രാഷ്ട്രീയത്തിനും മതത്തിനും വേണ്ടി അറുകൊലകൾ ചെയ്യുന്നവരെയും ചെയ്യിക്കുന്നവരെയും വെടിവച്ചുകൊല്ലാത്തതെന്തേ ?

0
273

Joli Joli എഴുതുന്നു
Joli Joli 
Joli Joli 

കഴിഞ്ഞ മുപ്പത് വർഷത്തിനിടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ കേരളത്തിൽ പൊലിഞ്ഞത് മുന്നൂറ്റി നാൽപ്പത്തേഴ് മനുഷ്യ ജീവനുകളാണ്.അറുനൂറ്റി നാൽപ്പത് പേർക്ക് സാരമായി പരിക്കേറ്റു. പതിനൊന്ന് പേർക്ക് ജീവിതാവസാനം വരെ കിടക്കപ്പായയിൽ ജീവിതം ഹോമിക്കേണ്ടി വന്നു/വരുന്നു. കണക്കുകൾ കൃത്യമോ അംഗീകരിക്കുന്നതോ അല്ല. പക്ഷെ ഈ മരണപ്പെട്ടവർ രാഷ്ട്രീയ പാർട്ടികളാൽ ആയുസെത്തും മുൻപ് ഒടുങ്ങി പോയവരാണ്.കണക്കുകളിൽ തർക്കങ്ങൾ ഉണ്ടായാലും ഞങ്ങൾ ഏത് പട്ടികയിലാണ് പെടുക എന്ന് മരണപ്പെട്ടവർ വന്ന് ചോദിക്കില്ലല്ലോ. കൊല നടത്തിയവർ രാഷ്ട്രീയ കൊലയാളികളും ഗുണ്ടകളും രാഷ്ട്രീയ പാർട്ടികൾ വളർത്തുന്ന ക്രിമിനലുകളുമായിരുന്നു. കൊല്ലപ്പെട്ടവരിൽ പൊതുജന ശ്രദ്ധ ആകർഷിച്ച വ്യക്തികളും നേതാക്കളും ക്രിമിനലുകളും ഉണ്ടായിരുന്നു. കൊന്നവരും കൊല്ലപ്പെട്ടവരും പരസ്പരം അറിയുന്നവർ പോലും ആയിരുന്നില്ല. എന്നാൽ കൊല്ലാൻ പറഞ്ഞയച്ചവരും കൊല്ലപ്പെട്ടവരും പരസ്പരം അറിയുന്നവരായിരുന്നു.

കൊലയാളികളിൽ വളരെ കുറച്ച് പേർ മാത്രം നിയമത്തിന്റെ മുന്നിലെത്തി. എന്നാൽ കൊല നടത്താൻ ഉത്തരവിട്ട് ആയുധം കൊടുത്ത് വിട്ടവർ കാലങ്ങളായി നമ്മെ ഭരിക്കുന്നു എന്ന ഭയാനകത നമ്മൾ ഓർക്കാറുമില്ല. കൊടി സുനിക്ക് ടി പി ചന്ദ്രശേഖരനെ കൊല്ലാൻ മാത്രം അവർ തമ്മിൽ എന്ത് വൈരാഗ്യം എന്ന് ചിന്തിക്കുന്നിടത്ത് നമ്മുടെ ചിന്തകൾ അവസാനിക്കുന്നു. യഥാർത്ഥ കൊലയാളികളിൽ ആരെങ്കിലും ഇന്നേവരെ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഒരു വലിയ ചിരിയാണ് ഉത്തരം. രാഷ്ട്രീയ കൊലപാതകങ്ങൾ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും സ്വൈര ജീവിതത്തിന് വരെ ഭീക്ഷണിയാകുന്ന വിധത്തിൽ വലിയ ക്രമസമാധാന പ്രശ്നമായി മാറിയ നാളുകളുണ്ടായിരുന്നു. രാഷ്ട്രീയത്തിന്റെ തണലിൽ കേരളത്തിൽ അക്രമികൾ അഴിഞ്ഞാടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാളുകളുണ്ടായിരുന്നു. സഹികെട്ട് ആരെയും കേരള ജനത വെടിവെച്ച് കൊന്നില്ല. ! യഥാർത്ഥ കൊലയാളികളും ഡമ്മി കൊലയാളികളും കൊലക്ക് ഉത്തരവിട്ടവരും നിയമത്തിന്റെ മുന്നിൽ എത്താതെ പോയപ്പോഴും രോക്ഷം കൊണ്ട് കേരള ജനത ആരെയും വെടിവെച്ച് കൊന്നില്ല. ! നേതാക്കൾ ചമഞ്ഞ് ഭരണത്തിൽ കയറി ജനങ്ങളുടെ വിയർപ്പായ ഖജനാവ് കൊള്ളയടിച്ച് ചീർത്ത് വീർത്തപ്പോഴും ഒരുത്തനെയും കേരള ജനത വെടിവെച്ച് കൊന്നില്ല… !മുക്കാ ചക്രത്തിന് ഗതിയില്ലാത്തവനും ഭരണത്തിൽ കയറി വർഷങ്ങൾക്കുള്ളിൽ കോടിപതികളായപ്പോഴും കേരള ജനത ക്ഷമിച്ചു. വെടിവെച്ച് കൊന്നില്ല.. !

