റെ കാര്യത്തിൽ കേരളം കാഴ്ച്ച വെച്ചത്.അതിനൊന്നും ഇപ്പോഴും ഒരു മങ്ങലും സംഭവിച്ചു എന്നെനിക്ക് തോന്നുന്നില്ല.കഴിഞ്ഞ ആറു മാസക്കാലമായി രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന സർക്കാർ സംവിധാനങ്ങളെയും ആരോഗ്യ പ്രവർത്തകരെയും പോലീസിനെയും ഏകോപിപ്പിക്കുന്നവരെയും തോൽപ്പിക്കാൻ ശ്രമിച്ചത് കേരളത്തിലെ ജനങ്ങളാണ്.ജനങ്ങളുടെ ശ്രദ്ധക്കുറവും നിരുത്തരവാദിത്വപരമായ പെരുമാറ്റവുമാണ്.ഇപ്പോൾ എന്തായി.രോഗം വ്യാപിച്ചില്ലേ എന്നൊന്നും ആരും മനസ്സിൽ പുച്ഛിക്കണ്ട ?

അങ്ങനെ മനസ്സിൽ പോലും ചിന്തിച്ചാൽ അത് കഴിഞ്ഞ ആറുമാസമായി കോവിഡിനെതിരെ പോരാടുന്ന പതിനായിരക്കണക്കിന് മനുഷ്യരെ അവഹേളിക്കുന്നതിന് തുല്യമാകും. ഈ രോഗം ഇങ്ങനെയൊക്കെയാണ്.ഭൂമിയിൽ നിന്ന് പൂർണമായും അപ്രത്യക്ഷമാകുന്നത് വരെ. സെപ്റ്റംബർ അവസാനത്തോടുകൂടി ഈ വ്യാപനത്തെയും കേരളം പിടിച്ചുകെട്ടും.നമ്മുക്ക് വേണ്ടി പൊരുതുന്നവർ തളരാതിരുന്നാൽ മതി.