ദിനം പ്രതി ഭീകരമായ അവസ്ഥയിലേക്കാണ് രാജ്യം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്

362

Joli Joli

ദിനം പ്രതി ഭീകരമായ അവസ്ഥയിലേക്കാണ് രാജ്യം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്.

ചെറുകിട എന്നോ വൻകിട എന്നോ വിത്യാസമില്ലാതെ രാജ്യത്ത് വ്യാപാര വ്യവസായ സ്ഥാപനങ്ങൾ ദിനം പ്രതി പൂട്ടിക്കൊണ്ടിരിക്കുകയാണ്.ആയിരങ്ങൾ എന്നല്ല ലക്ഷങ്ങൾ എന്ന കണക്കാണ് തൊഴിൽ നഷ്ടപ്പെട്ടവർ എന്ന പേരിൽ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.ഉള്ളിയും ഉള്ളിവിലയും ദിനംപ്രതി രാജ്യത്തെ ഒരു കലാപത്തിലേക്ക് നയിക്കുന്ന സാഹചര്യം ഉരുത്തിരിയുന്നു.ലോകം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ഈയൊരു സംഘർഷാവസ്ഥയിൽ നിന്ന് ജനങ്ങളുടെയും മീഡിയയുടെയും ലോകത്തിന്റെയും ശ്രദ്ധ തിരിക്കാൻ സ്ഥിരം നമ്പറുകൾ ആയ പശു, ചാണകം, പ്ലൂട്ടോണിയം എന്നീ വിഡ്ഢി കഥകൾക്കും പ്രസ്താവനകൾക്കും കഴിയില്ല എന്ന തിരിച്ചറിവിൽ നിന്നാണ് പൗരത്വ ഭേദഗതി ബില്ലിന്റെ പെട്ടന്നുള്ള ഈ രംഗപ്രവേശനം.ഏറെക്കുറെ ഫലിക്കുകയും ചെയ്തു എന്ന് തോന്നുന്നു. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിൽ കുടിയേറിയ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യൻ അഭയാർഥികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം നൽകുകയും മുസ്‌ലിം ജനവിഭാഗത്തിന് മാത്രം നിഷേധിക്കുകയും ചെയ്യുന്ന ഒരു ഭേദഗതിയാണ് നിലവിൽ അമിദ് ഷാ രാജ്യത്ത് പാസാക്കിയെടുക്കാൻ നോക്കുന്നത്..

ആറ് മാസം മുൻപ് പൗരത്വം ഭേദഗതി ചെയ്തപ്പോൾ ആസാമിൽ പത്തൊൻപത് ലക്ഷം പേരാണ് പുറത്തായത്.അന്ന് പൗരത്വ ലിസ്റ്റിൽ നിന്ന് പുറത്തായവരിൽ പതിനാല് ലക്ഷം പേരോളം ഹിന്ദുക്കളാണ് എന്ന് അന്ന് തന്നെ ബി ജെ പി സംസ്ഥാന ഘടകവും നാഗ്പ്പൂർ കേന്ദ്രവും പരാതി പറഞ്ഞതാണ് .അയൽ രാജ്യങ്ങളിൽ നിന്ന് കുടിയേറി ആറ് വർഷത്തിൽ കുറയാതെ ഇന്ത്യയിൽ താമസിച്ച ഹിന്ദു, ക്രിസ്ത്യൻ, പാഴ്‌സി, ബുദ്ധ, ജൈന മതക്കാർക്ക് പൗരത്വം നൽകാം എന്ന ഈ പുതിയ ഭേദഗതിയോട് കൂടി അവർ ഇന്ത്യൻ സിറ്റിസൺ ആയി മാറും.അപ്പോൾ യഥാർത്ഥത്തിൽ പുറത്താകുന്നത് അഞ്ചു ലക്ഷം മുസ്ലിം അഭയാർത്ഥികൾ മാത്രമാണ്. ( അഭയാർത്ഥികൾ എന്നത് ബി ജെ പി യുടെ ഭാക്ഷയാണ് )മറ്റ് അതിർത്തി സംസ്ഥാനങ്ങളിലെ പുറത്താകുന്നവരുടെ കണക്ക് കൂടി കൂട്ടിയാൽ ഏറിപ്പോയാൽ ഒരു ഇരുപത്തഞ്ചു ലക്ഷം മുസ്ലിങ്ങൾ വരും രാജ്യത്ത് നിങ്ങളുടെ ഭാക്ഷയിൽ അനധികൃത കുടിയേറ്റക്കാർ.അതായത് രാജ്യത്തെ ജനസംഖ്യ കണക്കനുസരിച്ച് പോയന്റ് രണ്ട് ശതമാനം പേർ.. !!