ആദിവാസികൾക്കും നിരാലംബർക്കും പിന്നോക്കക്കാർക്കുമുള്ള സഹായങ്ങളിൽ പോലും കാലങ്ങളായി കയ്യിട്ട് വരുന്നവരെ വെടിവെച്ച് കൊല്ലാതെ വിട്ടിരിക്കുകയാണ് കേരള ജനത.കോടികൾ ചിലവഴിച്ച് ദശാബ്ദങ്ങളോളം നിലനിൽക്കേണ്ട പാലങ്ങളും റോഡുകളും നേരം ഇരുട്ടി വെളുക്കുന്നതിന് മുൻപ് കണ്മുന്നിൽ തകർന്നു വീഴുന്നത് കണ്ടിട്ടും സംയമനം പാലിച്ചു കേരള ജനത വെടിവെച്ച് കൊന്നില്ല.

നദികളും പുഴകളും വനങ്ങളും പ്രകൃതി സമ്പത്തുകളും കേരളത്തെ തന്നെയും കോർപ്പറേറ്റുകൾക്കും ഇഷ്ടക്കാർക്കും ബിനാമികൾക്കും കൊള്ളയടിക്കാനും ചൂക്ഷണം ചെയ്യാനും വിട്ടു കൊടുത്തപ്പോഴും നിങ്ങളെ കേരള ജനത വെടിവെച്ച് കൊല്ലാതെ വെറുതെ വിട്ടു. ഹർത്താലുകളും ബന്ദുകളും നടത്തി ദിവസങ്ങളോളം ജനങ്ങളെ ദുരിതത്തിലാഴ്ത്തിയപ്പോഴും കേരള ജനത മിണ്ടിയില്ല. നിങ്ങളെ വെടിവെച്ച് കൊന്നില്ല. വെറി പിടിച്ച മതങ്ങൾ കൊന്നു തള്ളിയിട്ടുണ്ട് കേരളത്തിൽ മനുഷ്യരെ.
മാവോയിസ്റ്റുകൾ വിതരണം ചെയ്തതിനേക്കാൾ നൂറിരട്ടി സ്‌ഫോടക ശേഷിയുള്ള ലഘുലേഖകൾ വിതരണം ചെയ്തിട്ടുണ്ട് മത ജന്മങ്ങൾ ഈ നാട്ടിൽ.അനേകം തവണ കലാപങ്ങൾക്ക് ആഹ്വാനം നൽകിയിട്ടുണ്ട് ജാതി മത രാഷ്ട്രീയ കോമരങ്ങൾ. കൊന്നു തള്ളിയിട്ടില്ല കേരള ജനത ഇവരെയൊന്നും.

പക്ഷെ നിങ്ങൾ കശാപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. അധികാരത്തിൽ കയറി മൂന്നര വർഷത്തിനുള്ളിൽ ഏഴ് പേരെയാണ് നിങ്ങൾ കൊന്ന് തള്ളിയത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യം. ഒന്നാം സമ്മാനം നിങ്ങൾക്ക് തന്നെയാണ്. കൊലയാളി എന്ന് ഓരോ കേരളീയനും മനസ്സിൽ ഉറക്കെ വിളിച്ചുകഴിഞ്ഞു. വിളിച്ചതിൽ തെറ്റില്ല. കരുണാകരനെ പണ്ട് നമ്മൾ വിളിച്ചതാണല്ലോ. മേൽ വിവരിച്ചതെല്ലാം നിങ്ങൾ ചെയ്ത തെറ്റുകളാണ്. അതിൽ ഒന്നുപോലും നിങ്ങൾ കൊന്നുകളഞ്ഞവർ ചെയ്തിട്ടില്ല. നിങ്ങളെ പോലെ മനുഷ്യന്റെ മുഖം മൂടി അണിഞ്ഞ കൊള്ളക്കാരായിരുന്നില്ല അവർ. അഴിമതിക്കാരോ കൂട്ടിക്കൊടുപ്പുകാരോ ആയിരുന്നില്ല അവർ. പിണറായി വിജയനല്ലാതെ കേരളം ഭരിച്ച ഒരു ഭരണാധികാരിയും ഇത്രയധികം കൂട്ടക്കൊലകൾ കേരളത്തിൽ നടത്തിയിട്ടില്ല. എന്തിന് കൊന്നു ? എന്ന വലിയ ചോദ്യത്തിന്റെ മുഴക്കം ഉടനെയൊന്നും കേരളത്തിൽ അവസാനിക്കില്ല. എതിർ ശബ്ദങ്ങളെ വെട്ടിയൊതുക്കുന്ന ഒരു പാർട്ടി സെക്രട്ടറിയാകാനേ നിങ്ങൾക്ക് കഴിയൂ. നല്ലൊരു ഭരണകർത്താവാകാൻ നിങ്ങൾക്കൊരിക്കലും കഴിയില്ല. ഈ ചോരയിൽ കേരളത്തിലെ ജനങ്ങൾക്ക് പങ്കില്ല. ഈ പാപപാരം ഞങ്ങളോ ഞങ്ങളുടെ സന്തതികളോ ചുമക്കാനും തയ്യാറല്ല.അത് താങ്കളും താങ്കളുടെ പാർട്ടിയും വീതം വെച്ചെടുത്തുകൊള്ളുക.

പരാജയഭീതി മറക്കലാണ് ഈ കൊന്നു തള്ളലിന്റെ പിന്നിൽ. അല്ലാതെ മറ്റൊന്നുമല്ല. ലോകത്തെല്ലായിടത്തും അങ്ങനെ തന്നെയേ സംഭവിച്ചിട്ടുള്ളൂ. കരുത്തരെന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരാൽ വിശ്വസിക്കപ്പെടുകയും ചെയ്യുന്ന ബുദ്ധിഹീനരെ പരാജയബോധം പിടികൂടിയാൽ ഉപാധികളില്ലാതെകണ്ട് അവരെ വിവേകശാലികൾ ഭയക്കണം. കരുതലോടെ സമീപിക്കണം.
സംയമനം പാലിക്കാൻ സമൂഹം ശീലിക്കണം.

Joli.