ഇന്ത്യയിൽ പൗരത്വം ലഭിക്കാൻ പത്ത് വർഷം താമസിക്കണം എന്ന പഴയ കണക്കും കഴിഞ്ഞ് പതിറ്റാണ്ടുകളായി രാജ്യത്ത് ജീവിക്കുന്നവരാണ് ഇവർ. എന്തുകൊണ്ട് ഈ ഇരുപത്തഞ്ചു ലക്ഷം പേരെ കൂടി ചേർത്ത് പിടിച്ചുകൂടാ….?? നാലര വർഷം കഴിഞ്ഞു രാജ്യത്തിന്റെ അതിർത്തികൾ ഒരു ഈച്ചക്ക് പോലും കയറാൻ കഴിയാത്ത രീതിയിൽ കൊട്ടിയടച്ചിട്ട് എന്ന് നിങ്ങൾ തന്നെ പറയുന്നു. അനധികൃത കുടിയേറ്റങ്ങളോ അഭയാർത്ഥി പ്രവാഗങ്ങളോ ഇപ്പോൾ രാജ്യത്തേക്ക് ഉണ്ടാകുന്നില്ല എന്നും ലോകസഭയിൽ നിങ്ങൾ പറഞ്ഞിരുന്നു. അപ്പോൾ പിന്നെ ജാതി തിരിച്ച് മാറ്റി നിർത്തിയിരിക്കുന്ന ഈ ഇരുപത്തഞ്ചോ മുപ്പതോ ലക്ഷം പേരെ കൂടി സ്ഥിരപ്പെടുത്തിയാൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ എതിർപ്പുകളോ സംഘർഷങ്ങളോ ലോക രാജ്യങ്ങളുടെ മുന്നിൽ ഇപ്പോൾ അനുഭവിക്കുന്ന നാണക്കേടോ ഉണ്ടാകുമായിരുന്നോ.?ഇരുപത്തഞ്ചു ലക്ഷം പേർക്ക് ക്യാമ്പ് പണിയാൻ എണ്ണായിരം കോടി രൂപ വേണ്ടി വരുമെന്ന് നിങ്ങൾ ഇന്ന് പറഞ്ഞു.ആ എണ്ണായിരം കോടി രൂപയുണ്ടങ്കിൽ ഇവരെ പുനരധിവസിപ്പിച്ചുകൂടെ….? ചെയ്യില്ല നിങ്ങൾ.

കാരണം മതവും വർഗീയതയും വളമാക്കി വളർന്നു വന്ന നിങ്ങൾക്ക് രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ മതമല്ലാതെ മറ്റൊരു മരുന്നില്ല.നിങ്ങൾ ജീവിക്കുന്നതും ശ്വസിക്കുന്നതും മതത്തിലും വർഗീയതയിലുമാണ്.ഈ രാജ്യത്തിന്റെ പുരോഗതിയിൽ നിങ്ങൾക്ക് താൽപ്പര്യമില്ല.ഈ രാജ്യം ലോകത്തിന്റെ മുന്നിൽ നാണം കെടുന്നതിൽ നിങ്ങൾക്ക് യാതൊരു ഉൽകണ്ഠയുമില്ല.ഈ രാജ്യത്തിന്റെ മതേതര മുഖം തകർത്ത് കളയാൻ നിങ്ങൾ രണ്ടാമതൊന്ന് ആലോചിക്കുന്നില്ല.സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയത്തെയാണ് ബിജെപി സർക്കാർ ഈ ബില്ലിലൂടെ ചോദ്യം ചെയ്യുന്നത്. ആർ.എസ്.എസ് വിഭാവന ചെയ്യുന്ന സവർണാധിപത്യത്തിലധിഷ്ഠിതമായ സംഘ് രാഷ്ട്രം എന്ന അജണ്ട നടപ്പാക്കാനുള്ള വഴി.അല്ലാതെ മറ്റൊന്നുമല്ല.